എഴുത്ത്:-നൗഫു
“അലീ…
അപ്പുറത്തെ ആയിഷുമ്മ വന്നിരിക്കുന്നു നിന്നെ കാണാൻ..”
വിദേശത്തുനിന്നും രാത്രി പന്ത്രണ്ട് മണിക്ക് സർപ്രൈസ് ആയി എത്തി.. വീട്ടുകാരെ എല്ലാം ഞെട്ടിച്ചു ഞെട്ടിക്കൽ ഉറക്കവും കൊടുത്തു നാലു നാലര ആയപ്പോൾ ആയിരുന്നു ഒന്നുറങ്ങിയത് തന്നെ..
വീട്ടുകാർ എന്ന് പറയാൻ ഏറെ ആരുമില്ല.. ഉമ്മ മാത്രം വീട്ടിൽ.. ആകെയുള്ള കൂടെപ്പിറപ്പായ ഇത്ത ഒത്തിരി ദൂരെയാണ്…വിവാഹവും കഴിഞ്ഞു ഭർത്താവിനോടൊപ്പം..
വന്നതിന്റെ ക്ഷീണവും ഉറക്കവും കാരണം നേരത്തിനു എഴുന്നേൽ ക്കേണ്ടതില്ലാത്തത് കൊണ്ട് തന്നെ സമാധാനത്തോടെ ഉറങ്ങുമ്പോൾ ആയിരുന്നു ഉമ്മ വാതിൽ തുറന്നു വന്നു കുലുക്കി വിളിക്കാൻ തുടങ്ങിയത്..
“എന്താണുമ്മ..
ഒന്നു സമാധാനത്തോടെ ഉറങ്ങുന്നത് തന്നെ ഒന്നൊന്നര കൊല്ലത്തിനു ശേഷമാണ്..”
ഉറക്ക പിച്ചിൽ ആയിരുന്നു പറഞ്ഞതെങ്കിലും ഉമ്മ വീണ്ടും വിളിച്ചു കൊണ്ട് പറഞ്ഞു..
“ടാ..
ആയിഷുമ്മ വന്നിട്ടുണ്ട്..
അവർക്കൊന്ന് നിന്നെ കാണണം ന്ന്…”
“ഓ പ,ണ്ടാറടങ്ങാനായി…
രാവിലെ തന്നെ വന്നോ…
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഒരഞ്ഞൂറു രൂപ കൊടുത്തിരുന്നു..
ഇന്നും അത് പോലെ എന്തിനേലും ആയിരിക്കും വന്നിരിക്കുന്നെ..
അല്ല ആരാ ഞാൻ വന്നിട്ടുണ്ടന്ന് തള്ളയോട് പറഞ്ഞെ.. “
ഉറക്കം പോയ ദേഷ്യത്തിൽ കട്ടിൽ എഴുന്നേറ്റിരുന്ന് മുന്നിൽ നിൽക്കുന്ന ഉമ്മയോട് ഞാൻ ചൂടായികൊണ്ട് തന്നെ ചോദിച്ചു..
ഉമ്മ എന്റെ ദേഷ്യം കണ്ടതും ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുക യായിരുന്നു..
“ഇതാ..
ഇതിൽ നിന്നും എത്രയാ വേണ്ടതെന്ന് വെച്ചാൽ എടുത്തു കൊടുത്തേക്കൂ..
അതിനാവുമല്ലോ നേരം വെളുക്കുന്നതിന് മുമ്പ് കുറ്റിയും പറിച്ചു വരുന്നത്…
അല്ലാതെ എന്നെ കാണാൻ ഒന്നുമായിരിക്കില്ല..
ടിപ്പിക്കൽ പ്രവാസിയെ കാണാൻ അന്ന് തന്നെ ആരെങ്കിലും വരുന്നത് തന്നെ ഒന്നേൽ സഹായം അല്ലേൽ lic..
ഇതിൽ രണ്ടു പേരായിരിക്കും…”
മുണ്ടും വാരി ചുറ്റി.. തലയിണക്കടിയിലെ പെയ്സ് ഉമ്മാക് എടുത്തു കൊണ്ട് പറഞ്ഞു..
അതിന്റെ ബാക്കിപത്ര മെന്നോണം ബാത്റൂമിൽ കയറി വാതിൽ ഉച്ചത്തിൽ അടച്ചത് അടുത്തുള്ള ആളുകൾ പോലും കേട്ടിട്ടുണ്ടായിരിക്കണം…
“ഞാൻ അലി.. അലി ഹുസൈൻ… നാട്ടിൽ.. അല്ലേൽ വേണ്ട അറിയുന്നവർ ആരേലും വായിച്ചാൽ ത,ന്തക് വിളിക്കും…
പല്ലും വായ യും കഴുകി ഒന്ന് വാഷ് ചെയ്തു ഹാളിലേക്കു ഇറങ്ങി..
വിശപ്പ് ഉണ്ടായിരുന്നെങ്കിലും മേശയിലെ എന്റെ പെയ്സിൽ ആയിരുന്നു എന്റെ കണ്ണുകൾ ഉടക്കിയത്…
“അള്ളോ..
