ആളുകൾക്കിടയിൽ പല അഭിപ്രായങ്ങൾ ഉയർന്നു. ആ ഒറ്റമുറി വീടിന്റെ കാര്യം ആരോ പറയാൻ വന്നതും മറ്റൊരാൾ അയാളുടെ വാ പൊത്തിപ്പിടിച്ചു……

ഒറ്റമുറി വീട്:————-അമാവാസിനാളിലെ ഇരുണ്ട രാത്രിയിൽ വീടിനുമുൻപിൽ ഒരാൾക്കൂട്ടം….ആരോ മരണപ്പെട്ടിരിക്കുന്നു!

നിശബ്ദതയെ കീറിമുറിച്ചു കറുത്ത പക്ഷികൾ ചിലച്ചുകൊണ്ട് പറന്നുപോയി. വിദൂരതയിൽ എവിടെയോ കാലൻകോഴി ഉച്ചത്തിൽ കുറുകുന്ന ശബ്ദം കാതുകളിൽ തുളച്ചുകയറി.

തെരുവിലെ അരണ്ട വെളിച്ചത്തിൽ അന്ധകാരത്തെ കീറിമുറിക്കുന്ന മിന്നാമിന്നികൾ. മങ്ങിയ വെളിച്ചത്തിന്റെ നേർക്കാഴ്ച്ചയിൽ അയാൾ കണ്ടു, മുൻപിൽ നിൽക്കുന്ന വൻമരത്തിന്റെ ശിഖരങ്ങൾ ആടുന്നത്. കാഴ്ച മങ്ങിയ തന്റെ കണ്ണുകൾ തുടരെ ചിമ്മിത്തുറന്ന് അയാൾ നോക്കി. മരത്തിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ…

അതെ… കൂമന്റെ കണ്ണുകൾ!

മരണം ഇരതേടിയിറങ്ങിയിരിക്കുന്നു. അയാൾ ചുറ്റും നോക്കി; ഏങ്ങും ഇരുൾ മൂടി നിൽക്കുന്നു. താൻ മാത്രമേ ഇവിടെയുള്ളൂ. റാന്തലിന്റെ വെളിച്ചം തട്ടി തന്റെ തന്നെ നിഴൽ പേടിപ്പെടുത്തുന്നു. ഏതോ നേരത്തെ തോന്നലിൽ ഇറങ്ങിത്തിരിച്ചത് അബദ്ധമായി. പണത്തോടുള്ള ആർത്തി ചിലപ്പോൾ മനുഷ്യനെ വല്ലാതെ മോഹിപ്പിക്കും. അപ്പോൾ മുന്നിലെ കടമ്പകൾ ആരോർക്കുന്നു?!

എവിടെയോ മരണം സംഭവിച്ചിരിക്കുന്നു. മരണത്തിന്റെ മണിയടിയൊച്ച അയാൾ കേട്ടു. കരിയിലകളിൽ അയാളുടെ പാദങ്ങൾ അമർന്നു. ദൂരെ ഒരു നുറുങ്ങുവെട്ടം അയാൾ കണ്ടു; ലക്ഷ്യത്തിൽ എത്തിയിരിക്കുന്നു. അയാളുടെ കണ്ണുകൾ ഇരുട്ടിലും തിളങ്ങി. രാത്രിയുടെ ഭീകരത അയാൾക്കുനേരെ വാ പിളർത്തി. കരിയിലക്കിലുക്കം കേട്ട് കൂമൻ തലതിരിച്ചു നോക്കി. അയാൾ തന്റെ നടത്തത്തിന്റെ വേഗത കൂട്ടി. ഒടുവിൽ അയാൾ ആ വീടിനു മുമ്പിൽ എത്തിച്ചേർന്നു…

ഒറ്റമുറി വീട്!!!

കൈയിലെ താക്കോൽകൊണ്ട് അതിന്റെ വാതിൽ തുറക്കാൻ ഒത്തിരി ശ്രമിച്ചെങ്കിലും നടന്നില്ല. “താക്കോൽ എടുക്കുമ്പോൾ തെറ്റിപ്പോയോ?” അയാൾ ഓർത്തു. കതകിനുനേരെ പ്രതീക്ഷയോടെ ഒന്ന് നോക്കിയിട്ട് നിരാശയോടെ പിന്തിരിഞ്ഞു.

അതേസമയം കിരുകിരാ ശബ്ദത്തോടെ ആ വാതിൽ തുറന്നു. അയാൾ അത്ഭുതത്തോടെ തിരിഞ്ഞുനോക്കി. താൻ ഇത്രയും നേരം ശ്രമിച്ചിട്ടും തുറക്കാത്ത വാതിൽ തനിയെ തുറന്നിരിക്കുന്നു!

ഒരേസമയം സന്തോഷവും ഭയവും അയാളിൽ ചേക്കേറി. മുറിയിലേക്ക് കാലെടുത്തു വെയ്ക്കവേ അയാൾക്കുമുമ്പിൽ വാതിൽ കൊട്ടിയടക്കപ്പെട്ടു. അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി. എവിടെനിന്നോ രണ്ടു കൈകൾ അയാളെയും വലിച്ചു കൊണ്ടുപോയിരുന്നു.

അയാളുടെ ആർത്തനാദം നാലു ചുവരുകളിൽ തട്ടിനിന്നു. ആ ഒറ്റമുറിവീടിന്റെ ഭിത്തിയിൽ ചോര ചാലിച്ചു ഇങ്ങനെ എഴുതിയിരുന്നു…
“അർഹത ഇല്ലാത്തത് തേടി വന്നവൻ നാശം വിതച്ചു.” പിറ്റേന്ന് വനത്തിനുള്ളിൽ കിടന്ന വിiകൃതമായൊരു ശiവശരീരത്തിന് ചുറ്റും കൂടിനിന്നവരെ വകഞ്ഞുമാറ്റി വന്ന പോലീസ് ഓഫീസർ…

“എന്തു പറ്റിയതാണ് മിസ്റ്റർ രാം?”

