എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അച്ഛന്റെ ചിത്രത്തിൽ തൊട്ടാണ് എന്റെയൊരു ദിവസം തുടങ്ങാറുള്ളത്. ഏതോ കേസിൽപ്പെട്ട് ഒളിവിൽ വന്ന അച്ഛന്, അമ്മ അഭയം കൊടുക്കുകയായിരുന്നു. പരസ്പരം യാതൊന്നും അറിയാതിരുന്നിട്ടും അവർ ചേർന്ന് ജീവിച്ചു. എന്റെ അവസ്ഥയും ഏതാണ്ട് അച്ഛന്റേത് പോലെയൊക്കെ തന്നെയാണ്. തലവട്ടം കണ്ടാൽ പിടിച്ചുകൊണ്ട് പോകാൻ പോലീസുകാർ പതുങ്ങിയിരിപ്പുണ്ട്. അച്ഛന്റെയല്ലേ മോൻ… ഞാൻ ഇപ്പോഴും പരസ്യമായി മറഞ്ഞ് നിൽക്കുന്നു…
സ്വന്തം അച്ഛന്റെ കർമ്മം ചെയ്യാൻ ഭാഗ്യമില്ലാതായിപ്പോയ ആളാണ് നിന്റെ അച്ഛനെന്ന് അമ്മ ഇടയ്ക്ക് എന്നോട് പറയാറുണ്ട്. അച്ഛനെക്കുറിച്ച് അറിയാവുന്നതെല്ലാം പറഞ്ഞ് തരും മുമ്പേ അമ്മയും പോയി. അപ്പോഴും അച്ഛനെ ഞാൻ സൂക്ഷിച്ചു. പിന്നീടുള്ള ഓർമ്മകൾ തുടങ്ങുന്നത് റോഡരികിൽ പൂരി വിൽക്കുന്ന ഒരു പ്രായമായ സ്ത്രീയിൽ നിന്നായിരുന്നു. ഇപ്പോൾ അവരുമില്ല. അപ്പോഴും അമ്മയുടെ പക്കലുണ്ടായ അച്ഛന്റെ ചിത്രം മുറിച്ച് ഞാൻ പേഴ്സിൽ ഒട്ടിച്ചിരുന്നു. ഒന്നിനുമല്ല. വെറുതേയൊരു ധൈര്യത്തിന്…
ഈ തെരുവിലേക്ക് പുതുതായി വരുന്ന ഓരോരുത്തരെയും ഞാൻ ശ്രദ്ധിക്കാറുണ്ട്. സഹായിക്കാനെന്നോണം അവരോടൊപ്പം കൂടും. മിക്കവരും അകറ്റി നിർത്തിയാലും ചിലരൊക്കെ എന്റെ വലയിൽ കുടുങ്ങാറുമുണ്ട്. പരമാവധി ഊറ്റിയെടുത്തത്തിന് ശേഷമേ അവരെ ഞാൻ വിടാറുള്ളൂ…
അന്ന്, രാവിലെ വഴി ചോദിച്ചവനെക്കൊണ്ട് വാങ്ങിപ്പിച്ച വട തിന്നുമ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. വാഹനം കേടായതാണെന്നാണ് ആദ്യം കരുതിയത്. കടയിൽ അന്വേഷിച്ചപ്പോൾ, ആരെയോ തിരഞ്ഞ് വന്ന അയാൾ രണ്ടുമൂന്ന് നാളുകളായി അതിൽ തന്നെയാണ് പോലും തങ്ങുന്നത്. ഞാൻ അങ്ങോട്ടേക്ക് ചെന്നു.
‘എന്തുപറ്റി…?’
റോഡരികിലെ മരത്തണലിൽ നിർത്തിയിരിക്കുന്ന കാറിൽ ചാരിയുറങ്ങുന്ന ആ മനുഷ്യൻ കണ്ണുകൾ തുറന്നു. ഒന്നുമില്ലെന്ന് പറഞ്ഞ് അടക്കുകയും ചെയ്തു. എന്തെങ്കിലും സഹായം വേണമോയെന്ന് ഞാൻ ആവർത്തിച്ചപ്പോൾ ഒരാളെ കണ്ടുപിടിച്ച് തരാമോയെന്ന് മാത്രം അയാൾ ചോദിച്ചു. ശേഷമാണ് ആ കണ്ണുകൾ വീണ്ടും തുറക്കുന്നത്.
‘ആരെ…?’