ഇനി അതിൽ നിന്നും ഉമ്മ എത്ര എടുത്തു കൊടുത്തോ ആവോ.. ഒരു പരോപകാരിയാണേ..
ഞാൻ പെട്ടന്ന് തന്നെ പെയ്സ് എടുത്തു നോക്കി..
ആയിരം റിയാൽ എയർപോർട്ടിൽ നിന്നും മാറി അതിൽ തന്നെ ആയിരുന്നു വെച്ചിരുന്നത്..
ഇല്ല..
അതിൽ നിന്നും ഒരു രൂപ പോലും ഉമ്മ എടുത്തിട്ടില്ലായിരുന്നു..”
“ഉമ്മാ..
ഉമ്മാ.. “
ഉമ്മാനെ വിളിച്ചു ഞാൻ വേഗത്തിൽ അടുക്കളയിലേക് കയറി..
“ഉമ്മാ ചായ..”
ഉമ്മ എന്നോട് ഒരു വാക് പോലും മിണ്ടാതെ ചായ എടുത്തു തന്നു… മുഖം കടന്നല് കു,ത്തിയത് പോലെ ആയിരുന്നു..
“എന്തെ.. ഇങ്ങക്ക് ഒരു ദേഷ്യം..
ഇങ്ങള് പൈസ കൊടുത്തില്ലേ ആയിഷുമ്മാക്..
ഓ ഞാൻ അങ്ങനെ പറഞ്ഞതോണ്ട് ആണോ..
ഉറക്കം പോയ ദേഷ്യത്തോണ്ട് അല്ലെ.. ഉമ്മാ..
ഇങ്ങക്ക് അറിയില്ലേ അവിടുത്തെ പണി..
സുബുഹിക്ക് ഇറങ്ങാൻ നാലു മണിക്ക് മുമ്പ് എഴുന്നേൽക്കണം.. എന്നിട്ടോ വരുന്നത് രാത്രി പത്തു മണിക്ക്..
അതിനിടയിൽ നാലോ അഞ്ചോ മണിക്കൂർ കിട്ടിയാലായി..
ഇന്ന് കുറച്ചു നേരം ഉറങ്ങാനായിട്ടാണ് കിടന്നത് തന്നെ അപ്പോഴാ ഉമ്മയുടെ വിളി..”
അതും പറഞ്ഞു..
ഞാൻ ഉമ്മയെ എന്റെ അടുത്ത് പിടിച്ചു നിർത്തി ഉമ്മയുടെ മുഖത്തേക്ക് നോക്കിയതും ആ കണ്ണുകൾ രണ്ടും കലങ്ങി നിറഞ്ഞു തുടങ്ങിയിരുന്നു..
“ഉമ്മാ”..
ഉമ്മാന്റെ കണ്ണു നിറഞ്ഞത് കണ്ടതും ഞാൻ വിളിച്ചു..
ഉമ്മ എന്നെ അത് കാണിക്കാതെ ഇരിക്കാൻ എന്നോണം ഷാൾ എടുത്തു കണ്ണ് തുടച്ചു..
ഉമ്മയുടെ രണ്ടു കയ്യും പിടിച്ചു ഒരു ക്ഷമാപണം എന്നോണം ഞാൻ വാക്കുകൾ കിട്ടാതെ ഇരുന്നു..
“എന്നോടല്ല..
ക്ഷമിക്കാൻ പറയേണ്ടത്..
നീ നേരത്തെ ത,ള്ളയോന്നും തെ,ണ്ടനായി വരുന്നവളെന്നും വിളിച്ചില്ലേ അവരോടാണ്..
നിനക്കറിയോ..
നിന്റെ ഉപ്പ നിന്നെയും നിന്റെ താത്തയെയും ഏൽപ്പിച്ചു പോയതിൽ പിന്നെ അവരെ ഉണ്ടായിരുന്നുള്ളു..
ഈയുള്ളവൾക് ഇപ്പോഴും അവരെ ഉള്ളു എന്തേലും മിണ്ടി പറയാൻ..
അവർക്കിപ്പോൾ നിന്റെ പൈസയൊന്നും വേണ്ടാ..
നീ വന്നപ്പോൾ രാവിലെ തന്നെ ഞാൻ അവരെ ഏല്പിച്ച ഒരു ഗ്ലാസ് പശുവിന് പാൽ തരാൻ വന്നതായിരുന്നു നേരത്തെ..
അപ്പോഴാണ് നീ വന്നത് ഞാൻ പറഞ്ഞത്..
അവർക്ക് നിന്നെന്ന് വെച്ചാൽ ജീവനാണ്..
എന്നും ചോദിക്കും നീ വിളിച്ചിരുന്നോ നിനക്ക് സുഖല്ലേന്നൊക്കോ.. നിന്നെ കാണാൻ പൂതിയായി എന്നൊക്കോ പറയും ഇടക്ക്.. മക്കളില്ലാത്തല്ലേ അവർക്ക്…
ഒന്ന് കണ്ടിട്ട് പൊയ്ക്കോളൂ ഇത്താ എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞതാ മോൻ ക്ഷീണിച്ചു ഉറങ്ങാവുമെന്ന്..
