ഭർത്താവ് മരിച്ചതിന് ശേഷമാണെന്ന് ഞാൻ പറഞ്ഞു.അല്ല… നാട്ടുകാര് എന്നെക്കുറിച്ച് കുറ്റം പറയുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെയാണ്…

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ

ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ സാരിയിൽ ചവിട്ടി ഞാനൊന്ന് വീഴാൻ പോയി. ഭാഗ്യത്തിന് ഒരാൾ നെഞ്ചും വിരിച്ച് മുന്നിൽ നിന്നത് കൊണ്ട് റോഡിലേക്ക് കമിഴ്ന്നടിച്ചില്ല.

‘ഒന്നും പറ്റിയില്ലല്ലോ…?’

എന്നും ചോദിച്ചാണ് എന്നെ വീഴാതെ തടഞ്ഞ ആ മനുഷ്യൻ ബസ്സിലേക്ക് കയറിയത്. ഇല്ലെന്ന് പറഞ്ഞ് സാരിയും കുടഞ്ഞ് ഞാൻ നടന്നു.

‘ഒരു നന്ദി പറയാമായിരുന്നു. സ്നേഹമെന്നെങ്കിലും പറയാമായിരുന്നു…’

ബസ്റ്റോപ്പിലെ ഇരുത്തിയിൽ ചാരിയിരിക്കുന്നയൊരു മനുഷ്യൻ ചിരിച്ച് കൊണ്ട് പറഞ്ഞതാണ്. ശരിയാണ്. ഒരു നന്ദി പറഞ്ഞേക്കാം. തിരിഞ്ഞ് നോക്കിയപ്പോഴേക്കും ബസ്സ് ചലിച്ചിരുന്നു. അതിന്റെ പ്രയാസമൊന്നും എനിക്ക് തോന്നിയില്ല. ഉപദേശിച്ച ആളെ നോക്കിയപ്പോൾ, അയാളൊരു തെiണ്ടിയാണെന്ന് മനസ്സിലായി. അതിന് പാകമൊരു പാത്രവും, അതിൽ ചില്ലറകളും, തൊട്ടടുത്ത് കുത്തി നടക്കാനുള്ള വടിയുമുണ്ട്. പണ്ട് തൊട്ടേ തെരുവ് തെiണ്ടികളെ എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു…

ഞാൻ മുന്നോട്ടേക്ക് നടന്നു. അപ്പോഴാണ് കൈയ്യിൽ പിടിച്ച പേഴ്സിൽ നിന്നൊരു നാണയത്തുട്ട് താഴേക്ക് വീണത്. കാലിൽ തട്ടിയ അത് ആ ഉപദേശിയുടെ അടുത്തേക്കാണ് ഉരുണ്ട് പോയത്. അഞ്ച് രൂപയായിരുന്നു.

‘സ്നേഹം… നന്ദി…’

അയാൾ അതെടുത്ത് തന്റെ പാത്രത്തിലേക്ക് ഇട്ടുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. മറ്റാരും ഇല്ലാത്തത് എനിക്ക് സൗകര്യമായി. മുഖത്ത് നോക്കി നാലെണ്ണം പറഞ്ഞതിന് ശേഷമാണ് ഞാനത് തിരിച്ച് വാങ്ങിയത്. അപ്പോൾ അയാളുടെ മുഖമൊന്ന് കാണേണ്ടത് തന്നെയായിരുന്നു. ജീവിതത്തിന്റെ മുന്നിൽ എന്ത് തന്നെ തെളിഞ്ഞാലും അത് ധൃതിയിൽ സ്വന്തമാക്കണമെന്ന് കരുതുന്നവരെ കുറിച്ചാണ് പറഞ്ഞത്. യഥാർത്ഥ അവകാശി വരുമ്പോൾ അമളി പറ്റിയ ഭാവവുമായി അവർ നിന്ന് നിരാശയുടെ തല ചൊറിയുന്നത് കണ്ടിട്ടില്ലേ…

‘ചേട്ടാ… മൂസക്കോയ വൈദ്യരുടെ വീട് എവിടെയാണ്…?’

“ദേ… ആ വളവിലെ രണ്ടാമത്തെ വീട്…”

അതും കേട്ട് ഞാൻ നടന്നു. വിയർത്ത് ഒഴുകാൻ പാകം വെയിൽ കൂടുന്നുണ്ട്. കാലത്ത് ഇറങ്ങിയതാണ്. സന്ധ്യക്ക്‌ മുമ്പേ തിരിച്ചെത്തണം. ഏറെ പണികളുണ്ട്. അടുക്കളയൊക്കെ എന്നോ കൈയ്യിൽ നിന്ന് തെറ്റി മലർന്ന് കിടക്കുകയാണ്. വീട് മുഴുവൻ തൂത്ത് വാരി അടുക്കിപ്പെറുക്കി വെക്കുമ്പോഴേക്കും നടുവിളകും. അങ്ങനെയൊക്കെ ചിന്തിച്ച് ബസ്സിൽ ഇരുക്കുമ്പോഴാണ് ഇറങ്ങേണ്ട സ്റ്റോപ്പിലേക്ക് എത്തിയത്. പിന്നീട് സംഭവിച്ചതാണ് ആദ്യം പറഞ്ഞത്…

