എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
യാത്രയിലാണ്. പത്ത് വർഷങ്ങൾക്ക് ശേഷം അച്ഛനെ കാണാൻ പോകുന്നു. കാണാതെയും മിണ്ടാതെയും കഴിഞ്ഞ ഈ കാലത്തിൽ അത്രയും അർത്ഥമില്ലായ്മ ആയിരുന്നുവെന്ന് ആരോ പറയുന്നത് പോലെ. അച്ഛനെ കാണണം. അങ്ങോട്ടേക്കുള്ള ദൂരം കുറയുന്ന ഈ ചലനത്തിൽ ആ മനുഷ്യനെ കെട്ടിപ്പിടിച്ച് മാപ്പ് പറയണമെന്നേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…
നിന്റെ അമ്മയും താൻ തന്നെയാണെന്ന് അച്ഛൻ നിരന്തരമായി പറയുമെങ്കിലും ഉൾക്കൊള്ളാൻ എനിക്ക് പറ്റാറില്ലായിരുന്നു. അമ്മയ്ക്ക് പകരം അമ്മ മാത്രമല്ലേയുള്ളൂ…
‘അമ്മയ്ക്കെന്ത് പറ്റി…?’
ഓർമ്മവെച്ച കാലം തൊട്ട് ഇന്നേവരെ പലരിൽ നിന്നും ഈയൊരു ചോദ്യം അമ്പായി തലയിൽ കൊണ്ടിട്ടുണ്ട്. കൃത്യമായ ഉത്തരം പറയാനാകാതെ വിയർത്ത് നിന്ന സാഹചര്യങ്ങളെയും പരിചയപ്പെട്ടിട്ടുണ്ട്. ഒടുവിൽ മരിച്ച് പോയെന്ന അച്ഛന്റെ ശബ്ദം മറുപടിക്കായി ഏറ്റ് പിടിക്കുമ്പോൾ മനസ്സിനൊരു പ്രയാസമാണ്. ആ വേളകളിലെല്ലാം അച്ഛനോട് എന്തിനെന്നില്ലാതെ എനിക്കൊരു ദേഷ്യം വരും.
‘അതിനും മാത്രം അമ്മയും അച്ഛനും തമ്മിൽ എന്തായിരുന്നു പ്രശ്നം…’
സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ ഞാൻ ചോദിച്ചതാണ്. ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും, നിന്റെ അമ്മ മരിച്ചുപോയതാണെന്നും മറുപടിയായി അച്ഛൻ പറഞ്ഞു. മുഖത്ത് നോക്കാതെയുള്ള ആ പറച്ചിലിൽ തന്നെയൊരു സംശയം നിഴലിക്കുന്നുണ്ട്. കല്ല്യാണ ആൽബം പോട്ടെ, അവർ ഒരുമിച്ചുള്ള ഒറ്റ ചിത്രം പോലും വീട്ടിലില്ല. അതും പോട്ടേയെന്ന് വെച്ചാലും, അമ്മ ഉപയോഗിച്ചതാണെന്ന് പറയാൻ യാതൊരു വസ്തും മുറികളിലോ, അലമാരകളിലോ ഇല്ല. എല്ലാ അർത്ഥത്തിലും അമ്മയെന്ന വാക്ക് എനിക്കൊരു മായയായി തീർന്നിരിക്കുന്നു…
‘അമ്മ ജനിച്ച് വളർന്നത് എവിടെയാണെങ്കിലും എന്നോട് പറ…?’
കോളേജിൽ ചേർന്ന വർഷമാണ് ഈ ചോദ്യം അച്ഛന് ഞാൻ കൊടുക്കുന്നത്. അച്ഛനത് ചുരുട്ടി പോക്കറ്റിലിട്ട് അതിമനോഹരമായി എന്നോട് ചിരിച്ചു. തരാൻ മറുപടിയില്ലെന്ന് കണ്ടപ്പോൾ എനിക്ക് സങ്കടമായി.
അതൊക്കെ അറിഞ്ഞിട്ടിപ്പോൾ എന്ത് ചെയ്യാനാണ്. എന്നെപ്പോലെ നിന്റമ്മയ്ക്കും ആരും ഉണ്ടായിരുന്നില്ല…’
ആവർത്തിച്ച് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമായിരുന്നു. എത്ര മനോഹരമായാണ് അച്ഛൻ എന്നോട് കള്ളം പറയുന്നതെന്നേ അത് കേട്ടപ്പോൾ എനിക്ക് തോന്നിയുള്ളൂ.
