Story written by Pratheesh
എന്നെക്കാൾ മനോഹരമായി ആർക്കും നിന്നെ സ്നേഹിക്കാനാവില്ല” എന്റെ സ്നേഹം നിനക്കു മനസിലാവണമെങ്കിൽ മറ്റൊരാൾ നിന്റെ ജീവിതത്തിലേക്ക് കടന്നു വരണം ! “
ഒരു പ്രണയം പരാജയപ്പെടുമ്പോൾ ഒട്ടുമിക്കവരുടെയും മനസ്സിൽ പിറവിയെടുക്കുന്ന വാക്കുകളാണിവ !
എന്റെ കാര്യത്തിലും മറിച്ചായിരുന്നില്ല, ഇനിയൊരിക്കലും അവൾ എന്റെ ജീവിതത്തിൽ ഇല്ലായെന്നറിഞ്ഞ നിമിഷം എന്റെ ഹൃദയത്തിലും ആദ്യം ഒാടിയെത്തിയ വാക്കുകൾ ഇതു തന്നെയായിരുന്നു,
അതിന്റെ കാരണം, അവരോടുള്ള നമ്മുടെ സ്നേഹത്തിന്റെ അളവ് നമുക്കറിയാവുന്നതു കൊണ്ടും, ഒപ്പം നമ്മളിൽ ഉടടെലുക്കുന്ന നഷ്ടങ്ങളുടെ അളവ് അളന്നു തിട്ടപ്പെടുത്താനാവാതെ വരുന്നതു കൊണ്ടുമാണ് !
അതുപോലെ സ്വന്തം വേദനകളെ ഇത്രയേറെ ആഴത്തിൽ അടയാള പ്പെടുത്താൻ കഴിയുന്ന മറ്റു വാക്കുകൾ ഉണ്ടോയെന്നും സംശയമാണ് !!
എന്റെ മനസിനേയും ഞാൻ സമാധാനിപ്പിച്ചത് മേൽ പറഞ്ഞ വാക്കുകളുടെ പിൻബലം കൊണ്ടു തന്നെയായിരുന്നു,
എന്നാൽ അതിനേക്കാളേറെ എന്നെ വേദനിപ്പിച്ചത് ആ വാക്കുകളും, ചിന്തകളും, ആശ്വാസങ്ങളും അവസാനിക്കുന്ന ഒരു ദിവസം ഉണ്ടെന്നു അറിഞ്ഞപ്പോഴായിരുന്നു, അതുവരെ അനുഭവിക്കാതിരുന്ന പുതിയൊരു വേദനയായിരുന്നു അത് !
അങ്ങിനെയും ഒരു ദിവസം ജീവിതത്തിലുണ്ടാവുമെന്നു പറഞ്ഞാൽ നിങ്ങൾ അതു വിശ്വസിക്കുമോ, സമ്മതിക്കുമോ എന്നൊന്നും എനിക്കറിയില്ല, കാലം കടന്നു ചെല്ലുമ്പോൾ അങ്ങിനെ ഒരു ദിവസത്തേയും നമ്മൾക്ക് അഭിമുഖീകരിക്കേണ്ടതായി വരും !
നിങ്ങളത് വിശ്വസിക്കില്ലാന്നും സമ്മതിക്കില്ലാന്നും എനിക്കറിയാം, കാരണം നിങ്ങൾക്കുള്ളിൽ അവരോടുള്ള ഇഷ്ടം ഒരിക്കലും അവസാനിക്കാത്ത വിധം അജഞ്ചലമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നിടത്തോള്ളം കാലം ആർക്കും അതിനു സാധിക്കില്ല,
ഇന്നലെ വരെ ഞാനും നിങ്ങളെ പോലെ തന്നെയായിരുന്നു !
എനിക്ക് അവളോടുള്ള ഇഷ്ടം നിങ്ങൾക്ക് നിങ്ങളുടെ പ്രണയിനിയോടോ പ്രിയനോടോ ഉള്ളതു പോലെ തന്നെ സുദൃഢവും, ആഗാധവും പുലർക്കാല മഞ്ഞുത്തുള്ളി പോലെ വിശുദ്ധവുമായിരുന്നു !
