എടീ.. വല്ല പ്രേമവുമുണ്ടോയെന്ന് മലയാളത്തില് തന്നെയല്ലേ നിന്നോട് തുടക്കത്തിലേ ചോദിച്ചേ…? ഞങ്ങളെ പൊട്ടൻ കളിപ്പിച്ചിട്ട് ഇരുന്ന് ചിരിക്കുന്നോ…..

_lowlight _upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഭാവി വധുവിനെ കുറിച്ചുള്ള സങ്കൽപ്പം എന്താണെന്ന് ചോദിച്ച് മറുപടിക്കായി ഞാൻ കാത്തിരുന്നു.

‘വീടിന്റെ വിളക്കാകണം… എന്നേയും എന്റെ കുടുംബത്തെയും നന്നായി നോക്കണം. പിന്നേ… കുറച്ച് അടക്കവും ഒതുക്കവുമൊക്കെ…’

ഇരുന്നപ്പോൾ ചുളിഞ്ഞ ഷർട്ട്‌ കൈകൊണ്ട് തട്ടി മിനുക്കിയാണ് അത് പറയാനായി അയാൾ എഴുന്നേറ്റത്.

‘വിളക്കെന്ന് പറയുമ്പോൾ, എണ്ണയിട്ട് കiത്തിക്കുന്നതോ? അതോ, ആറ് വാട്സിന്റെ എൽ ഇ ഡിയോ…?’

എന്നെ പെണ്ണ് കാണാൻ വന്ന ആ മീശക്കാരൻ എഞ്ചിനീയർക്ക് എന്റെ മറുചോദ്യങ്ങൾ ഇഷ്ട്ടമായില്ല. പെണ്ണിന് അഹങ്കാരമാണെന്ന് ദല്ലാളിനോട് സൂചിപ്പിച്ചാണ് ആ കൂട്ടര് പോയത്. മറ്റ് കാര്യങ്ങൾ കൂടി കളിയാക്കലിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ഇതിലും കൂടുതൽ അലങ്കാരങ്ങൾ ഞാൻ കേൾക്കുമായിരുന്നു…

അല്ലെങ്കിലും, എനിക്ക് ഇതൊന്നും പുത്തരിയല്ല. ഒരു പൂങ്കലയോളം ആൺ തരികൾ തനിക്ക് പറ്റിയ ആളാണൊ ഇവളെന്ന് അറിയാൻ കുടംബസമേതം എന്റെ വീട്ടിലേക്ക് വന്നിട്ടുണ്ട്. എന്നിട്ട് എന്ത് കാര്യം! എന്റെ സങ്കൽപ്പത്തിലുള്ള ആള് മാത്രം വന്നില്ല. നിന്റെ ജീവിതം എന്റെ കൂടെ ജീവിച്ചോളൂവെന്ന് പറയാൻ വന്നവരിൽ ആർക്കും തോന്നിയുമില്ല.

‘എന്റെ മോളെ… ഇതിപ്പോ എത്രാമത്തേതെന്ന് വല്ല നിശ്ചയുണ്ടോ നിനക്ക്?’

അച്ഛനാണ് ചോദിച്ചത്. നിശ്ചയമില്ലെന്ന് പറഞ്ഞ് ഞാൻ ചിരിച്ചു. ഇവളോടൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്ന് പിറുപിറുത്ത് കൊണ്ട് അമ്മ നേരത്തേ രംഗം ഒഴിഞ്ഞിരുന്നു. ഇനിയൊരു പെണ്ണ് കാണൽ ചടങ്ങിനായി ഒരുങ്ങി കെട്ടില്ലായെന്ന് കഴിഞ്ഞവട്ടം ഞാൻ പറഞ്ഞതാണ്. ആരും കേട്ടില്ല. പിന്നെ കരുതി ഇതെങ്കിലും എനിക്കുള്ള ആളാകുമെന്ന്. സത്യം പറഞ്ഞാൽ മടുത്തു. പ്രേമിക്കാൻ കഴിവുണ്ടെങ്കിൽ അങ്ങനെയെങ്കിലും ശ്രമിക്കാമായിരുന്നു. ആരോട് പറയാൻ…! ഇരുപതാമത്തെ പ്രായം തൊട്ട് തുടങ്ങിയതാണ്. വിവാഹം ചെയ്തില്ലെങ്കിൽ ചത്തൊന്നും പോകില്ലല്ലോയെന്ന് പറഞ്ഞപ്പോൾ അച്ഛൻ ചിരിക്കുകയായിരുന്നു…

‘മറ്റാരും നിന്റെ മനസ്സിൽ ഇല്ലെന്ന് പറഞ്ഞത് സത്യം തന്നെയല്ലേ…?’

ചിരിയുടെ അവസാനത്തിൽ അച്ഛൻ ചോദിച്ചു. എന്തുകൊണ്ടോ ഇത്തവണ അച്ഛന്റെ ആ സംശയത്തിന് മറുപടിയായി കള്ളമായിരുന്നു എനിക്ക് പറയാൻ തോന്നിയത്.

‘എനിക്ക് ഒരാളെ ഇഷ്ട്ടമാണ് അച്ഛാ..’

എന്നും പറഞ്ഞ് ഞാൻ തല താഴ്ത്തി. മറുപടിയൊന്നും ഇല്ലല്ലോയെന്ന ചിന്തയിൽ തല ഉയർത്തുമ്പോഴേക്കും അച്ഛൻ എന്റെ മുന്നിൽ നിന്ന് പോയിരുന്നു. എല്ലാ സ്വാതന്ത്ര്യം നൽകി വളർത്തിയ ഒറ്റമോളാണ്. പലവട്ടം ചോദിച്ചിട്ടും എന്തേ പറഞ്ഞില്ലായെന്ന് അച്ഛൻ ചിന്തിക്കുന്നുണ്ടാകും. അങ്ങനെ ആരെങ്കിലുമുണ്ടെങ്കിൽ നമുക്ക് നടത്താമെന്ന് വരെ പറഞ്ഞതാണ്. ഇല്ലാത്ത ഒരാളെ ഞാൻ എവിടെ നിന്ന് കൊണ്ട് വരാനാണ്. ഒരു ഇഷ്ട്ടക്കാരൻ ഉണ്ടെന്ന് പറഞ്ഞാൽ ഈ പെണ്ണ് കാണൽ ചടങ്ങിൽ നിന്ന് തൽക്കാലം രക്ഷപ്പെടാമെന്നേ ആ നേരം ഞാൻ ചിന്തിച്ചിരുന്നുള്ളൂ…

‘എടീ.. വല്ല പ്രേമവുമുണ്ടോയെന്ന് മലയാളത്തില് തന്നെയല്ലേ നിന്നോട് തുടക്കത്തിലേ ചോദിച്ചേ…? ഞങ്ങളെ പൊട്ടൻ കളിപ്പിച്ചിട്ട് ഇരുന്ന് ചിരിക്കുന്നോ..! ആരാടി അവൻ…? എന്താണ് പേര്..?’

കട്ടിലിൽ വെറുതേ ഇരിക്കുന്നുണ്ടായ എന്റെ അടുത്തേക്ക് കലി തുള്ളി വന്ന അമ്മയുടെ ചോദ്യങ്ങളാണ്. അൽപ്പം ആലോചിച്ചതിന് ശേഷം ആദ്യം വായിൽ വന്ന പേര് തന്നെ ഞാൻ പറഞ്ഞു.

‘ഹേമന്ദ്…’

അത് കേട്ടപ്പോൾ അമ്മയ്ക്ക് സംശയം തോന്നിയിരുന്നുവോയെന്ന് ഞാൻ ചിന്തിച്ചിരുന്നു. ആരായാലും വീട്ടുകാരോടൊപ്പം വന്ന് സംസാരിക്കാൻ പറയൂയെന്നും പറഞ്ഞാണ് അമ്മ പോയത്. എന്ത് കൊണ്ടാണ് ഹേമന്ദ് എന്ന പേര് നാക്കിന്റെ തുമ്പത്ത് വന്നതെന്ന് ചോദിച്ചാൽ ഉത്തരം ലളിതമായിരുന്നു. വീണയെന്ന എന്റെ പേരിന് പകരം ഹേമയെന്ന് മതിയായിരുന്നുവെന്ന് പലപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട്. ആ പേര് ഹേമയിൽ നിന്ന് വന്നതാകാനേ വഴിയുള്ളൂ…

ഹേമന്ദ്! ഒരുപാട് കള്ളങ്ങൾ കൊണ്ട് മൂടാനുള്ള വരും കാല പ്രേമമായി ആ പേര് പതിയേ എന്റെ പ്രിയപ്പെട്ടതാകുകയായിരുന്നു. ഭാവി വരന് വേണ്ട സങ്കൽപ്പങ്ങളെല്ലാം നിറച്ച് മുഖമില്ലാത്ത ഒരു രൂപത്തെ തന്നെ ഞാൻ നിർമ്മിച്ചു. നിന്റെ ഹേമന്ദ് എന്ന് വരുമെന്ന ചോദ്യത്തിൽ മടുത്തിട്ടായിരിക്കണം അമ്മ പിന്മാറിയത്. അങ്ങനെ ഒരാൾ ഉണ്ടെന്ന് പറഞ്ഞതിൽ പിന്നെ അച്ഛൻ എന്നോട് മിണ്ടാറേയില്ല. ഓരോ സർട്ടിഫിക്കറ്റ് പഠനങ്ങളുമായി എന്റെ ജീവിതവും മുന്നോട്ട് പോയി…

എനിക്ക് വേണ്ട ആളെ നേരമാകുമ്പോൾ ഞാൻ തന്നെ കണ്ടുപിടിച്ചോളാമെന്ന് അച്ഛനോടും അമ്മയോടും പണ്ട് തൊട്ടേ ഞാൻ പറയാറുണ്ട്. എന്റെ ഇഷ്ട്ട ജീവിതം തടസ്സപ്പെടുത്താത്തയൊരു പുരുഷ പങ്കാളി കൂടെ വേണമെന്ന ആഗ്രഹമൊക്കെ എനിക്കുണ്ട്. അത് വിവാഹത്തിലൂടെ തന്നെ വേണമെന്ന നിർബന്ധമുള്ളത് കൂടി കൊണ്ടാണ് പെണ്ണ് കാണാൻ വരുന്നെന്ന് പറയുമ്പോൾ ഞാൻ ഇങ്ങനെ ഓരോ തവണയും ഒരുങ്ങുന്നത്.

കഴിഞ്ഞ ഏഴ് വർഷങ്ങളോളം നീണ്ടുപോയ എന്റെ ആണ് കാണൽ മഹാമഹത്തിൽ നിന്ന് ഒരാളുടെയും മുഖമോ ശബ്ദമോ എനിക്ക് ഇഷ്ട്ടപ്പെട്ടില്ല. തന്നെ പോലെ തന്റെ ഇണയുമൊരു വ്യക്തിയാണെന്ന ബോധമുള്ള പങ്കാളിയാണ് എനിക്ക് വേണ്ടത്. അത്തരം ആൾക്കാരുമായുള്ള തുടർജീവിതത്തിൽ നിന്ന് മാത്രമേ പരസ്പര ബഹുമാനവും, സ്നേഹവുമൊക്കെ അതിന്റെ ഏറ്റവും ഭംഗിയിൽ നിന്ന് നമുക്ക് അനുഭവിക്കാൻ സാധിക്കുകയുള്ളൂ. ഇതൊക്കെ കൊണ്ടായിരിക്കണം ഒരാളെ കണ്ടെത്താൻ എനിക്ക് ഇത്രയും ദുഷ്ക്കരമായി അനുഭവപ്പെടുന്നത്…

അന്ന്, അച്ഛന് നെഞ്ചുവേദന വന്ന ദിവസമായിരുന്നു. മൈനർ അറ്റാക്കായിരുന്നുവെന്ന് അറിഞ്ഞപ്പോൾ ഞാനും അമ്മയും വല്ലാതെ ഭയന്നുപോയി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് എത്തിയപ്പോൾ തന്നെ, തനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് അച്ഛൻ പറഞ്ഞു. മാസങ്ങൾക്ക് ശേഷം അന്നാണ് അച്ഛൻ എന്നോട് സംസാരിച്ചത്. മോള് പേടിച്ചോയെന്ന അച്ഛന്റെ ചോദ്യം കേട്ടപ്പോൾ തന്നെ ഞാൻ കരഞ്ഞുപോയി. അമ്മയും മൂക്ക് പിഴിഞ്ഞു. എന്റെ തലയിൽ തലോടുന്നത് വരെ അച്ഛനോട് ഞാനന്ന് മാപ്പ് പറഞ്ഞിരുന്നു…

‘നിന്റെ ഹേമന്ദ് കള്ളമായിരുന്നുവല്ലേ…?’

നാളുകൾക്ക് ശേഷമാണ് അച്ഛൻ ഈ ചോദ്യം ചോദിച്ചത്. അതേയെന്ന് പറയുമ്പോൾ എന്റെ നോട്ടം തറയിൽ ആയിരുന്നു. തങ്ങളുടെ കാലശേഷം മോൾക്ക് ആരുമില്ലാതായി പോകുമോയെന്ന് ഓർത്താണ് വിവാഹത്തിന് നിർബന്ധിപ്പിച്ചതെന്ന് അച്ഛൻ പറഞ്ഞു. എല്ലാം തികഞ്ഞ ഇണകളെ ആർക്കും കിട്ടാറില്ലായെന്ന് അമ്മയാണ് ചേർത്തത്. നാളെ ഒരാൾ എന്നെ കാണാൻ വരുന്നുണ്ടെന്ന് കൂടി അച്ഛൻ മൊഴിഞ്ഞു. ഒന്നിനും എനിക്ക് എതിർക്കാനായില്ല.

അമ്മയുടെ പക്ഷം വളരേ ശരിയാണെന്ന് എനിക്ക് മനസ്സിലാകുന്നു. എല്ലാം തികഞ്ഞയൊരു പങ്കാളി വരുമെന്ന് കരുതി കാത്തിരുന്നാൽ പട്ടട വരെ എത്താൻ സാധ്യതയുണ്ട്. ആരാണെങ്കിലും വരട്ടെ. എന്നെ ഇഷ്ട്ടമായാൽ മറ്റൊന്നും ചിന്തിക്കാതെയങ്ങ് സമ്മതിക്കുക തന്നെ… അല്ലെങ്കിലും, എത്ര ചികഞ്ഞാലും വെളിപ്പെടാത്തയൊരു അത്ഭുത ചെപ്പ് തന്നെയാണല്ലോ അപരനായ മനുഷ്യന്റെ മനസ്സ്…

പതിവിലും മനോഹരമായാണ് പിറ്റേന്ന് ഞാൻ ഒരുങ്ങിയത്. വന്നവർക്ക് ചായയും കടിയും ജൂസുമൊക്കെ വിതരണം ചെയ്തതിന് ശേഷം ഞാൻ ഹാളിലേക്ക് ചെന്നു. സംസാരിക്കാനുണ്ടെങ്കിൽ ആകാമെന്ന് ദല്ലാൾ പറഞ്ഞു. എങ്കിൽ മുറ്റത്തേക്ക് ഇറങ്ങാമെന്ന് ചെറുക്കൻ അഭിപ്രായപ്പെടുകയായിരുന്നു. അതെന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു.

‘വീണായെന്നല്ലേ പേര്…! പഠിക്കാൻ ഇഷ്ട്ടമാണല്ലേ…?’

മറുപടിയായി ഞാനൊന്ന് മൂളുക പോലും ചെയ്തില്ല. എന്തെങ്കിലുമൊക്കെ പറയൂയെന്ന് അയാൾ പറഞ്ഞപ്പോൾ, ഇതുവരെ വന്ന ഭൂരിഭാഗം പേരോടും ആവർത്തിച്ച ആ ചോദ്യം ഞാൻ ഉയർത്തി.

‘നിന്റെ ജീവിതം എന്റെ കൂടെ ജീവിച്ചോളുവെന്ന് പറയുന്ന ഒരുവൾ…!’

ഭാവി വധുവിനെ കുറിച്ച് അയാൾ പറഞ്ഞത് കേട്ടപ്പോൾ ആദ്യം ഞാൻ ഞെട്ടുകയായിരുന്നു! എന്റെ അതേ ശബ്ദം…. എല്ലാം തികഞ്ഞ ഒരാളെ പങ്കാളിയായി കിട്ടില്ലായെന്ന ബോധ്യത്തിൽ നിൽക്കുന്നത് കൊണ്ടായിരിക്കണം, എനിക്ക് ആ മനുഷ്യനോട് പ്രത്യേകമായൊരു താൽപ്പര്യം തോന്നിയത്. അതിലേറെ കൗതുകവും അനുഭവപ്പെട്ടു. അങ്ങനെ ഇഷ്ടത്തോടെ ഏറെനേരം ഞങ്ങളുടെ സംസാരം തുടർന്നിരുന്നു…

ഒടുവിൽ മുറ്റത്ത് നിന്ന് വീട്ടിനകത്തേക്ക് തന്നെ ഞങ്ങൾ തിരിച്ച് നടന്നു. പടികളിലേക്ക് കയറും മുമ്പേയാണ് നിങ്ങളുടെ പേരെന്താണെന്ന് ഞാൻ ചോദിക്കുന്നത്. തന്റെ കട്ടിയുള്ള പുരികങ്ങൾ ഉയർത്തിയാണ് തന്റെ പേര് അയാൾ പറഞ്ഞത്. കേട്ടപ്പോൾ ഒരു വസന്തകാലം മുഴുവൻ കൊണ്ടത് പോലെ എന്നിൽ രോമാഞ്ചം സംഭവിച്ചു. സങ്കൽപ്പത്തിനേക്കാളും മനോഹരമാണ് യാഥാർഥ്യമെന്ന് ജീവിതം പറയും പോലെയായിരുന്നു ആ ശബ്ദം എന്റെ കാതുകളിൽ പതിഞ്ഞത്…

‘ഹേമന്ദ്….!!!’

Leave a Reply

Your email address will not be published. Required fields are marked *