എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഒക്കത്തൊരു കുഞ്ഞുമായി മുന്നിലേക്ക് വന്നവളെ ഞാനും ശ്രദ്ധിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതേയുള്ളൂ… കൂടെ ഉണ്ടായിരുന്നവർ തങ്ങളുടെ പക്കലിലുള്ള ഏറ്റവും ചെറിയ കരുണയെ തിരയുമ്പോൾ ഞാൻ ആ കുഞ്ഞിനെ നോക്കുകയായിരുന്നു…
ഇതുപോലെ തെണ്ടേണ്ട അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും കുഞ്ഞുമായി ചിലരുടെയൊക്കെ മുമ്പിൽ ഞാനും കൈനീട്ടിയിട്ടുണ്ട്. ജീവിതത്തിന്റെ മാറ്റത്തിനായി സഹായിക്കുമെന്ന് പ്രതീക്ഷിച്ചവരെല്ലാം അന്ന് കൈ മലർത്തിയിട്ടേയുള്ളൂ..
പ്രേമ വിവാഹമായത് കൊണ്ട് ഭർത്താവ് മരിച്ചപ്പോൾ വീട്ടിലേക്ക് തിരിച്ച് പോകാൻ സാധിച്ചില്ല. എന്നോട് ക്ഷമിക്കാനുള്ള മഹാമനസ്കതയൊന്നും അവിടെ ആർക്കുമില്ല. അതിനുള്ള സ്നേഹം അവർക്ക് ഉണ്ടായിരുന്നു വെങ്കിൽ എന്ത് സംഭവിച്ചാലും ഞങ്ങളുണ്ടെന്ന ധൈര്യം തന്ന് അവർ എന്റെ വിവാഹം നടത്തി തരുമായിരുന്നു. അത്രയ്ക്കും അപേക്ഷിച്ചിട്ടുണ്ട്.
ഭർത്താവ് മരിച്ചതിന് ശേഷം വീട്ട് ജോലിക്കാരിയായ കല്ല്യാണിയമ്മയെ പറഞ്ഞ് വിട്ടുവെന്ന് പറയുമ്പോൾ തന്നെ മനസിലാക്കാമല്ലോ ശേഷമുള്ള എന്റെ ജീവിതം. മുട്ടിലിഴഞ്ഞ് കാറിക്കരയുന്ന കുഞ്ഞിനെ പോലും ശ്രദ്ധിക്കാൻ പറ്റാതെ സകല വീട്ട് ജോലിയും ഞാൻ അവിടെ ചെയ്തു. എന്നിട്ടും, എന്റേയും കുഞ്ഞിന്റേയും ചിലവിന്റെ കണക്കെടുക്കുമ്പോൾ നഷ്ടമാണെന്ന് മറ്റ് അംഗങ്ങളെല്ലാം പ്രകടിപ്പിച്ചു. അവരത് ഉറക്കെ പറഞ്ഞ് തുടങ്ങിയപ്പോൾ അവിടെ നിന്ന് ഇറങ്ങിയതായിരുന്നു…
അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു റിട്ടേർഡ് അധ്യാപികയാണ് മെച്ചപ്പെട്ട ജീവിതം ഉണ്ടാകാനുള്ള മാർഗ്ഗമുണ്ടാക്കി തന്നത്. അവരെ ഞാൻ ടീച്ചറമ്മേ എന്നായിരുന്നു വിളിച്ചിരുന്നത്. ഭൂമിയിൽ തുടർന്ന് പോകാനുള്ളവരെ നിലനിർത്താൻ നിയോഗിക്കപ്പെട്ടവർ നിർണ്ണായക നേരത്ത് വരുമെന്ന് പറയുന്നത് എത്ര ശരിയാണ്…
‘നിന്റെ പേരെന്താ….?’
