Story written by Sai Bro
ഇന്നൊരു പെണ്ണുകാണലുണ്ട്.. എന്താകുമോ എന്തോ… മ്മടെ നാളിൽ ഇച്ചിരി പാപം കൂടിയൊണ്ട് ജാതകം ഒന്നും അങ്ങട് ചേര്നില്യ…
അതുമാത്രം അല്ല എനിക്കൊരു പിടിവാശിയും കൂടെ ഇണ്ടാർന്നു… ഭാവി വധു അസ്സലയിട് മീൻകറി വെക്കുന്നവളായിരിക്കണം..
ജാതകം ഒത്തുവരുമ്പോ പെൺകുട്ടിനെ ഇഷ്ടവില്യ.. ന്നാ പെണ്ണിനെ ഇഷ്ടായാലോ മീൻകറി പോയിട്ടു ചമ്മന്തി അരക്കാൻപോലും അറിയാത്തവളായിരിക്കും കുട്ടി… ന്ടെ നാളിലെ പാപോം, മീൻകറിയോടുള്ള പ്രേമവും കാരണം ഒട്ടേറെ ചായകുടികൾ അങ്ങിനെ കഴിഞ്ഞുകൊണ്ടേയിരുന്നു…
ഒരു കടലോരത്തായിരുന്നു ഇന്നു കാണാൻ പോകേണ്ട കുട്ടിയുടെ വീട്.. അതുകൊണ്ടുതന്നെ പെണ്ണുകാണൽ ഉച്ചക്ക് മതി… ഭാഗ്യം ഉണ്ടെങ്കി നല്ല മീൻകറി കൂട്ടി ചോറുണ്ണുകയും ആവാം.. ഞാൻ കണക്കുകൂട്ടി..
കുറ്റം പറയാൻ പറ്റാത്ത ഒരുകുട്ടി, അവളെകണ്ടപോ എനിക്കെങ്ങനെയാണ് തോന്നിയത്… ഇനി ഒരു പരീക്ഷണവും കൂടി കഴിഞ്ഞാൽ ഇവളെന്ടെ ഭാര്യയാവും… കാവിലമ്മേ കാത്തോളണേ!!!
ഇനി ഊണ് കഴിഞ്ഞിട്ടാവാം സംസാരം എന്ന് പെണ്ണിന്ടെ വീട്ടുകാരിലെ മുതിർന്ന കാർന്നോർ പറഞ്ഞപ്പോൾ ഞാൻ മനസിൽ പറഞ്ഞു വൈദ്യൻ കല്പിച്ചതും ഊണ്, രോഗി ഇച്ഛിച്ചതും ഊണ് !!
ഊണ് മേശയിൽ വിഭവങ്ങൾ നിറഞ്ഞുകൊണ്ടിരുന്നു…
അതാ എത്തിപോയി എന്ടെ ഇഷ്ട വിഭവം മത്തികറി!!
എന്ടെ കണ്ണുകൾ ഒന്ന് തിളങ്ങി…
മത്തികറി കണ്ട ഞാൻ മീന്കൂട്ടാൻ കണ്ട കണ്ടംപൂച്ചയെപോലെ സന്തോഷിച്ചു..
നല്ല കൊടംപുളി ഇട്ടു വറ്റിചെടുത്ത മത്തി കറി.. കാച്ചിയ വേപ്പിലയും ചുവന്നുള്ളിയുംകറിയുടെ അഴക് കൂട്ടി…
മിനിട്ടുകൾക്കകം കറി പാത്രം കാലിയാക്കി മത്തികറിയോടുള്ള ഇഷ്ടം ഞാൻ പ്രകടിപ്പിച്ചു…
ഊണ് കഴിഞ്ഞപ്പോൾ പെൺകുട്ടിയോട് എന്തേലും സംസാരിക്കണമെങ്കിൽ ആവാം എന്നായി കുട്ടിയുടെ അമ്മ..
