ചേച്ചി എത്ര നാളായി ഒന്നു കണ്ടിട്ട്.. ഫേസ്ബുക് റിക്വസ്റ്റ് അയക്കേണ്ട എന്ന് അമ്മ പറഞ്ഞതാണ്.. ഞാൻ എന്നിട്ടും തപ്പിയെടുത്തു അയച്ചു ചേച്ചിയുടെ ഫോട്ടോസ് എങ്കിലും കാണാമെന്നോർത്ത്……

Story written by Gayatri Govind

വീണ്ടും ആ നാട്ടിലേക്ക് വരണമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല.. ഫ്ലൈറ്റ് ഇറങ്ങി ടാക്സിയിൽ കയറുമ്പോഴേക്കും ഉള്ളിൽ ഒരു മരവിപ്പ് വന്നു മൂടുന്നത് അറിയുന്നുണ്ടായിരുന്നു.. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമുള്ള മടക്കം..

ഒരുപാട് പ്രിയപ്പെട്ട ഒരാളുടെ ഓർമ്മകൾ മാത്രം അവശേഷിക്കുന്ന ഒരു സ്ഥലം അവിടേക്കുള്ള മടക്കം നോവ് മാത്രമേ നൽകുകയുള്ളു എന്നറിഞ്ഞിട്ടും അവൾ, കിരണിന്റെ പെങ്ങൾ വിളിച്ചപ്പോൾ മറുത്തു പറയാൻ തോന്നിയില്ല.. എപ്പോഴൊക്കെയോ കിരൺ പറഞ്ഞുകേട്ടു അവൾ തന്റെയും അനിയത്തിയായി മാറിയിരുന്നു..

ടാക്സിയിൽ നിന്നും പുറത്തേക്ക് നോക്കിയിരുന്നപ്പോൾ തെളിഞ്ഞ ആകാശത്തു കിരണിന്റെ ചിരി നിറഞ്ഞ മുഖം തെളിഞ്ഞു വന്നു.. ആ രൂപം ഓർക്കുന്നത് പോലും അവളിൽ നേരിയ സന്തോഷം നിറച്ചിരുന്നു…

♡♡♡♡♡♡♡♡♡♡♡♡♡

ആതിര, അച്ഛന്റെയും അമ്മയുടെയും ഏക മകൾ.. ദുബായിൽ ജോലി ചെയ്യുന്ന അച്ഛന്റെയും അമ്മയുടെയും ഒപ്പം അവിടെയാണ് ജനിച്ചതും വളർന്നതുമെല്ലാം.. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നാട്ടിൽ വന്നു നിൽക്കുന്ന രണ്ടു മാസമാണ് അവൾക്ക് നാടുമായുള്ള ബന്ധം.. പക്ഷേ ഓരോ തവണയും തിരിച്ചു പോകുന്നത് നാടിന്റെ നന്മ നിറഞ്ഞ നിറയെ ഓർമ്മകളുമായി ആണ്.. ഇഷ്ടമായിരുന്നു അച്ഛനെയും അമ്മയെക്കാളും സ്നേഹം പ്രകടിപ്പിക്കുന്ന അച്ഛമ്മേയും അച്ഛച്ചനെയും അമ്മമ്മയെയും അപ്പൂപ്പനെയും ഒരുപാട്..

പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അച്ഛച്ചനാണ് പറഞ്ഞത് കൊച്ചു മകൾ തങ്ങൾക്കൊപ്പം നിന്നു പഠിക്കട്ടെ കുറച്ചു നാളെന്ന്.. പ്ലസ്‌ വണ്ണിൽ വച്ചാണ് കിരണിനെ ആദ്യമായി കാണുന്നത്.. പ്ലസ്‌ ടുവിൽ ആണ് കിരൺ.. ഫ്രഷേഴ്‌സ് ഡേ ദിവസമാണ് ഇരുവരും പരിചയപ്പെടുന്നത്… പെട്ടെന്നു തന്നെ നല്ല സുഹൃത്തുക്കളാകാൻ കിരണിനും ആതിരക്കുമായി.. കിരണും അവന്റെ അമ്മമ്മക്കും അപ്പൂപ്പനും ഒപ്പം നിന്നാണ് പഠിച്ചത്.. സൗഹൃദം പ്രണയത്തിലേക്ക് കടന്നപ്പോഴും ഇരുവരും ഉള്ളിൽ കരുതിയത് പ്രായത്തിന്റെ ചാപല്യം ആകാമെന്നാണ്.. പക്ഷേ കിരണിന്റെ ഡിഗ്രി ക്ലാസുകൾ കൂടി അവസാനിക്കാറാ യപ്പോഴേക്കും ഇരുവരുടെയും ഉള്ളിലെ പ്രണയം തീവ്രമായി കഴിഞ്ഞിരുന്നു.. കിരൺ അവന്റെ പ്രിയപ്പെട്ടവളെപ്പറ്റി വീട്ടിലും പറഞ്ഞിരുന്നു.. കിരണിന്റെ അമ്മയും സഹോദരി കീർത്തിയും സഹോദരൻ വരുണും എല്ലാം ആതിരയുമായി പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്.. ഒരിക്കൽ കിരൺ ആതിരയോട് പറഞ്ഞു

“തനിക്കായി ഞാൻ ഒരു അടിപൊളി സർപ്രൈസ് ഉണ്ട് എന്റെ വീട്ടിൽ… അവസാന പരീക്ഷ കഴിഞ്ഞു ഞാൻ വീട്ടിൽ പോകുമ്പോൾ താനും എന്റെ കൂടെ വരണം.. “

“എന്താ അത്..”

“അത് പറഞ്ഞാൽ സർപ്രൈസ് പൊളിയില്ലേ.. പറയണം എന്നു പലപ്പോഴും കരുതിയ ഒരു കാര്യമാണ്.. പക്ഷേ നേരിട്ട് കണ്ടാൽ മതി..”

ആതിര പലതും ചിന്തിച്ചു കൂട്ടി ഇനിയും കിരൺ തന്റെ ഏതെങ്കിലും റിലേറ്റീവ് ആണോ എന്നുവരെ..

ഒരിക്കൽ ക്ലാസ്സ്‌ നടക്കുന്നതിനിടയിൽ ഒരു ടീച്ചർ ക്ലാസ്സിലേക്ക് വന്നു ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുന്ന ടീച്ചറോട് മെല്ലെ എന്തോ പറഞ്ഞു.. ടീച്ചറിന്റെ മുഖമാകെ ദുഃഖം നിറഞ്ഞു..

“ഇന്ന് ഇനിയും ക്ലാസ്സ്‌ ഉണ്ടാവില്ല.. ശബ്ദം ഉണ്ടാക്കാതെ എല്ലാവരും വീട്ടിലേക്ക് പൊയ്ക്കോളൂ.. “

എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.. ക്ലാസ്സിലെ ഏതോ ഒരുവൻ ടീച്ചറോട് ചോദിച്ചു

“എന്താ ടീച്ചറെ ക്ലാസ്സ്‌ നേരത്തെ വിട്ടത്??”

“ഫൈനൽ ഇയർ ഫിസിക്സിലെ കിരണും ഷിന്റോയും വന്ന ബൈക്ക് ബസുമായി ഇടിച്ചു.. രണ്ടാളും അവിടെ വച്ചേ മരിച്ചു..” ടീച്ചറുടെ മുഖത്ത് ദുഃഖം നിറഞ്ഞു.. കേട്ടു നിന്ന എല്ലാ കുട്ടികളുടെയും മുഖത്തും.. ആതിരയും കിരണും തമ്മിലുള്ള സൗഹൃദം അറിയാവുന്നവർ ആതിരായുടെ മുഖത്തേക്ക് നോക്കി.. എന്ത് പറയണമെന്ന് അറിയാതെ പരിഭ്രമിച്ചു..

