അന്ന്, കാഴ്ച്ചയിലെ ആ ചെണ്ടുമല്ലിയോട് മുഖമുരസ്സുന്ന പെൺകുട്ടിയെ ഭാവനയോടെ ഞാൻ വരച്ച നാളായിരുന്നു. ശേഷമാണ്, പതിവെന്ന പോലെ ജനാല തുറന്നത്…….

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

സുന്ദരിയായ വിദേശ വനിതയെ വിവാഹം ചെയ്ത് അച്ഛൻ ലണ്ടനിലാണ്. എന്നുവെച്ച് എന്നോട് സ്നേഹമൊന്നും ഇല്ലാതേയില്ല. കൂടെ വരാൻ നിർബന്ധിച്ചിട്ടും ഞാൻ പോകാത്തതാണ്. മരണം വരെ അമ്മ താമസിച്ച വീട് വിടാൻ എനിക്ക് തോന്നിയില്ല. അതിനുമപ്പുറം ഈ അന്തരീക്ഷത്തിൽ നിന്ന് മാത്രമേ പെയിന്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. വിരലുകളിൽ നിറങ്ങൾ പറ്റാത്ത എന്നെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല…

എന്റെ ജനൽക്കാഴ്ച്ചകളെ പൂർണ്ണമായും ഞാൻ പകർത്തിയെടുത്തിട്ടുണ്ട്. ആ റോഡരികിലെ പൂമരത്തണലും, അതിന്റെ വേരുകളിൽ മണപ്പിച്ച് മൂiത്രമൊഴിക്കാൻ വരുന്ന തെരുവ് നായകളേയും, ചില്ലകളിൽ കൂടൊരുക്കിയ കിളികളേയും, എങ്ങുനിന്നോ പാറി വീണ് മുളച്ച് പൂവിട്ടയൊരു ചെണ്ടുമല്ലിയേയും, ഇടവേളകളിൽ മാത്രം പോകുന്ന ചെറു വാഹനങ്ങളേയും, അങ്ങനെ തുടങ്ങി അവിടെ തെളിയുന്ന എല്ലാ കാഴ്ച്ചകളെയും ക്യാൻവാസുകളിലേക്ക് ഞാൻ ഒപ്പി വെച്ചിട്ടുണ്ട്. അതെല്ലാം, ഒരു ട്രസ്റ്റിന്റെ ഭാഗമായ ആൾ ആഴ്ച്ചയിൽ കൊണ്ടുപോകുകയും ചെയ്യും. വിൽക്കാനാണ്. സെറിബ്രൽ പാൾസിയിലൂടെ ഡിസേബിലിറ്റി വന്ന കുട്ടികൾക്ക് വേണ്ടിയുള്ള എന്റെ സംഭാവനയാണത്.

അന്ന്, കാഴ്ച്ചയിലെ ആ ചെണ്ടുമല്ലിയോട് മുഖമുരസ്സുന്ന പെൺകുട്ടിയെ ഭാവനയോടെ ഞാൻ വരച്ച നാളായിരുന്നു. ശേഷമാണ്, പതിവെന്ന പോലെ ജനാല തുറന്നത്. അന്നേവരെ തെളിഞ്ഞിരുന്ന കാഴ്ച്ച അല്ലായിരുന്നുവത്. കുiത്തി നിർത്തിയ വലിയ കുടയുടെ കീഴിൽ ഒരു തൊപ്പിയിട്ട മനുഷ്യൻ കസേരയിൽ ഇരിക്കുന്നു. മുന്നിലെ മേശയിൽ എന്തൊക്കെയോ നിരത്തി വെച്ചിട്ടുണ്ട്. അതുവഴി പോകുന്നവരിൽ ചിലരെയൊക്കെ അയാൾ ആകർഷിക്കുകയാണ്. വല്ല സിം കാർഡിന്റെ വിൽപ്പനയോ മറ്റോ ആണെന്ന് ഊഹിച്ച് കൊണ്ട് ഞാൻ കാഴ്ച്ചയെ അടച്ചു.

പിന്നീടുള്ള ഓരോ നാളുകളിലും, ജനാല തുറക്കുമ്പോൾ കാണുന്ന കാഴ്ച്ച അത് തന്നെയായിരുന്നു. ഒരിക്കൽ, അയാൾ തുപ്പുന്നതാണ് കണ്ടത്. അതും എന്റെ പ്രിയപ്പെട്ട ചെണ്ടുമല്ലിയിൽ. എനിക്ക് കരച്ചില് വന്നു. ഈ ലോകത്തോളം അയാളെ ഞാൻ വെറുത്തു. പിന്നീടുള്ള രണ്ടുനാൾ ജനാല തുറന്നതേയില്ല.

