പതിനൊന്ന് വയസ്സ് പ്രായമുള്ള അനുജത്തിയെ ടെറസ്സിലേക്ക് കൂട്ടിക്കൊണ്ട് പോയി തiള്ളി ഇടാനായിരുന്നു എന്റെ പദ്ധതി. അതിനായി ആ വൈകുന്നേരം ഞാൻ അവളോട് ഒരു കള്ളം പറഞ്ഞു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പതിനൊന്ന് വയസ്സ് പ്രായമുള്ള അനുജത്തിയെ ടെറസ്സിലേക്ക് കൂട്ടിക്കൊണ്ട് പോയി തiള്ളി ഇടാനായിരുന്നു എന്റെ പദ്ധതി. അതിനായി ആ വൈകുന്നേരം ഞാൻ അവളോട് ഒരു കള്ളം പറഞ്ഞു. സായാഹ്ന വെയിലിൽ കുതിർന്നൊരു മഴവില്ല് മാനത്ത് ഞെളിഞ്ഞ് നിൽക്കുന്നുണ്ട് എന്നായിരുന്നു ആ കള്ളത്തിലെ കാര്യം.

പടികൾ കയറി ടെറസ്സിലേക്കുള്ള കതക് തുറക്കുമ്പോഴേക്കും മഴച്ചില്ലുകൾ പൊടിയാൻ തുടങ്ങിയിരുന്നു. എവിടെയാണ് ഏട്ടാ മഴവില്ലെന്ന് ചോദിച്ച് അനുജത്തി ഇറങ്ങി നിൽക്കുകയാണ്. ചുറ്റിലുമുള്ള മാനം നോക്കി ക്കൊണ്ടുള്ള അവളുടെ ആ ചോദ്യത്തിന് മറുപടിയെന്നോണം ഞാൻ ചക്രവാളത്തിലേക്ക് ചൂണ്ടി…

രണ്ട് നിലകളുള്ള ടെറസ്സിന്റെ ചുറ്റ് മറയിൽ ചാരി അവൾ ആ ഇല്ലാത്ത മഴവില്ലിനെ തേടുകയാണ്. തiള്ളിയിടാൻ എന്നോണം കൈകൾ ഉയർത്തി ഞാൻ അവളുടെ അടുത്തേക്ക് നടന്നു. അൽപ്പം ബലത്തോടെ ഒന്ന് മുട്ടിയാൽ അവൾ താഴേക്ക് വീഴുമെന്നത് നിശ്ചയമാണ്. വീണാൽ മരിക്കുമെന്നത് ഉറപ്പാണ്. മiരിച്ചാൽ അമ്മയ്ക്കും അച്ഛനും ഞാൻ മാത്രമേയുള്ളൂ… ശേഷമുള്ള അവരുടെ എല്ലാ ശ്രദ്ധയും എന്റെ മേലിൽ മാത്രമായിരിക്കും…

‘അച്ചൂ…’

അച്ഛന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ വിറച്ച് പോയി. അച്ഛനെ കണ്ട പേടിയിൽ തല തുടച്ച് കൊണ്ട് അനുജത്തി പിൻവലിയുകയും പടികൾ ഇറങ്ങുകയും ചെയ്തു. അപ്പോഴും അച്ഛൻ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നില്ല. കൈകൾ പാതി ഉയർത്തിക്കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് നടന്നത് അച്ഛൻ കണ്ട് കാണണം. എന്റെ പരുങ്ങലും വെപ്രാളവും കൂടി കണ്ടപ്പോൾ അച്ഛന്റെ ഭാവവും സംശയത്തിലേക്ക് ആണ്ടിരിക്കുന്നു. പിടിക്കപ്പെട്ടുവെന്ന് തോന്നുന്ന മനുഷ്യരൊക്കെ രക്ഷപ്പെടാൻ ശ്രമിക്കുമെന്ന ബോധമൊക്കെ പന്ത്രണ്ടാം തരത്തിൽ പഠിക്കുന്ന എന്റെ തലയിലും ഉണ്ട്. അച്ഛൻ എന്റെ അടുത്തേക്ക് വരുകയാണ്.

‘അത് അച്ഛാ… ഞാൻ വെറുതേ… അവളെ പേടിപ്പിക്കാൻ…’

എന്നും പറഞ്ഞ് ഞാനും ടെറസ്സിൽ നിന്ന് താഴേക്ക് ഇറങ്ങിപ്പോയി. പിന്നെ അച്ഛനെ കാണുന്നത് രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോഴാണ്.

