എഴുത്ത്:-സജി തൈപ്പറമ്പ് , (തൈപ്പറമ്പൻ)
നേരം വൈകിയത് കൊണ്ട് അവളോട് യാത്ര പറയാതെയാണ്, രാവിലെ വീട്ടിൽ നിന്നിറങ്ങിയത്, താമസിച്ച് ചെന്നാൽ അറ്റൻ്റൻസ് ഒപ്പിടാൻ സൂപ്രണ്ട് അനുവദിക്കില്ലെന്നറിയാവുന്നത് കൊണ്ട് പരമാവധി വേഗതയിലാണ് ഞാൻ
ബൈക്ക് ഓടിച്ചത്
കുറച്ച് ദൂരം കഴിഞ്ഞപ്പോൾ മഴപെയ്യാൻ തുടങ്ങി , നാ*ശം പിടിക്കാൻ ഈ നേരമില്ലാത്ത നേരത്താണ് ഒടുക്കത്തെ മഴയെന്ന് പറഞ്ഞ് കൊണ്ട്, തൊട്ടടുത്ത് കണ്ട കടയുടെ അരികിലേയ്ക്ക്, വണ്ടി ഒതുക്കി നിർത്തി വേഗം റെയിൻ കോട്ടെടുത്തിട്ടു.
വീണ്ടും ബൈക്കെടുത്ത് മുന്നോട്ട് പോകുമ്പോഴാണ് ,മൊബൈൽ റിങ്ങ് ചെയ്തത്, വിളിക്കുന്നവരുടെ പേര് പറയുന്ന രീതിയിൽ റിങ്ങ്ടോൺ സെറ്റ് ചെയ്ത് വച്ചിരിക്കുന്നത് കൊണ്ട് , അവളാണ് വിളിക്കുന്നതെന്നും ,നാസ്ത കഴിക്കാതെയും യാത്ര പറയാതെയും പോയതിൻ്റെ പരിഭവം പറയാനാണ് ആ വിളിയെന്നും മനസ്സിലായത് കൊണ്ട്, അവളുടെ കോള്‍ അറ്റൻ്റ് ചെയ്യാതെ ഞാൻ യാത്ര തുടർന്നു.
ഓഫീസിലെത്താൻ ഇനിയും ആറേഴ് കിലോമീറ്ററുണ്ട് ,ഇടയ്ക്കുള്ള തിരക്കേറിയ ടൗൺ കവറ് ചെയ്ത് വേണം പോകാൻ, എൻ്റെ കഷ്ടകാലത്തിന് ആ സമയത്ത്ത ന്നെ, ആന്ധ്രയിൽനിന്ന് അരിയുമായി വന്ന ഒരു ലോറി , ബ്രേക്ക്ഡൗണായിട്ട് റോഡ് മുഴുവൻ ബ്ളോക്കായി,
എങ്ങനേലും കു*ത്തിക്കയറ്റി പോകാമെന്നോർത്തപ്പോൾ വീണ്ടും ഫോണിലേയ്ക്ക് അവളുടെ കോള്‍ വരുന്നു, അത് അറ്റൻ്റ് ചെയ്യാൻ നിന്നാൽ, എനിക്ക് സമയത്ത് ഓഫീസിലെത്താൻ കഴിയില്ല,
അത് കൊണ്ട്, രണ്ടാമത് വന്ന കോളും അവോയിഡ് ചെയ്തിട്ട്, ട്രാഫിക് കുരുക്കിലൂടെ അതിസാഹസികമായി.ഞാൻ ടൗണ്‍ കടന്നു .
ഓഫീസിലെത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോൾ, പിന്നെയും അവളുടെ കോള്‍ വരുന്നതറിഞ്ഞ്, എൻ്റെ സകല നിയന്ത്രണവും വിട്ടു.
ഇവക്കിത് എന്നാത്തിൻ്റെ കേടാണ്?,.ഓഫീസിൽ ചെന്ന് , ഒപ്പിട്ടതിന് ശേഷം, അവളെ വിളിച്ച് ,നാല് ചീ*ത്ത പറയണമെന്ന് മനസ്സിലുറപ്പിച്ച് കൊണ്ട് ,കൃത്യം ഒൻപത് മുപ്പതിന് തന്നെ, ഞാൻ സൂപ്രണ്ടിൻ്റെ മുറിയിലേയ്ക്ക് , അഭിമാനത്തോടെ കയറി ചെന്നു, അദ്ദേഹം ഇന്നെങ്കിലും സന്തോഷത്തോടെ എന്നെ നോക്കി പുഞ്ചിരിക്കുമെന്ന് കരുതി,ഗുഡ് മോണിംഗ് പറഞ്ഞിട്ട് ,ഒപ്പിടാനായി അറ്റൻ്റൻ്റ്സ് ബുക്കെടുത്തു.
ങ്ഹാ എത്തിയോ ? ഇന്നെങ്കിലും ആ ഫയല്‍ ഫിനിഷ് ചെയ്ത് കൊണ്ട് വന്നിട്ടുണ്ടോ?