ആതിരക്ക് ചെവിയിൽ നിറയെ വണ്ടുകൾ മൂളുന്നത് പോലെ തോന്നി.. എന്താ സംഭവിക്കുന്നത് എന്ന് അവൾക്ക് അറിയാൻ കഴിയുന്നു ണ്ടായിരുന്നില്ല.. ചെവികൾ അടയ്ക്കാനായി കൈ എടുത്തപ്പോഴേക്കും അവൾ ചുണ്ടുകൾ കോടി നിലത്തു വീണിരുന്നു.. ഒന്നു രണ്ടു ടീച്ചേഴ്സും സ്റ്റുഡന്റസും കൂടി ചേർന്നു ആതിരയെ ഹോസ്പിറ്റലിൽ എത്തിച്ചു.. വീട്ടിൽ വിവരം അറിയിച്ചു.. അടുത്ത ദിവസത്തെ ഫ്ലൈറ്റിൽ തന്നെ അവളുടെ അച്ഛനും അമ്മയും നാട്ടിൽ എത്തി.. സുഹൃത്തിന്റെ മരണം മകൾക്ക് ഫിട്സ് എന്ന അസുഖം നൽകിയെന്ന് ആ അച്ഛനും അമ്മയും അറിഞ്ഞു.. കിരണിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോഴേക്കും ആതിരയെയും കൊണ്ട്‌ അവളുടെ മാതാപിതാക്കൾ പറന്നിരുന്നു.. അവസാനമായി അവനെ ഒരു നോക്ക് കാണാൻ പോലും അവൾക്ക് കഴിഞ്ഞില്ല.. കഴിഞ്ഞ കുറേ വര്ഷങ്ങളായി അവൾ ദിവസവും കാണുന്നതും സംസാരിക്കുന്നതുമായ ഒരാൾ ഒരു മുന്നറിയിപ്പും ഇല്ലതെ തന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി.. ചെറിയ ആഘാതം ഒന്നുമല്ല അത് അവൾക്ക് നൽകിയത്.. വിഷാദ രോഗത്തിന് അടിമയായി മാറിയ അവളെ ഒരുപാട് ചികിത്സിച്ചാണ് അതിൽ നിന്നും മുക്തയാക്കിയത്.. അവന്റെ ഓർമ്മകളുടെ ബാക്കി പത്രമായി ഇടയ്ക്ക് ഇടയ്ക്ക് അവളെ ഫിട്സ് തേടി വന്നുകൊണ്ടിരുന്നു.. പിന്നീട് ആ അച്ഛനും അമ്മയും ഒരിക്കൽ പോലും അവളെ നാട്ടിലേക്ക് കൂട്ടിയില്ല..

രണ്ടാഴ്ച്ചക്ക് മുൻപാണ്‌ കിരണിന്റെ അനിയത്തി ആതിരയുടെ ഫേസ്ബുക്കിൽ മെസ്സേജ് ഇടുന്നത്.. ആതിരയുടെ നമ്പർ ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ അവൾ നമ്പർ കൊടുത്തു.. കീർത്തി അവളെ വിളിക്കികയും ചെയ്തു..

“ചേച്ചി ഞാൻ കീർത്തിയാണ്.. “

“മനസ്സിലായി മോളെ..”

“ചേച്ചി എത്ര നാളായി ഒന്നു കണ്ടിട്ട്.. ഫേസ്ബുക് റിക്വസ്റ്റ് അയക്കേണ്ട എന്ന് അമ്മ പറഞ്ഞതാണ്.. ഞാൻ എന്നിട്ടും തപ്പിയെടുത്തു അയച്ചു ചേച്ചിയുടെ ഫോട്ടോസ് എങ്കിലും കാണാമെന്നോർത്ത്..”

“അതെന്താ മോളെ അമ്മ അങ്ങനെ പറഞ്ഞത്..”