‘അച്ഛനൊന്നും പറയണ്ട. എന്റെ കാര്യം നോക്കാൻ എനിക്കറിയാം…’
പഠനം കഴിഞ്ഞ് ജോലി കിട്ടിയ നേരത്ത് വിവാഹം കഴിക്കാൻ പറഞ്ഞതായിരുന്നു അച്ഛൻ. മകനൊരു കുടുംബ ജീവിതമുണ്ടായി കാണാനുള്ള അച്ഛന്റെ ആഗ്രഹമൊക്കെ എനിക്ക് മനസിലാകും. പക്ഷെ, ഓർമ്മയ്ക്ക് പോലും അമ്മയുടെയൊരു ചിത്രം സൂക്ഷിക്കാതിരുന്ന അച്ഛനോടുള്ള കോപം പ്രായം കൂടുന്തോറും എന്നിൽ കൂടുകയായിരുന്നു. ആ രംഗത്തിന് ശേഷമാണ് മാനസികമായും ശാരീരികമായും അച്ഛനിൽ നിന്ന് ഞാനേറെ അകലുന്നത്. പിന്നീടുള്ള പത്ത് വർഷങ്ങളോളം ആരുമില്ലെന്നും, ആരെയും വേണ്ടായെന്നുമുള്ള സങ്കടവും, വാശിയും തുല്ല്യമായി എന്നെ പങ്കിട്ടെടുക്കുകയായിരുന്നു…
‘മോനേ… എനിക്കെന്ന് പറയാൻ ഈ ഭൂമിയിൽ നീ മാത്രമേയുള്ളൂ.. എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. നീ പഠിച്ചവനല്ലേ… എന്നെ മനസിലാക്കാൻ ശ്രമിച്ചൂടെ… വല്ലപ്പോഴും വന്ന് കണ്ടൂടെ നിനക്ക്…’
കഴിഞ്ഞ വർഷം അച്ഛൻ അയച്ച കത്തിന്റെ ഉള്ളടക്കമാണ്. എന്നിട്ടും എനിക്ക് പോകാൻ തോന്നിയില്ല. അമ്മയെന്ന വാക്കിനെ പോലും അപ്രത്യക്ഷമാക്കാൻ ശ്രമിച്ച അച്ഛന്റെ പരിസരത്തേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും പറ്റിയിരുന്നില്ലാ യെന്നതാണ് സത്യം.
ആയിടക്കാണ് ആരാരുമില്ലാത്ത ഒരു തെരുവ് ബാലനെ ഞാൻ കാണുന്നത്. ചെമ്പിച്ച മുടിയും,ഒക്കാത്ത കുപ്പായവുമിട്ട അവൻ എനിക്ക് നേരേയും കൈകൾ നീട്ടി. പേഴ്സിൽ ഉണ്ടായിരുന്നതിലെ ഏറ്റവും കുറഞ്ഞ നാണയത്തിലേക്ക് കരുണയെ ചേർത്ത് ഞാൻ അവന് കൊടുത്തു. അത് ആ ബാല്യത്തിന് വലിയ വിലയായിരുന്നു. അല്ലായിരുന്നുവെങ്കിൽ, സന്തോഷമായെന്ന അർത്ഥത്തിൽ ഒരു മറാത്തി ഗീതവും പാടി ചിരിയോടെ അവൻ പോകില്ലായിരുന്നുവല്ലോ…
ഒന്നോർത്താൽ, ഞാനൊക്കെ എത്ര ഭാഗ്യവാനാണ്. അമ്മയും താൻ തന്നെയെന്ന് പറഞ്ഞ് എല്ലാത്തിനും എനിക്കൊരു അച്ഛൻ ഉണ്ടായിരുന്നു. ആ മനുഷ്യനെ പറ്റാവുന്നിടത്തോളം ഞാൻ വേദനിപ്പിക്കുകയും ചെയ്തു. അമ്മയ്ക്ക് പിറകിൽ പറയാൻ പറ്റാത്തയൊരു വിഷയമായിരിക്കുമെന്ന് ധരിക്കാതെ അറിയാൻ വേണ്ടി വാശി പിടിക്കരുതായിരുന്നു.
അല്ലെങ്കിലും, ഉള്ളതെല്ലാം മാറ്റിവെച്ച് ഇല്ലാത്തതിനായി കരഞ്ഞ് തേടുന്ന പ്രകൃതം മനുഷ്യർക്കുണ്ട്. ആ ബഹുഭൂരിഭാഗം പേർ ഉൾപ്പെട്ട കൂട്ടത്തിന്റെ മുൻപന്തിയിൽ എനിക്കൊരു ഇടം കിട്ടിയത് പോലെയായിരുന്നു ആ നിമിഷങ്ങളുടെ അനുഭവം. ഇല്ലാത്ത അമ്മയെ ഓർത്ത് പുകയുമ്പോൾ, പുണരാനെന്നോണം എപ്പോഴും തൊട്ടടുത്തുണ്ടായിരുന്ന അച്ഛനെ തല കണ്ടതേയില്ല.
