എന്നാലും മോനേ അങ്ങേര് നിൻ്റെ അച്ഛനല്ലേ? നീയൊരു നല്ല കാര്യത്തിന് പോകുവല്ലെ? ചെന്നനുഗ്രഹം വാങ്ങിക്ക് ,വെറുതെ ഗുരുത്വ ദോഷം വാങ്ങിച്ച്…….

Story written by Saji Thaiparambu

മോനേ.. നീ പാലായ്ക്ക് പോകുന്ന കാര്യം അച്ഛനോട് പറഞ്ഞായിരുന്നോ?

പിറ്റേന്ന് ,ജോലിക്ക് പുറപ്പെടുന്ന മകന് വേണ്ട ബാഗ് പായ്ക്കു ചെയ്യുമ്പോൾ , കമല വിഷ്ണുവിനോട് ജിജ്ഞാസയോടെ ചോദിച്ചു

ഓഹ് ഞാനൊന്നും പറയാൻ പോയില്ല ,ഈ കുടുംബവുമായി യാതൊരു ഉത്തരവാദിത്വവുമില്ലാതെ മ ദ്യപിച്ച് ലക്ക് കെട്ട് നടക്കുന്ന ആ മനുഷ്യനോട് പറഞ്ഞിട്ടെന്തിനാണ്?

വിഷ്ണു അമർഷത്തോടെ ചോദിച്ചു

എന്നാലും മോനേ അങ്ങേര് നിൻ്റെ അച്ഛനല്ലേ? നീയൊരു നല്ല കാര്യത്തിന് പോകുവല്ലെ? ചെന്നനുഗ്രഹം വാങ്ങിക്ക് ,വെറുതെ ഗുരുത്വ ദോഷം വാങ്ങിച്ച് വയ്ക്കണ്ടാ

ദേ അമ്മേ എനിക്ക് അമ്മയുടെ പ്രാർത്ഥന മാത്രം മതി ,പിന്നെ ഞാൻ പോകുന്നത് ,എൻട്രൻസ് കോച്ചിങ്ങിനൊന്നുമല്ലല്ലോ ? റബ്ബറ് വെട്ടാനല്ലേ?അമ്മയ്ക്കറിയാമോ ?എൻ്റെ കൂട്ടുകാരൊക്കെ അഞ്ചാറ് കൊല്ലം കഴിയുമ്പോൾ പഠിച്ച് വലിയ ഡോക്ടറും എൻജിനിയറുമൊക്കെയാകും അപ്പോഴും ക്ളാസ്സിലെ ടോപ്പറായ ഞാൻ റബ്ബർഷീറ്റ് ചുമന്ന് നടക്കുകയാവും ,എൻ്റെ കാര്യത്തിൽ അച്ഛൻ കുറച്ചെങ്കിലും ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ ഞാനിങ്ങനെ റബ്ബർ ടാപ്പിങ്ങിന് പോകണമായിരുന്നോ?

വിഷ്ണുവിൻ്റെ സ്വരത്തിൽ കടുത്ത നിരാശയുണ്ടെന്ന് കമല തിരിച്ചറിഞ്ഞു

മോനിങ്ങനെ വിഷമിക്കല്ലേഡാ.. അമ്മയ്ക്ക് സങ്കടാവും ,നമ്മളെപ്പോലെ ഗതിയില്ലാത്തവർക്ക് പറഞ്ഞിട്ടുള്ളതല്ലാ ഡോക്ടറും എൻജിനിയറുമൊന്നും, അതൊക്കെ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്കുള്ളതാണ്

എൻ്റമ്മേ ..എനിക്ക് പഠിക്കാൻ വേണ്ടത് വെറും രണ്ട് ലക്ഷം രൂപയാണ്, അല്ലാതെ അച്ഛൻ്റെ ആശിർവാദമല്ല, തലയിൽ കൈവച്ച് പ്രാർത്ഥിക്കാൻ എല്ലാവർക്കും കഴിയും, അച്ഛൻ ഇത്രയും നാളും കു ടിച്ച് തീർത്ത കാശുണ്ടായിരുന്നെങ്കിൽ, എനിക്കും പഠിച്ചൊരു ഡോക്ടറാവാമായിരുന്നമ്മേ.. അമ്മ പറഞ്ഞില്ലേ?വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നവർക്കേ ഡോക്ടറാവാൻ പറ്റൂന്ന്, പക്ഷേ എൻ്റെ കൂട്ടുകാരൊക്കെ നമ്മളെ പോലെ സാധാരണക്കാരാണമ്മേ .. പക്ഷേ അവർക്കൊക്കെ മക്കളുടെ കാര്യത്തിൽ ഉത്തരവാദിത്വമുള്ള ഒരച്ഛനുണ്ട്
അല്ലാതെ നാടിനും വീടിനും ഗുണമില്ലാത്ത അമ്മയുടെ ഭർത്താവിനെപ്പോലെ മുഴുക്കുടിയനല്ല