“മാഡം, പുലി പിടിച്ചതാണ്. ഈ പരിസരങ്ങളിൽ പുലിസഞ്ചാരം കൂടുതലാണ്. ഇടയ്ക്കിടെ ഇങ്ങനെ ആളുകൾ മരിക്കാറുണ്ട്.”

അത് കേട്ട് അവരുടെ നെറ്റി ചുളുങ്ങി. “ഉം…” അവർ ഒന്ന് മൂളി.

ആളുകൾക്കിടയിൽ പല അഭിപ്രായങ്ങൾ ഉയർന്നു. ആ ഒറ്റമുറി വീടിന്റെ കാര്യം ആരോ പറയാൻ വന്നതും മറ്റൊരാൾ അയാളുടെ വാ പൊത്തിപ്പിടിച്ചു.

“അരുത്…”

ഈ സമയം ആൾക്കൂട്ടത്തിനകലെ കരിമ്പടം പുതച്ച് നിന്നയാളുടെ ഒരു കണ്ണിന് വൈകൃതവും ഒരു കാലിന് ഞൊണ്ടലും ഉണ്ടായിരുന്നു. അയാളൊന്ന് ചിരിച്ചിട്ട് പുതപ്പ് നേരെയിട്ടു തിരിഞ്ഞു നടന്നു.

“അവളെപ്പോലെ ആ ഒറ്റമുറി വീടും ആർക്കും കണ്ടെത്താനാവില്ല;”
അയാൾ പറഞ്ഞുകൊണ്ടേയിരുന്നു.

അപ്പോഴും ആളുകൾ ഭയത്തോടെ ആ വീട്ടിലേക്ക് നോക്കിനിന്നു. അവരുടെ കാഴ്ച്ച മറച്ചുകൊണ്ട് ആ വീട് അപ്രത്യക്ഷമായി!

അതോടൊപ്പം ആ ആളുകൾ നിന്നിടവും അപ്രത്യക്ഷമായി, അതുകണ്ടു നിന്ന പോലീസുകാർ ഭയത്തോടെ മുഖത്തോട് മുഖം നോക്കി.

അവർക്കൊപ്പം നിന്നിരുന്ന കമ്മീഷണർ രൂപാലിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി അതെ നിമിഷം കണ്ണിന്റെ കൃഷ്ണമണി മാറി അവിടെ വെള്ളനിറം ഉടലെടുത്തു.അതോടൊപ്പം അവരുടെ മുഖം പുലിയുടെ മുഖം പോലെ ആയി മാറി.ഇതൊന്നും അറിയാതെ ആ പോലീസുകാർ നിന്നു….

ഒറ്റ മുറിവീട് ഒരു കെട്ടുകഥ ആയി നിലനിന്നു, ഇതേ സമയം ഒരു മൂവർ സംഘം അവിടേക്കുളള യാത്രയിൽ, മാറ്റൊരിടത്തു ഒറ്റ മുറിവീട് തന്റെ അടുത്ത ഇiരയെയും കാത്തിരുന്നു,.

അല്ലടാ കോശി! നിനക്ക് അവിടേക്കുള്ള വഴി അറിയുമോ?

അതെന്താടാ കിഷോറെ നീ അങ്ങനെ ചോദിച്ചേ? വെറുതെ.

എനിക്ക് അങ്ങോട്ടുള്ള വഴി അറിയില്ല എന്നാൽ നമ്മൾ കണ്ടെത്തും അത് കേട്ടിരുന്ന മായയുടെയും, മാഗിയുടെയും മുഖത്തു ഒരു ഭയം ഉടലെടുത്തു, ഇതെന്താ ഇവളുമാർ ഇങ്ങനെ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുന്നേ, എൻജോയ് ചെയ്യു കുട്ടികളെ .. ഈ ട്രിപ്പ് പോയിട്ടു വരുമ്പോൾ നമ്മൾ കോടിശ്വരന്മാരാകും…നമ്മുടെ ലൈഫ് തന്നെ മാറും,അത് കേട്ട് അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…

ഇതേ സമയം ആ വനത്തിനുള്ളിൽ ആ വൃദ്ധൻ നിന്നിരുന്നു…… അയാളുടെ കണ്ണുകൾ ഒന്ന് തിളങ്ങി, വീണ്ടും ഇരകൾ സ്വയം വന്നെത്തുന്നു,

ഹഹ അയാൾ പൊട്ടിച്ചിരിച്ചു അയാളുടെ ചിരി കേട്ട് പക്ഷികൾ കൂട്ടത്തോടെ പറന്നു പോയി… അയാൾ കരിമ്പടം ഒന്നൂടി പുതച്ചു കൊണ്ട് തിരിഞ്ഞു നടന്നു.

വിതച്ചത് കൊയ്യും…

സ്വയം നാശത്തിലേക്കാണ് മനുഷ്യന്റെ പോക്ക്, ആർത്തി മൂത്താൽ നാശം മാത്രം… അയാൾ പുലമ്പി കൊണ്ടേയിരുന്നു, ഒരിക്കൽ താനും ആർത്തി പൂണ്ടു വന്നതാണ് ഇവിടെ പിന്നെ ഒരു മടക്കം ഉണ്ടായിട്ടില്ല…..

എഴുത്ത് :-ധന്യ ശങ്കരി

Leave a Reply

Your email address will not be published. Required fields are marked *