അങ്ങേരെന്നോട് പുശ്ചത്തോടെ ചോദിച്ചപ്പോൾ, മറുപടി പറയാതെ , ഫിനിഷ് ചെയ്ത ഫയല്‍ , മേശപ്പുറത്തേയ്ക്ക് ഇട്ട് കൊടുത്ത് ,എൻ്റെ പ്രതിഷേധം അറിക്കാനാണ്, ഞാൻ ,തോളിൽ തൂക്കിയിരുന്ന ബാഗിൻ്റെ സിബ്ബ് തുറന്നത്.
അതിലേയ്ക്ക് കൈയ്യിട്ടപ്പോൾ സംശയം തോന്നിയത് കൊണ്ടാണ് ,തോളിൽ നിന്നും ബാഗൂരി ഞാൻ മേശപ്പുറത്തേയ്ക്ക് വച്ചത്.
ഈശ്വരാ ,,,ചതിച്ചോ?,,
ബാഗ് മാറിയതറിഞ്ഞ് , ഞാൻ പകച്ചു പോയി.
മോൻ്റെ നോട്ട് ബുക്കും കൈയ്യിൽ പിടിച്ച് നില്ക്കുന്ന എന്നെ കണ്ടപ്പോൾ അങ്ങേരുടെ മുഖത്ത്, തെളിഞ്ഞ പരിഹാസം എൻ്റെ തൊലിയുരിച്ച് കളഞ്ഞു.
എടോ, തനിക്കൊക്കെ ഇനി എന്നാടോ ഇത്തിരിയെങ്കിലും റെസ്പോൺസിബിലിറ്റി ഉണ്ടാകുന്നത്? സ്കൂൾ ബാഗും കൊണ്ട് താനെന്താ വീണ്ടും പഠിക്കാൻ പോകുന്നോ?ഒന്നോർത്താൽ അതാണ് നല്ലത് , ഒന്നുകൂടെ പോയി പഠിച്ച് അറിവും വിവരവും വച്ചിട്ട് ജോലിക്ക് വരുന്നതാവും ഉത്തമം
അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ എന്ന് മനസ്സിൽ ചോദിച്ച് കൊണ്ട് തലകുനിച്ചിട്ട് ഞാനവിടുന്നിറങ്ങി
വല്ലാതെ നാണം കെട്ട് പോയ ഞാൻ വിഷമത്തോടെ സീറ്റിൽ വന്നിരിക്കുമ്പോഴാണ് വീണ്ടും അവളുടെ കോള്‍ വരുന്നത്
ദേഷ്യം കൊണ്ട് എൻ്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.
ആ കോള്‍ അറ്റൻ്റ് ചെയ്തിട്ട് ,പരിസരം മറന്ന് ഞാൻ , അവളോട് ഷൗട്ട് ചെയ്തു
എല്ലാം കേട്ട് കഴിഞ്ഞാണ്, അവളെന്നോട്, തുടർച്ചയായി വിളിച്ച് കൊണ്ടിരുന്ന കാര്യം പറഞ്ഞത്.
നിങ്ങള്‍ ബാഗ് മാറിയാണല്ലേ കൊണ്ട് പോയത് ?ഇന്നലെ കിടക്കുമ്പോൾ എന്നോട് പറഞ്ഞതല്ലേ? ഫയല്‍ കൊണ്ട് പോകുന്ന കാര്യം ഓർമ്മിപ്പിക്കണമെന്ന് ? ഇല്ലേൽ സൂപ്രണ്ട് വഴക്ക് പറയുമെന്നും നാണം കൊടുത്തുമെന്നുമൊക്കെ നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത്? അത് കൊണ്ടല്ലേ? ബാഗ് മാറിയ കാര്യം പറയാൻ ഞാൻ നിങ്ങളെ തുടർച്ചയായി വിളിച്ചോണ്ടിരുന്നത് ?
അത് കേട്ട് ഞാൻ ഐസ് പോലെ തണുത്ത് പോയി.
പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ട് ഇനി അവളോട് മാപ്പ് പറഞ്ഞിട്ടെന്ത് കാര്യം , അവളുടെ മനസ്സിലേറ്റ മുറിവുണങ്ങാൻ കുറച്ച് ദിവസങ്ങൾ തന്നെ വേണ്ടി വരും ,
അത് വരെ ,തലക്കാലം പുറത്തൂന്ന്ഭ ക്ഷണം കഴിക്കുന്നതാണ് നല്ലത്തതെന്ന് എനിയ്ക്ക് തോന്നി.
അതോടെ ഞാൻ ,പുതിയൊരു പാഠം പഠിച്ചു. ഒരു ഫോൺ കോളും നിസ്സാരമായി കണ്ട് അവഗണിക്കരുത് ,ആ ഒരു കോളിന് ,ഒരു ജീവൻ്റെ ,അല്ലെങ്കിൽ ഒരാളുടെ നിലനില്പിൻ്റെയൊക്കെ , വിലയുണ്ടാവാം🙏