വിഷ്ണൂ..നീ പറഞ്ഞ് പറഞ്ഞ് അതിര് കടക്കുന്നു ,എത്ര കൊള്ളരുതാത്ത വനാണെങ്കിലും അങ്ങേര് കൊണ്ട് തന്നിട്ടാണ് ഇവിടുത്തെ ചിലവ് കഴിഞ്ഞ് പോകുന്നത്

ഓഹ് പിന്നെ,,, റേഷൻ കടയിൽ നിന്ന് ഫ്രീയായി കിട്ടുന്ന അരിയും ഗോതമ്പും പഞ്ചസാരയുമൊക്കെ അച്ഛൻ അദ്ധ്വാനിച്ച് കൊണ്ട് വരുന്നതാണെന്ന് ഞാനറിഞ്ഞില്ല ,അമ്മ എത്രയൊക്കെ ന്യായീകരിച്ചാലും ശരി, അച്ഛൻ എപ്പോഴും എൻ്റെ ശത്രുതന്നെയായിരിക്കും,

അമ്മയോട് ദേഷ്യപ്പെട്ട് പുറത്തേയ്ക്കിറങ്ങുമ്പോൾ ഇളം തിണ്ണയിലെ കൽത്തൂണിൽ ചാരിയിരുന്ന്, കട്ടൻ ചായ മൊത്തിക്കുടിക്കുന്ന , അച്ഛനെ വിഷ്ണു കണ്ടു

ഒരു നിമിഷം രൂക്ഷമായി അച്ഛൻ്റെ നേരെ ദൃഷ്ടി പതിച്ചിട്ട് ഒരു കൊടുങ്കാറ്റ് പോലെ വിഷ്ണു മുറ്റത്തേയ്ക്കിറങ്ങി.

****************

മോനേ.. വിഷ്ണു…

പതിവില്ലാതെ വൈകുന്നേരം ആറ് മണിക്ക് മുൻപ് വീട്ട് മുറ്റത്ത് നിന്ന് ഭർത്താവിൻ്റെ വിളി കേട്ട കമല,അത്ഭുതത്തോടെ ഇറങ്ങി വന്നു.

രാവിലെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അതേ രൂപത്തിൽ, ഒട്ടും മുഷിയാത്ത ഡബിൾ വേഷ്ടിയും, ഉടയാത്ത ഷർട്ടുമായി നില്ക്കുന്ന ഭർത്താവിനെ കമല ആശ്ചര്യത്തോടെ നോക്കി.

എത്രയോ നാളുകൾക്ക് ശേഷമാണ് അദ്ദേഹത്തിനെ ഒന്ന് വൃത്തിയായി കാണുന്നത്.

അവർ മനസ്സിലോർത്തു.

ഡീ അവനെവിടേ ടീ..?

ഒട്ടും കുഴച്ചിലില്ലാതെ സ്ഫുടതയോടെയാണ് അയാൾ ചോദിച്ചത്

ഈശ്വരാ ഇന്ന് കുടിച്ചിട്ടില്ല!

കമല, മുകളിലേയ്ക്ക് നോക്കി കണ്ണടച്ചു

അവനകത്തുണ്ട് ,ഇന്നെന്താ? നിങ്ങൾക്ക് കുടിക്കാനുള്ള വകുപ്പൊന്നും കിട്ടിയില്ലേ?

കമല പരിഹാസത്തോടെ ചോദിച്ചു

നീ അവനെ ഒന്നിങ്ങ് വിളിക്ക്

അയാൾ കോലായിലെ, തടികൊണ്ട് പണിത ചാര് ബഞ്ചിലേക്കിരുന്നു.

മോനേ വിഷ്‌ണൂ.. ദേ അച്ഛൻ വിളിക്കുന്നു ..

കമല അകത്തേയ്ക്ക് നോക്കി പറഞ്ഞു

ഉം എന്താ കാര്യം?

നീരസത്തോടെ പുറത്തേയ്ക്ക് വന്ന വിഷ്ണു അച്ഛനെ മൈൻഡ് ചെയ്യാതെ, വിദൂരത്തേയ്ക്ക് നോക്കി ചോദിച്ചു.

നിനക്ക് കോച്ചിങ്ങിനുള്ള ഫീസടയ്ക്കേണ്ടത് മറ്റന്നാളല്ലേ?

അറിഞ്ഞിട്ടിപ്പോഴെന്തിനാണ്? ചോദ്യം കേട്ടാൽ തോന്നും എനിക്ക് വേണ്ട ഫീസ് ഉടനെ കൊണ്ട്ത്തരുമെന്ന് ,

ഹി ഹി ഹി…

വിഷ്ണു, അച്ഛനെ പരിഹസിച്ച് ചിരിച്ചു.