നാളുകൾക്കപ്പുറം, റോസി തന്ന റോസ് മിൽക്കും കുടിച്ച് വെറുതേ ഇരിക്കുമ്പോഴാണ് വീണ്ടും ഞാൻ ആ കാഴ്ച്ചയിലേക്കുള്ള കൊളുത്ത് തുറക്കുന്നത്. റോസി എന്റെ പേർസണൽ അസിസ്റ്റന്റാണ്. എല്ലാത്തിനും എനിക്ക് അവൾ വേണം…

കണ്ടിട്ടും, ആ തൊപ്പിക്കാരൻ സിം വിൽപ്പനക്കാരനെ ഞാൻ ശ്രദ്ധിച്ചില്ല. നോട്ടം പോയത് റോഡരികിലൊക്കെ വൃത്തിയാക്കുന്ന ചില സ്ത്രീകളിലേക്കായിരുന്നു. മുൻസിപ്പാലിറ്റിയിൽ നിന്നാണെന്ന് തോന്നുന്നു. അവർ ആ പൂമരത്തിനോട് ചേർന്നുള്ള കുറ്റിച്ചെടികളെല്ലാം വെiട്ടി വെiടിപ്പാക്കുകയാണ്. എന്റെ ചെണ്ടുമല്ലിയും അതിൽ പെടുമോയെന്ന് തോന്നിയപ്പോൾ സങ്കടം തോന്നി.

പക്ഷെ, അതുമാത്രം വിട്ടുവെച്ച് അവർ പോയി. അതിനുള്ള കാരണം ആ തൊപ്പിക്കാരൻ ആയിരുന്നു. ശേഷം, തന്റെ കുടിവെള്ളത്തിൽ നിന്ന് കുറച്ച് ചെടിയിലേക്ക് ഒഴിക്കുകയും ചെയ്തു. അപ്പോഴാണ് അയാൾക്ക് വലത് കൈ ഇല്ലായെന്ന് കണ്ണുകൾ കണ്ടുപിടിക്കുന്നത്. ആ മനുഷ്യനോടുള്ള സകല വെറുപ്പും പോകാൻ എനിക്കത് മതിയായിരുന്നു. അയാളുടെ മനസ്സ് എന്റേതെന്ന പോലെ മൃദുലമാണെന്ന് ഞാൻ കരുതി…

പിന്നീടുള്ള പകൽ നാളുകളെല്ലാം എനിക്ക് പ്രിയപ്പെട്ടതായിരുന്നു. എന്നെ സന്തോഷിപ്പിക്കാൻ ജനൽക്കാഴ്ച്ചയിൽ ഒരു തൊപ്പിക്കാരൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വീണ്ടും വീണ്ടും നോക്കിയിരിക്കാൻ പാകമൊരു തെളിച്ചം ആ മനുഷ്യനിൽ ഞാൻ കാണുന്നു. ജീവിതത്തിന്റെ ഭൂരിഭാഗം ചിന്തകളും അയാൾ കൊണ്ട് പോകുമോയെന്ന ഭയവും ചെറുതായുണ്ട്.

‘മരമണ്ടി.. അയാളെ നീ സ്നേഹിക്കുകയാണ്…’

മനസ്സ് മന്ത്രിച്ചു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. അതിന് മാത്രം അയാളിൽ എന്ത് പ്രത്യേകതയാണെന്ന് ആ രാത്രിൽ ഞാൻ ആലോചിച്ചു. ഉത്തരമായി, അങ്ങനെ ചിന്തിക്കാൻ മാത്രം പ്രത്യേകതയുള്ളത് സ്നേഹത്തിനാണെന്നും ഞാൻ കണ്ടുപിടിച്ചു. അയാളുടെ ഫോൺ നമ്പറിനായി നാളെ റോസിയെ വിടണമെന്ന തീരുമാനത്തോടെയാണ് ഞാൻ കിടക്കുന്നത്…

‘ഇന്ന് വലിയ സന്തോഷത്തിലാണല്ലോ…?’

കാലത്ത് റോസി ചോദിച്ചു. അതൊക്കെയുണ്ടെന്ന് പറഞ്ഞ് ഞാൻ ജനാല തുറക്കുകയായിരുന്നു. അയാൾ എത്തിയിട്ടില്ല. കുറച്ചുകൂടി കഴിഞ്ഞ് പറയാമെന്ന് പറഞ്ഞ് റോസിയെ ഞാൻ തിരിച്ചയച്ചു. ആരും കാണാതെ ആ തൊപ്പിക്കാരനെ എനിക്ക് വരയ്ക്കണമായിരുന്നു. അയാൾ വരും മുമ്പേ തീർക്കുകയും വേണം. അതിമനോഹരമായി തന്നെ ഞാൻ അയാളെ പകർത്തി.