“അമ്മ വിചാരിച്ചത് ചേച്ചി കല്യാണമൊക്കെ കഴിഞ്ഞു പുതിയ ജീവിതത്തിലേക്ക് കടന്നുവെങ്കിൽ പഴയ ഓർമ്മകളിലേക്ക് മടങ്ങേണ്ട എന്നാവും.. അതാണ് ഞാൻ ഇതുവരെയും ഒരു മെസ്സേജ് പോലും ഇടാതിരുന്നത് “

ഒരു ദീർഘ നിശ്വാസം എടുത്തതേയുള്ളു ആതിര..

“ചേച്ചി.. എനിക്ക് അറിയാം ചേച്ചി പിന്നീട് ഒരിക്കൽ പോലും നാട്ടിലേക്ക് വന്നിട്ടില്ല എന്ന്.. പക്ഷേ ചേച്ചി ഉണ്ടാവണം എന്റെ കല്യാണത്തിന് ഞങ്ങളോടൊപ്പം ഇവിടെ.. ജൂലൈ നാലിനാണ് കല്യാണം..”

“ഇല്ല മോളെ ഞാൻ ഇല്ല അവിടേക്ക്.. ഒന്നും മറന്നിട്ടില്ലെങ്കിലും ആ സ്ഥലത്തേക്കുള്ള മടക്കം എന്നെ ഏതവസ്ഥയിൽ എത്തിക്കുമെന്ന് ഇപ്പോഴും അറിയില്ല.. പിന്നെ അച്ഛനും അമ്മയും സമ്മതിക്കില്ല..”

“എനിക്ക് നിർബന്ധിക്കാൻ കഴിയില്ലല്ലോ ചേച്ചി.. വന്നിരുന്നവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.. ഒരുപാട് ഇഷ്ടമായിരുന്നു ഞങ്ങൾക്ക് എല്ലാം ചേച്ചിയെ ഞങ്ങളുടെ കിച്ചുവേട്ടന്റെ വാക്കുകളിൽ കൂടി മാത്രം അറിയാവുന്ന ചേച്ചിയെ..”

ഒന്നും മിണ്ടിയില്ല ആതിര

“വക്കുവാണേ ചേച്ചി..” കീർത്തി ഫോൺ വച്ചു

പിന്നീടുള്ള ദിവസങ്ങൾ ആതിരക്ക് ഉറക്കം നഷ്ടപ്പെടാൻ തുടങ്ങി.. എന്തോ നാട്ടിലേക്ക് മടക്കം വേണമെന്ന് ഉള്ളിൽ ഒരു തോന്നൽ ഉണ്ടാവാൻ തുടങ്ങി.. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നീട് അച്ഛനും പറഞ്ഞു

“പോകണം മോളെ നീ.. നിന്റെ മനസ്സിൽ ഇപ്പോഴും അവശേഷിക്കുന്ന വിഷമം അവനുറങ്ങുന്ന മണ്ണിൽ പോയാൽ ഇല്ലാതെയാകുമെന്ന് അച്ഛനും തോന്നുന്നു.. ഒരുപക്ഷേ അവസാനമായി അവനെ ഒന്നു കാണാൻ നിനക്ക് കഴിഞ്ഞിരുന്നുവെങ്കിൽ.. നിന്റെ ഇപ്പോഴത്തെ വിഷമത്തിന്റെ വ്യാപ്തി കുറഞ്ഞേനെ..നിന്റെ കൂടെ അച്ഛനും വരാം..”

പിന്നെ അവൾ ഒന്നും ചിന്തിച്ചില്ല പോകണം എന്നു ഉറപ്പിച്ചു.. ഓഫീസിൽ എത്തി ലീവിന്റെ കാര്യങ്ങൾ എല്ലാം നീക്കി.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് നാട്ടിലേക്ക് പുറപ്പെട്ടു…

♡♡♡♡♡♡♡♡♡

ടാക്സിയിൽ ഇരുന്ന് അച്ഛന്റെ തോളിലേക് തല ചായ്ച്ചു അവൾ കണ്ണുകൾ അടച്ചു.. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലേക്കാണ് അവർ പോയത്.. അപ്പൂപ്പന്റെ മരണത്തിന് പോലും അവളെ നാട്ടിലേക്ക് കൂട്ടിയിരുന്നില്ല അച്ഛനും അമ്മയും..

“എന്റെ കുട്ടി.. ” അമ്മൂമ്മ ഓടി വന്നവളെ പുണർന്നു..

“എത്രയായി മോളെ നിന്നെ കണ്ടിട്ട്.. ” അവർ അവളുടെ ഇരു കവിളിലും മുത്തി.. മിണ്ടാതെ നിന്നതേയുള്ളു അവൾ.. കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

അവളെ എല്ലാവരിൽ നിന്നുമകറ്റിയത് പ്രായമായ തങ്ങളുടെ മാതാപിതാക്കളോട് ചെയ്ത തെറ്റായി എന്ന് ആ അച്ഛൻ ഇപ്പോൾ തോന്നുന്നുണ്ട്..

അടുത്ത ദിവസം തന്നെ കീർത്തി നൽകിയ അഡ്രെസ്സിൽ ഒരു സമ്മാന പൊതിയുമായി ആതിര അച്ഛനോപ്പം പോയി..

വീട്ടിൽ അലങ്കാര പണികൾ ഒക്കെ നടക്കുന്നെ ഉണ്ടായിരുന്നുള്ളു.. ആതിരയും അച്ഛനും ചെന്നിറങ്ങിയപ്പോൾ തന്നെ കീർത്തിയും അമ്മയും പുറത്തേക്ക് വന്നു.. അവളുടെ കൈ കവർന്നു..

“വാ മോളെ..”

“അമ്മയ്ക്ക് എന്നെ മനസിലായോ??”

“കീർത്തി കാണിച്ചു മോളുടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ ഉണ്ടായിരിന്നത്.. ഫോട്ടോയിലെ പോലെ തന്നെ യാതൊരു വ്യത്യാസവുമില്ല.. ” അവർ ചിരിച്ചു കൊണ്ടു പറഞ്ഞു..

ആതിരയെയും അച്ഛനെയും അവർ അകത്തേക്ക് ക്ഷണിച്ചിരുത്തി..

ചായയും പലഹാരങ്ങളും എല്ലാം അവർക്ക് മുന്നിൽ നിരന്നു..ആതിരയുടെ ആവശ്യ പ്രകാരം കിരണിനെ അടക്കിയ സ്ഥലം കീർത്തി കൊണ്ടു കാണിച്ചു.. കുറച്ചു നേരം അവൾ നിർവികാരതയോടെ അവിടെ നിന്നു..

തിരികെ വന്നു അച്ഛൻ അരികിൽ ഇരുന്നു

“ഇറങ്ങാം മോളെ..”

“ഹ്മ്മ്..”

“വൈകുന്നേരം മൈലാഞ്ചി ഒക്കെ കഴിഞ്ഞു മടങ്ങിയാൽ മതി രണ്ടാളും..”

“അയ്യോ അതു പറ്റില്ല.. എന്റെ വീട്ടിലും ഒന്നു പോകണം അച്ഛനും അമ്മയും ഇവളെ കണ്ടിട്ട് ഒരുപാട് നാളായി.. അന്ന് പോയതിൽ പിന്നെ മോളെ നാട്ടിലേക്ക് കൊണ്ടു വന്നിട്ടില്ലായിരുന്നു..”

“നാളെ കല്യാണത്തിന് എന്തായാലും ഉണ്ടാകണം രണ്ടാളും..”

“ശ്രെമിക്കാം ആന്റി.. എനിക്ക് കിരണിന്റെ റൂം ഒന്ന് കാണിച്ചു തരുമോ??”

കീർത്തി അവളെ ആ റൂം ചൂണ്ടി കാണിച്ചു ആതിര മെല്ലെ അവിടേക്ക് നടന്നു.. റൂം തുറന്നു അകത്തു കയറി..വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന റൂം മേശ പുറത്തു നിരത്തിയിരുന്ന ബുക്കുകളിൽ അവൾ കൈകൾ തലോടി.. ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൾ തിരിഞ്ഞു.. ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്നയാളെ കണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു.. ചുണ്ടുകൾ മന്ത്രിച്ചു

“കിരൺ..”