ദാ, ഇത് രണ്ട് ലക്ഷം രൂപയുണ്ട്, എപ്പഴാണെന്ന് വച്ചാൽ നീയിത് കൊണ്ടടയ്ക്ക്,

ങ്ഹേ ഇതെവിടുന്നാണ് ഇത്രയും പൈസ എവിടുന്നെങ്കിലും മോഷ്ടിച്ചോണ്ട് വന്നതാണോ ?ഇത്രയും നാളും മുഴുക്കുടിയൻ്റെ മോനെന്ന ദുഷ്പേരേ ഉണ്ടായിരുന്നുള്ളു ,ഇനി മുതൽ ക ള്ളൻ വാസുവിൻ്റെ മകനെന്ന പേരിൽ ഞാനറിയപ്പെടേണ്ടി വരുമോ?

വിഷ്ണുവിൻ്റെ ചോദ്യത്തിൽ ഉണ്ടായിരുന്ന ആശങ്ക,കമലയ്ക്കും തോന്നിയിരുന്നു

മോനേ.. അച്ഛന് ഒരേയൊരു ദുശ്ശീലമേയുള്ളു ,ദിവസവും കു ടിക്കും, എന്ന് വച്ച് ഞാനിന്നേ വരെ ആരുടെയും മോഷ്ടിക്കുകയും പിടിച്ച് പറിക്കുകയും ചെയ്തിട്ടില്ല ഈ കാശ് ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയതാണ് ,നീ പത്താം ക്ളാസ്സിൽ ഫുൾ A+ വാങ്ങിയപ്പോഴെ അച്ഛൻ മനസ്സിലുറപ്പിച്ചൊരു കാര്യമായിരുന്നു നിന്നെ ഒരു ഡോക്ടറാക്കണമെന്ന് ,അതിന് കുറെ കാശ് ചിലവുണ്ടെന്ന് മുതലാളി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ,എൻ്റെ പണിക്കൂലിയിൽ നിന്നും ഇരുപത്തിയഞ്ച് ശതമാനം മാത്രം തന്നിട്ട് ബാക്കി മുതലാളിയുടെ കൈയിൽ തന്നെ വച്ചോളാൻ, എന്തിനാണെന്നോ ?

രണ്ട് വർഷം കഴിയുമ്പോൾ നിന്നെ ഇത് പോലെ കോച്ചിങ്ങിനയക്കാൻ കാശ് വേണമെന്ന് എനിക്കറിയാമായിരുന്നു, മറ്റന്നാളാണ് നിനക്ക് ഫീസടയ്ക്കേണ്ടതെന്ന കാര്യം, നീ അമ്മയോട് പറയുന്നതൊക്കെ ഞാനറിയുന്നുണ്ടായിരുന്നു , അത് കൊണ്ട് നാളെ നിനക്കൊരു സർപ്രൈസായിട്ട് ഈ കാശ് കൊണ്ട് തരാമെന്നും അപ്പോൾ എൻ്റെ മകൻ സംന്താഷത്തോടെ എന്നെ കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മ വയ്ക്കുമെന്നുമൊക്കെയായിരുന്നു, എൻ്റെ കണക്ക് കൂട്ടൽ, പക്ഷേ രാവിലത്തെ നിൻ്റെ സംസാരം കേട്ടപ്പോഴാണ്, നീയെന്നെ എത്ര മാത്രം വെറുക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് ,നീ പറഞ്ഞില്ലേ ? ഞാനൊരു മുഴുക്കുടിയനാണെന്ന് ,

