എഴുത്ത്:-നൗഫു
“ഇപ്രാവശ്യത്തെ പെരുന്നാൾ ഉമ്മാന്റെ വീട്ടിൽ ആയിരുന്നു…
എല്ലാ പെരുന്നാളിനും ഇവിടെ കൂടാമെന്ന് പറഞ്ഞു മാമന്മാർ വിളിക്കുമെങ്കിലും ഉപ്പാന്റെ ഓർമ്മകൾ വിരിയുന്ന മണ്ണിൽ തന്നെ പെരുന്നാൾ കൂടണമെന്നുള്ളത് ഉമ്മാക് നിർബന്ധം ആയിരുന്നു …
പക്ഷെ ഇപ്രാവശ്യം ഉമ്മാമ്മ കൂടെ ഉമ്മയെ നിർബന്ധിച്ചപ്പോളായിരുന്നു ഉമ്മയും ഞാനും തലേന്ന് തന്നെ പെട്ടിയും കിടക്കയും എടുത്തു ഉമ്മാന്റെ വീട്ടിലേക്കു വെച്ചു പിടിച്ചത്..”
“ഉമ്മാക് എന്നെ കൂടാതെ വേറെ ഒരു മോൻ കൂടെ ഉണ്ട്.. അതായത് എന്റെ ഇക്കാക്ക.. ഓൻ സൗദിയിലും..
ഓന്റെ ഭാര്യ ഇത്തയുടെ വീട്ടിലും ആയത് കൊണ്ടായിരുന്നു ഞാനും ഉമ്മയും മാത്രം പോയത് “
“പണ്ടത്തെ പോലെ ഞങ്ങൾ കുട്ടികൾ എല്ലാം അങ്ങാടിയിൽ കറങ്ങിയും വെറുതെ ഓരോ തുണി ഷോപ്പിൽ കയറി ഓരോന്ന് മറച്ചിട്ടും പാതിരാത്രി പടക്കം പൊട്ടിച്ചും പൂത്തിരി കiത്തിച്ചും അiടിച്ചു പൊളിച്ചു..
കുട്ടികൾ എന്ന് പറഞ്ഞാൽ ഞാനും ഒരു കുട്ടി ആണല്ലോ.. പത്തിരുപത്തി രണ്ട് വയസ്സ് പ്രായമായ ബല്യ കുട്ടി.. “
“വീട്ടുകാരും ഉമ്മയും ഉമ്മൂമ്മയും കൂടെ പിറ്റേന്നേക്കുള്ള ഭക്ഷണത്തിന്റെ ഒരുക്കത്തിൽ ആയിരുന്നെങ്കിലും അവരുടെ വിശേഷം പറച്ചിലും പുളുവടിയുമായി പണിയൊന്നും മുന്നോട്ട് പോയില്ലെങ്കിലും എന്തോ പടച്ചോന്റെ ഖുതുറത്തു കൊണ്ടു പെരുന്നാൾ നിസ്കാരത്തിനു പോകുന്നതിന് മുമ്പ് ബിരിയാണി ധം ഇട്ടിരുന്നു..
ഇനി പായസം എപ്പോ ആവുമോ എന്തോ…”
“ഞാൻ അവിടുത്തെ കൂട്ടുകാരുടെ കൂടെ പെരുന്നാൾ നിസ്കാരത്തിന് പോയി തൊട്ടടുത്തുള്ള കുറച്ചു ബന്ധു വീടുകളിൽ കയറി ഇറങ്ങി പായസവും കുടിച്ചു വയറു നിറച്ചു തറവാട്ടിൽ എത്തിയപ്പോൾ മാമന്മാർ എല്ലാവരും വീട്ടിൽ എത്തിയിരുന്നു..
എല്ലാവരുടെയും പെരുന്നാൾ ഇന്ന് തറവാട്ടിൽ ആയിരുന്നു…
അഞ്ചു മാമന്മാർക് കൂടെ ആകെ ഒരേ ഒരു പെങ്ങൾ അതായിരുന്നു അവർക് എന്റെ ഉമ്മ..
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തന്നെ കൊച്ചു കുട്ടികൾ പെരുന്നാൾ പൈസക്ക് ബഹളം വെച്ചപ്പോൾ മാമന്മാർ എല്ലാവരും പൈസ എടുത്തു കൊടുക്കാൻ തുടങ്ങി..
കൂടെ ഞാനും..
കൂടുതൽ ഒന്നുമില്ലാട്ടെ…എല്ലാത്തിനും പത്തും ഇരുപതുമായി ഞാൻ കൊടുത്തു..
കിടക്കട്ടെ കുട്ടികൾക്കു ഇടയിൽ എനിക്കും ഒരു നിലയും വിലയും…”
“കുട്ടികൾക്കെല്ലാം കിട്ടിയപ്പോൾ പിന്നെ അവർ എന്റെ ഉമ്മാനെ വിളിച്ചു..
അഞ്ചു പേരും നല്ല സംഖ്യ വെച്ച് തന്നെ ഉമ്മാന്റെ കയ്യിൽ കൊടുക്കുന്നത് കണ്ടപ്പോൾ എനിക്കും സന്തോഷമായി..
ഞാൻ കൊടുത്തതിലും ഒരുപാട് ഇരട്ടി ഉണ്ടാവുമത്.. അതെന്നെ എന്റെ സന്തോഷത്തിനുള്ള ഏക കാരണവും…
എങ്ങനെ പോയാലും അതെന്റെ കീശയിലേക് എത്തേണ്ടതായിരുന്നു..
അത് നേരെ അവർ ആരും കാണാതെ ഉമ്മ എനിക്ക് തരികയും ചെയ്തു…”
“ഭക്ഷണവും കഴിച്ചു കുറച്ചു നേരം കൂടെ ഇരുന്നു തിരികെ പോകുന്ന നേരത്തായിരുന്നു എന്റെ ഇക്കാന്റെ വേഡിങ് ആനിവേയ്സറിക്ക് അവന്റെ പൊണ്ടാട്ടിക്ക് ഒരു മോതിരം കൊടുക്കാനുള്ള പൈസ അയച്ചിട്ടുണ്ടെന്ന് ഉമ്മ പറഞ്ഞത്…
നേരെ അതെടുക്കാനായി രാമേട്ടന്റെ ജ്വല്ലറിയിലേക് തന്നെ വിട്ടു…
നല്ല നല്ല മോഡലുകൾ നോക്കി ഇക്ക അയച്ച പൈസക്കുള്ളിൽ നിൽക്കുന്ന മോഡൽ കാണിച്ചു അത് പേക്ക് ചെയ്യുന്ന നേരത്തായിരുന്നു രാമേട്ടൻ ഉമ്മയോട് എന്തോ ചോദിക്കുന്നത് കണ്ടത്….”
“എന്താണുമ്മ രാമേട്ടൻ പറഞ്ഞെ..”
ഞാൻ ഉമ്മയോട് ചോദിച്ചു..
“അതൊന്നും ഇല്ലെടാ.
ഉപ്പ ഉണ്ടാവുമ്പോൾ വല്ലപ്പോഴും ഇവിടെ നിന്ന് നിന്റെ ഉപ്പ എനിക്കെന്തേലും വാങ്ങിച്ചു തരാറുണ്ട്..
അത് പറഞ്ഞതാ..”
“ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഉമ്മാക് ഉപ്പയെ വല്ലാതെ മിസ്സ് ചെയ്യുന്നത് പോലെ തോന്നി..
ഉമ്മക്കായിട്ട് ഒന്നും വാങ്ങിച്ചു കൊടുക്കാനും കഴിഞ്ഞിട്ടില്ല ഇത് വരെ…”
“പിറ്റേന്ന് വൈകുന്നേരം ഇത്തയെ ഇത്തയുടെ വീട്ടിൽ നിന്നും കൂട്ടിവന്നു ആനിവേയ്സറി കേക്ക് മുറിപ്പിച്ചു ഉമ്മാനെ കൊണ്ടു തന്നെ ഇക്കാന്റെ ഗിഫ്റ്റ് ഇത്താക്ക് കൊടുപ്പിക്കുമ്പോൾ.. ഞാൻ എന്റെ കീശയിൽ നിന്നും ഒരു കുഞ്ഞു പെട്ടി എടുത്തു ഉമ്മാക് നേരെ നീട്ടി..
ഉമ്മ രാമേട്ടന്റെ ജ്വല്ലറിയുടെ പേരുള്ള ആ കുഞ്ഞു ബോക്സിലേക്കും എന്റെ മുഖത്തെക്കും അത്ഭുതത്തോടെ ഒന്ന് നോക്കി..
ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു ഉമ്മാനോട് പറഞ്ഞു..
“ന്റെ ഉപ്പയല്ലേ പോയിട്ടുള്ളൂ…
ഉപ്പാന്റെ മോനായ ഞാനും ഇക്കാക്കയും ഇല്ലേ ഉമ്മാ ഇങ്ങളെ കൂടെ…
ഉമ്മ പേടിക്കണ്ടാട്ടൊ ഇത് കടം വേടിച്ചതൊന്നും അല്ല…
എനിക്ക് ശമ്പളവും ബോണസും കിട്ടിയിരുന്നു ഈ മാസത്തെ….
പിന്നെ ബാക്കി പൈസ ഇക്കാക്ക അയച്ചു തന്നു……”
അതും പറഞ്ഞു ഉമ്മാന്റെ കൈ വിരലിൽ നീട്ടി പിടിച്ചു ഉമ്മാന്റെ വിരലിലേക് ആ മോതിരം ഇട്ടു കൊടുക്കുമ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങുന്നത് ഞാൻ കണ്ടു…
ഒരു പക്ഷെ എന്റെ ഉപ്പയെ ഓർത്തു പോയതാകാം..
“ഇങ്ങളെന്തിനാ കരയുന്നെ…
ഞാൻ ഇങ്ങക്ക് കിട്ടിയ പെരുന്നാൾ പൈസയിൽ നിന്നും ഒന്നും എടുത്തിട്ടില്ലാട്ടോ…”
‘ഇനി അടുത്ത പെരുന്നാൾ വരെ ആ പൈസ എന്റെ കൈയിൽ ഉണ്ടല്ലോ എന്ന് ഉമ്മ ചോദിക്കും എന്നത് കൊണ്ടു തന്നെ ഞാൻ അത് പറഞ്ഞതും ഉമ്മ പുഞ്ചിരിച്ചു കൊണ്ട് എന്റെ നേരെ കൈ ഓങ്ങി..
എന്നെ അടിക്കാൻ എന്ന വണ്ണം… “
ഇഷ്ടപെട്ടാൽ 👍
ബൈ
❤️