ഏറെ കാലം ആരും വിളിക്കാത്തത് കൊണ്ടാകാം അവളൊന്ന് ചിന്തിച്ച് പോയത്. ഓർത്തെടുത്ത തന്റെ പേര് പറഞ്ഞ നിമിഷം മാത്രം തെരുവ് പെണ്ണിലൊരു തെളിച്ചം ചിമ്മിപ്പോയി. ശേഷം നെടുവീർപ്പായിരുന്നു. ഒറ്റപ്പെട്ട് പോയതിന്റെ പിന്നാമ്പുറ കഥകൾ കൂടുതൽ ചികഞ്ഞില്ല. അത്രയ്ക്കും അനുഭവിച്ചിട്ടുണ്ടെന്നും, തീർത്തും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കുഞ്ഞുമായി തുലഞ്ഞ് പോയതിൽ നിരാശയുണ്ടെന്നും, ആ മുഖത്ത് നിന്ന് വായിക്കാം.
കൂടുതൽ സംസാരിച്ചപ്പോൾ കൂടെ വരാൻ അവൾക്ക് അനിഷ്ടം ഉണ്ടാകില്ലായെന്ന് തോന്നി. തനിച്ച് താമസിക്കുന്ന എനിക്ക് സഹായത്തിന് ആളുമാകുമെന്ന് ഞാനും കരുതി. വല്ലപ്പോഴും കോളേജ് അടക്കുമ്പോൾ മാത്രമേ മകൻ വീട്ടിലേക്ക് വരാറുള്ളൂ… വന്നാലും വീട്ടിൽ അവനെ കിട്ടാറേയില്ല…
ജോലിയായി കരുതിയാൽ മതിയെന്ന് പറഞ്ഞപ്പോഴാണ് അവൾ സമ്മതിച്ചത്. അങ്ങനെ, റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്ന് കിട്ടിയ അവരേയും ഞാൻ കൂടെ കൊണ്ടുപോയി. ആവശ്യമുള്ള തുണികളെല്ലാം വാങ്ങി. അവരുടെ മുഷിഞ്ഞ കോലം മാറി. പുതിയതിലേക്ക് കയറിയപ്പോഴും പഴയതെല്ലാം അവൾ ഭദ്രമായി എടുത്ത് വെച്ചിരുന്നു.
നിങ്ങൾ ദൈവമാണെന്ന് പറഞ്ഞ് അവൾ എന്റെ കാലിൽ വീണത് ഇപ്പോഴും ഓർമ്മയുണ്ട്. എന്നിലും നന്മയോടെ ഈ ഭൂമിയിൽ മറ്റൊരാൾ ഇല്ലെന്ന നിർവൃതിയോടെയാണ് അന്ന് ഞാൻ ഉറങ്ങിയത്…
ഒരുനാൾ, കുഞ്ഞിന് പോളിയോ എടുക്കാൻ പോകണമെന്നും, വഴിച്ചിലവിനായി പണം തരണമെന്നും അവൾ പറഞ്ഞു. ഞാൻ നൂറ് രൂപ കൊടുത്തു. അതീങ്ങൾക്ക് ഞാനല്ലേ ഉള്ളൂ…
മറ്റൊരു നാൾ, കുഞ്ഞിന് വിറക്കുന്ന പനിയുണ്ടെന്നും, ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞ് രാത്രിയിൽ അവൾ എന്നെ ഉണർത്തി. ഉറക്കപ്പിച്ചിൽ എന്താണ് പറഞ്ഞെന്ന് ഓർമ്മയില്ല. മുഷിഞ്ഞിട്ടും, വാഹനം ഏർപ്പാടാക്കി. കൂടെ പോകുകയും ചെയ്തു.
ജീവിതത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുകയാണോയെന്ന് മാത്രമേ തിരിച്ച് വരവിൽ ചിന്തിച്ചിരുന്നുള്ളൂ… ശരിയാണ്. പിന്നീട് തല പ്രവർത്തിച്ചത് അത്തരത്തിൽ തന്നെയാണ്. നാളുകൾക്കുള്ളിൽ തന്നെ റെയിൽവേ സ്റ്റേഷനിൽ നിന്ന് അവരെ കൂടെ കൂട്ടിയത് വേണ്ടായിരുന്നുവെന്ന് തോന്നുകയായിരുന്നു..