ഞാനവളെ സ്നേഹത്തിന്റെ സ്വർണ്ണനൂലുകളാൽ എന്റെ ഹൃദയത്തിൽ തുന്നിച്ചേർത്തതായിരുന്നു “
കണ്ണുകൾ ഹൃദയത്തിനവളെ കാണിച്ചു കൊടുക്കുകയും ഹൃദയത്തിലവൾ അലിഞ്ഞു ചേരുകയും ചെയ്തതു മുതൽ അവളെ ചേർത്തല്ലാതെ ഒരു സ്വപ്നവും ഞാൻ കാണാൻ ശ്രമിച്ചിരുന്നില്ല,
അത്രമേൽ ഇഷ്ടം തോന്നുന്നൊരാൾ ഇനിയുണ്ടാവില്ലെന്നു കരുതി തന്നെയാണ് ഞാനവളെ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും !
പലപ്പോഴും അവളെ ഞാനെന്തിനാണ് ഇത്രമാത്രം സ്നേഹിക്കുന്നതെന്ന് ഞാനെന്നോടു തന്നെ പലവട്ടം ചോദിച്ചിട്ടുണ്ട്, എനിക്കതിനു അപ്പോൾ ഒരുത്തരമില്ലായിരുന്നു,
എനിക്കൊരാളെ ഇത്രമാത്രം സ്നേഹിക്കാൻ സാധിക്കുമെന്ന് എനിക്കു
തന്നെ ബോധ്യപ്പെട്ടത് അവളെ സ്നേഹിക്കാൻ തുടങ്ങിയതിനു ശേഷമായിരുന്നു,
പിന്നീടൊരിക്കൽ അവൾ പോലും എന്നോടു ചോദിച്ചു, നിങ്ങളെ ന്തിനാണ് എന്നെ ഇത്രയധികം സ്നേഹിക്കുന്നതെന്ന് ?അതിനുത്തരമായി ഞാനവളോടു പറഞ്ഞു,
” ഈ ഭൂമിയിലെ അവസാന പെണ്ണായി നിന്നെ കണ്ടു സ്നേഹിക്കാനാണ് എനിക്കിഷ്ടമെന്ന് !”
അതു കേട്ടതും അവളെന്നെ ചേർത്തു പിടിച്ചു, അന്ന് അവളുടെ ആ പിടുത്തത്തിന്റെ ബലത്തിൽ തന്നെ ഞാനറിയുന്നുണ്ടായിരുന്നു അവൾക്കുള്ളിലെ ഇഷ്ടത്തിന്റെ ആ തീവ്രത,
ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വപ്നം ഇതുവരെ കണ്ടതോ ഇനി കാണാനിരിക്കുന്നതോ അല്ലാ ആ സ്വപ്നം അതവളാണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത് !
സുദീർഘവും സുന്ദരവുമായ കുറച്ചു വർഷത്തിനു ശേഷം ഒരു ദിവസം,
“അസാധ്യമായ ഒരു സാധ്യതയെ ചേർത്തു വെക്കുന്നതാണ് പ്രണയമെന്നും, എന്നാൽ ആ സാധ്യതയെ ഒരാളുടെ മാത്രം താൽപ്പര്യം കൊണ്ടു ചേർത്തുവെക്കാനാവില്ലെന്നും ഒാർമ്മിപ്പിച്ചു കൊണ്ടവൾ എന്നിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങി പോയി.,
അതൊരു അവസാനവും ഒപ്പം അതൊരു തുടക്കവുമായിരുന്നു, പ്രണയം അതിന്റെ വിശുദ്ധിയേ നഷ്ടപ്പെടുത്തി യാഥാർത്ഥ്യത്തെ കണ്ടുമുട്ടിയ നിമിഷമായിരുന്നു അത് !
