നിങ്ങള് നോക്കിക്കോ? ഞാനിനി സ്വന്തമായി വരുമാനമുണ്ടാക്കിയിട്ടേ ചുരിദാറ് വാങ്ങുകയുള്ളു ,നിങ്ങളെ ആശ്രയിക്കാതെ ജീവിക്കാൻ എനിക്ക് കഴിയുമോന്ന് ഞാൻ നോക്കട്ടെ…….

എഴുത്ത്:-സജി തൈപ്പറമ്പ്.

എനിക്കൊരു ചുരിദാറ് വാങ്ങിത്തരാൻ എത്ര നാളായി പറയുന്നു?

എൻ്റെ കൈയ്യിൽ പൈസയില്ലെന്ന് ഞാൻ പറഞ്ഞില്ലേ?

എന്നിട്ട് നിങ്ങടെ കാര്യങ്ങളൊക്കെ കൃത്യമായി നടക്കുന്നുണ്ടല്ലോ? അതിന് പൈസയുണ്ടല്ലേ?

ഞാനങ്ങനെ പലതും ചെയ്യും, നിൻ്റെ പൈസയല്ലല്ലോ? ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ?

ഓഹോ, ഇപ്പോൾ അങ്ങനെ ആയോ? ശരി, ഇനി ഞാൻ നിങ്ങളോട് ഒന്നും ആവശ്യപ്പെടില്ല,,

ഓഹ് പിന്നേ,, ഇത് ഞാൻ കുറെ കേട്ടതാണ് ,, എൻ്റെ രേണൂ,, എന്നെ ആശ്രയിക്കാതെ ,എൻ്റെ നേരെ കൈ നീട്ടാതെ നിനക്കൊരിക്കലും ജീവിക്കാനാവില്ലന്ന് എനിക്കല്ലേ അറിയൂ ,പത്ത് പൈസാ വരുമാനമില്ലാത്തവളാണ്, എന്നെ വെല്ലുവിളിക്കാൻ വന്നിരിക്കുന്നത്,,,

അയാൾ പുശ്ചത്തോടെ പറഞ്ഞു

നിങ്ങള് നോക്കിക്കോ? ഞാനിനി സ്വന്തമായി വരുമാനമുണ്ടാക്കിയിട്ടേ ചുരിദാറ് വാങ്ങുകയുള്ളു ,നിങ്ങളെ ആശ്രയിക്കാതെ ജീവിക്കാൻ എനിക്ക് കഴിയുമോന്ന് ഞാൻ നോക്കട്ടെ ,,

ഭർത്താവിനെ വെല്ല് വിളിച്ച് കൊണ്ട് രേണുക അടുക്കളയിലേയ്ക്ക് പോയി,

താൻ അപമാനിക്കപ്പെട്ടതായി തോന്നിയ രേണുക സ്വന്തം കാലിൽ നില്ക്കാനുള്ള വഴികളെ കുറിച്ചാലോചിച്ചു

ചെറുപ്പത്തിൽ തുന്നൽ പഠിച്ച അവൾക്ക് ഒരു വിധം നന്നായി തുന്നൽ അറിയാമായിരുന്നു കവലയിൽ ഒരു കടമുറി വാടകയ്ക്കെടുത്ത് ഒരു തുന്നൽകട തുടങ്ങാൻ അവൾ തീരുമാനിച്ചു

വെറുതെ ഒരു തുന്നൽകട തുടങ്ങിയിട്ട് കാര്യമില്ല ,മോഡേൺ രീതിയിലുള്ള തുന്നലറിഞ്ഞിരിക്കണം അതറിയാവുന്ന സ്റ്റാഫുകളെ വയ്ക്കണം,എംബ്രോയിഡറിയും മറ്റെല്ലാ സൗകര്യങ്ങളുമുള്ള ഒരു കസ്റ്റമൈസ്ഡ് ഷോപ്പ് തുടങ്ങുന്നതാണ് ഉചിതമെന്ന് അവൾക്ക് തോന്നി

പക്ഷേ അതിന് പറ്റിയ സ്റ്റാഫുകളെ കണ്ടെത്തണം, കട തുടങ്ങാനുള്ള ക്യാപിറ്റലും വേണം ,സ്ത്രീകൾക്ക് പുതിയ സംരംഭം തുടങ്ങാൻ ലോൺ കിട്ടുമെന്നറിഞ്ഞ രേണുക അതിനുള്ള ശ്രമം തുടങ്ങി

ഒടുവിൽ അവൾ ലക്ഷ്യത്തിലെത്തി.

എന്നെ ടൗണിലെ ഹോൾസെയിൽ ഷോപ്പിലൊന്ന് കൊണ്ട് പോകാമോ ?

ഷോപ്പ് തുടങ്ങിയ ശേഷം , ഒരു ദിവസം ,അവൾ ഭർത്താവിനോട് ചോദിച്ചു

സോറീ ,, എനിയ്ക്കൊരു മീറ്റിങ്ങുണ്ട് നീ വേറെ വല്ല വഴിയും നോക്ക് ,,

നിർദ്ദയം അയാളത് പറഞ്ഞിട്ട് പോയപ്പോൾ അവൾക്ക് നൊമ്പരം തോന്നി

ഒരു ഓട്ടോറിക്ഷയിൽ ടൗണിലേയ്ക്ക് പോകുമ്പോൾ ,എങ്ങനെയെങ്കിലും ടൂവീലർ ലൈസൻസെടുക്കണമെന്ന് അവൾ മനസ്സിലുറപ്പിച്ചു

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് പോയി, രേണുകയുടെ ഷോപ്പിൽ കസ്റ്റമേഴ്സിൻ്റെ തിരക്കേറി വന്നു

ഇപ്പോൾ കൂടെയുള്ള രണ്ട് സ്റ്റാഫിന് സാലറി കൊടുക്കാനും കടയുടെ വാടകയും കറണ്ട് ചാർജുമൊക്കെ കഴിച്ച് പത്ത് ഇരുപത്തി അയ്യായിരം രൂപ മിച്ചം പിടിക്കാനും അവൾക്ക് കഴിയുന്നുണ്ട്

ഇന്ന്, കട,അവധിയല്ലേ? നമുക്കെല്ലാവർക്കും കൂടി ഒരു ഔട്ടിങ്ങിന് പോയാലോ ?ബിസ്മില്ലാ ഹോട്ടലിന്ന് ദം ബിരിയാണിയും കഴിച്ച് ലാലേട്ടൻ്റെ പുതിയ സിനിമയും കണ്ട് രാത്രി തിരിച്ച് വന്നാൽ മതി, അത് വരെയുള്ള മുഴുവൻ ചിലവും എൻ്റെ വക ,എനിയ്ക്കും ഒരു കുടുംബം നോക്കാനുള്ള ശേഷി ഒക്കെ ആയെന്ന് എല്ലാവർക്കും മനസ്സിലാകട്ടെ ,,

ഭർത്താവിനിട്ട് ഒരു കൊട്ട് കൊടുത്ത് കൊണ്ടാണ് രേണുക അത് പറഞ്ഞത്

ഒഹ് ഞാനൊന്നുമില്ലാ ,നിങ്ങള് അമ്മയും മക്കളും കൂടിയങ്ങ് പോയാൽ മതി ,,

എന്നാൽ നിങ്ങളൊരുങ്ങ് മക്കളേ ,, അച്ഛനില്ലാതെയും നമുക്ക് ഔട്ടിങ്ങിന് പോകാൻ പവറുണ്ടെന്ന് അച്ഛനെ മനസ്സിലാക്കി കൊടുക്കാം

ഭർത്താവിന് താല്പര്യമില്ലെന്നറിഞ്ഞ രേണുക, അതൊരു വെല്ലുവിളിയായി ഏറ്റെടുത്തിട്ട്, എട്ടും പത്തും വയസ്സ് പ്രായമുള്ള മക്കളുമായി തൻ്റെ സ്കൂട്ടറിൽ അവൾ ടൗണിലേയ്ക്ക് പോയി .

സ്വന്തമായി ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞെന്ന സന്തോഷത്തിലും ആത്മവിശ്വാസത്തിലുമായിരുന്നു രേണുക

ഇപ്പോഴാണ് താൻ സ്വതന്ത്ര ആയതെന്നും ,ഇക്കാലത്ത് ഭാര്യമാർക്ക് വരുമാന മാർഗ്ഗമില്ലെങ്കിൽ അവരെന്നും ഭർത്താവിൻ്റെ അടിമയായി കഴിയേണ്ടി വരുമെന്നുമുള്ള തിരിച്ചറിവ് അവളെ കൂടുതൽ ഊർജ്ജ്വസ്വലയാക്കി

സെക്കൻഡ് ഷോ കഴിഞ്ഞ് പാതിരാത്രിയോടെയാണ് മക്കളുമായി രേണുക വീട്ടിലെത്തിയത്

പുറത്ത് ലൈറ്റ് കാണാതെ ഭർത്താവ് തിരിച്ച് വന്നിട്ടില്ലെന്ന ധാരണയിലാണ് അവൾ ഡോറിനടുത്തെത്തിയത്

പക്ഷേ, കതക് മെല്ലെ ചാരി വച്ചിട്ടേയുള്ളു എന്ന് മനസ്സിലാക്കിയ രേണുക ഹാളിൽ കടന്ന് ലൈറ്റുകൾ ഓൺ ചെയ്തു

കതക് തുറന്നിട്ട് അദ്ദേഹം കിടന്നുറങ്ങുകയാണോ എന്ന ആകാംക്ഷയോടെ അവൾ ബെഡ് റൂമിലേക്ക് നടന്നു

ഇരുള് മൂടിയ ബെഡ് റൂമിലെ കട്ടിലിന് മുകളിൽ എന്തോ ഒന്ന് തൂങ്ങിക്കിടക്കുന്നത് കണ്ടാണ് അവൾ വേഗം ലൈറ്റിട്ടത്

ആ കാഴ്ച കണ്ട് രേണുക അലറിയെങ്കിലും ശബ്ദം പുറത്തേയ്ക്ക് വരാതെ അവൾ കണ്ണ് മിഴിച്ച് കതകിൽ ചാരി നിലത്തേയ്ക്ക് ഊർന്നിരുന്നു

അച്ഛൻ്റെ ചേതനയറ്റ ശരീരം ഫാനിൽ കെട്ടിത്തൂങ്ങി നില്ക്കുന്നത് കണ്ട് കുട്ടികൾ അലറിക്കരഞ്ഞു.

