എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഒരു സാധു നായയുടെ സ്വഭാവമാണ് ആ മനുഷ്യന്. തലേന്നാളത്തെ ആഹാരമാണെങ്കിലും അത് കൊടുത്തവരോടെല്ലാം കളങ്കമില്ലാത്ത സ്നേഹവും, നന്ദിയും, ജീവിതം തന്നെ സമർപ്പിക്കുന്ന കടപ്പാടുമാണ് അയാൾക്ക്. അവർക്ക് വേണ്ടി തന്നാലാകുന്ന കൈ സഹായം ചെയ്ത് വിയർക്കാൻ ആ ജീവന് യാതൊരു മടിയുമില്ല.
പണ്ട് ക്ഷേത്ര വളപ്പിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു അയാൾ. ആ പുതിയ മുഖത്തേക്ക് വെള്ളം തളിച്ചതും, തളർന്ന് കുഴഞ്ഞ അയാളെ താങ്ങിപ്പിടിച്ച് പടിപ്പുരയിൽ കിടത്താൻ നിർദ്ദേശം കൊടുത്തതും ക്ഷേത്ര പരികർമ്മിയായിരുന്നു. എന്ത് ചോദിച്ചാലും വായ പൊളിച്ച് ചിരിക്കുന്ന അയാൾക്ക് സംസാരിക്കാൻ കഴിവുള്ളയൊരു നാക്ക് ഉണ്ടായിരുന്നില്ല.
നാട്ടുകാർ ആ മനുഷ്യനെ ഡാ.. ഡോ… കൂയ്.. ഹേയ്.. ചേട്ടാ… മോനെയെന്നും … ചുരുക്കം ചിലർ മാത്രം പൊട്ടായെന്നുമാണ് വിളിച്ചിരുന്നത്. അയാളുടെ ശരിയായ പേര് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു.
കഴിഞ്ഞ ആറ് വർഷങ്ങളായി പറ്റാവുന്ന തൊഴിലൊക്കെ ചെയ്ത് അയാൾ ആ ക്ഷേത്രത്തിന്റെ തുറന്ന പടിപ്പുരയിൽ താമസിക്കുകയാണ്. എന്തിനാണ് ഇവിടെ താമസിക്കുന്നതെന്നൊന്നും ആരും ചോദിച്ചില്ല. അല്ലെങ്കിലും ചോദ്യം ആരംഭിക്കേണ്ടത് ക്ഷേത്ര പരികർമ്മിയിൽ നിന്നാണല്ലോ..!
വിശ്വാസികളുടെ ആരാധനാലയങ്ങളെല്ലാം ആരോരും ഇല്ലാത്തവർക്കുള്ള ആശ്രയാലയങ്ങൾ ആണെന്ന ബോധം ആ പരികർമ്മിക്കുണ്ടെന്ന് വേണം ധരിക്കാൻ. നട അടക്കുമ്പോൾ അയാൾ ഇലെങ്കിലും തുറക്കുമ്പോൾ ആ മനുഷ്യൻ പടിപ്പുരയിൽ കിടക്കുന്നുണ്ടാകും. അയാളുടെ കുളിയും മറ്റുമൊക്കെ ക്ഷേത്രത്തിന്റെ അരികിലൂടെ പോകുന്നയൊരു പുഴയുടെ ഒഴുക്കുള്ള കൈവഴിയിൽ നിന്നാണ്. ഉപകാരമല്ലാതെ ആർക്കും ഇതുവരെയൊരു ഉപദ്രവവും ചെയ്യാത്തത് കൊണ്ടായിരിക്കും ആ പരികർമ്മി ഉൾപ്പെടുന്ന ഗ്രാമവാസികൾക്ക് അയാളൊരു ശല്യമല്ലാതായത്.
അന്ന്, ബോധമില്ലാതെ കിടക്കുന്ന അയാളെ കണ്ടത് കണ്ടത്തിൽ കാളപൂട്ടുന്ന ഗോപാലനാണ്. ആളെ തനിക്ക് അറിയാമെന്നും തൊട്ടടുത്ത ഗ്രാമത്തിലാണെന്നും ഗോപാലൻ പറഞ്ഞു. എന്ത് ചെയ്യാം, ഇപ്പോൾ വരാമെന്നും പറഞ്ഞ് മുറുക്കാൻ കടയിലേക്ക് പോയ ഗോപാലൻ മുറുക്കി തുപ്പും മുമ്പേ നിരത്തിലൂടെ ചീറി പാഞ്ഞുവന്ന ജീപ്പിടിച്ച് മരിക്കുകയായിരുന്നു! അതുകൊണ്ട് തന്നെ അയാളെ കുറിച്ച് കൂടുതലായി യാതൊന്നും അറിയാൻ ആ നാട്ടുകാർക്കാർക്ക് സാധിച്ചില്ല. അയാളെ മറ്റാർക്കും തിരിച്ചറിയാനും പറ്റിയില്ല..
അല്ലെങ്കിലും, ഒരാളിൽ മരണം സംഭവിക്കുമ്പോൾ മറ്റൊരാളുടെ തുടർജീവിതത്തെ അനുകൂലിക്കുന്ന എത്രയെത്ര വിവരങ്ങളും പ്രതീക്ഷകളുമാണ് നിഗൂഢമായി അപ്രത്യക്ഷമാകുന്നത്…
എഴുതാനോ വായിക്കാനോ എന്തിന്, ക്ലോക്കോ വാച്ചോ നോക്കി നേരം പറയാൻ പോലും താൻ ആരാണെന്ന് അറിയാത്ത അയാൾക്ക് അറിയില്ലായിരുന്നു. വയറ് നിറയേ ഭക്ഷണം കഴിക്കണം. ആരും ശല്യപ്പെടുത്താനില്ലാത്ത ഇടത്ത് സ്വസ്ഥമായി കിടന്നുറങ്ങണം. അതിന് വേണ്ടി എല്ലുമുറിയെ എന്ത് പണിയെടുക്കാനും അയാൾക്കൊരു മടിയും ഉണ്ടായിരുന്നില്ല..
അന്ന്, ക്ഷേത്രത്തിൽ പത്തോളം നാളുകൾ വരുന്നയൊരു ഉത്സവം നടക്കുകയായിരുന്നു. പതിവില്ലാതെ തുടർച്ചയായി മഴ തിമിർത്ത് പെയ്യുന്നു! പതിനാറ് കൊല്ലത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ആ ഉത്സവത്തിന്റെ കോടിയേറ്റത്തിന്റെ അന്ന് തന്നെ അയാളുടെ കിടപ്പാടം പോയി. പക്ഷേ, ഉത്സവ കമ്മിറ്റിക്കൊരു സഹായമെന്നോണം ക്ഷേത്ര പറമ്പിലെ കാര്യങ്ങളെല്ലാം അയാൾ നടന്ന് നിർവഹിച്ചിരുന്നു.
അവലും പൊരിയും മലരും ഐസും കളിപ്പാട്ടവും കൊണ്ട് ഉത്സവ പറമ്പുകളിലെല്ലാം തമ്പടിക്കുന്ന കച്ചവടക്കാർക്ക് ആവശ്യമായ ഇടമൊക്കെ അയാൾ ഒറ്റയ്ക്കാണ് വൃത്തിയാക്കി ഒരുക്കിയിരുന്നത്.
അന്ന്, ഉത്സവത്തിന്റെ ആറാം നാളായിരുന്നു. സന്ധ്യക്കാണ് ക്ഷേത്ര പറമ്പിന്റെ അരികിലൂടെ കുത്തിയോലിക്കുന്ന ആ കൈവഴിയുടെ അടുത്ത് നിന്നൊരു സ്ത്രീയുടെ ഒച്ചത്തിലുള്ള കരച്ചിൽ ഉയർന്നത്. കേട്ടവരെല്ലാം ബഹളത്തോടെ അങ്ങോട്ടേക്ക് അടുത്തു.
ഉത്സവം കാണാൻ വന്ന ഒരു കുടുംബത്തിലെ പത്ത് വയസ്സുള്ള ആൺകുട്ടി തന്റെ അച്ഛന്റെ കയ്യിലെ മൊബൈലിൽ ചിത്രം പകർത്തവെ കൈവഴിയിലെ ഒഴുക്കിൽ ഒലിച്ച് പോയിരിക്കുന്നു! അതിന്റെ അമ്മ ആ കരയിൽ മുട്ടുകുത്തിയിരുന്ന് നെഞ്ചത്തടിച്ച് നിലവിളിക്കുന്നു! മകനെ രക്ഷിക്കാൻ ഇറങ്ങിയ കുട്ടിയുടെ അച്ഛന്റെ കൂടെ ആ തോട്ടിലേക്ക് ചാടിയവരിൽ അയാളും ഉണ്ടായിരുന്നു.
ഇരുട്ട് വീണിട്ടും തിരച്ചിൽ തുടർന്നു. സർക്കാരിന്റെ നീന്തൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് എത്ര പരിശ്രമിച്ചിട്ടും തൊട്ടിലെ ഒഴുക്കിൽ വീണ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഒരു ആംബുലൻസ് വന്ന് ബോധം മറഞ്ഞ് വീണ കുട്ടിയുടെ അമ്മയെ കൊണ്ടുപോയപ്പോഴേക്കും ആ അച്ഛന്റെ ഊർജ്ജമെല്ലാം നഷ്ട്ടപ്പെട്ടിരുന്നു. തോട്ടിൻ കരയിൽ സർവ്വതും നഷ്ട്ടപ്പെട്ട് തലയിൽ കൈവെച്ച് അടിമുടി നനവ് ഒലിച്ചിരിക്കുന്ന അയാളെ കണ്ട എല്ലാ ഭക്ത ജനങ്ങളും ഒന്നടങ്കം വിങ്ങിപ്പൊട്ടി…
അപ്പോഴാണ്, മറുകരയിൽ നിന്ന് ചിലർ കുട്ടിയെ കണ്ടെത്തിയ ആഹ്ലാദം നിന്ന് ആർത്ത് കൂവിയത്. കിതച്ച് മറിയുന്ന ആ തോട് നീന്തി മുറിച്ച് കുട്ടിയുടെ അച്ഛനും മറ്റ് ചിലരും മറുകരയിൽ എത്തി. ഒരു കിലോമീറ്ററോളം മുന്നോട്ടേക്ക് ഓടുകയും ചെയ്തു. തുടക്കത്തിൽ തന്നെ തോട്ടിലേക്ക് എടുത്ത് ചാടിയ ആരോ ഒരാൾ കുട്ടിയെ രക്ഷിച്ച് കരയിലേക്ക് എത്തിച്ചിരിക്കുന്നു. തുടർന്ന് രണ്ട് പേരുടേയും ബോധം മറഞ്ഞതായിരിക്കണം…
അവർ അവിടെ എത്തുമ്പോഴേക്കും കുട്ടിയേയും, രക്ഷിച്ച ആളേയും നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് അവർ ആശുപത്രിയിലേക്ക് എത്തിച്ചേരുമ്പോൾ, ഉത്സവം കൂടാൻ വന്ന പാതി ജനങ്ങളും അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു.
ഭാഗ്യമെന്ന് തന്നെ പറയണം കുട്ടി അപകടനില തരണം ചെയ്തിരുന്നു. പക്ഷേ, രക്ഷിച്ച ആൾ ആശുപത്രിയിലേക്ക് എത്തും മുമ്പേ നിർഭാഗ്യമെന്നോണം മരിച്ചുപോയി!
ഉടൽ മുഴുവൻ പൊതിഞ്ഞ മരണത്തിന്റെ വെള്ളപ്പുതപ്പ് മാറ്റി അയാളുടെ മുഖം കണ്ട നാട്ടുകാരെല്ലാം മറ്റൊരു സങ്കടത്തിന്റെ തുരുത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു…
വൈകാതെ, മരണം രേഖപ്പെടുത്തിയ കടലാസ്സിൽ പേര് എഴുതാനുള്ള ഭാഗത്ത് പേനയുടെ മുനമ്പ് കുത്തിയൊരു നഴ്സ് വന്നു. കൂടിയവർ പരസ്പരം മുഖത്തോട്ട് മുഖം നോക്കുകയായിരുന്നു. ആർക്കും അയാളുടെ പേര് അറിയില്ലായെന്ന് പറയാതെ പറഞ്ഞുകൊണ്ട് ആ നാട്ടുകാരുടെ തല കുനിഞ്ഞു! അത് മനസിലാക്കിയ ആ നഴ്സ് വിട്ടഭാഗത്ത് തെളിഞ്ഞ് തന്നെ എഴുതി.
‘അൺ ക്നോൺ’…!!!