പ്രേമമെന്ന ചിത്തഭ്രമത്തിനടിമപ്പെട്ട്അ നുരാഗമെന്ന മനോരോഗം ബാധിച്ച്, സ്നേഹമെന്ന മുഴുഭ്രാന്തിൽ മതിമറന്ന്, വിശ്വാസമെന്ന മതിഭ്രമത്തിൽ ബോധരഹിതനായി, ഏറ്റവും മനോഹരമായ മനോരോഗമായ പ്രണയകയത്തിൽ മുങ്ങി താഴ്ന്ന്, വിശ്വാസ വഞ്ചനയുടെ മനോവിഭ്രാന്തി ബാധിക്കപ്പെട്ട് ഉപയോഗശൂന്യനായി മാറും വരെ പ്രണയവും അവളും എനിക്ക് ജീവവായുവായിരുന്നു !!
എല്ലായ്പ്പോഴും അഭിപ്രായങ്ങളും തീരുമാനങ്ങളും ഒന്നിച്ചു മാത്ര മായിരുന്നെങ്കിൽ പിരിയുകയെന്നത് അവളുടെ മാത്രം തീരുമാന മായിരുന്നു,
ഞാൻ വേദനിക്കുമെന്നവൾ ആലോചിച്ചില്ല, എനിക്കു മുറിവേൽക്കു മെന്നവൾ ഭയപ്പെട്ടില്ല, ഹൃദയങ്ങൾ രണ്ടാക്കുകയാണെന്നവൾ ഒാർത്തില്ല,?സ്വപ്നങ്ങളെ പരസ്പരം വേർത്തിരിക്കുകയാണെന്നവൾ ചിന്തിച്ചില്ല,?ഇനിയൊരിക്കലും ഇതേ ഇഷ്ടത്തോടെ തമ്മിൽ കാണാനാവില്ലെന്നവൾ കണക്കുക്കൂട്ടിയില്ല, ഒാർക്കും തോറും ഉള്ളം ആളിക്കത്തുന്ന വേദനയാണെന്നും അവൾ മനസിലാക്കിയില്ല,
സംഭവിക്കാൻ പോകുന്നത് വിശ്വാസപ്പൂർണ്ണമായ സ്നേഹത്തിന്റെ മരണമാണെന്നും അവൾ തിരിച്ചറിഞ്ഞില്ല, അതൊടെ പൂർണ്ണമായും ഞാൻ ഒഴിവാക്കപ്പെട്ടു,
ഒാരോ അരമണിക്കൂറിനിടയിലും ഒരു ഫോൺ കോളോ അല്ലെങ്കിൽ ഒരു മെസേജോ കണ്ടില്ലെങ്കിൽ വേവലാതിയോടെയും,പേടിയോടെയും, മാനസീക പിരിമുറുക്കത്തോടെയും അന്വേഷിച്ചു വന്നു കൊണ്ടിരുന്നവളെ പെട്ടന്നൊരുന്നാൾ ശ്യൂന്യതയിൽ എവിടെയോ നഷ്ടപ്പെട്ടമായി !
എല്ലാ വിശ്വാസങ്ങളും തകർക്കപ്പെട്ട?ആ ദിവസം മറ്റൊന്നു കൂടി എനിക്കു മനസിലായിരുന്നു,?സ്നേഹത്തിനു എളുപ്പത്തിൽ തോൽപ്പിക്കാൻ കഴിയുന്നത് പ്രണയത്തേയാണെന്ന് !
അവളോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം ഇന്നും ആ ഒാർമ്മകളുടെ നേർത്ത സ്പർശമേൽക്കുമ്പോൾ പോലും ചോര കിനിയുമാറ് ഉള്ളിലെ മുറിവുകളെ ഉണങ്ങാനെൻ ഹൃദയവും എന്നെ അനുവദിച്ചില്ല,
ഒരിക്കൽ മനോഹരമായി തീർന്നതിനെ മരണത്തിനു മാത്രം വേർപ്പെടുത്തിയെടുക്കാൻ ആവും വിധം സ്നേഹിക്കാൻ സാധിക്കുക യെന്നതാണ് യഥാർത്ഥ പ്രണയമെന്ന് അവൾ മറന്നിടത്താണ് ഞാൻ ഒറ്റക്കായത് !