ചോദിച്ചത് അബദ്ധമായിപ്പോയി. സീറ്റ് നേരെയാക്കി കാറിനകത്തേക്ക് എന്നോട് ഇരിക്കാൻ ആവിശ്യപ്പെട്ടതിന് ശേഷം താൻ തേടി വന്ന ആൾ ആരാണെന്ന് അയാൾ പറഞ്ഞ് തുടങ്ങി. ലോകത്തെങ്ങും കേൾക്കാത്ത യൊരു കഥയായാണ് എനിക്കത് തോന്നിയത്. അല്ലെങ്കിൽ കൂടെ ഇരിക്കുന്ന നര വന്ന ആ മനുഷ്യന് മുഴുത്ത വട്ട് തന്നെ ആയിരിക്കണം.
‘വേണുവിനെയാണ് ഞാൻ തേടുന്നത്…’
വേണുവെന്ന കൂട്ടുകാരൻ പത്ത് മുപ്പത് വർഷങ്ങൾക്ക് മുമ്പ് തന്നെയൊരു പെട്ടി ഏൽപ്പിച്ചുവെന്ന് പറഞ്ഞാണ് അയാൾ സംസാരിക്കാൻ തുടങ്ങിയത്. അയാളത് ഭദ്രമായി എടുത്ത് വെച്ചിട്ടുണ്ട് പോലും… താമസിക്കാനായി പോകുന്ന ഇടങ്ങളിലേക്കെല്ലാം അതിനേയും കൊണ്ടു പോകും. വർഷങ്ങൾ പതിനാലെണ്ണം കഴിഞ്ഞിട്ടും അതിനകത്ത് എന്താണെന്ന് അയാൾ നോക്കിയില്ല. നമ്പർ ലോക്ക് ചെയ്യപ്പെട്ട ആ പെട്ടി എങ്ങനെയെങ്കിലും തുറന്ന് നോക്കണമെന്നേ അയാൾക്ക് തോന്നിയില്ല.
‘മണ്ടൻ… ഞാനായിട്ടും ആയിരുന്നുവെങ്കിൽ…!’
അയാളും വേണുവും കോളേജ് പഠനകാലത്തെ സുഹൃത്തുക്കളാണ്. ഏത് ജില്ലയിൽ ആണെന്നതിലുപരി വേണുവിന്റെ വീട് എവിടെയാണെ ന്നൊന്നും അയാൾക്ക് അറിയില്ല. തന്റേയും അവന്റേയും പൊതു സുഹൃത്തുക്കളോടെല്ലാം അന്വേഷിച്ചതാണ്. പക്ഷെ, ആർക്കുമൊരു വിവരവുമില്ല. അറിഞ്ഞയിടത്തോളം, തന്നെയാണ് അവൻ അവസാനമായി കണ്ടിരിക്കുന്നതെന്ന് അയാൾ മനസ്സിലാക്കി.
പഠിക്കുന്ന കാലത്തും വേണുവിന്റെ ജീവിതത്തിന്റെ പിന്നാമ്പുറം അവ്യക്തമായിരുന്നു. കൂട്ടുകൂടിയ ആരെയും ഒരിക്കൽ പോലും തന്റെ വീട്ടിലേക്ക് ക്ഷണിക്കാത്ത അവന് ആരൊക്കെ ഉണ്ടെന്നൊക്കെ കൂടെയുണ്ടായിരുന്നവർക്ക് അറിയില്ല. അപ്പോഴും, അവനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. തന്റെ ഉൾപ്പടെ പലരുടേയും വീട്ടിൽ തന്റേതെന്ന പോലെ ഇടപെടാൻ അവന് സ്വാതന്ത്ര്യമുണ്ടായിരുന്നു. തങ്ങൾക്ക് ഉണ്ടായിരുന്ന കുടിയും വലിയുമൊന്നും വേണുവിന് ഇല്ല. അതുകൊണ്ട് തന്നെ എല്ലാവരുടെ വീട്ടിലുള്ളവർക്കും അവനെ വലിയ കാര്യമാണ്.
എന്നാലും, വേണുവിന് എന്താണ് സംഭവിച്ചതെന്ന ചിന്ത ഓരോ ഇടവേളകളിലും അയാളിൽ ഉയർന്ന് കൊണ്ടേയിരുന്നു. തന്നെക്കുറിച്ച് എന്തെങ്കിലുമൊരു ചോദ്യം വന്നാൽ വിദഗ്ധമായി ഒഴിഞ്ഞ് മാറുന്ന വേണു വർഷങ്ങൾ കഴിയുന്തോറും തന്റെ ഉറക്കവും നഷ്ടപ്പെടുത്താൻ തുടങ്ങിയെന്ന് പറയുമ്പോൾ അയാളുടെ മുഖം വിയർത്തിരുന്നു.
‘എടാ… നീയിത് ഭദ്രമായി സൂക്ഷിക്കണം. എന്റെ ജീവിതമാണ്. നഷ്ടപ്പെടു ത്തരുത്. വൈകാതെ ഞാൻ വന്ന് വാങ്ങിക്കൊള്ളാം…!’
