എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ക്യൂവിൽ നിന്ന് കുപ്പി വാങ്ങാനുള്ള ക്ഷമയും ഉള്ളിൽ ചുരുട്ടിയാണ് സർക്കാരിന്റെ വിദേശ മiദ്യശാലയിലേക്ക് ഞാനന്ന് എത്തിയത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ തിരക്ക്. ഹാവൂ… അത്രയും ആശ്വാസം…
വാങ്ങിയ കുപ്പി നാiഭിയിൽ തിരുകി മുണ്ട് ചേർത്തുകെട്ടി ഉടുത്തപ്പോൾ സാധനം ഭദ്രം. വീട്ടിലേക്ക് പോകാനുള്ള ബസ്സും കാത്ത് നിൽക്കുമ്പോഴാണ് ഒരു വൃദ്ധൻ കയ്യിലൊരു പൊതിയുമായി എന്റെ അടുത്തേക്ക് വന്നതും, ഇവിടെ നിന്നാൽ വിതുരയിലേക്കുള്ള ബസ്സ് കിട്ടുമോ മോനേയെന്നും ചോദിച്ചത്.
ധൈര്യമായിട്ട് നിന്നോയെന്ന് പറയും മുമ്പേ ബസ്സ് വന്ന് നിന്നു. എനിക്കും അങ്ങോട്ടേക്ക് തന്നെയാണ് പോകേണ്ടതെന്ന് പറഞ്ഞ് ഞാൻ ആ ബസ്സിലേക്ക് കയറിയപ്പോൾ അയാളും കയറി. രണ്ട് പേരും ഒരേ സീറ്റിൽ ഇരിക്കുകയും ചെയ്തു. അയാൾ വിതുരയിലേക്കും, ഞാൻ അതിന് ശേഷമുള്ള ഇടത്തേക്കുമായിരുന്നു ടിക്കറ്റെടുത്തത്.
അര മണിക്കൂറിന്റെ ദൂരമേ ഉള്ളുവെങ്കിലും അരദിവസം പിന്നിടാൻ പോകുന്നുവെന്ന് എനിക്ക് ആ യാത്രയിൽ തോന്നിപ്പോയി. കുപ്പി വാങ്ങിയിട്ടും പൊട്ടിച്ച് കുടിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും മനസ്സിന് വല്ലാത്തയൊരു ധൃതി. എത്രയും പെട്ടെന്ന് വീട്ടിലെത്തി രണ്ടെണ്ണം ഒഴിച്ച്, ഗ്ലപ് ഗ്ലപ്പെന്ന് അണ്ണാക്കിലേക്ക് ഒഴിച്ചാലെ ഇനിയൊരു സമാധാനമുണ്ടാകൂ….
‘മോളുടെ കല്യാണാണ്…’
ഞാൻ ചിരിച്ച് കൊണ്ട് ഓയെന്ന ശബ്ദം മാത്രമുയർത്തി പ്രതികരിച്ചു.
‘മൂത്തവളാണ്….’
അതിനും സമാന രീതിയിൽ ഓയെന്ന് പറഞ്ഞ് ഞാൻ തല കുലുക്കി.
‘പറ്റുമെങ്കിൽ വരണം.. ട്ടോ..!’
എന്നും പറഞ്ഞ് അയാൾ തന്റെ പക്കലുള്ള പൊതി തുറന്ന് ഒരു കല്യാണക്കത്ത് എനിക്ക് നേരെ നീട്ടുകയായിരുന്നു. തലേ നാൾ രാത്രിയിലേ അങ്ങ് എത്തിക്കോളാമെന്ന് പറഞ്ഞ് സന്തോഷത്തോടെ ഞാനത് കൈപ്പറ്റി. അപ്പോൾ അയാളുടെ ചിരി ചുണ്ടിൽ നിന്നും ഇടിഞ്ഞ് താഴെ പോയോയെന്ന് എനിക്ക് തോന്നിയിരുന്നു.
എനിക്ക് അതൊന്നും കാര്യമല്ല. ഞാൻ പോകുമെന്നുള്ളത് തീർച്ചയാണ്. അല്ലെങ്കിലും, തലേ നാൾ രാത്രിയിൽ മiദ്യം ഒഴുകാത്ത കല്യാണ വീടുണ്ടോ… ഞാൻ ആ കല്യാണക്കത്തെടുത്ത് അതിൽ നിന്ന് വധുവിന്റെ അച്ഛന്റെ പേര് കണ്ണൻ എന്നാണെന്ന് ഓർത്ത് വെച്ചു.
വിതുരയിലേക്ക് എത്തും മുമ്പേ അയാൾ തന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഡോറിന്റെ പടികളിൽ പോയി നിന്നിരുന്നു. അപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. അയാളുടെ കൈയ്യിലുണ്ടായിരുന്ന പൊതി സീറ്റിന് താഴെ കിടക്കുന്നു. അതെടുത്ത് വെറുതേയൊന്ന് തുറന്ന് നോക്കി വിതുരയെത്താൻ കാത്തിരിക്കുന്ന ആ മനുഷ്യനെ അമ്മാവോയെന്ന് ഞാൻ വിളിച്ചു. അയാൾ തിരിഞ്ഞ് നിന്ന് എന്തായെന്ന് ചോദിച്ചപ്പോൾ എന്റെ നാക്ക് അനങ്ങിയില്ല. അയാളിൽ നിന്ന് നഷ്ട്ടപ്പെട്ട ആ പൊതിക്കുള്ളിൽ കയ്യിട്ട് തുറന്ന് നോക്കിയ എന്റെ കണ്ണുകൾ മഞ്ഞളിച്ചു വെന്ന് പറഞ്ഞാൽ മതിയല്ലോ…! കല്യാണക്കത്തുകളുടെ അടിയിൽ മുഴുവൻ ചെറുതും വലുതുമായ സ്വർണ്ണാഭരണ കൂടുകളായിരുന്നു…!
‘എന്താ…..!’
അയാൾ ഒന്ന് കൂടി നീട്ടി ചോദിച്ചു. മുഖത്തേക്ക് പെട്ടെന്നൊരു ചിരി പടർത്തി കല്യാണത്തിന് കാണാമെന്ന് പറഞ്ഞ് ഞാൻ കൈയ്യുയർത്തി സലാം കാണിക്കുകയായിരുന്നു. വിതുരയെത്തി. അയാൾ ഇറങ്ങി പോകുകയും ചെയ്തു. അടുത്തതിന്റെ അടുത്ത സ്റ്റോപ്പിൽ ഞാനും ഇറങ്ങി. വീട്ടിലേക്ക് നടക്കുമ്പോൾ എനിക്ക് ആകെയൊരു വെപ്രാളമായിരുന്നു. എന്റേത് അല്ലായെന്ന തീർച്ചയുള്ളത് കൊണ്ടായിരിക്കും, ആ പൊതി വീട്ടിലെത്തും വരെ ഞാൻ മുറുക്കെ പിടിച്ചത്.
നമുക്ക് പൂർണ്ണമായി അവകാശമില്ലാത്ത നമ്മുടെ ഇഷ്ട്ടങ്ങൾ നഷ്ട്ടപ്പെടാതിരിക്കാൻ സ്വാർത്ഥമായി ചിലതൊക്കെ നമ്മളിങ്ങനെ ബലമായി ഒളിച്ച് ചേർക്കാറുണ്ടല്ലോ…
മുറിയിലേക്ക് കയറിയതിന് ശേഷം, സ്വർണ്ണക്കൂടുകളെല്ലാം തുറന്ന് ഏതാണ്ടൊരു തൂക്കം ഞാൻ തിട്ടപ്പെടുത്തി. എന്തായാലും രണ്ടുമൂന്ന് ലക്ഷത്തിനുള്ള വകയുണ്ട്. വീര്യം കൂടിയ മiദ്യക്കുപ്പിയേക്കാളും ലiഹരി ഒലിക്കുന്നത് പോലെയൊരു അനുഭവമായിരുന്നു ആ നേരങ്ങളിലെ എന്റെ തലയ്ക്ക്. ആകെയൊരു മതിഭ്രമം….
വളരേ ഉത്സാഹത്തോടെ ഞാൻ എന്റെ കലാപരിപാടികൾ ആരംഭിച്ചു. അടുക്കളയിൽ കയറി ഭാര്യയുടെ കവിളിൽ ഒരുമ്മ കൊടുത്ത് പിള്ളേരെ അന്വേഷിച്ചു. എന്നിട്ടൊരു ഗ്ലാസും, തൊട്ട് കൂട്ടാൻ അവൾ മുളകരച്ച് വെച്ച മീൻകറിയുമെടുത്ത് ഉമ്മറത്തേക്ക് പോയി. നാലെണ്ണം അടിച്ച് നാല് മുഴം ചിന്തിച്ചപ്പോഴേക്കും നേരമിരുട്ടി. അഞ്ചാമത്തേത് ഒഴിച്ചപ്പോഴേക്കും കല്യാണപ്പണ്ടം നഷ്ട്ടപ്പെട്ട ആ വൃദ്ധൻ എന്റെ ഹൃദയത്തിൽ നിന്നും പതിയേ വഴുക്കി വീണു.
അത്താഴത്തിനായി വിളിക്കാൻ വന്ന ഭാര്യയുടെ മുമ്പിൽ എനിക്കത് മറച്ച് വെക്കാൻ തോന്നിയില്ല. കുഴഞ്ഞ് കുഴഞ്ഞാണെങ്കിലും ഞാനൊരു കുറ്റബോധത്തോടെ കാര്യമെല്ലാം അവളോട് തുറന്ന് പറഞ്ഞു. അലമാരയിൽ നിന്ന് പൊതിയെടുത്ത് കാണിക്കുകയും ചെയ്തു. ഇപ്പോൾ തന്നെ കൊണ്ട് പോയി കൊടുക്കാൻ പറഞ്ഞ് അവളെന്നെ ആട്ടുമെന്ന് കരുതിയ എനിക്ക് തെറ്റുകയായിരുന്നു.
ആഭരണങ്ങൾ കണ്ട് ത്രസ്സിച്ച് നിൽക്കുന്ന എന്റെ ഭാര്യയുടെ മുഖത്ത് ഇത്രയും തെളിച്ചം കുഞ്ഞ് പിറന്നപ്പോൾ പോലും ഞാൻ കണ്ടിട്ടില്ല.
അന്ന്, അത്താഴവും കഴിഞ്ഞ് പരസ്പരം കെട്ടിപ്പുണർന്ന് ഞങ്ങൾ കിടന്നപ്പോൾ അതിലെ ആ വലിയ മാല നമുക്ക് മാറ്റി പണിയാമെന്ന് അവൾ പറഞ്ഞു. മദ്യപിച്ച് മുറിയിൽ കയറിയാൽ കാത് പൊട്ടും വിധം കയർക്കുന്ന അവൾ അന്ന് ഒന്നും പറഞ്ഞില്ല. കെട്ട് ഇറങ്ങുന്തോറും വല്ലാത്തയൊരു ഭയം എന്നിൽ നിറയാൻ തുടങ്ങിയിരുന്നു…
പിറ്റേന്ന് രാവിലെ കമിഴ്ന്ന് കിടന്നിരുന്ന എന്റെ നടുപ്പുറത്ത് കുനിച്ച് കൊണ്ടാണ് ഭാര്യ വിളിച്ചത്. അവളുടെ കയ്യിൽ ദിനപത്രവും, തൊണ്ടയിൽ വെപ്രാളത്തിന്റെ വിയർപ്പുമുണ്ടായിരുന്നു. മകളുടെ വിവാഹത്തിനായി വാങ്ങിയ സ്വർണ്ണം നഷ്ട്ടപ്പെട്ടതിനാൽ ആത്മഹiത്യ ചെയ്തയൊരു പിതാവിന്റെ വാർത്തയായിരുന്നു അവൾക്ക് വിക്കി വിക്കി എന്നോട് പറയാനുണ്ടായിരുന്നത്.
കേട്ടപ്പോൾ, മുമ്പേ പെരുത്ത് പോയ തല ഞാൻ കുടഞ്ഞു. വികസിപ്പിച്ച കണ്ണുകളോടെയാണ് മരിച്ച ആളുടെ പേര് എന്താണെന്ന് ഞാൻ അവളോട് ചോദിച്ചത് ഉൾപ്പേജിലെ വാർത്തയിൽ നിന്ന് അവൾ ആ പിതാവിന്റെ പേര് വ്യക്തമായി പറഞ്ഞു. ആ ശബ്ദം സ്പഷ്ട്ടമായിരുന്നു….
‘കണ്ണൻ..!’