ജീവിതത്തിൽ യാഥാർത്ഥ്യമായി തീർന്നേക്കാവുന്ന സ്വപ്നങ്ങളെ മാത്രം തിരഞ്ഞെടുത്തു സ്നേഹിക്കാൻ ആർക്കാണു സാധിക്കുക ?
എന്റെ ഹൃദയത്തിനു ചുണ്ടുകൾ ഉണ്ടായിരുന്നെങ്കിൽ എന്റെ മാറു പിളർന്നവ നിന്നോടു പറഞ്ഞേനെ നഷ്ടമായതെല്ലാം ഒരായുസ്സോള്ളം എത്തി നിന്ന സ്വപ്നങ്ങളായിരുന്നെന്ന് !
പ്രണയം നഷ്ടമായാലും പരസ്പരം നല്ല സുഹൃത്തുക്കളായിരിക്കാം എന്നു മറ്റു പലരേയും പോലെ അവളും കരുതുന്നുണ്ടാവാം, എന്നാൽ നമ്മൾ കരുതുന്ന അത്ര എളുപ്പത്തിൽ അങ്ങിനെ ആയിതീരാനാവുകയില്ല,
ഞാനെവിടെയോ വായിച്ചിട്ടുണ്ട്,
സ്നേഹിച്ചു പിരിഞ്ഞവർക്ക് ഒരിക്കലും നല്ല സുഹൃത്തുക്കളാവാൻ കഴിയില്ലാന്ന്, കാരണം, അവർ പരസ്പരം വേദനിപ്പിച്ചവരാണ് !അവർക്ക് ശത്രുക്കളാവാനും കഴിയില്ല,?കാരണം, Aവർ അവർ പരസ്പരം അത്രയേറെ സ്നേഹിച്ചിരുന്നവരാണ് ! പിന്നെ അവർ എന്തായി മാറുന്നു ?
അപരിചിതർ ! നല്ല പോലെ അടുത്തറിയാവുന്ന അപരിചിതർ” !!
വളരെ ശരിയായ ഒരു വസ്തുതയാണ് ഇതെന്ന് എനിക്കും തോന്നിട്ടുണ്ട് !
നമ്മൾ ആഗ്രഹിക്കുന്ന ഹൃദയത്തിൽ നമ്മൾ ഉണ്ടായിരിക്കുക എന്നതു മാത്രമാണ് നമുക്കിടയിലെ പ്രണയം നിലനിർത്താനുള്ള ഒരേ ഒരു വഴി എന്നിരിക്കേ പുതിയ ഹൃദയവും വഴിയും ആളെയും തേടി അവൾ പോയി !
ഞാനും പതിയേ പുതിയ ലോകവുമായി പൊരുത്തപ്പെട്ടു തുടങ്ങി,
അവളില്ലാതെ കാലവും മെല്ലെ കടന്നു പോയി കൊണ്ടിരുന്നു,
എന്നാൽ ഇന്നലെ അപ്രതീക്ഷിതമായി മറ്റൊരു സത്യം കൂടി മനസിനെ വേദനിപ്പിച്ച് കടന്നു പോയി,
ഇന്നലെ അവളുടെ ഏഴാം വിവാഹവാർഷികമായിരുന്നു,
“ഇണക്കങ്ങളേയും, പിണക്കങ്ങളേയും, പരാതികളേയും, പരിഭവങ്ങളെയും അതിജീവിച്ച് ഒരേ മനസ്സോടെ സന്തോഷകരമായ ജീവിതത്തിന്റെ ഏഴാം വർഷത്തിലേക്ക് ” എന്ന ക്യാപ്ഷനോടെ അവൾ FB യിൽ പോസ്റ്റ് ചെയ്ത വിവാഹവാർഷികത്തിന്റെ ആ Post കണ്ടതു മുതലാണ് ഏഴു വർഷമായി എന്റെയുള്ളിൽ ഉണ്ടായിരുന്ന ചില വാക്കുകളും ചിന്തകളും അവസാനിക്കുന്ന ഒരു ദിവസം കൂടിയായിരുന്നു അന്നെന്ന് എനിക്കും മനസിലായത് !