ആരും അല്ലാത്തവർക്ക് വേണ്ടി താൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം വെറുതേ ചിലവായിപ്പോകുമ്പോൾ ആർക്കാണ് സഹിക്കാൻ പറ്റുക… വീണ്ട് വിചാരം ഇല്ലാതെ ചെയ്ത കാര്യമോർത്ത് ഞാൻ അതീവ ദുഃഖിതയായി. കുഞ്ഞ് കുത്തി വരച്ച് വൃത്തികേടാക്കിയ ചുമരുകളെല്ലാം, എന്റെ എടുത്ത് ചാട്ടത്തെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെയൊക്കെ തോന്നുകയാണ്.
ഒരു രാത്രിയിൽ അവളുടെ കുഞ്ഞ് ചില്ല് ഗ്ലാസ്സുകളിൽ ഒന്ന് താഴെയിട്ട് പൊട്ടിച്ചു. ആ നേരം എന്റെ ഉള്ളിലിരുപ്പ് വെടിപ്പായി പുറത്തേക്ക് വരുകയായിരുന്നു.
‘നീയും, നിന്റെ കുഞ്ഞും എന്നെ മുടിപ്പിക്കും…!’
എന്ന് ഞാൻ പറഞ്ഞപ്പോൾ നിന്ന ഇടത്ത് നിന്ന് അനങ്ങാൻ തന്നെ അവൾ ഏറെ നേരമെടുത്തു. പൊട്ടിയ ചില്ലുകളെല്ലാം വാരിയെടുക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുകയും, വിരലുകളിൽ ഒന്ന് മുറിയുകയും ചെയ്തു. ശേഷം, കാര്യമൊന്നും മനസ്സിലാകാതെ ചിരിക്കുന്ന കുഞ്ഞിനേയും എടുത്ത് തന്റെ മുറിയിലേക്ക് പോയി…
ആ രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത വിധം ടീച്ചറമ്മ എന്റെ കണ്ണുകളിൽ കയറി ഇരിക്കുകയായിരുന്നു. അതിൽ ചോര ഇല്ലെന്നും, വന്നവഴി കാണാനുള്ള കാഴ്ച ഇല്ലെന്നും പറഞ്ഞു. ഞങ്ങളും നീയും തമ്മിൽ എന്താണ് വിത്യാസമെന്ന് ചോദിച്ചുകൊണ്ട് ഭർത്താവിന്റെ കുടുംബാംഗങ്ങൾ ചുറ്റുംകൂടി പല്ല് ഇളിച്ചു.
വിശാലമായ കായലിൽ നിന്ന് വല്ലപ്പോഴും രൂപപ്പെട്ട് പൊട്ടുന്ന കുമിളകൾ മാത്രമായിരുന്നു എന്റെ നന്മയെന്ന് കാതുകളിൽ ആരോ പറയുന്നത് പോലെ.. സ്നേഹത്തിന്റെ കക്ഷത്തിൽ കണക്ക് പുസ്തകം സൂക്ഷിക്കുന്ന ഭൂരിഭാഗം മനുഷ്യരിലും നന്മയുണ്ട്. പക്ഷേ, നിമിഷങ്ങളുടെ ആയുസ്സ് മാത്രമുള്ള നീർകുമിളകൾ മാത്രമാണ് അതെന്ന് അന്ന് എനിക്ക് മനസ്സിലായി.
ഉറക്കത്തിൽ ആണെങ്കിലും വിളിച്ചുണർത്തി ക്ഷമ പറയണമെന്ന ചിന്തയിലാണ് ഞാൻ അവളുടെ മുറിയിലേക്ക് പോയത്. എന്റെ കൂടെ കഴിയുന്നതിലും ഭേദം റെയിൽവേ സ്റ്റേഷനിൽ പോയി തെണ്ടുന്നത് തന്നെയാണ് നല്ലതെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകും. അല്ലായിരുന്നുവെങ്കിൽ, ഒരുവാക്ക് പോലും പറയാതെ തന്റെ മുഷിഞ്ഞ തുണികൾ മാത്രമെടുത്ത് കുഞ്ഞുമായി അവൾ ആ രാത്രിയിൽ ഇറങ്ങി പോകുമായിരുന്നില്ലല്ലോ..!!!