നിർഭഗ്ന
എഴുത്ത് :- ലൈന മാർട്ടിൻ
ഇനിയൊരിക്കലും അച്ഛനെയോ അമ്മയെയോ കാണാൻ കഴിയുമെന്നോ അവരോടു ഒരു വാക്ക് പറയാൻ കഴിയുമെന്നോ ഞാൻ കരുതിയതല്ല നീരവ് , ദൈവമായിട്ട് അവരുടെ പിണക്കം മാറ്റി തിരികെ കൊണ്ട് വന്ന ഈ സാഹചര്യത്തിൽ ഞാനെങ്ങനെ അവരോടു ഇത്രയും പൈസ ചോദിക്കും?
“ഇതാണ് ശരിക്കുമുള്ള അവസരം പൂജ, പിണക്കം മാറി വന്ന ഈ അവസരത്തിൽ നീ ചോദിച്ചാൽ ഉറപ്പായും അവർ തരും, ” നീരവിന്റെ സംസാരം കേട്ട് പൂജ അതിശയമെന്നോണം അവനെ നോക്കി, പ്രണയിച്ചു നടന്ന നാളുകളിൽ തന്റെ സ്വത്തോ പണമോ ഒന്നും വേണ്ടാ.. തന്നെ മാത്രം മതിയെന്ന് പറഞ്ഞവൻ ആണ് ഇന്ന് ബിസിനസിനും പെങ്ങളുടെ കല്യാണം ആഡംബരമായി നടത്താനും ഒക്കെ വേണ്ടി തന്റെ വീട്ടിൽ നിന്ന് പൈസ കൊണ്ട് വരാൻ ആവശ്യപ്പെടുന്നത്.. എത്ര ആലോചിച്ചിട്ടും അച്ഛനോട് പൈസ ചോദിക്കാൻ ഉള്ള ധൈര്യം പൂജക്ക് കിട്ടിയില്ല,
“ഇല്ല നീരവ്, എനിക്ക് ചോദിക്കാൻ പറ്റില്ല, നമ്മുടെ വിവാഹം നമ്മുടെ മാത്രം ഇഷ്ട പ്രകാരം നടന്നത് ആയിരുന്നു.. എന്റെ അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങളും, പ്രതീക്ഷകളും ഇല്ലാതാക്കിയാ ഞാൻ നിനക്കൊപ്പം വന്നത്, നാട്ടുകാരുടെയും കുടുംബക്കാരുടെയും ഒക്കെ മുൻപിൽ ഞാൻ കാരണം അവർ തല കുനിച്ചു നിന്നു.. ഇനിയും അവരെ ബുദ്ധിമുട്ടിക്കാൻ വയ്യ എനിക്ക് “
“അപ്പൊ ഞാനോ? എനിക്ക് പ്രിയവപെട്ടവരെയെല്ലാം വെറുപ്പിച്ചിട്ട് തന്നേയാ ഞാനും നിന്നെയെന്റെ ജീവിതത്തിലേക്ക് കൂട്ടിയത്, നിന്റെ സ്വത്തോ പണമോ ഒന്നും കണ്ടിട്ടല്ല, പിന്നെ ഇപ്പോൾ ചോദിക്കുന്നത് ഇങ്ങനെ ഒരു ആവശ്യം ആയിപോയത് കൊണ്ടാണ്..” നീരവ് എത്രയൊക്കെ പറഞ്ഞിട്ടും അച്ഛനോട് അതിനെ പറ്റി സംസാരിക്കാൻ പൂജ തയ്യാറായില്ല
പ്രണയ വിവാഹം ആയിരുന്നു പൂജയുടെയും, നീരവിന്റെയും,! വിവാഹം തീരുമാനിച്ചുറപ്പിച്ച മകൾ സ്വന്തം ഇഷ്ടത്തിന് മറ്റൊരാളെ വിവാഹം കഴിച്ചു പോയ വാശിക്ക് അവളെ മനസാൽ ഉപേക്ഷിച്ചതാണ് പൂജയുടെ അച്ഛനും അമ്മയും, കാലത്തിന്റെ കുത്തൊഴുക്കിൽ അവരുടെ വാശി മാറി തീരുമാനത്തിൽ അയവ് വന്നതിനെ തുടർന്ന് മകളെ കാണാൻ എത്തുകയും സ്നേഹാന്വേഷണം നടത്തുകയും ചെയ്തു.. അതിനെ തുടർന്നാണ് നീരവ് ഇങ്ങനെ ഒരു ആവശ്യം അച്ഛനോട് പറയാൻ പൂജയോട് പറഞ്ഞത്,!