കാരണം ഞാനും അവളും ചേർന്നുള്ള ബന്ധം നിലനിന്നതും ഏകദേശം ഏഴു വർഷം മാത്രമായിരുന്നു,
ഇന്നലെയോടെ എന്നെ പോലെ ആർക്കും നിന്നെ അത്ര മനോഹര മായി സ്നേഹിക്കാനാവില്ല” എന്ന എന്റെ കണക്കുക്കൂട്ടലുകളെ അവൾ പൂർണ്ണമായും മറി കടന്നിരിക്കുന്നു, ഇനി ആ വാക്കുകൾക്കൊന്നും വലിയ അടിസ്ഥാനമില്ല, മറ്റൊരാളെ ജീവിതത്തിലേക്ക് ചേർത്തു വെച്ച് ജീവിച്ചു കാണിച്ചു കൊണ്ടവൾ അതിനു മറുപടി തന്നു കഴിഞ്ഞു !,
മനോഹരമായാണോ അല്ലയോ എന്നതിനേക്കാൾ ഇന്നവൾ എന്നെക്കാൾ ഇഷ്ടത്തോടെയും, താൽപ്പര്യത്തോടെയും, സ്നേഹത്തോടെയും മറ്റൊരാളുമായി ചേർന്ന് ജീവിതം ഏഴുവർഷ ത്തിലധികം മുന്നോട്ടു കൊണ്ടു പോയിരിക്കുന്നു,
നമ്മളെക്കാൾ സ്നേഹം നൽകാൻ മറ്റൊരാൾക്കു സാധിക്കില്ലെന്നു നമ്മളാണ് വിശ്വസിക്കുന്നത്, അത് നമ്മൾക്കവരോടുള്ള ഇഷ്ടം കൊണ്ട് മാത്രം നമുക്ക് തോന്നുന്നതാണ് !
സത്യത്തിൽ മറ്റൊരാൾ നമ്മളെ പോലെ അവർക്കു പ്രിയങ്കര മാവുമ്പോൾ, നമ്മളെ പോലെ അവരെ സ്നേഹിക്കാൻ മറ്റൊരാളു ണ്ടാവുമ്പോൾ അവരാദ്യം മറന്നു തുടങ്ങുക നമ്മളെയാണ് !
അവരുടെ ഹൃദയത്തിൽ എവിടെയെങ്കിലും ഒക്കെ നമ്മൾഉണ്ടായിരിക്കാം അതൊരുപക്ഷേ അവർക്കു തന്നെ തുറക്കാൻ ഇഷ്ടമില്ലാത്ത അറകളിലൊന്നിലായിരിക്കാനാണു സാധ്യത !
ചിലരെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നീടു വരുന്നവരെ അത്രയൊന്നും സ്നേഹത്തോടെയും ഭംഗിയോടെയും നോക്കി കാണാൻ നമ്മൾക്ക് സാധിക്കാറില്ല എന്നതായിരിക്കാം ചിലപ്പോൾ നമ്മുടെയെല്ലാം പ്രശ്നം !!
ഒരു നഷ്ടപ്രണയത്തിൽ ആകെ അവശേഷിക്കുകആ കാലഘട്ടവും, ആ കാലത്ത് അവരുമായി ചേർന്നുണ്ടായിരുന്ന ഒാർമ്മകളും അന്നു നമ്മൾ അനുഭവിച്ച സ്നേഹത്തിന്റെ മാസ്മരികമായ അനുഭൂതിയും മാത്രമാണ് !
അവൾ നിന്നെ വിട്ടു പോയപ്പോൾ തന്നെ നിനക്കതു മനസിലായില്ലെ ?
എന്നു നിങ്ങൾ ചോദിച്ചേക്കാം,
എനിക്കതു മനസിലാവും, പക്ഷേ ഹൃദയത്തിനതു അംഗീകരിക്കാൻ ഹൃദയം അവരുമായി സഞ്ചരിച്ച അത്ര തന്നെ ദൂരത്തോളം മറ്റൊരു ഹൃദയവുമായ് അവരും സഞ്ചരിക്കേണ്ടതായുണ്ട് !!
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…