‘നിന്റെ റൂം പൂട്ടിയിട്ടുള്ള ഒരു പരിപാടിയും വേണ്ട. ഉറങ്ങുമ്പോഴും പൂട്ടണ്ട…’

അമ്മയും അനുജത്തിയും ഡൈനിംഗിന്റെ പരിസരത്ത് ഇല്ലാതിരുന്ന നേരത്ത് അച്ഛൻ എന്നോട് പറഞ്ഞു. ശരിയെന്ന അർത്ഥത്തിൽ ഞാൻ വെറുതേ തലയാട്ടി. കഴിപ്പ് പാതിയിൽ നിർത്തി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഇരിക്കെടായെന്ന് അച്ഛൻ കൽപ്പിച്ചു. മുഴുവനും കഴിച്ച് എഴുന്നേൽക്കുമ്പോഴും അച്ഛൻ എന്നെ ശ്രദ്ധിക്കുകയാണ്. അതേ നോട്ടം… ടെറസ്സിൽ വിടർന്ന സംശയത്തിന്റെ അതേ ഭാവം…

ആ രാത്രിയിൽ എന്നെ ഭയം പിടികൂടുകയായിരുന്നു. എന്റെ കള്ളങ്ങളെല്ലാം അച്ഛൻ കണ്ട് പിടിച്ചതിൽ ഞാൻ അതീവ അസ്വസ്ത്ഥനായി. സമാധാനം കിട്ടണമെങ്കിൽ അച്ഛനും ഇല്ലാതാകണമെന്ന് എനിക്ക് തോന്നി. പക്ഷെ, എങ്ങനെ… ചാറ്റ് ജി.പി.റ്റി യോട് ചോദിച്ചപ്പോൾ ആരും അറിയാതെ ഭക്ഷണത്തിൽ വിഷം കലർത്തുന്നതാണ് നല്ലതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. നാളെ ആക്കട്ടെ…

‘പെട്ടെന്ന് റെഡിയാക്… ഒരിടം വരെ പോകണം…’

കാലത്ത് തട്ടി വിളിച്ചതിന് ശേഷം അച്ഛൻ പറഞ്ഞതാണ്. ഞാൻ അനുസരിച്ചു. എവിടേക്കാണെന്ന് പോലും ചോദിക്കാതെ കാറിൽ കയറി ഇരിക്കുകയും ചെയ്തു. വാഹനം ചലിക്കുകയാണ്.

‘നമ്മുടെ വീട് മോന് ഇഷ്ടമല്ലേ…?’

ആണെന്ന് പറഞ്ഞതിന് ശേഷമാണ് എന്തിനായിരിക്കും ഇങ്ങനെ യൊരു ചോദ്യം അച്ഛൻ ചോദിച്ചതെന്ന് ഞാൻ ആലോചിച്ചത്. തുടർന്ന് അച്ഛൻ യാതൊന്നും മിണ്ടിയുമില്ല. തലേന്ന് രാത്രിയിൽ പിടികൂടിയ ഭയം വീണ്ടും എന്നിൽ പറ്റിപ്പിടിക്കുകയാണ്. ഉദ്ദേശം മനസ്സിലാക്കിയ അച്ഛൻ എന്നെ കൊiല്ലാൻ കൊണ്ട് പോകുകയാണോയെന്ന് വരെ ഞാൻ ചിന്തിച്ച് പോയി.

കാറ് നിന്നു. അച്ഛൻ എന്നോട് ഇറങ്ങാൻ പറഞ്ഞു. അൽപ്പം മുന്നോട്ട് നടന്ന് കയറിയത് ഒരു ഓടിട്ട വീട്ടിലേക്കാണ്. കാഴ്ച്ചയിൽ വലിപ്പമുള്ള ആ വീട് ആരുടേതാണെന്ന് പോലും ചോദിക്കാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു.

‘ഇതാണ് മോൻ…’

വീടിനകത്ത് നിന്ന് ഇറങ്ങി വന്നയൊരു മെലിഞ്ഞ മനുഷ്യനോട് അച്ഛൻ പറഞ്ഞതാണ്. അച്ഛനെ അവിടെ ഇരുത്തി ആ മനുഷ്യൻ എന്നെ അകത്തേക്ക് കൊണ്ടുപോയി. എന്തിനായിരിക്കുമെന്ന് അപ്പോഴും എനിക്ക് മനസിലായിരുന്നില്ല.

‘അച്ചൂ… അങ്ങനയല്ലേ വിളിക്കാറ്… ഇരിക്ക്, ചോദിക്കട്ടെ…’

അച്ഛന്റെ പ്രായമുള്ള ആ മനുഷ്യൻ വളരേ കൂളായിട്ടാണ് എന്നോട് സംസാരിച്ച് തുടങ്ങിയത്. അയാൾ പറഞ്ഞത് പോലെ ഹാളിലെ സോഫയിൽ ഞാൻ ഇരുന്നു. എതിർ മുഖം വീണ്ടും സംസാരിച്ച് തുടങ്ങുകയായിരുന്നു.

‘നീ പേടിക്കേണ്ട. കാര്യങ്ങളെല്ലാം എനിക്ക് അറിയാം. ആരെയാണ് ആദ്യം തiട്ടേണ്ടത്.? അച്ഛനെയോ? സഹോദരിയെയോ…? നിന്റെ അച്ഛൻ പോലും അറിയാതെ ഞാൻ സഹായിക്കാമെടാ…’

എന്റെ കണ്ണുകൾ വികസിച്ചു. എന്ത് പറയണമെന്ന് അറിയാതെ നാക്ക് തൊണ്ടയിലേക്ക് താഴ്ന്ന് പോയി. പരവേശത്തിൽ ചുമച്ച് തുടങ്ങിയ എനിക്ക് അയാൾ വെള്ളം തന്നു. അത് കുടിക്കുമ്പോൾ എല്ലാത്തിനും കൂടെയുണ്ടെന്ന് പറഞ്ഞ് ആ മനുഷ്യൻ ആ എഴുന്നേറ്റു.

‘ഇത് നോക്ക്… എന്റെ അനുജനാണ്. അന്നെനിക്ക് നിന്റെ പ്രായമൊക്കെയുള്ളൂ… അച്ഛനും അമ്മയ്ക്കും സമ്മാനമായി എന്ത് വാങ്ങിയാലും അവനും വാങ്ങും… അവൻ ഇല്ലെങ്കിൽ വിലകൂടിയ ഒരു സമ്മാനം മാത്രമല്ലെ വാങ്ങേണ്ടതുള്ളൂ… ഒരുനാൾ ഞാൻ അവനെ….’

പറഞ്ഞ് നിർത്തുമ്പോൾ അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ചുമരിലെ അനുജന്റെ ചിത്രത്തിൽ തൂങ്ങി കിടക്കുന്ന പ്ലാസ്റ്റിക് മാലയിൽ വിരൽ തൊട്ട് ഇത് പോലെ നിന്റെ അനുജത്തിയേയും നിനക്ക് കാണേണ്ടെയെന്ന് ഞാൻ ചോദിച്ചു. വേണമെന്നോ, വേണ്ടായെന്നോ എനിക്ക് പറയാൻ സാധിച്ചില്ല. ഏതൊയൊരു ദുരൂഹ സാഹചര്യത്തിൽ പെട്ടയൊരു അനുഭവുമായി ഞാൻ ഇരിക്കുകയാണ്.

‘പോലീസ് പിടിച്ചാലും കുഴപ്പമില്ല. കൂടി വന്നാൽ ജീവപര്യന്തം… നിന്നെ ഞാൻ സഹായിക്കാം…’

എന്നും പറഞ്ഞ് അയാൾ എന്റെ തലയിൽ തലോടിയപ്പോൾ ഞാൻ തട്ടി മാറ്റി. എന്നിട്ടും ആ മനുഷ്യന്റെ ശബ്ദം കനത്തില്ല. സഹായിക്കാമെന്ന് പറഞ്ഞത് കാര്യമായിട്ടാണെന്ന് സൗമ്യമായി അയാൾ വീണ്ടും പറഞ്ഞു. എന്റെ മാനസികാവസ്ഥ ആരെക്കാളും കൂടുതൽ അയാൾക്ക് മനസ്സിലാകും പോലും. പതിയേ ഞാനും സംസാരിച്ച് തുടങ്ങി…

‘വീട്ടില് പെൺകുട്ടികൾ ഉണ്ടെങ്കിൽ ചിലവ് കൂടുതലാണ് പോലും… മോളാണ് വളരുന്നതെന്ന് അമ്മ അച്ഛനോട് പറഞ്ഞ്കൊ ണ്ടേയിരിക്കും… അവൾ ഇല്ലായിരുന്നുവെങ്കിലെന്ന് തോന്നി…?’

നീ നന്നായി സംസാരിക്കുന്നുണ്ടല്ലോയെന്നാണ് കേട്ടപ്പോൾ ആ മനുഷ്യൻ ചോദിച്ചത്. പ്രായത്തിൽ കൂടിയ ബുദ്ധി എനിക്കുണ്ട് പോലും. ശരിയാണ്. ചെറുപ്പം തൊട്ടേ ഞാനത് പലരിൽ നിന്നും കേട്ടിട്ടുണ്ട്. അതിന്റെ ഗമ കാട്ടിയിട്ടുമുണ്ട്. എന്നാൽ ആ ബുദ്ധിയിലൊന്നും കൊള്ളാത്ത പുതിയയൊരു കാര്യം അയാൾ പറഞ്ഞ് തുടങ്ങി.

മനുഷ്യരുടെ പ്രഥമ ചിന്ത, തന്റെ നില നിൽപ്പ് തന്നെയാണെന്നതിൽ ആ മനുഷ്യനും തർക്കമില്ല. സ്നേഹിക്കാനും, സ്‌നേഹിക്കപ്പെടാനുമൊക്കെ ശേഷിയുണ്ടായിട്ടും മനുഷ്യർ ഇങ്ങനെ കലഹിക്കുന്നതിന്റെ പ്രധാന കാരണം പണമാണെന്നും ചേർത്തു.

‘അച്ചൂ… യു ആർ അഡിക്റ്റഡ്.’

യാതൊരു ലiഹരി മരുന്നും ഉപയോഗിക്കാറില്ലെന്ന് പറയുന്നതിനും മുമ്പേ പണത്തോളം അപകടം പിടിച്ച ലiഹരി മറ്റൊന്നുമില്ലെന്ന് ആ മനുഷ്യൻ പറയുകയായിരുന്നു. മiദ്യവും, മiയക്ക് മiരന്നുകളൊക്കെ ആ ലiഹരിയുടെ ഉൽപ്പന്നമാണ് പോലും. ഒരു തലമുറയുടെ ആയുഷ് കാലത്തിനും അപ്പുറം സമ്പത്ത് ചേർത്ത് വെക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ പരിണത ഫലമാണ് ഈ ലോകത്തിലെ അലർച്ചകളെന്നും അയാൾ പറഞ്ഞിരുന്നു.

എത്ര വിയർത്താലും അടിസ്ഥാനമായി വേണ്ടതൊന്നും ലഭിക്കാതെ പരസ്പരം അമർഷം കൊള്ളുന്ന ജനതയിലേക്ക് തന്നെയാണ് ഇപ്പോഴും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ച് വീഴുന്നത്. പ്രകൃതി വിഭവങ്ങളുടെ തുല്ല്യതയിലേക്ക് മനുഷ്യരെ എത്തിക്കാൻ ഒരു സമവാക്ക്യത്തിനും കഴിഞ്ഞിട്ടില്ല. കഴിയുന്നത് സ്നേഹിക്കാനും, ആക്രമിക്കാതിരിക്കാനും മാത്രമാണ്. എന്നും പുണരുന്ന സ്വന്തം കുടുംബത്തെ പോലും സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെയെന്തിന് ഇങ്ങനെയൊരു ജീവിതമെന്ന് പോലും ആ മനുഷ്യൻ എന്നോട് ചോദിച്ചു.

‘അച്ചൂ… നീയും ഞാനുമൊക്കെ സൂത്രശാലികളാണ്. എല്ലാം തനിക്ക് മാത്രമെന്ന കണക്കിൽ സ്വരുക്കൂട്ടുന്ന തന്ത്ര ശാലികൾ…’

അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ കുറഞ്ഞ് പോകുമോയെന്ന ഭയം വന്നാൽ ഈ സൂത്രക്കാർ എന്താണ് ചെയ്യുകയെന്ന് പോലും പറയാൻ കഴിയില്ല. ഇത്തരം പക്വമല്ലാത്ത ചിന്തകളിൽ മുറിഞ്ഞ് പോയ ജീവിതങ്ങളുടെ കണക്കെടുക്കാൻ തന്നെ പ്രയാസമാണെന്ന് പറയുമ്പോൾ ആ മനുഷ്യന്റെ ശബ്ദം വീണ്ടും ഇടറി.

അനുജനെ ഇiല്ലാതാക്കിയതിന്റെ ശിക്ഷ അനുഭവിച്ച് വരുമ്പോഴേക്കും തന്റെ അച്ഛനും അമ്മയും ആത്മഹiത്യ ചെയ്തെന്ന് പറയാനായിരുന്നു ആ ഇടർച്ച. സ്വന്തം കാര്യം മാത്രം നോക്കി നടന്ന കാലത്തെ പഴിക്കാൻ മറ്റൊരു കാലം കൂടി വരും. കൂടാൻ ആരുമില്ലാത്ത ആ ജീവിത നീളം മുഴുവൻ വേദനയായിരിക്കും. ഏത് സാഹചര്യത്തിലും പരസ്പരം സ്നേഹിക്കാനുള്ള മനസ്സ് ഉള്ളത് കൊണ്ട് കൂടിയാണ് ഭൂമിയിലെ ഇരുകാലികളെ മനുഷ്യരെന്ന് വിളിക്കുന്നതും, ലോകം ഇങ്ങനെയെങ്കിലും നിലനിൽക്കുന്നതും.

‘അച്ചുവിന് അച്ചുവിന്റെ വീട് ഇഷ്ടമല്ലേ…?’

വരുന്ന വഴിയിൽ അച്ഛൻ ചോദിച്ച അതേ ചോദ്യം. ആണെന്ന് പറഞ്ഞപ്പോൾ അയാൾ ചെറുതായി ചിരിച്ചു. ബന്ധങ്ങളുടെ വിശ്വാസമാണ് വീടെന്ന് മൊഴിഞ്ഞ് ആ ചിരി പിന്നേയും നീണ്ടു. കണ്ണുകൾ നിറഞ്ഞിരിക്കുന്നുവെന്ന് മനസിലായപ്പോഴാണ് ഞാൻ എഴുന്നേറ്റതും പുറത്തേക്ക് നടന്നതും. അയാൾ വിലക്കിയില്ല. കതക് തുറന്നപ്പോൾ ഉമ്മറത്തെ കസേരയിൽ നിന്ന് അച്ഛൻ എഴുന്നേറ്റു. ഞാൻ കാറിനടുത്തേക്ക് നടന്നു. അയാളുമായി സംസാരിച്ച് അച്ഛനും വൈകാതെ വരുകയായിരുന്നു.

‘ഐ ആം സോറി അച്ഛാ…’

അച്ഛനൊന്നും പറഞ്ഞില്ല. അച്ഛന് ഒരിക്കലും എന്നോട് ക്ഷമിക്കാൻ പറ്റില്ലെന്ന് എനിക്ക് തോന്നി. വൈകാതെ എല്ലാം അമ്മയും അനുജത്തിയും അറിയും. അവരും എന്നെ വെറുക്കും. ചിന്തയും പ്രവർത്തിയും തെറ്റായിരുന്നുവെന്ന് തോന്നിയപ്പോൾ വിങ്ങി വിങ്ങി കരയാനെ എനിക്ക് കഴിഞ്ഞുള്ളൂ…

ആരാണ് എന്നോട് സംസാരിച്ച ആ മെലിഞ്ഞ മനുഷ്യനെന്ന് എനിക്ക് അറിയില്ല. അച്ഛനുമായുള്ള ബന്ധവും അറിയില്ല. ചെറു സംഭാഷണ ങ്ങളിൽ നിന്ന് പോലും മനുഷ്യരുടെ ചിന്താഗതികൾ മാറുമെന്ന് മനസ്സിലാക്കിയ മണിക്കൂറുകൾ ആയിരുന്നുവത്.

‘ആ ഡാഷ് ബോർഡ് തുറക്ക്…’

ഏതാണ്ട് വീട് എത്താറാകുമ്പോൾ അച്ഛൻ പറഞ്ഞതാണ്. തുറന്ന് നോക്കിയപ്പോൾ ഒരു ചെറിയ പൊതി ലഭിച്ചു.

‘വിഷമാണ്. സുഖമായി ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടെങ്കിൽ ആരെ വേണമെങ്കിലും കൊiന്നോളൂ… ആദ്യം എന്നെ ആയിരിക്കണം… ഞാനായിട്ട് ആരോടും പറയുന്നില്ല…’

കാറ് നിന്നു. ഗേറ്റ് തുറന്ന് തന്ന അമ്മയുടെ മുഖത്തേക്ക് നോക്കാനേ എനിക്ക് സാധിച്ചില്ല. മാനം ഇരുണ്ട് തുടങ്ങിയിരിക്കുന്നു. തുടർന്നുള്ള ജീവിതവും മങ്ങുമെന്ന ഭയം തോന്നിയപ്പോൾ ഞാൻ അമ്മയുടെ കാലിലേക്ക് വീഴുകയായിരുന്നു. അനുജത്തിയെ അപായപ്പെടുത്താൻ ശ്രമിച്ച കാര്യം പറഞ്ഞ് ഞാനൊരു കിതപ്പോടെ ഏങ്ങി. പൊട്ട ബുദ്ധിയിൽ തോന്നിയതാണെന്ന് മൊഴിഞ്ഞ് ശ്വാസം നീട്ടി കരഞ്ഞു…

പകച്ച് നിന്ന അമ്മയോട് അച്ഛനാണ് കാര്യമെല്ലാം വിശദീകരിച്ചത്. അപ്പോഴേക്കും ഏറെ സന്തോഷത്തോടെ അനുജത്തി മുറ്റത്തേക്ക് വന്നു. എന്താണ് എല്ലാവരും ഇവിടെ തന്നെ നിൽക്കുന്നതെന്നും ചോദിച്ചു. ശേഷം കൂടെ വരാൻ പറഞ്ഞ് എന്റെ കൈകളിൽ പിടിക്കുകയായിരുന്നു.

‘ഏട്ടൻ വന്നേ… ‘

അനുജത്തി എന്നേയും കൊണ്ട് ധൃതിയിൽ അകത്തേക്ക് കയറുകയാണ്. അതിലും ധൃതിയിൽ പടികളും ഏറി. ടെറസിലേക്കുള്ള കതക് തുറക്കുമ്പോൾ വേഗമെന്ന് പറഞ്ഞ് അവൾ എന്റെ കൈകൾ മുറുക്കെ വലിച്ചു. നഖം കൊണ്ടെങ്കിലും എനിക്ക് വേദനിച്ചില്ല.

‘ഏട്ടാ, നോക്കിയേ…

അവളുടെ ചൂണ്ട് വിരലിൽ നോക്കിയപ്പോൾ സായാഹ്നവെയിലിൽ കുതിർന്നൊരു മഴവില്ല് മാനത്ത് ഞെളിഞ്ഞ് നിൽക്കുന്നു. കണ്ണുകൾ മൂടാൻ പാകം കണ്ണുകൾ കലങ്ങിപ്പോയി. എനിക്ക് സംഭവിച്ച ബുദ്ധിമോശം തുറന്ന് പറഞ്ഞ് അനുജത്തിയെ ഞാൻ കെട്ടിപ്പിടിച്ചു. നിന്റെ ചുവട്ടിലാണ് ഇനിയുള്ള കാലമെന്ന് പറയാതെ പറയാൻ ആ കാലിൽ ഞാൻ ഉമ്മ വെച്ചു. അങ്ങനെ കൂനിയിരുന്ന എന്നെ അമ്മയാണ് അടർത്തി എടുത്തത്. നിറഞ്ഞ കണ്ണുകളുമായി അച്ഛനും അടുത്തുണ്ട്.

അവർ എന്നോട് ക്ഷമിച്ചിരിക്കുന്നു. അല്ലായിരുന്നുവെങ്കിൽ എല്ലാവരും അങ്ങനെ പരസ്പരം പൊതിഞ്ഞ് കൂടില്ലായിരുന്നുവല്ലോ… കുടുംബമെന്ന ജീവിതം പ്രതീക്ഷയോടെ ഇനിയും മുന്നിലുണ്ടെന്ന് തോന്നിയ നിമിഷമായിരുന്നുവത്. അപ്പോഴും, കാര്യങ്ങളൊന്നും വ്യക്തമാകാത്ത അനുജത്തി ആ ചക്രവാള സീമയിലേക്ക് ചൂണ്ടി മഴവില്ലെന്ന് പറയുന്നുണ്ടായിരുന്നു….!!!

Leave a Reply

Your email address will not be published. Required fields are marked *