അന്ന്, അൽപ്പം കിതപ്പോടെ വേണു പറഞ്ഞ ആ രംഗം അയാൾ എനിക്ക് വിവരിച്ച് തന്നു. എന്തുണ്ടായിയെന്നും, നീയെങ്ങോട്ടാണ് പോകുന്നതെന്നും, അയാൾ അവനോട് ചോദിച്ചതാണ്. എല്ലാം വന്നിട്ട് പറയാമെന്ന് വേണു പറഞ്ഞു. അപ്രതീക്ഷിതമായി എന്തോയൊന്ന് അവന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നുവെന്ന് മാത്രമേ അയാൾക്ക് ആ നേരം മനസ്സിലായുള്ളൂ.. ആഴ്ച്ചകൾ പലത് കഴിഞ്ഞിട്ടും വേണു വന്നില്ല. നിധി കാക്കുന്ന ഭൂതത്തെ പോലെ വർഷങ്ങൾ ഇത്രയും അയാൾ ജീവിച്ച് തീർക്കുകയായിരുന്നു…
ജീവിതമാണ് നിന്നെ ഏൽപ്പിക്കുന്നതെന്ന് പറഞ്ഞ് പോയവൻ വർഷങ്ങൾ പതിനാലെണ്ണം കഴിഞ്ഞിട്ടും തിരഞ്ഞ് വന്നില്ല. അത്രയും വർഷങ്ങൾ താൻ തിരഞ്ഞിട്ടും വേണുവിനെ കണ്ടുകിട്ടിയില്ലെന്നും അയാൾ ചേർത്തു. അങ്ങനെ വരുമ്പോൾ അവൻ ജീവിച്ചിരിക്കാനുള്ള സാധ്യത വളരേ കുറവാണെന്ന് അയാൾക്ക് തോന്നി. എന്താണെന്ന് അകത്തെന്ന് പോലും അറിയാത്ത ആ പെട്ടി ഇനിയും സൂക്ഷിച്ച് വെക്കുന്നതിലെ യുക്തിയെ അയാൾ സംശയിച്ചു. അങ്ങനെയാണ്, മരിച്ചെന്ന് സംശയിച്ച വേണുവിന്റെ അവകാശികളെ തേടി അയാൾ ഇറങ്ങുന്നത്… ഡിക്കിയിൽ ആ പെട്ടിയുമുണ്ട്…
‘ഞാൻ സഹായിക്കാം… വേണുവിനെ നമുക്ക് തീർച്ചയായും കണ്ടുപിടിക്കാം…’
അയാളുടെ മുഖം കൂടുതൽ പ്രകാശിച്ചു. കൂട്ടുകാരൻ ഏൽപ്പിച്ച ഭാരവുമായുള്ള സഞ്ചാരത്തിൽ എപ്പോഴോ അയാളുടെ തല പെരുത്ത് കാണണം. ആ താളമാണ് ആ മനുഷ്യനെ ഇപ്പോൾ നിയന്ത്രിക്കുന്നത്. തന്റെ ജീവിതമാണെന്ന് പറഞ്ഞൊരു പെട്ടിയെ ഒരാൾ മറ്റൊരാൾക്ക് കൊടുക്കുന്നു. അയാളാണെങ്കിൽ അതിനകത്ത് എന്താണെന്ന് പോലും നോക്കാതെ അലഞ്ഞ് നടക്കുന്നു. കാര്യമായി എന്തെങ്കിലും കാണാതിരിക്കില്ല. എങ്ങനേയും അത് കൈക്കലാക്കണമെന്നേ ആ നേരം എനിക്ക് തോന്നിയുള്ളൂ…
വേണുവിനെ കണ്ടെത്താൻ പറ്റിയില്ലെങ്കിലും, അവനുമായി ബന്ധമുള്ള ആരെയെങ്കിലും കണ്ടുപിടിച്ചാൽ മതിയെന്നേ അയാൾക്കുള്ളൂ…എന്നാലെ, ജീവിതത്തിന്റെ തലയിൽ നിന്നും ആ പെട്ടി ഇറക്കി വെക്കാൻ പറ്റുകയുള്ളൂവെന്ന് അയാൾ കരുതുന്നു. ഭാരമെന്ന് തോന്നിയാൽ മനുഷ്യരെയായാലും, സാധനങ്ങളെയായാലും ഒഴിവാക്കുന്നത് തന്നെയല്ലേ നല്ലത്. വേണുവിന്റെ നിഗൂഢമായ ഓർമ്മകളെയും പേറി ഇനിയും ചലിക്കാൻ അയാൾക്ക് വയ്യ പോലും…
‘ആ പെട്ടിയൊന്ന് കാണണമായിരുന്നു…’
അയാൾ കാറിൽ നിന്ന് ഇറങ്ങി ഡിക്കി തുറന്നു. നല്ല വലിപ്പമുള്ള കറുത്ത പെട്ടി. എടുത്ത് നോക്കിയപ്പോൾ കനം തോന്നുന്നുണ്ട്. എന്നാലും കുഴപ്പമില്ല. തലയിൽ വെച്ച് ഓടാവുന്നതേയുള്ളു…
‘ഹേയ്… ഹലോ… കള്ളാ… നിക്കടാ… വേണുവിന്റെ പെട്ടിയാണത്….’