എല്ലാ അർത്ഥത്തിലും ഞാനൊരു മണ്ടനാണെന്ന് ഉറപ്പിക്കുന്നതിന്റെ കൂടെ ബുദ്ധിയിൽ കുറ്റബോധവും കലർന്ന് പോയി. അതുകൊണ്ട് തന്നെയാണ് അച്ഛനെ കാണാനുള്ള തിടുക്കത്തോടെ ഈ നേരം ഇങ്ങനെ ചലിക്കുന്നത്…
‘പറഞ്ഞ അഡ്രസ്സ് ഇതാണ് സാർ…’
റെയിൽവെ സ്റ്റേഷനിൽ നിന്ന് കയറിയ ഓട്ടോയുടെ ഡ്രൈവർ പറഞ്ഞതാണ്. ഞാൻ പുറത്തേക്ക് തലയിട്ട് നോക്കി. ശരിയാണ്. വീട് എത്തിയിരിക്കുന്നു. പണം കൊടുത്ത് ഓട്ടോയിൽ നിന്ന് ഇറങ്ങി ഞാൻ ചുറ്റും നിരീക്ഷിച്ചു. പരിസരങ്ങൾ ഒന്ന് മിനുങ്ങിയെന്നല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. ഞാൻ പോകുമ്പോൾ ഉണ്ടായിരുന്ന നിറം പോലും വീടിന് മാറിയിട്ടില്ലെന്ന് കണ്ടപ്പോൾ ദുഃഖമാണ് തോന്നിയത്. ഗേറ്റ് തുറന്ന് ഞാൻ അകത്തേക്ക് കയറി.
‘കോൻ….?’
എന്റെ കണ്ണുകൾ തുറപ്പിച്ച മാറാത്തി ചെറുക്കനെ ഓർമിപ്പിക്കും വിധമൊരു ഹിന്ദിക്കാരൻ പയ്യനായിരുന്നുവത്. കൈകളിൽ പുസ്തകവുമായി ഉമ്മറത്തിൽ നിന്ന് എഴുന്നേറ്റാണ് ആരായെന്ന അവന്റെ ചോദ്യം. സംസാരിച്ചപ്പോൾ കുറച്ചൊക്കെ മലയാളം അവന് അറിയാം.
കാഴ്ച്ചയിൽ പത്ത് വയസ്സൊക്കെ ആകുന്നതേയുള്ളൂ. നീ ആരാണെന്ന് ഞാൻ ചോദിക്കുമ്പോഴേക്കും അകത്ത് നിന്ന് അച്ഛൻ വന്നു. പരസ്പരം തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞ് പോയത്. ആ കാലടികൾ നിന്നതും, ഇടറിയതും ഞാൻ കണ്ടിരുന്നു. എന്നിട്ടും അവകൾ എന്റെ അടുത്തേക്ക് ഏച്ച് നടന്നു.
‘അഞ്ചാറ് മാസം മുമ്പ് നാഗ്പൂരിലേക്ക് പോയിരുന്നു. അവിടെത്തെ യൊരു തെരുവിൽ നിന്ന് കണ്ടതാ ഇവനെ.. ചോദിച്ചപ്പോൾ വരാമെന്ന് പറഞ്ഞു. എനിക്കെന്ന് പറയാൻ ആരെങ്കിലും വേണ്ടേ…?’
എന്നതിന്റെ കൂടെ ഞാൻ അറിഞ്ഞിരിക്കേണ്ടതായ മറ്റൊരു കാര്യം കൂടി അച്ഛൻ പറഞ്ഞിരുന്നു. എന്നേയും പണ്ടിത് പോലെയൊരു യാത്രയിൽ നിന്ന് കിട്ടിയതാണ് പോലും! വ്യക്തമായി അച്ഛൻ മൊഴിഞ്ഞിട്ടും എനിക്കത് വിശ്വസിക്കാൻ തോന്നിയില്ല. അമ്മയെ മറച്ച് വെച്ചിരിക്കുന്നുവെന്ന് പറഞ്ഞ് ഇനിയും തന്നെ വെറുക്കാതിരിക്കാനാണ് ഇപ്പോഴെങ്കിലും ഇത് പറയുന്നതെന്ന് കൂടി അച്ഛൻ ചേർത്തൂ…
‘പറയേണ്ടായിരുന്നു അച്ഛാ..’
എന്നും പറഞ്ഞ് തേങ്ങാനേ എനിക്ക് സാധിച്ചുള്ളൂ. എന്റെ നെറുകം തലയിൽ അമർത്തി ചുംബിക്കാനെന്നോണം ആ മനുഷ്യൻ എന്നോട് ചേർന്ന് നിന്നു. സാക്ഷ്യം നിൽക്കുന്ന രംഗങ്ങളുടെ പൊരുൾ മനസ്സിലാകാത്ത ആ ഹിന്ദിക്കാരൻ ബാലന്റെ കാഴ്ച്ച ഞങ്ങളിലാണ്. തോർന്ന് പോയ ഇമകളെ ചിമ്മിച്ച് ഞാൻ അവനോട് ചിരിച്ചു. എന്നോടെന്ന പോലെ….