എന്നാൽ അവരുടെ സ്വപ്നങ്ങൾ എറിഞ്ഞുടച്ച മകൾ എന്ന നിലയിൽ അവരോട് ഒന്നും ആവശ്യപ്പെടാനുള്ള അവകാശം തനിക്കില്ലെന്നു അവളുറപ്പിച്ചു പറഞ്ഞു ! നീരവ് എത്രയൊക്കെ ആവശ്യ പ്പെട്ടിട്ടും പൂജ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്ന് അവർ തമ്മിൽ വാക്ക് തർക്കങ്ങൾ പതിവായി .. നാൾക്ക് നാൾ അവർ തമ്മിൽ ഉള്ള അകൽച്ച കൂടി വന്നു,
മകന്റെ പക്ഷം പിടിച്ച് നീരവിന്റെ അമ്മ കൂടി സംസാരിക്കാൻ തുടങ്ങിയതോടെ ആ വീടൊരു നരകമായി മാറുകയായിരുന്നു പൂജക്ക്!
“നാളെ ഞാനെന്റെ വീട്ടിലേക്ക് ഒന്ന് പോകുവാ ” അത്താഴം കഴിച്ചു കൊണ്ടിരുന്ന നീരവ് പതിയെ തല ഉയർത്തി പൂജയെ നോക്കി, പിന്നെ അമ്മയെ നോക്കി പുഞ്ചിരിച്ചു, “നല്ല കാര്യം, പൈസയുടെ കാര്യം എന്തെങ്കിലും ആക്കിയിട്ട് തിരികെ വന്നാൽ മതി, നീരവിന്റെ മറുപടി കേട്ട് അവൾ പകപ്പോടെ നോക്കി, “ഞാൻ പൈസ ചോദിക്കാനല്ല, കുറച്ച് ദിവസം അച്ഛനുമമ്മക്കും ഒപ്പം നിൽക്കാൻ പോകുവാ,” പെട്ടെന്ന് നീരവിന്റെ മുഖത്തെ ശാന്തഭാവം മാറി ക്രോധം നിറഞ്ഞു,
“കുറച്ച് ദിവസം ആക്കണ്ട, നീ നിന്റെ വീട്ടിൽ തന്നെ സ്ഥിരമായി നിന്നോ.. മുൻ പിലിരുന്ന പാത്രം തട്ടി തെറുപ്പിച്ചു കൊണ്ടവൻ എഴുന്നേറ്റ് പോയ്, അയാളുടെ ഭാവമാറ്റം കണ്ടു പൂജ പകച്ചിരുന്നു.. പ്രണയിച്ച നാളുകളിലൊന്നും ഇങ്ങനെ ഒരു നീരവിനെ താൻ കണ്ടിട്ടേയില്ലെന്നവൾ ഓർത്തു!!
“മോളെ പൂജ ” എത്ര ദിവസമായി നീ വന്നിട്ട്, തിരികെ പോകുന്നില്ലേ? ഇനി നീരവുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായോ? അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലും അത് പറഞ്ഞവസാനിപ്പിച്ചു ജീവിതം കൊണ്ട് പോകേണ്ടത് നീയാണ്.. അറിയാലോ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അച്ഛൻ പോലും കൂടെ നിൽക്കില്ല,
ഞങ്ങളുടെ ഇഷ്ടമോ സമ്മതമോ ഇല്ലാതെ നീ എടുത്ത തീരുമാനം ആണ് നിന്റെ ജീവിതം, അത് നന്നായി കൊണ്ട് പോകേണ്ടത് നിന്റെ മാത്രം ഉത്തരവാദിത്തം ആണ്…. ” അമ്മയുടെ വീർപ്പടക്കിയുള്ള ചോദ്യങ്ങൾക്കും, ഉപദേശങ്ങൾ ക്കുമിടയിൽ നീരവിന്റെ ആവശ്യവും തന്റെ ഇപ്പോഴത്തെ അവസ്ഥയും പറയാൻ വന്നത് മനസ്സിൽ അടക്കി പൂജ ഒന്ന് ചിരിച്ചു..
“ഇല്ലമ്മേ ഒന്നുല്ല! എനിക്കെന്റെ വീട്ടിൽ കുറച്ചീസം വന്നു നിൽക്കണമെന്ന് തോന്നി, അത്രേയുള്ളൂ!”
“കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് ഭർത്താവിന്റെ വീടാണ് സ്വന്തം വീട്.. ഇവിടെ നിനക്ക് വല്ലപ്പോഴും വരാം,..നിൽക്കാം അതിനുമപ്പുറം ഈ വീട്ടിലെ താമസം ഒരുപാട് നീണ്ടു പോയാൽ ജീവിതത്തിൽ പ്രശ്നം ആകും മോളെ ” ‘ഇറങ്ങി പോകു എന്ന് പറയാതെ തന്നെ അമ്മ തന്നെ ഇറക്കി വിടുന്നത് പൂജ അറിഞ്ഞു ‘
അവളുടെ ചുണ്ടിൽ ഒരു പരിഹാസ ചിരി മൊട്ടിട്ടു,
“ഞാൻ ഒന്ന് ഉറക്കെ സംസാരിച്ചാൽ, ഉച്ചത്തിൽ ഒന്ന് ചിരിച്ചു പോയാൽ, ഇഷ്ട ഭക്ഷണം ഉണ്ടാക്കാൻ ശ്രമിച്ചാൽ, അപ്പോഴൊക്കെ നീരവിന്റെ അമ്മ പറയാറുണ്ട്, ‘നിന്റെ , ഒച്ച വയ്ക്കലും, ചിരിയും, ഇഷ്ടനിഷ്ടങ്ങളുമൊക്കെ സ്വന്തം വീട്ടിൽ മതിയെന്ന്, ഇവിടെ അങ്ങനെ ഒന്നും പറ്റില്ലെന്ന് ‘ അപ്പൊ ശരിക്കും ഏതാണ് അമ്മേ ഞങ്ങൾ പെൺകുട്ടികളുടെ ശരിക്കുമുള്ള വീട്?”
പൂജയുടെ ചോദ്യത്തിന് ഉത്തരം നൽകാനാകാതെ അമ്മ നിൽക്കെ അവൾ അവരെ കടന്ന് പുറത്തേക്ക് പോയി! നീരവിന്റെ വീട്ടിലെ ജീവിതം നരക തുല്യമായി തീർന്ന നാളുകളിൽ ആണ് പൂജ ജോലിക്കായ് ശ്രമിച്ചത്, ഒന്ന്, രണ്ട് ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തതറിഞ്ഞു നീരവിന്റെ അമ്മ അതിനും വിലക്കേർപ്പെടുത്തി, “ഇപ്പോഴേ അവള് നിന്നെ അനുസരിക്കുന്നില്ല, ഇനി ഉദ്യോഗക്കാരി കൂടെ ആയാലുള്ള പറയണോ മോനെ”?
അമ്മയുടെ ചോദ്യത്തിന്റെ ഉത്തരമെന്നോണം പൂജ ആ വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടു! “പൂജ, ഇന്നെനിക്ക് രണ്ടിലൊന്നറിയണം, നിന്റെ അച്ഛൻ എന്ത് പറഞ്ഞു?”
“ഞാൻ അച്ഛനോട് ചോദിച്ചു നീരവ്, പക്ഷെ അച്ഛന്റെ കൈയിൽ സ്വാതിയുടെ കോഴ്സ് കംപ്ലീറ്റു ചെയ്തു അവളെ വിവാഹം കഴിപ്പിച്ചു വിടാനുള്ള സമ്പാദ്യമേ ഇപ്പോഴുള്ളു, അവളുടെ വിവാഹമെങ്കിലും നന്നായി നടന്നു കാണാൻ അവർ ആഗ്രഹിക്കുന്നുണ്ട്, ഭാഗം വയ്ക്കുന്ന സമയത്ത് എന്റെ ഓഹരി തരാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്!”
പെട്ടന്ന് നീരവ് പൂജയുടെ കഴുത്തിൽ പിടിച്ച് ചുവരോട് ചേർത്ത് നിർത്തി “ഞാനൊരു പൊട്ടൻ ആണെന്നാണോ നീയും നിന്റെ അച്ഛനും വിചാരിച്ചു വച്ചേക്കുന്നെ?എനിക്ക് അർഹതപെട്ടത് കിട്ടാൻ നിന്റെ അച്ഛൻ ചാകുന്നവരെ ഞാൻ കാത്തിരിക്കണം എന്ന് അല്ലേ…? അതുവരെ ഒരു ലാഭവും ഇല്ലാതെ ഞാൻ നിന്നെ പോറ്റണമെന്ന്…”
ഈ നിമിഷം ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു കണ്ണുകൾ ഇറുക്കെയടച്ചു പൂജ നിന്നു. എല്ലാ സ്വന്തങ്ങൾക്കും ബന്ധങ്ങൾക്കും മുകളിലായ് താൻ ഹൃദയത്തോട് ചേർത്ത് വയ്ച്ചവൻ ആണ് ഇന്നൊരു മൃഗത്തെ പോലെ തന്നെ കൊ ല്ലാൻ പോലും മടിയില്ലാതെ നിൽക്കുന്നത് എന്നോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ചുണ്ടുകളിൽ പുഞ്ചിരി ആയി.. പൊട്ടിച്ചിരിയും പിന്നെയൊരു അലറി കരച്ചിലുമായി ആ കണ്ണീർ മാറി …
കണ്ണ് തുറന്നവൾ നോക്കിയപ്പോൾ കണ്ടത് ഒരു ഹിംസമൃഗത്തെ ആയിരുന്നു, കാതുകളിൽ മുഴങ്ങി കേട്ടത് വണ്ടുകളുടെ മൂളലായിരുന്നു, പിന്നെ ഒരിക്കലുമവൾ ചിരിച്ചില്ല തന്നോട് തന്നെ സംസാരിച്ചും, മുടി പിന്നി പറിച്ചും, ഇരുട്ടിലൊളിച്ചും അവൾ മനസകന്നവളായി മാറി.. മറ്റുള്ളവർ അവൾക്കൊരു പേരും നൽകി……
ഭ്രാന്തി!