ശരിയാണ്, അതെൻ്റെ ശീലമായിപ്പോയി ,പക്ഷേ ഒരിക്കലും ഞാൻ എൻ്റെ പൈസ കൊണ്ടായിരുന്നില്ല മ ദ്യപിച്ചിരുന്നത് ,അതൊക്കെ എൻ്റെ കൂട്ടുകാർ ചേർന്ന് ഷെയറിട്ട് വാങ്ങുന്ന മ ദ്യത്തിൽ നിന്നും എനിക്ക് കൂലിയായി തരുന്നതായിരുന്നു, എൻ്റെ കൂട്ടുകാരൊക്കെ സർക്കാർ ജോലിക്കാരും, സമൂഹത്തിൽ നിലയും വിലയുമുള്ള വരുമായിരുന്നു ,അത് കൊണ്ട് തന്നെ, അവർക്ക് ബി വറേജിലും ക ള്ള് ഷാ പ്പിലുമൊക്കെ പോയി ക്യു നിന്ന് വാങ്ങാൻ കുറച്ചിലായിരുന്നു, അങ്ങനെയാണവർ എന്നെ അവരോടൊപ്പം കൂട്ടുന്നത് ,അവർക്കാവശ്യമുളള മ ദ്യം, ഞാനെത്തിച്ചു കൊടുത്താൽ ,എനിക്കും അതിലൊരു പങ്ക് തരാമെന്ന കരാറിലായിരുന്നു ഞാൻ മ ദ്യപിച്ച് കൊണ്ടിരുന്നത് , കുടി നിർത്തണമെന്നൊക്കെ എനിക്കും ആഗ്രഹമുണ്ട് പക്ഷേ എനിക്കതിന് കഴിയുന്നില്ല വയനാട്ടിൽ കുടി നിർത്തിത്തരുന്നൊരു ചികിത്സാ കേന്ദ്രമുണ്ടെന്ന് മുതലാളി പറഞ്ഞു, പക്ഷേ അതിന് കുറേ കാശ് വേണമത്രെ ,അപ്പോൾ ഞാൻ പറഞ്ഞു, ഉള്ള കാശ് കൊണ്ട് ആദ്യം എൻ്റെ മോൻ പഠിച്ചൊരു ഡോക്ടറാവട്ടെ ,അപ്പോൾ അവൻ എന്നെ കൊണ്ട് പോയി ചികിത്സിച്ചോളുമെന്ന് ,മ്ഹും എല്ലാം ഒരു പ്രതീക്ഷയാണ് ,അച്ഛൻ പറഞ്ഞ് പറഞ്ഞ് നിന്നെ ബോറടിപ്പിച്ചില്ലല്ലോ?

പറഞ്ഞ് നിർത്തുമ്പോൾ ഭർത്താവിൻ്റെ കണ്ണ് നിറഞ്ഞ് വരുന്നത് കമല കാണുന്നുണ്ടായിരുന്നു

എല്ലാം കേട്ട് സ്തബ്ധനായി നില്ക്കുകയായിരുന്നു വിഷ്ണു

നീയെന്താ മോനേ ഒന്നും മിണ്ടാത്തത് ?പിന്നെ.. മുതലാളിയോട് കുറച്ച് കാശ് കൂടി ഞാൻ കടമായി ചോദിച്ചിരുന്നു ,അടുത്തയാഴ്ച തരാമെന്ന് പറഞ്ഞിട്ടുണ്ട് ,അത് കൊണ്ട് നിനക്കിഷ്ടപ്പെട്ടൊരു മൊബൈലുകൂടി വാങ്ങണം , മറ്റൊന്നിനുമല്ല, അതുണ്ടെങ്കിൽ നീ ദിവസേന അമ്മയെ വിളിക്കുമല്ലോ ? അപ്പോൾ നിൻ്റെ വിശേഷങ്ങളൊക്കെ എനിക്കും കൂടി അറിയാമല്ലോ? എവിടെയായിരുന്നാലും നീ സുഖമായി ഇരിക്കുന്നെന്ന് അറിയുമ്പോൾ മനസ്സിനൊരു സമാധാനമാണ്, ങ്ഹാ കമലേ എനിക്ക് കുറച്ച് ചൂട് വെള്ളം താ വല്ലാത്ത പരവേശം

അതും പറഞ്ഞയാൾ അകത്തേയ്ക്ക് നടന്നതും ഒരു തേങ്ങലോടെ പുറകിൽ നിന്നും രണ്ട് കൈകൾ കൊണ്ട് വിഷ്ണു അച്ഛനെ ഇറുകെപ്പിടിച്ചു.

എന്നോട് ക്ഷമിക്കൂ അച്ഛാ … ഞാനറിയാതെ എന്തൊക്കെയോ അച്ഛനെ ….

ബാക്കി മുഴുമിപ്പിക്കാൻ വിഷ്ണുവിനായില്ല ,തൻ്റെ കൈകൾക്കിടയിലൂടെ അച്ഛൻ്റെ ശരീരം ഊർന്ന് പോകുന്നത് ഒരു ഞെട്ടലോടെയാണയാൾ തിരിച്ചറിഞ്ഞത്

ആ കാഴ്ച കണ്ട് അടുക്കളയിൽ നിന്ന് വന്ന കമലയുടെ കൈയ്യിലിരുന്ന ചൂട് വെള്ളവും മൊന്തയും നിലത്ത് വീണുരുണ്ടു .

NB :- പുറമേ കാണുന്ന പരുക്കനും കാർക്കശ്യക്കാരനുമൊന്നുമല്ല യഥാർത്ഥ അച്ഛൻ, അതറിയണമെങ്കിൽ മക്കളോരോരുത്തരും ,അച്ഛൻ്റെസ്ഥാനത്ത് വരണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *