എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഇതിപ്പോൾ എട്ടാമത്തെ പ്രാവശ്യമാണ് ആ പെൺകുട്ടിയെ ഞാൻ കാണുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ ഹൃദയത്തെ വല്ലാതെ കൊതിപ്പിച്ചയൊരു മനോഹരി. പക്ഷെ, എട്ട് വട്ടം അവളുടെ സുന്ദരമായ വട്ട മുഖം ഞാൻ കണ്ടിട്ടും അവൾ എന്നെ ശ്രദ്ധിച്ചതേയില്ല…
ഒമ്പതാമത്തെ കാഴ്ച്ചയിൽ മതിമറന്ന് നിൽക്കാതെ കാര്യം പറയാൻ ഞാൻ തീരുമാനിച്ചു. അവൾ ബസ്സ് കയറാൻ നിൽക്കുന്ന സ്റ്റോപ്പിലേക്ക് ചലിക്കുകയും ചെയ്തു.
അന്ന് അവളൊരു നീല ജീൻസും ഇറുങ്ങിയയൊരു ടോപ്പുമിട്ടാണ് എന്റെ മുന്നിൽ നിന്നിരുന്നത്. കൂടതൽ ആൾക്കാർ ഇല്ലെന്ന് കണ്ടപ്പോൾ അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന്, ഇത് ഒമ്പതാമത്തെ തവണയാണ് കാണുന്നതെന്നും, എനിക്ക് നിന്നെ ഏറെ ഇഷ്ടപ്പെട്ടുവെന്നും ഞാൻ പറഞ്ഞു. മറുപടിയെന്നോണം താൻ ആരാണെന്ന് ചോദിച്ച് അവൾ എന്നെ സൂക്ഷിച്ച് നോക്കുകയായിരുന്നു. ശേഷം, പിടികിട്ടിയത് പോലെ, നീയിവിടെ ഒലിപ്പിച്ച് നിൽക്കുന്നത് ഇടക്ക് കാണാറുണ്ടെന്നും അവൾ ചേർത്തു. തുടർന്ന്, രണ്ടടി എന്നിൽ നിന്നും മാറി നിൽക്കുകയും ചെയ്തു.
ആ നേരം മുന്നിലൂടെ അതിവേഗത്തിൽ പോകുന്ന ഏതെങ്കിലും വാഹനത്തിന്റെ മുന്നിൽ വീണ് ചiത്താൽ മതിയെന്ന് എനിക്ക് തോന്നിപ്പോയി…
ബസ്സ് വന്ന് നിന്നപ്പോൾ അവൾ അതിലേക്ക് കയറി. മുൻവശ ഡോറിലൂടെ മുഖം ചുളിച്ച് എന്നെ നോക്കുകയും ചെയ്തു.
അന്ന്, ഞാൻ ജോലിക്ക് പോയില്ല. വീട്ടിലേക്ക് തിരിച്ച് വന്ന് മുറിയിൽ കതകടച്ച് ഒരു മൂങ്ങയെ പോലെ തല അനക്കാതെ അങ്ങനെയിരുന്നു. അമ്മ വന്ന് കതകിൽ മുട്ടി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ചെറിയയൊരു തലവേദനയാണെന്ന കള്ളവും പറഞ്ഞു.
തലയുടെ മുഴുവൻ ആത്മ ബലവും നഷ്ട്ടപ്പെട്ട്, ഇരുന്ന ഇടത്തിൽ നിന്ന് തന്നെ ഏതോ ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഞാൻ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. അത്രത്തോളം പൊള്ളി വിയർത്തിരുന്നു എന്റെ ഉള്ളും ദേഹവും…
അല്ലെങ്കിലും, എത്ര അഹങ്കാരിയാണവൾ! ഇഷ്ട്ടം പറയുമ്പോൾ ഇത്രത്തോളം അവഹേളിക്കേണ്ട കാര്യമുണ്ടോ? എന്നെക്കുറിച്ച് അവൾ എന്ത് കരുതി! കാണുന്ന പെണ്ണുങ്ങളെയെല്ലാം നോക്കി ഉമിനീര് ഇറക്കുന്ന പഞ്ചാര പയ്യനാണെന്നോ! തിരിച്ച് പറഞ്ഞിട്ട് തന്നെ കാര്യം…
പിറ്റേന്നും രാവില തന്നെ അവൾക്കായി ഞാൻ ബസ്സ്റ്റോപ്പിൽ കാത്തിരുന്നു. ഒന്ന് രണ്ട് പെൺകുട്ടികളും, ഒരു വയസ്സനും ഒഴിച്ചാൽ മറ്റാരുമില്ല സ്റ്റോപ്പിൽ. അൽപ്പം മാറിയുള്ള വളവിൽ നിന്ന് അവളൊരു കറുത്ത വേഷത്തിൽ വരുകയാണ്. അടുത്തേക്ക് എത്തിയപ്പോഴേക്കും പ്രതികരിക്കാനുള്ള എന്റെ കരുത്തെല്ലാം നഷ്ട്ടപ്പെട്ടുപോയി. എന്തോ, അവൾ എത്തും മുമ്പേ ഞാൻ തിരിച്ച് നടന്നു. വീട്ടിലേക്ക് പോകാമെന്ന ചിന്തയിൽ സെൽഫില്ലാത്ത എന്റെ ബൈക്കിൽ കയറി കിക്കറിൽ ചവിട്ടുകയും ചെയ്തു. ഒന്ന് തുമ്മി ചുമച്ചതല്ലാതെ അത് സ്റ്റാർട്ടായില്ല.
അപ്പോഴാണ് സ്റ്റോപ്പിൽ നിന്ന് മറ്റൊരു പെൺകുട്ടി എന്റെ അടുത്തേക്ക് വന്നതും, ഇത് തൊണ്ണൂറാമത്തെ തവണയാണ് നിങ്ങളെ കാണുന്നതെന്നും, തനിക്ക് ഏറെ ഇഷ്ട്ടമാണെന്നും എന്നോട് പറയുന്നത്…
ആ നിമിഷങ്ങളിൽ ഞാൻ ഏതോയൊരു പൊറാട്ട് നാടകത്തിൽ പെട്ടത് പോലെ എനിക്ക് തോന്നി. എണ്ണം തിട്ടപ്പെടുത്തി പ്രേമം പറഞ്ഞ് ആട്ട് കേട്ടതിന്റെ പിറ്റേ നാൾ, എന്നിലും എണ്ണം പറഞ്ഞ് രംഗം പുനരാവിഷ്ക്കരിക്കാൻ പെണ്ണൊരുത്തി എന്റെ മുന്നിലേക്ക് വന്ന് നിൽക്കുന്നു…
ആലോചിക്കട്ടേയെന്ന് ഞാൻ പറഞ്ഞു. ആലോചിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന അർത്ഥത്തിൽ അതിമനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അവൾ തിരിച്ച് നടക്കുകയായിരുന്നു. ആ പുഞ്ചിരി കൊണ്ട മനസ്സുമായി കിക്കറിൽ ചവിട്ടിയപ്പോൾ ബൈക്ക് സ്റ്റാർട്ടായി. വീട്ടിലേക്ക് ആയിരുന്നില്ല. ഒരു മന്ദതയോടെ ജോലിസ്ഥലത്തേക്കായിരുന്നു ഞാൻ പുറപ്പെട്ടത്.
ഒരു മനുഷ്യനെ ഒരേ നേരം തകർക്കാനും, പുതുക്കിപ്പണിയാനും ഉതകുന്ന എന്ത് ശക്തിയാണ് പ്രേമത്തിനുള്ളതെന്ന് അപ്പോഴും എനിക്ക് അറിയില്ലായിരുന്നു…
ജീവിതമെന്ത് വിചിത്രമാണെന്ന് നോക്കൂ… ഒരിക്കലും നമ്മളെ ആഗ്രഹിക്കുകയോ ഇഷ്ട്ടപ്പെടാൻ ഒരുക്കമോ അല്ലാത്ത മനുഷ്യരെ മാത്രം കണ്ണുകൾ തേടി കാട്ടുന്നു. അടുക്കാൻ കൊതിക്കുന്ന ഹൃദയങ്ങളെ അവ കാണുന്നതേയില്ല. അല്ലെങ്കിലും, എപ്പോഴും യാത്ര മനോഹരമാകുന്നത് നമ്മളെ ആഗ്രഹിക്കുന്നവരുടെ കൂടെ സഞ്ചരിക്കുമ്പോഴാണല്ലോ….!!!