‘മൂസക്കോയ വൈദ്യര്…’

‘ഹാ.. ഇതന്നെ… വന്നോളിൻ.. ഇരുന്നോളിൻ…. ‘

കാലത്ത് ഫോൺ ചെയ്തിരുന്നുവെന്ന് പറഞ്ഞപ്പോൾ ഒരാൾ എന്നെ സ്വാഗതം ചെയ്തതാണ്. തുടർന്ന് കുടിച്ചോളിൻ എന്ന് പറയാൻ വേണ്ടി സംഭാരവും കൊണ്ട് വന്നു. അത് കുടിച്ചപ്പോൾ ഉണ്ടായ ആശ്വാസത്തെ എഴുതിവെക്കാൻ പാകമായൊരു ഭാഷ എന്റെ വശമില്ല.

ആ മോര് കുടം ഞാൻ തിരിച്ച് കൊടുത്തു. തോളിൽ തോർത്തിട്ട വൈദ്യരുടെ സഹായി എന്നിൽ നിന്നുമൊരു നന്ദി പ്രതീക്ഷിച്ചിരിക്കണം. അല്ലെങ്കിൽ പിന്നെ, എന്റെ വായിലോട്ടും നോക്കിയങ്ങനെ കൂനി നിൽക്കേണ്ട കാര്യം ആ മനുഷ്യന് ഇല്ലായിരുന്നുവല്ലോ..

വൈകാതെ വൈദ്യര് വന്നു. ഉറക്കമില്ലായ്മയെന്ന എന്റെ മാരക ബുദ്ധിമുട്ട് ഞാൻ തുറന്ന് പറയുകയും ചെയ്തു..

‘എപ്പോൾ തൊട്ട് തുടങ്ങിയതാണ്..?’

ഭർത്താവ് മരിച്ചതിന് ശേഷമാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ തന്നെ മകളുടെ വിവാഹ കഴിഞ്ഞതിൽ പിന്നെയാണെന്ന് തിരുത്തുകയും ചെയ്തു.

‘അല്ല… നാട്ടുകാര് എന്നെക്കുറിച്ച് കുറ്റം പറയുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെയാണ്…’

എന്റെ മൂന്ന് ഉത്തരങ്ങളെയും മൂസക്കോയ വൈദ്യര് ശ്രദ്ധാപൂർവ്വമാണ് കേട്ടത്. ശേഷം, എന്തിനാണ് നാട്ടുകാർ താങ്കളെക്കുറിച്ച് കുറ്റം പറയുന്നതെന്ന് ചിരിച്ച് കൊണ്ട് ചോദിച്ചു.

‘കണ്ണിൽ ചോര ഇല്ലാത്തവളാണെന്നാ പറയുന്നേ… ആരോടും സ്നേഹമില്ല പോലും… കെട്ടിച്ച് വിട്ട മോള് തിരിഞ്ഞ് നോക്കാത്തതും ഇതൊക്കെ കൊണ്ടാണ് പോലും…’

എന്റെ തൊണ്ട ഇടറി. കണ്ണൊന്നും നിറഞ്ഞില്ല. അല്ലെങ്കിലും, എന്റെ കണ്ണുകളൊന്നും നിറയാറില്ല. ചിറികൾ ചിരിക്കാറുമില്ല. എന്തിന് പറയുന്നു, മോഹങ്ങൾക്കായി മനസ്സൊന്ന് മൂളുക പോലും ചെയ്യില്ല. നിർവികാരിതയെന്ന സ്ഥായിഭാവത്തിൽ ജീവിതമങ്ങനെ നീങ്ങുകയാണ്. ഇതൊക്കെ എപ്പോൾ തൊട്ടാണെന്ന് ചോദിച്ചാൽ അറിയില്ല.

‘ആരോടും സ്നേഹമില്ലാത്തവളാണെന്ന് സ്വയം തോന്നുന്നുണ്ടോ…?’

അറിയില്ലെന്ന് പറഞ്ഞ് ഞാൻ തല കുനിച്ചു. സ്നേഹമെന്ന് പറയുന്നത് എന്താണെന്ന് പോലും എനിക്ക് മനസിലായിട്ടില്ലെന്ന് പറയാൻ അപ്പോൾ തന്നെ കഴുത്ത് ഉയർത്തുകയും ചെയ്തു.

‘ഭർത്താവ് മരിച്ചപ്പോഴോ, വിവാഹം കഴിഞ്ഞ് മകൾ പോയപ്പോഴോ, സങ്കടം തോന്നിയിരുന്നോ…?’

മറുപടിക്കായി ആലോചിക്കേണ്ടി വന്നില്ല. ഇല്ലെന്ന് വ്യക്തമായി തന്നെ പറഞ്ഞു. തുടർന്ന് വൈദ്യർക്ക് ചോദിക്കാൻ ഉണ്ടായിരുന്നത് വിശപ്പുണ്ടോ എന്നായിരുന്നു. അതൊക്കെ ഉണ്ടെന്ന് പറയുമ്പോൾ എന്റെ മോണ കൂടുതൽ വിടർന്നിരുന്നു.

‘അപ്പോൾ സ്നേഹമില്ലായ്മയാണ് പ്രശ്നം….? അതിന് പ്രത്യേകിച്ച് മരുന്നൊന്നുമില്ല… ഒന്നോർത്താൽ ലാഭവും നഷ്ടവുമുണ്ട്. സ്നേഹിക്കുന്നവരുടെ വേർപാടുകൾ ചില മനുഷ്യർക്ക്‌ താങ്ങാൻ കഴിയാറില്ല. ഇതാകുമ്പോൾ അങ്ങനെയൊരു ബേജാറില്ലല്ലോ… പക്ഷേ, സ്നേഹം അറിയാതെ പോകുന്നത് നഷ്ടമാണ്…’

വൈദ്യര് പറയുന്നതെല്ലാം ഞാൻ കേട്ടിരുന്നു. വിശദീകരിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് കരുതിയ സ്നേഹത്തെ ലളിതമായിട്ടാണ് അദ്ദേഹം വ്യക്തമാക്കിയത്. അതെന്റെ തലയെ ഉണർത്തിയോ ഇല്ലയോ എന്നുള്ളതല്ല. ഇങ്ങനെയൊരു വ്യാഖ്യാനം ആദ്യമായിട്ടാണ് കാതുകളിൽ കൊള്ളുന്നത്. മൂസക്കോയ വൈദ്യർക്ക് ഇത്രയും അറിവോയെന്ന് ചിന്തിച്ച് പോയി. പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു.

പറയുമ്പോഴും കേൾക്കുമ്പോഴും മനസ്സിനെ ആർദ്രമാക്കുന്ന മായാജാലം സ്നേഹമെന്ന വാക്കിൽ തന്നെയുണ്ട് പോലും. വികാരത്തിന്റെ ഉള്ളറകളിൽ നിന്ന് ഉരുവിടുന്ന ആ തന്ത്രത്തിലാണ് ഈ പ്രപഞ്ചത്തിന്റെ ഉറവിടമെന്ന് അദ്ദേഹം പറയുകയുണ്ടായി. അതിന് കൃത്യമായ കാരണമുണ്ട്. സ്പഷ്ടമായി അദ്ദേഹം വിവരിച്ചു.

വെറുതേ ഉണ്ടും, ഉണർന്നും, ഊർജ്ജം തേടിയും, ഉറങ്ങിയും, വിസർജ്ജിച്ചും, മണ്ണിൽ കുഴയാനുള്ളവരാണ് ജീവനുകൾ. പ്രകൃതിയെ പോലും വർഗ്ഗത്തിന്റെ നിലനിൽപ്പിന് വേണ്ടി അനുയോജ്യമാക്കാൻ കെൽപ്പുള്ള തല ലോകത്തിൽ ഉൾത്തിരിഞ്ഞിട്ടുണ്ടെങ്കിൽ അത് വെറുതേയാകില്ല…

പ്രപഞ്ചത്തിന്റെ തലച്ചോറാണ് പോലും ഭൂമി. വികാസത്തിനൊടുവിൽ പ്രധാനമായ നാഡിഞരമ്പുകളായി ജീവനുകൾ പരിണമിച്ചിരിക്കുന്നു. വിശ്വം ഭാവനകളെ ശ്വസിക്കുന്നു. അനുഭവിക്കാൻ അപൂർവ്വമായ ഏതോയൊരു അനുഭൂതിയെ തേടുന്നു. അത് തന്നെയാകണം സ്നേഹമെന്ന് പറയുന്ന ആ വികാര വിചാരം. അതിനായി കണക്കില്ലാത്ത അത്രത്തോളം തന്മാത്രകളെ ഉൽപ്പാദിപ്പിക്കുകയാണ്. രാസപ്രവർത്തനം നടത്തുകയാണ്. സ്നേഹം അറിയാത്ത മനുഷ്യരെ എന്തിന് കൊള്ളാമെന്നും പറഞ്ഞാണ് മൂസക്കോയ വൈദ്യര് പറച്ചിൽ നിർത്തിയത്..

‘വല്ലതും മനസ്സിലായോ…? എവിടെയല്ലേ…? തൽക്കാലം എല്ലാ രാത്രിയിലും കിടക്കും മുമ്പേ സേവിക്കുക…’

പൂർണ്ണമായി ദഹിച്ചില്ലെങ്കിലും ഞാൻ തലയാട്ടി. ശേഷം, അദ്ദേഹം നീട്ടിയ ഉറക്കമില്ലായ്മയ്ക്കുള്ള മരുന്നും വാങ്ങി അവിടെ നിന്ന് ഇറങ്ങി. ശരിയാണ്. ഉടലോടെ ജീവിച്ചിട്ടും സ്നേഹത്തെ അറിയാതെ എങ്ങനെയാണ് മരിക്കുക..

‘എന്റെ ഗീതേ… നിനക്ക് ഈ ഭൂമിയിൽ ആരോടെങ്കിലും സ്നേഹമുണ്ടോ…?’

മരിക്കുന്നതിന് തൊട്ട് മുമ്പത്തെ വർഷം ഭർത്താവ് ചോദിച്ചതാണ്. അന്ന്, അരികിൽ കിടക്കുന്ന മൂന്ന് വയസ്സുള്ള മോളേയും അങ്ങേരേയും ഞാൻ മാറി മാറി നോക്കിയിരുന്നു. ശേഷം തിരിഞ്ഞ് കിടന്നു. അങ്ങേര് മരിച്ച് പോയില്ലെങ്കിൽ വൈകാതെ എന്നെ ഉപേക്ഷിക്കുമായിരുന്നുവെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സ്നേഹമില്ലാത്ത മനുഷ്യരെ ആർക്ക് വേണമല്ലേ…

‘യ്യോ…!’

ഏതാണ്ട് ബസ്സ് സ്റ്റോപ്പിലേക്ക് എത്താറായപ്പോൾ മുമ്പിലൂടെയൊരു പാമ്പ് പോയതായിരുന്നു. എന്റെ നെഞ്ച് പിടഞ്ഞുപോയി. വരുമ്പോൾ കണ്ട ആ ഉപദേശിയായ തെരുവ് തെണ്ടി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

ഭയന്ന് പിൻവലിഞ്ഞപ്പോൾ ഞൊറി മാറിയ സാരി ശരിയാക്കി മുന്നോട്ട് നടന്നപ്പോൾ രംഗം ആവർത്തിച്ചു. കൈയ്യിൽ പിടിച്ച പേഴ്സിൽ നിന്നൊരു നാണയത്തുട്ട് താഴേക്ക് വീണു. അതേ അഞ്ച് രൂപ…

കാലിൽ തട്ടിയ അത് കൃത്യമായി ആ മനുഷ്യന്റെ മുന്നിലേക്കാണ് ഉരുണ്ട് പോയത്. ഇത്തവണ ആ പരദേശിയായ തെരുവ് തെiണ്ടി അത് എടുത്തില്ല. അത് അയാൾക്ക് ഉള്ളതായിരുന്നുവെന്ന ചിന്തയിൽ ഞാനത് പെറുക്കുകയും, പേഴ്സിൽ നിന്നൊരു നൂറ് രൂപ കൂടി ചേർത്ത് അയാളുടെ പാത്രത്തിലേക്ക് വെക്കുകയും ചെയ്തു. ഇതുപോലെ സ്നേഹവും എന്റെ ഹൃദയം തേടി വരുമെന്ന് ആ നേരം ഞാൻ പ്രത്യാശിച്ചിരുന്നു.

എന്തുകൊണ്ടൊ, ഇത്തവണ യാതൊന്നും ആ മനുഷ്യൻ ഉരിയാടിയില്ല. നിറഞ്ഞത് കൊണ്ട് അയാളുടെ കണ്ണുകൾ ഒളിയുകയാണ്. മൂസക്കോയ വൈദ്യര് പറഞ്ഞതെല്ലാം ഓർത്തപ്പോൾ എന്തൊക്കെയോ പുതുതായി തോന്നുന്നുണ്ട്. നട്ടുച്ചക്ക് വെറുതേ ദേഹത്ത് തണുത്ത വെള്ളമൊഴിക്കുന്നത് പോലെയൊരു സുഖം…

തലയിലെ ആ പ്രവർത്തനം എന്താണെന്ന് കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കിലും, റോഡ് മുറിച്ച് കിടക്കും മുമ്പേ ഞാനത് അയാളോട് പറഞ്ഞു. അകന്ന് തുടങ്ങിയ എന്റെ കാതുകളിൽ വീഴാൻ പാകം കണ്ണുകൾ തുടച്ച് ആ മനുഷ്യനത് ആവർത്തിച്ചു.

‘സ്നേഹം…. നന്ദി…’

Leave a Reply

Your email address will not be published. Required fields are marked *