ഒച്ചയും ബഹളവും കേട്ട് അയൽക്കാരൊക്കെ ഓടിക്കൂടി

അതിലൊരാളാണ് ,കട്ടിലിൽ ഭദ്രമായി മടക്കി വച്ചിരിക്കുന്ന ആ ലെറ്ററ് കണ്ടത്

അത് രേണുകയ്ക്കുള്ള കത്തായിരുന്നു

പ്രിയപ്പെട്ട രേണൂ,,

ഒറ്റയ്ക്ക് ഒരു കുടുംബം നോക്കാനുള്ള ശേഷി ,നിനക്ക് ഉണ്ടായെന്ന് എനിക്ക് ബോധ്യമായി നിന്നെ അതിന് പ്രാപ്തയാക്കാനുള്ള എൻ്റെ ശ്രമം സഫലമായി
എന്നെ വെറുത്തിട്ടാണെങ്കിലും എന്നോടുള്ള വാശിക്കാണെങ്കിലും നീ സ്വന്തം കാലിൽ നില്ക്കാൻ പഠിക്കണമെന്ന് എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു അതിന് വേണ്ടിയാണ് നിന്നോട് ഞാൻ കഴിഞ്ഞ കുറേ നാളുകളായി സ്നേഹമില്ലാത്തവനായും നിർദ്ദയനായുമൊക്കെ നിന്നോട് പെരുമാറിയത്അ ത് മറ്റൊന്നുമല്ല പെട്ടെന്നൊരു ദിവസം ഞാനില്ലാണ്ടായാൽ നീ പകച്ച് നില്ക്കരുതെന്നും നമ്മുടെ മക്കളെ വളർത്താനുള്ള കഴിവും ആത്മവിശ്വാസവും നിനക്കുണ്ടാവണമെന്നും ഞാനാഗ്രഹിച്ചു
അതേ രേണൂ,,, എൻ്റ ആയുസ്സ് തീരാൻ ഏതാനും ദിവസങ്ങൾ മാത്രമേയുള്ളു അത് വരെ നീ എൻ്റെ രോഗത്തെക്കുറിച്ച് ഒരിക്കലും അറിയരുതെന്ന് ഞാനാഗ്രഹിച്ചു കാരണം ഈ രോഗം ചികിത്സിച്ച് ഭേദമാക്കാൻ പറ്റില്ല ,പക്ഷേ എന്നോടുള്ള സ്നേഹം കൊണ്ട് നീയെന്നെ കഴിവിൻ്റെ പരമാവധി ചികിത്സിക്കും എന്നെനിക്കറിയാം അത് കൊണ്ട് ഞാൻ നിങ്ങൾക്കായി കരുതിവച്ചിരിക്കുന്ന നമ്മുടെ കിടപ്പാടം പോലും വില്ക്കാൻ നീ തുനിയും, പക്ഷേ എന്തൊക്കെ ചെയ്താലും എൻ്റെ അസുഖം ഭേദമാവില്ലെന്നും വെറുതെ ചികിത്സക്കായി ലക്ഷങ്ങൾ ചെലവാക്കിക്കളയാനേ കഴിയൂ എന്നും എനിക്ക് നല്ല ബോധ്യമുള്ളത് കൊണ്ടാണ് ഇത് വരെ നിന്നിൽ നിന്നും ഞാനെല്ലാം മറച്ച് പിടിച്ചത് ഞാനില്ലാതായാൽ നിനക്കും മക്കൾക്കും അന്തിയുറങ്ങാൻ ഈ വീട് ഇവിടെ തന്നെയുണ്ടാവണമെന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു

ഇന്ന് നിങ്ങൾ പുറത്ത് പോയിക്കഴിഞ്ഞ് എൻ്റെ രോഗം കലശലായി, ഇനിയുമെനിക്ക് നിങ്ങളിൽ നിന്ന് അസുഖം മറച്ച് പിടിക്കാൻ കഴിയില്ലെന്ന് ഉറപ്പായത് കൊണ്ടാണ് ഞാൻ സ്വയമില്ലാതാകാൻ തീരുമാനിച്ചത്നീ തളരരുത് ,, നിന്നെ ഞാൻ സ്നേഹിച്ചിട്ടേയുള്ളു ,നീയെന്നും ആരുടെ മുന്നിലും കൈ നീട്ടാതെ അഭിമാനത്തോടെ തല ഉയർത്തി നില്ക്കണം ,അത് കണ്ട് കൊണ്ട് ഒരു നിഴലായി ഞാൻ നിന്നോടൊപ്പമുണ്ടാവും ,ഞാൻ പോട്ടെ ,സമയമായി,,,,

ആരോ വായിച്ച് കേട്ട ഭർത്താവിൻ്റെ അവസാന വാക്കുകൾ കേട്ട് അവൾ ബോധരഹിതയായി

Leave a Reply

Your email address will not be published. Required fields are marked *