അവനും തന്റെ റൂമിൽ ആരെന്നുള്ള ഭാവത്തിൽ ഞെട്ടലോടെ നോക്കി.. അപ്പോഴേക്കും കീർത്തി അവിടേക്ക് വന്നിരുന്നു..

“ആഹ് ഏട്ടന്റെ കുളി കഴിഞ്ഞോ?? “

“ഹ്മ്മ്.. “ഇതാരാ എന്നു അവൻ കണ്ണുകൾ കൊണ്ടു ചോദിച്ചു..

“ചേട്ടാ ഇത്.. കിരൺ ചേട്ടന്റെ.. ചേട്ടന്റെ ഫ്രണ്ട്.. ആതിര ചേച്ചി.. ചേട്ടൻ ഫോണിൽ സംസാരിച്ചിട്ടുണ്ട് പണ്ട്.. “

“ഓഹ്.. ആതിര.. കണ്ടിട്ടില്ലല്ലോ നേരിൽ അതാണ് മനസിലാകാഞ്ഞത്.. “അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു..

“ചേച്ചി ഇതാണ് വരുണേട്ടൻ കിരൺ ചേട്ടന്റെ ട്വിൻ ബ്രദർ..”

അതേ ആതിര പല തവണ സംസാരിച്ചിട്ടുണ്ട് വരുണുമായി പക്ഷേ ഒരിക്കലും അറിയില്ലായിരുന്നു കിരണിന്റെ ഇരട്ട സഹോദരനാണ് വരുൺ എന്ന്.. തനിക്ക് വേണ്ടി മാറ്റി വച്ച സർപ്രൈസ് ഒരുപക്ഷേ ഇതാവും എന്നവൾ ഓർത്തു..

അവൾ റൂമിൽ നിന്നും പെട്ടെന്ന് പുറത്ത് ഇറങ്ങി..

കീർത്തിയും വരുണും പിന്നാലെ വന്നു..

“ഇറങ്ങട്ടെ അമ്മേ ഞങ്ങൾ.. ഇനിയും എന്നെങ്കിലും കാണാം എന്നു വിചാരിക്കുന്നു.. നാളെ അച്ഛന്റെ നാട്ടിലേക്ക് മടങ്ങും കുറച്ചു ദിവസം അവിടെ നിന്നിട്ട് തിരികെയും മടങ്ങും.. “

“കാണാമെന്നു വിചാരിക്കുവല്ല കാണണം.. എന്താ മോള് വിവാഹം കഴിക്കാഞ്ഞത്.. എന്റെ മകന്റെ ആത്മാവിന് അതൊരു സങ്കടമാവും..”

“നോക്കുന്നുണ്ട്.. ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല.. “അച്ഛനാണ് മറുപടി പറഞ്ഞത്..

“ഇവരുടെ സന്തോഷത്തിനു വേണ്ടി വിവാഹം കഴിക്കാൻ ഞാൻ എന്നേ സമ്മതം അറിയിച്ചതാണ്.. പക്ഷേ കിരണിന്റെ വിയോഗം എനിക്ക് ഇടയ്ക്കൊക്കെ അഥിതിയായി വരുന്ന ഒരു സമ്മാനം തന്നിട്ടാണ് ആന്റി പോയത്.. അപസ്മാരം.. അച്ഛനും അമ്മയ്ക്കും ഇഷ്ടമാവുന്നവർക്ക് എന്റെ അസുഖം പ്രശ്‌നമാണ്.. ” അവളുടെ ചുണ്ടിൽ ഒരു നേരിയ ചിരി ഉണ്ടായിരുന്നു.. ചുറ്റും നിന്നവരുടെ മുഖം വാടി..

“ഇറങ്ങാം മോളെ..” അയാൾ അവളുടെ തോളിൽ കയ്യിട്ടു.. ഇരുവരും നടന്നു നീങ്ങി പിന്നാലെ കിരണിന്റെ അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു.. യാത്ര പറഞ്ഞു അവർ അവിടുന്ന് ഇറങ്ങി.. ആതിരയുടെ കണ്ണുകൾ വരുണിനെ തേടി പോയിരുന്നു.. കിരൺ ചിരിക്കുന്നത് പോലെ തോന്നി അവൾക്ക്.

ദിവസങ്ങൾ കൊഴിഞ്ഞു

അച്ഛമ്മയുടെയും അച്ഛാച്ചന്റെയും കൂടെയുള്ള ദിവസങ്ങൾ ആതിരക്ക് സുദിനങ്ങൾ ആയിരുന്നു.. കൊച്ചച്ചന്റെ കുട്ടികളും എല്ലാമായി അവൾ സന്തോഷത്തിലായിരുന്നു.. തിരികെ മടങ്ങുന്നതിന് തലേ ദിവസം കീർത്തിയും ഭർത്താവും അമ്മയും വരുണും അവരുടെ വീട്ടിലേക്ക് വന്നു..

നേരത്തെ വിളിച്ചു പറഞ്ഞിരുന്നതിനാൽ തന്നെ ആതിര അവരെ കാത്തിരിക്കുകയായിരുന്നു..

അവർ വന്നതും ആതിര ഓടി ചെന്നവരെ സ്വീകരിച്ചു അകത്തിരുത്തി.

“കണ്ടോ നാട്ടിൽ വന്നപ്പോൾ തന്നെ കുട്ടിക്ക് നല്ല മാറ്റം വന്നു.. ” അവളുടെ അച്ഛനെ നോക്കി കിരണിന്റെ അമ്മ പറഞ്ഞു

അയാളും അത് ശരി വച്ചു..

ഒരുപാട് നേരം എല്ലാവരും ഒരുമിച്ചു സംസാരിച്ചിരുന്നു..

“സത്യത്തിൽ ഞങ്ങൾ വന്നത് ഒരു വിവാഹ ആലോചനയുമായിട്ടാണ് ” അമ്മ പറയുന്നത് കേട്ട് ആതിരയും അച്ഛനും കൊച്ഛച്ചനും എല്ലാം പരസ്പരം നോക്കി

“മാറ്റാർക്കുമല്ല ആതിര മോൾക്കാണ്.. വരുണിനെ ആതിര മോൾക്കായി ആലോചിച്ചാൽ കൊള്ളാമെന്നു ഞങ്ങൾക്ക് ഉണ്ട്.. ” ആതിര ഒരു ഞെട്ടലോടെ വരുണിനെ നോക്കി

“വേണ്ട അമ്മേ.. എനിക്ക് സമ്മതമല്ല..” ആതിര അകത്തേക്ക് പോയി..

“ഞങ്ങൾ ആരും നിർബന്ധിച്ചതല്ല ഇവനെ.. ഇവനായിട്ട് ഞങ്ങളോട് പറഞ്ഞതാണ്.. മോളുടെ ഈ അവസ്ഥക്ക് ഞങ്ങളുടെ മകന്റെ മരണമാണല്ലോ കാരണം എന്നോർക്കുമ്പോൾ എന്റെ ഉള്ളവും വേദനിക്കുന്നു.. അപ്പോൾ തോന്നി ഇതാണ് ശരിയെന്നു.. സാരമില്ല.. മോളുടെ ഇഷ്ടം പോലെയാവട്ടെ..”

“എനിക്ക് ഒരു സമ്മത കുറവും ഇല്ല.. ഇവളുടെ അമ്മയ്ക്കും ഉണ്ടാവില്ല.. അവളെ നിർബന്ധിക്കാൻ ഭയമാണ്.. ഒരുപാട് മാനസിക ബുദ്ധിമുട്ടുകളിൽ കൂടി കടന്നു പോയിട്ടുണ്ട് അവൾ.. കട്ടിയില്ലാത്ത മനസ്സാണ് എന്റെ കുട്ടിയുടെ..”

പിന്നീട് അവർ വിവാഹത്തിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല..

പോകുന്നതിന് മുൻപ് വരുൺ ആതിരയോട് തനിച്ച് സംസാരിക്കാൻ അനുവാദം ചോദിച്ചു.. അവളുടെ അച്ഛൻ അനുവദിക്കുകയും ചെയ്തു..

കീർത്തി ആതിരയെ കൂട്ടി പുറത്തേക്ക് വന്നു.. വരുൺ അവിടെ ഉണ്ടായിരുന്നു..

“ഏട്ടാ പെട്ടന്ന് സംസാരിക്കു കേട്ടോ കണ്ണൻ ചേട്ടന് എവിടെയോ അത്യാവശ്യമായി പോകണം എന്നു പറഞ്ഞു..”

“ഹ്മ്മ്..”

കുറച്ചു നേരം വരുൺ ഒന്നും മിണ്ടിയില്ല..

“ഞാൻ തന്നോടുള്ള സഹതാപത്തിന്റെ പുറത്തൊന്നുമല്ല വിവാഹം ചെയ്യാമെന്ന് പറഞ്ഞത്.. ഒരു നിമിഷം ആണെങ്കിലും കിച്ചുവാണെന്ന് കരുതി എന്നെ നോക്കിയ തന്റെ കണ്ണുകളിലെ പ്രണയം കണ്ടിട്ടാണ്.. അവൻ മരിച്ചു ഇത്രെയും വർഷങ്ങൾക്കു ശേഷവും അതേ വ്യാപ്തിയോടെ അവനോടുള്ള സ്നേഹം സൂക്ഷിക്കുന്ന തന്നോട് തോന്നിയ ഇഷ്ടം കൊണ്ടു തന്നെയാണ്.. എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം.. കല്യാണത്തിന്റെ മൂന്നു ദിവസം മുൻപ് ഇനിയും ശല്യം ചെയ്യരുത് എന്നു പറഞ്ഞു മടങ്ങിയ ഒരു പ്രണയം.. എനിക്കും തനിക്കും വിവാഹം നോക്കുന്നുണ്ട്.. എന്നെങ്കിലും ഒരാളെ കല്യാണം കഴിച്ചേ മതിയാവൂ.. അപ്പോൾ എല്ലാം അറിയാവുന്ന എന്നേ ആയിക്കൂടെടോ.. അറിയാം പ്രണയിച്ചവന്റെ സഹോദരനെ വിവാഹം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട്.. പക്ഷേ താൻ സ്നേഹിച്ച കിരണിന്റെ തന്നെ സ്നേഹിക്കുന്ന അമ്മയെയും സഹോദരിയെയും എല്ലാം തനിക്ക് കിട്ടില്ലേ.. താൻ ആലോചിക്ക്.. സമ്മതിക്കും എന്നെനിക്കറിയാം.. ഇഷ്ടം കൊണ്ടാണ് വിവാഹം ആലോചിച്ചത്..” വരുൺ നടന്നു നീങ്ങി

മൂന്നുമാസങ്ങൾക്ക് അപ്പുറം

വരുണിന്റെ കയ്യും പിടിച്ചവൾ ആ വീട്ടിലെ മരുമകളായി വന്നു.. അമ്മയുടെ കയ്യിൽ നിന്നും ദീപം വാങ്ങി അകത്തു കയറി ഭഗവാന്റെ മുൻപിൽ വയ്ക്കുമ്പോൾ തൊട്ടടുത്തുള്ള കിരണിന്റെ ഫോട്ടോയിൽ നോക്കി നിന്നുപോയി അവൾ.. അവളുടെ കണ്ണുകൾ ഈറനണിയുന്നത് കണ്ടു വരുൺ അവളുടെ കൈകളിൽ കൈ ചേർത്തു അവളെ തനിക്കൊപ്പം ചേർത്തു നിർത്തി

അവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *