എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
സൊസൈറ്റിയിലെ ജോലിയിൽ നിന്ന് കിട്ടുന്നത് കൊണ്ടുമാത്രം മുന്നോട്ട് പോകാത്ത സ്ഥിതിയാണ് കുടുംബത്തിൽ. മറ്റൊരു വരുമാന മാർഗ്ഗം കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെയാണ്, രാത്രികാലത്ത് സൊമാറ്റോയിൽ ഡെലിവറി ജോലി ചെയ്യാൻ തീരുമാനിക്കുന്നത്.
തീരുമാനം മാത്രമേയുള്ളൂ… പ്രാവർത്തികം ആകണമെങ്കിൽ ഒരു ബൈക്ക് കൂടി വേണമായിരുന്നു. സമാഹരിച്ച പണവുമായി ഞാൻ അന്വേഷണം തുടങ്ങി.
‘ഫൈനലായിട്ട് എത്ര തരണം…?’
ആ രണ്ടായിരം മോഡൽ സ്പ്ലണ്ടറിന്റെ ടാങ്കിൽ തട്ടിയിട്ട് ഞാൻ ചോദിച്ചതാണ്.
‘പറഞ്ഞതിൽ നിന്ന് ഒരു രൂപപോലും കുറയില്ല…!’
ഇല്ലാത്ത താടിയിൽ ചൊറിഞ്ഞുകൊണ്ട് ബൈക്ക് കടക്കാരൻ എന്നോട് പറഞ്ഞു.
കൂട്ടത്തിലെ ഏറ്റവും പഴക്കമേറിയ ബൈക്കായിരുന്നു ആ സ്പ്ലണ്ടർ. അതിനുപോലും എന്നെ വേണ്ടല്ലോയെന്ന് ഓർത്തപ്പോൾ ഞാൻ വീട്ടിലേക്ക് യാത്ര തിരിച്ചു. അപ്പോഴാണ് മുമ്പ് ബന്ധപ്പെട്ട ഒരാൾ ഇങ്ങോട്ട് വിളിച്ചത്.
‘ഹലോ… ഒരു ആക്റ്റീവ നോക്കിയിട്ട് പോയിട്ടുണ്ടായിരുന്നില്ലേ… ആലോചിച്ചു.. നിങ്ങള് പറഞ്ഞ റേറ്റ് എനിക്ക് സമ്മതമാണ്…’
കേട്ടപ്പോൾ എന്റെ നിരാശയുടെ വരൾച്ചയിലേക്ക് ആശ്വാസത്തിന്റെ മഴ പെയ്യുന്നത് പോലെ എനിക്ക് തോന്നി! രണ്ടുനാൾ മുമ്പ് ആർറ്റീഒ ഓഫീസിന്റെ മൈതാനത്ത് വെച്ചുകണ്ട വണ്ടിയാണ്. ഓർമ്മ ശരിയാണെങ്കിൽ അയാളുടെ പേര് രാഘവൻ എന്നാണ്. അതേ ഇടത്തേക്ക് തന്നെ വരാമെന്ന് പറഞ്ഞ് അയാൾ ഫോൺ വെച്ചു. ഞാൻ അങ്ങോട്ടേക്ക് ചലിച്ചു.
ബസ് ഇറങ്ങി മൈതാനത്തേക്ക് നടക്കുമ്പോഴാണ് രണ്ടുനാൾക്ക് മുമ്പ് അയാളുമായി ഉറപ്പിച്ച പണത്തിൽ രണ്ടായിരം രൂപയുടെ കുറവുണ്ടല്ലോയെന്ന് ഞാൻ ഓർത്തത്. എന്റെ ആറുവയസ്സുള്ള മോൻ പൊട്ടിച്ച അമ്മയുടെ കണ്ണട വാങ്ങിയതായിരുന്നു. കൃത്യമായി കാണാതെ അമ്മ എവിടെയൊക്കെയോ തട്ടി തടഞ്ഞ് വീഴാൻ പോയത്രേ.. അങ്ങനെയെങ്കിൽ വെച്ച് താമസിപ്പിക്കേണ്ടായെന്ന് എനിക്ക് തോന്നി. വേണ്ടായെന്ന് പറഞ്ഞിട്ടും അമ്മയ്ക്ക് ഞാൻ തെളിച്ചമുള്ള കാഴ്ച്ച കൊടുത്തു. ആ കണ്ണുകൾ മങ്ങുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.
മൈതാനത്തിൽ എത്തി. അയാളും വണ്ടിയും മുമ്പ് കണ്ട അതേ ഇടത്ത് ഉണ്ടായിരുന്നു. അങ്ങോട്ടേക്ക് അടുക്കുമ്പോഴാണ് ഭാര്യവിളിച്ചത്. കുഞ്ഞിന് തൂറ്റലാണുപോലും! ചോര കണ്ടുപോലും…! ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെങ്കിൽ ശരിയാകില്ലെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് വരാമെന്ന് ഞാൻ മൊഴിഞ്ഞു. ആയിരം രൂപ പോലും ഇല്ലാതെ പോകാൻ ഒക്കില്ലല്ലോയെന്ന് ചിന്തിക്കുമ്പോഴേക്കും ഞാൻ അയാളുടെ അടുത്തേക്ക് എത്തിയിരുന്നു..
‘ബാബുവിന് വേറെ കിട്ടിയിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്…’
അയാൾ പറഞ്ഞു.
“ഇല്ല… ഒന്നും ശരിയായില്ല.. അന്നുപറഞ്ഞ വിലപോലും എനിക്ക് ഇപ്പോൾ തരാനില്ല…”
കേട്ടപ്പോൾ അയാളുടെ മുഖം ചുളിഞ്ഞു. എന്നാൽ ഫോണിൽ തന്നെ പറഞ്ഞൂടായിരുന്നോ എന്ന് ചോദിച്ച് അയാൾ തന്റെ ആക്റ്റീവയിൽ കയറി പോകാൻ ഒരുങ്ങി. അനങ്ങാതെ നിന്ന ഞാൻ യാതൊന്നും മിണ്ടിയില്ല..
‘ഇപ്പോൾ എത്രയുണ്ട്…?’
സ്റ്റാർട്ട് ചെയ്യും മുമ്പേ അയാൾ ചോദിച്ചു.
‘പറഞ്ഞതിൽ നിന്നും മൂവായിരം രൂപയുടെ കുറവുണ്ട്…’
അങ്ങനെ പറഞ്ഞ് തീരുമ്പോൾ എന്റെ കണ്ണുകൾ മൈതാനത്തെ വെയിലിൽ കരിഞ്ഞ ഒരു കുഞ്ഞ് പുല്ലിലായിരുന്നു..
അതെങ്കിൽ അതെന്ന് പറഞ്ഞുകൊണ്ട് അയാൾ വണ്ടിയിൽ നിന്ന് ഇറങ്ങി കടലാസുകളുമായി എന്റെ അടുത്തേക്ക് വന്നു. ആർറ്റിഒ ഓഫീസിന്റെ തൊട്ടടുത്തുള്ള ഒരു ഏജൻസിൽ പോയി സെയിൽ ലെറ്റർ എഴുതിപ്പിക്കുകയും ചെയ്തു. എന്റെ ആധാർകാർഡ് കൊടുക്കുമ്പോൾ കൊടുക്കാമെന്ന് പറഞ്ഞ പണവും ഞാൻ അയാൾക്ക് കൊടുത്തു. ബാക്കി എപ്പോൾ തരുമെന്ന് ചോദിച്ചപ്പോൾ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.
‘നല്ലപോലെ നോക്കണം… നിങ്ങൾക്ക് ഇത്രേം കണ്ടീഷനുള്ള വണ്ടി ഈ വിലയ്ക്ക് എവിടെ നിന്നും കിട്ടില്ല…’
താക്കോൽ എന്റെ കൈയ്യിൽ തന്നുകൊണ്ട് അയാൾ പറഞ്ഞു. ശരിയാണ്. ഞാൻ ഓടിച്ചുനോക്കിയിരുന്നു. കാണാനും ചന്തമുണ്ട്. കൃത്യം ആ നേരത്താണ് ഭാര്യ വീണ്ടും വിളിച്ചത്..
‘അമ്മ തലചുറ്റി വീണു…’
കേട്ടപ്പോൾ എന്റെ തലയും ചെറുതായൊന്ന് കറങ്ങി. ചെറുക്കനും തളർന്ന് പോലും. അയലത്തെ സുകുവിന്റെ ഓട്ടോയിൽ സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയത്രേ.. രണ്ടാളെയും അവിടെ തന്നെ കാണിക്കാമെന്നും, നിങ്ങള് പെട്ടെന്ന് തന്നെ വരണമേയെന്നും അവൾ ചേർത്തു. വരാമെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
ആക്റ്റീവയുടെ മുഖത്ത് കൈവെച്ചുകൊണ്ടിരുന്ന അയാൾ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ഞാൻ വെറുതേ പറഞ്ഞു. പറയുമ്പോൾ എന്റെ കണ്ണുകൾ പിടച്ചിരുന്നുവെന്നും, ശബ്ദം ഇടറിയിരുന്നുവെന്നും തോന്നുന്നു. അല്ലെങ്കിൽ പിന്നെ, ഞാൻ കൊടുത്ത പണത്തിൽ നിന്ന് എണ്ണുക പോലും ചെയ്യാതെ പാതിയോളം മടക്കി അയാൾ എന്റെ പോക്കറ്റിൽ വെച്ച് തരില്ലായിരുന്നു…
കടം കയറി അച്ഛൻ തൂiങ്ങി മരിച്ചപ്പോൾ തലയിൽ എടുത്ത് വെച്ചതാണ് കുടുംബത്തിന്റെ ഭാരം. സെക്യൂരിറ്റിജോലിക്ക് പുറമേ ജീവിതം തുലനം ചെയ്യാൻ പാർട്ട് ടൈമായിട്ട് ജോലി അന്വേഷിച്ചപ്പോൾ, ഒരു സുഹൃത്താണ് ഈ ഫുഡ് ഡെലിവറിയെ കുറിച്ച് പറഞ്ഞത്. ബൈക്ക് മാത്രം റെഡി ആക്കിയാൽ മതിയെന്ന് പറഞ്ഞപ്പോൾ ഒരുമാസത്തെ ശമ്പളവുമായി ഇറങ്ങി തിരിച്ചതാണ് ഞാൻ.
ഈ വേളകളിലൊക്കെ ദൈവങ്ങളെ തിരഞ്ഞിരുന്നു… എന്റെ അമ്മയെ പോലെ അവർക്കും കാഴ്ച്ചയില്ലെന്ന് ഞാൻ വിധിയെഴുതി. അപ്പോഴാണ് മുന്നും പിന്നും അറിയാത്ത ഒരാൾ ഇടം വലം നോക്കാതെ എന്നെ സഹായിക്കുന്നത്. ലോകത്തിൽ എത്ര ദൈവങ്ങൾ നിറഞ്ഞാലും മനുഷ്യർക്കേ മനുഷ്യനെ സഹായിക്കാൻ പറ്റുമെന്ന് അന്ന് എനിക്ക് മനസ്സിലായി..
എന്റെ മറുപടി പോലും ആവശ്യമില്ലാത്തത് പോലെ അയാൾ രണ്ടുകൈയ്യും വീശി മൈതാനത്തിൽ നിന്ന് നടന്ന് അകന്നു.. വണ്ടിയുടെ കടലാസ്സിൽ നോക്കി അയാളുടെ പേര് രാഘവൻ എന്ന് തന്നെയാണെന്ന് ഞാൻ സ്ഥിതീകരിച്ചു. എന്റെ മുമ്പിൽ നിർത്തി മോനേ സ്കൂളിലേക്ക് കൊണ്ടുപോകുന്നത് ഓർത്തുകൊണ്ടാണ് ഞാൻ ആക്റ്റീവയിൽ സഹകരണ ആശുപത്രിയിലേക്ക് ചലിച്ചത്…
അമ്മയ്ക്കും മകനും കാര്യമായ കുഴപ്പമൊന്നുമില്ല. ബ്ലഡ് പ്ലഷർ കുറഞ്ഞത് കൊണ്ടാണ് അമ്മ തലചുറ്റി വീണത്.. മോന്റെ തൂറ്റലും നിന്നു. എന്നാലും ആശുപത്രിയിലേക്ക് വരുമ്പോൾ അവന്റെ ആസനത്തിൽ നിന്ന് ചോർന്ന് പോയതിന്റെ പാട് സുകുവിന്റെ ഓട്ടോയിൽ ഉണ്ടായിരുന്നു. ഡെക്റ്റോൾ ഒഴിച്ച് ഞാൻ ആ സീറ്റൊക്കെ കഴുകി വൃത്തിയാക്കി..
നാളുകൾക്കുള്ളിൽ തന്നെ സുഹൃത്ത് തന്ന സൊമാറ്റയുടെ കുപ്പായവും ബാഗുമായി രാത്രിയിൽ ഞാൻ രംഗത്തിറങ്ങി. ഒരു പേരുകേട്ട ഹോട്ടലിന്റെ അരികിൽ ആദ്യത്തെ ഓർഡർ വരുന്നതും കാത്ത് ഫോണിൽ മിഴിച്ചിരുന്നു…
ഓർഡർ വന്നു. ഏഴ് കിലോമീറ്റർ ദൂരത്തേക്ക് ആദ്യ ദൗത്യവുമായി ഞാൻ സഞ്ചരിക്കുകയാണ്. യാത്രയിൽ ഉടനീളം നിസ്സാര വിലക്ക് ബൈക്ക് തന്ന ആളേയും ജോലിയിൽ ചേർത്ത സുഹൃത്തിനേയും സ്മരിച്ച് കൊണ്ടേയിരുന്നു…
വണ്ടി നിർത്തി രണ്ടുവട്ടം കാളിംഗ് ബെല്ല് അടിച്ചപ്പോഴാണ് വിലാസത്തിന്റെ കതക് തുറന്നത്. ഓർഡർ സ്വീകരിക്കാൻ എന്നിലേക്ക് നീണ്ട കൈകളുടെ മുഖം കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി.. ഹെൽമറ്റ് ഊരുന്നതിന് മുമ്പേ വീട്ടുകാരൻ എന്നേയും തിരിച്ചറിഞ്ഞു.
ഞാൻ വന്ന വണ്ടിയിലേക്ക് നോക്കിക്കൊണ്ട് ആ മുഖം ആശ്ചര്യത്തോടെ ബാബൂയെന്ന് വിളിച്ചു. കേട്ടപ്പോൾ രാഘവേട്ടായെന്ന് ഞാൻ വിളിച്ചു. പക്ഷേ, എന്റെ ശബ്ദം പുറത്തേക്ക് വന്നില്ല. ഹെൽമെറ്റ് ഊരിമാറ്റി ഒന്നുകൂടി ആവർത്തിച്ചപ്പോൾ. വിങ്ങിപ്പോയി.
തന്റെ മകളുടെ വീടാണ് ഇതെന്ന് പറഞ്ഞുകൊണ്ട് രാഘവേട്ടൻ എന്നോട് കയറി ഇരിക്കാൻ പറഞ്ഞു. പിന്നീട് ആകാമെന്ന് പറഞ്ഞിട്ടും ആ മനുഷ്യൻ കേട്ടില്ല. ഈ ലോകത്ത് രാഘവേട്ടൻമ്മാർ വളരേ കുറവാണെന്ന് അറിയുന്നത് കൊണ്ട് വഴങ്ങാതിരിക്കാൻ എനിക്കും സാധിച്ചില്ല.
നാളുകൾക്ക് മുമ്പ് എനിക്ക് പറയാൻ പറ്റാതെപോയ നന്ദി അങ്ങേയറ്റം ആത്മാർത്ഥയോടെ പ്രകടിപ്പിച്ചാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്. ആദ്യ ഓർഡർ തന്നെ ഇങ്ങനെയൊരു യാദൃശ്ചികതയെ സമ്മാനിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കിലും, പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കൂടി വന്ന് ചേർന്ന് ജീവന്റെ കതകിൽ മുട്ടുന്നതിന്റെ പേരാണല്ലോ ജീവിതം…!!!