ലജ്ജിച്ചു തലതാഴ്ത്തി നിൽക്കുന്ന ആ ശാലീന സുന്ദരിക്കുനേരെ ഞാനാകുന്ന മലരമ്പൻ ആദ്യത്തെ ബാണശരം എയ്തു.. കുട്ടിയാണോ മീൻകറി ഉണ്ടാക്കിയത് ?
ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് നാണത്താൽ കുതിർന്ന അതേ എന്നൊരു മറുപടി നൽകി അവൾ….
മനസ്സിൽ അലതല്ലിയ ആഹ്ലാദം അടക്കിപിടിച്ചുകൊണ്ടു രണ്ടാമത്തെ അമ്പും ഞാൻ തൊടുത്തു… ആ കയ്യിൽ ഒന്ന് തൊട്ടോട്ടെ ഞാൻ..
അവളുടെ മറുപടിക്കു കാത്തുനിൽക്കാതെ മൂപ്പെത്തിയ വേളൂരിമത്സ്യം പോലുള്ള അവളുടെ അംഗുലികളിൽ ഞാൻ ഒന്ന് തൊട്ടു..
വലയിൽ കുടുങ്ങിയ വാള പോലെ അവളൊന്നു പിടഞ്ഞു.. അതുവകവെക്കാതെ ഞാൻ ആ വേളൂരി വിരലുകൾ എന്ടെ മുഖത്തോടടുപ്പിച്ചു….
നാണത്താൽ മിഴികൂമ്പി അവൾ നിൽകുമ്പോൾ ആ വിരലുകൾ വിടർത്തി ഞാൻ ഒന്ന് ശ്വസിച്ചു… രണ്ടാമതും ആഞ്ഞു ശ്വസിച്ചു…
വഞ്ചകി… ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു!! മത്തി കറി വെച്ച ഇവളുടെ വിരലുകളിൽ എവിടെ മത്തി ഗന്ധം ??… അയ്യപ്പൻടെ അടുത്ത അവൾടെ പുലിക്കളി..
അന്നുരാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… ആ മത്തികറി അതെൻടെ ഉറക്കം കെടുത്തി… അതുണ്ടാക്കിയ ആളെ ഒരു നൊബേൽ സമ്മാനം കൊടുത്തു ആദരിക്കണം എന്നുവരെ എനിക്ക് തോന്നി
പിറ്റേന്നു രാവിലെ ആ മത്തികറിയുടെ ഉടമയെ ഞാൻ കണ്ടെത്തി…
ഒരു കറുത്തമുത്ത്.. അവളങ്ങിനെ കുത്തിരുന്നു മീൻനന്നാകുന്നു..ഇന്നലെ ഞാൻ പെണ്ണുകാണാൻ പോയ വീടിന്ടെ അടുക്കളക്ക് സമീപം.. അതിവിധക്തമായി അവൾ മത്തി നന്നാക്കുന്നതും, നെടുകെ വരഞ്ഞു ഉപ്പും മുളകും തേക്കുന്നതും ഞാൻ ഒരുകോരിത്തരിപ്പോടെ നോക്കിനിന്നു…
അല്പസമയത്തിനു ശേഷം ഇന്നലെ ഞാൻ ആസ്വദിച്ചുകഴിച്ച അതേ മീൻ കറിയുടെ കൊതിപ്പിക്കുന്ന ഗന്ധം ആ അടുക്കളയിൽനിന്നും ഉയർന്നു…
വേലിചാടികടന്നു ഒരു പിശറൻ കാറ്റുപോലെ അവളുടെ അടുക്കലേക്കു പാഞ്ഞെത്തിയ ഞാൻ ഒന്നേ ചോദിച്ചോള്ളൂ..
പോരുന്നോ എന്ടെ കൂടെ ?
എന്നാലും എന്തിനാമോനെ പെണ്ണുകാണാൻ പോയിട്ടു ആ വീട്ടിലെ വേലക്കാരിയെ നീ തട്ടികൊണ്ടുവന്നേ ?
അമ്മയുടെ ആ ചോദ്യത്തിന് എന്ടെ കയ്യിലെ ഉത്തരം ഇതായിരുന്നു…
“അമ്മാ വേലക്കാരി ആനാലും ഇവളെൻ മോഹവല്ലി !!