‘കൊള്ളാലോ…?! ഇതാ സിമ്മ് വിൽക്കാൻ റോഡിൽ നിന്ന പയ്യനല്ലേ…’

റോസി ചോദിച്ചു. അതേയെന്ന് പറയുമ്പോൾ ആർക്കും കണ്ടെത്താൻ പറ്റാത്തയൊരു നാണം മനസ്സിന്റെ ഉള്ളറകളിൽ തട്ടിക്കളിക്കു ന്നുണ്ടായിരുന്നു…

‘ഇന്നാളൊരിക്കൽ സംസാരിച്ചിരുന്നു. നല്ല പയ്യനാണ്… ഇന്നലെ ത്തോടെ പോയെന്നാണ് തോന്നുന്നത്. ഓരോ മാസവും ഓരോ സ്ഥലത്താണ് പോലും…’

റോസിയിൽ നിന്ന് അങ്ങനെ കേൾക്കുമെന്നോ, അതുകേട്ട് ചുമ്മാ വരച്ചതാണെന്ന് ഞാൻ പറയുമെന്നോ, അവൾ പോയതിന് ശേഷം എന്റെ കണ്ണുകൾ നിറയുമെന്നോ, ഞാൻ കരുതിയിരുന്നില്ല. എന്നിട്ടുമൊരു പ്രതീക്ഷയോടെ ആ ജനാല ഞാൻ തുറന്നു. അയാൾ ഇല്ല. റോസി പറഞ്ഞത് പോലെ അയാൾ പോയിരിക്കുന്നു. അമ്മയെ ഓർക്കുമ്പോൾ മാത്രം അനുഭവിക്കാറുള്ള എന്തൊക്കെയോ പ്രവർത്തനങ്ങൾ ഏറെ നേരം തലയിൽ നടക്കുന്നുണ്ടായിരുന്നു…

‘മോളേ… പെയിന്റിംഗ് കൊണ്ടുപോകാൻ ട്രസ്റ്റിന്റെ ആള് വന്നിട്ടുണ്ട്…’

എല്ലാം എടുത്ത് കൊടുത്തോളൂവെന്ന് റോസിയോട് ഞാൻ പറഞ്ഞു. മറക്കാതിരിക്കാൻ, ഈ തൊപ്പിക്കാരനെ കൂടിയെന്നും പ്രത്യേകമായി ചേർത്തൂ…

അനുവാദമില്ലാതെ ആരെയും ജീവിതത്തിലേക്ക് ഒപ്പിയെടുക്കരുതെന്ന് പഠിച്ച നിമിഷമായിരുന്നുവത്. ഒട്ടി നിൽക്കാൻ അവർക്ക് പറ്റിയില്ലെങ്കിൽ ആയുസ്സിന്റെ നീളത്തിൽ ജീവിതത്തിന് നിരാശയെന്ന് എഴുതാൻ തോന്നും. വിഷാദത്തിലേക്ക് പോകാൻ ഞാൻ തയ്യാറായിരുന്നില്ല. ആരെയും ത്രസ്സിപ്പിക്കുന്നയൊരു വർണ്ണലോകം എനിക്കുണ്ട്. ആ ചിന്തയിൽ, എന്തെങ്കിലുമൊക്കെ വരയ്ക്കണമെന്ന് തലയ്ക്ക് തോന്നുകയായിരുന്നു.

അതിനായി, നിറങ്ങളെ സ്വാഗതം ചെയ്യാൻ വെമ്പി നിൽക്കുന്നയൊരു ക്യാൻവാസെടുത്ത് ആ തൊപ്പിക്കാരൻ ഇറങ്ങിപ്പോയ പെയിന്റിംഗ് സ്റ്റാന്റിൽ ഞാൻ വെച്ചു. ജീവിതമെന്ന് പറയുന്നത് തന്നെയൊരു സഞ്ചാര ചിത്രമാണ്. ഓരോ നാളും ഓരോ ക്യാൻവാസിലേക്കെന്ന പോലെ ഉണരുന്നു. സന്തോഷിക്കാനുള്ള ചിത്രങ്ങൾ വരയ്ക്കാൻ പാടുപെടുന്നു. തൊടാൻ മനസ്സിൽ വർണ്ണങ്ങൾ ഇല്ലായെന്നതാണ് പലരുടേയും വിഷമം. എന്നെ ആ കൂട്ടത്തിൽ കൂട്ടേണ്ട. ദൃശ്യ പ്രകാശത്തിൽ നിന്ന് കണ്ണുകളിലേക്ക് പതിക്കുന്ന നിറ കിരണങ്ങളെല്ലാം എന്നിൽ ഭദ്രമാണ്.

ആ വെളിച്ചത്തിൽ എനിക്ക് എന്നെയാണ് പകർത്താൻ തോന്നിയത്. അതിനായി ശൂന്യമായ ക്യാൻവാസിൽ നിറങ്ങൾ കൊണ്ട് ഞാൻ തൊട്ടു. അര മണിക്കൂറിനുള്ളിൽ തന്നെ വീൽച്ചെയറിൽ ഇരിക്കുന്നയൊരു ചിരിച്ച പെൺകുട്ടിയെ പൂർണ്ണമാക്കുകയും ചെയ്തു. നോക്കൂ… ഞാനെത്ര സന്തോഷവതിയും, മനോഹരിയുമാണ്…!!!

Leave a Reply

Your email address will not be published. Required fields are marked *