ആ പെട്ടി തലയിൽ വെച്ച് ഓടിയ എന്നെ പിന്തുടരുമ്പോൾ ആ മനുഷ്യൻ പറഞ്ഞതാണ്. പാവം! കുറച്ച് ദൂരത്തേക്ക് എത്തിയപ്പോഴേക്കും അയാൾ ക്ഷീണിച്ച് പോയി. നിധി കിട്ടിയ സന്തോഷത്തോടെ ഞാൻ എന്റെ വാടകമുറിയിലേക്ക് എത്തുകയും ചെയ്തു. തീരേ ക്ഷമയില്ലാതെ ആ പെട്ടി ഞാൻ കുiത്തി തുറന്നു. ഭാഗ്യത്തിന് അകത്തുണ്ടായിരുന്ന ബാഗിന കത്തെ കുടം പൊട്ടിയില്ല. ചിതാഭസ്മമെന്ന് തോന്നിക്കുന്നയൊരു ഒരു ചെറിയ കുടം. നിരവധി സർട്ടിഫിക്കറ്റുകൾ… കൂട്ടത്തിൽ പുസ്തകങ്ങളും, ചില ഫ്രെയിം ചെയ്ത ചിത്രങ്ങളുമുണ്ട്. പണമെന്ന് പറയാൻ ഒരൊറ്റ നാണയം പോലുമില്ല. അപ്പോഴാണ് അതിൽ നിന്നൊരു ചിത്രത്തെ കണ്ണുകൾ കണ്ടെടുക്കുന്നത്…
‘അച്ഛൻ….!’
ആ ചെറു ഫോട്ടോ ഫ്രെയിം നോക്കി ഞാൻ അറിയാതെ പറഞ്ഞുപോയി. എന്റെ സംശയം ശരിയാണോയെന്ന് അറിയാൻ എഴുന്നേൽക്കുകയും, പേഴ്സിനകത്ത് മുറിച്ചൊട്ടിച്ച അച്ഛന്റെ ചിത്രം നോക്കുകയും ചെയ്തു. ഒരു മാറ്റവുമില്ല. ഒരേ ചിത്രമാണെന്ന് തോന്നിക്കുന്ന വിധത്തിൽ രണ്ടിലും ഒരേ ആൾ. എന്റെ സാമാന്യയുക്തിക്ക് നിരക്കാത്ത അനുഭവമായത് കൊണ്ടായിരിക്കണം ആ ചിത്രവുമെടുത്ത് ഞാൻ തിരിച്ചോടിയത്.
റോഡരികിലെ മരത്തണലിൽ നിന്നും ആ കാറ് പോയിരിക്കുന്നു! വർഷങ്ങളോളം ഭാരമായി കൊണ്ട് നടന്ന പെട്ടി തന്നിൽ നിന്ന് ഒഴിഞ്ഞത് കൊണ്ടായിരിക്കണം ആ മനുഷ്യൻ പോയത്. അങ്ങനെ അല്ലെങ്കിലും സാരമില്ല. ഇനിയത് ചുമക്കാൻ എല്ലാം കൊണ്ടും ഞാൻ തന്നെയാണ് അർഹൻ.
യഥാർത്ഥ അവകാശിയിലേക്ക് തന്നെയാണ് ഇത്രേം കാലം സൂക്ഷിക്കപ്പെട്ട പെട്ടി തുറക്കപ്പെട്ടിരിക്കുന്നതെന്ന് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞ് പോയി. അറിയാൻ കഴിയാതെ പോയ അച്ഛനുമായി കാറിൽ വന്ന ആ അപരിചിതനെ ഓർത്തപ്പോൾ കണ്ണീര് തട്ടിക്കളഞ്ഞ് ഞാൻ ചിരിച്ചു. നേരിന്റെ ചിറിയിൽ അപ്പിടി കള്ളത്തരം പറ്റിയത് പോലെ…
അല്ലെങ്കിലും, ജീവിതമെന്ന് പറയുന്ന അനുഭവങ്ങളെല്ലാം ചേർന്നൊരു ഘട്ടത്തിൽ എത്ര നാടകീയമായിട്ടാണല്ലേ ചിലരെയൊക്കെ ആയുസ്സിന്റെ നീളത്തിലേക്ക് വലിച്ചെറിയുന്നത്…!!!