അവരൊക്കൊ നമുക്ക് കൂടപ്പിറപ്പുകൾ അല്ലേടാ..
പക്ഷെ നിന്റെ മനസ് നിന്നിലേക്ക് മാത്രം ചുരുങ്ങിയത് ഞാൻ അറിഞ്ഞില്ല..
നീ ചാടി കളിച്ചു പറഞ്ഞത് മുഴുവൻ അവർ കേട്ടു..
ഒന്നും മിണ്ടാൻ പറ്റാതെയാ പോയത് ഇവിടെ നിന്നും..”
“ഉമ്മ പറഞ്ഞത് കേട്ടപ്പോൾ കാലങ്ങൾ പുറകിലേക്ക് പോയി എന്റെ മനസ്..
ആ ഒരു സമയത്തെ ഒരു വാക് കൊണ്ട് ഞാൻ എന്നെ തന്നെ ശപിക്കുന്നത് പോലെ..
അവരുടെ വീട്ടിൽ കയറി ചെല്ലുന്നതും അവരോട് ചോദിക്കാതെ തന്നെ അവർ ഉണ്ടാക്കിയതിൽ നിന്നും എടുത്തു തിന്നുന്നതും, അവർ എനിക്കായ് ചായ ഉണ്ടാക്കി കൊണ്ട് വരുന്നതും അങ്ങനെ പലതും.. “
“ചായ കുടിച് അടുക്കള വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി..
വാതിൽ തുറക്കുന്നത് തന്നെ ആയിഷുമ്മയുടെ പുറകിലേ തൊടിയിലേക് ആണ്…
അവിടെ നിന്നും നോക്കിയാൽ ആയിഷുമ്മയുടെ വീട് കാണാം…
അവിടെ തന്നെ ആയിരുന്നു ആയിഷുമ്മയുടെ തൊഴുത്തും…
പുറകിലെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ആയിരുന്നു..
തൊഴുത്തിൽ നിന്ന് ഒരാൾ എഴുന്നേറ്റു നിൽക്കുന്നത് കണ്ടത്..
എന്നെ കണ്ടതും അവർ എന്നെ തന്നെ നോക്കി നിന്നു..
ഒത്തിരി മടിച്ചിട്ടാണേലും ഞാൻ അവരുടെ അടുത്തേക്ക് നടന്നു..
പശു വിനുള്ള കാടി വെള്ളം കലക്കി കൊടുക്കുന്ന സമയത്തായത് കൊണ്ടാണെന്നു തോന്നുന്നു അവർ കൈ തോളിൽ ഉണ്ടായിരുന്ന തോർത്ത് മുണ്ടിൽ തുടച്ചു ..
“അലിയോ..
വാ.. “
തെല്ലും പരിഭവമില്ലാതെ ആയിരുന്നു അവർ എന്നെ അരികിലേക് വിളിച്ചത്..
പക്ഷെ അവരുടെ കണ്ണുകൾ ചുവന്നിരുന്നു.. നേരത്തെ കരഞ്ഞു എന്നതിനുള്ള തെളിവെന്നോണം…
“വാടാ..”
പണ്ടെന്നേ വിളിക്കുന്നത് പോലെ തന്നെ അവർ വീണ്ടും കൈ കാട്ടി അരികിലേക് വിളിച്ചു..
തെല്ലു ജാള്യതയിൽ അവർക്ക് അരികിലേക് ഞാൻ നടക്കുമ്പോൾ ആയിരുന്നു അവർ പറഞ്ഞത്.
“എനിക്ക് ദേഷ്യമൊന്നും ഇല്ലാട്ടോ..
നീ പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ എന്തോ ഒരു ഇടങ്ങേറ് പോലെ ഉണ്ടായി..
അതാ ഉമ്മയോട് പോലും ഒന്നും പറയാതെ വന്നത്..
ഞാൻ നിന്നെ കാണാൻ വന്നത് പൈസക്ക് വേണ്ടിയൊന്നും അല്ലടാ ..
നീയെന്റെ മോനല്ലേ…
ഈ കാണുന്ന മക്കളെ കണ്ടോ നീ….
നിന്റെ ഉമ്മ വാങ്ങിച്ചു തന്നതാ ഞാൻ ആരുടേയും മുന്നിൽ പോയി കൈ നീട്ടി ഇരക്കാതെ ഇരിക്കാൻ വേണ്ടി..
അതും നിന്റെ പൈസയാണെന്ന് എനിക്കറിയാം..
മോൻ വന്നെന്നു ഉമ്മ പറഞ്ഞപ്പോൾ എനിക്ക് കാണാൻ ഒന്ന് പൂതിയായി..
അതാ ഉമ്മാനോട് വേണ്ടെന്ന് ഞാൻ തന്നെ പറഞ്ഞിട്ടും അവിടെ തന്നെ നിന്നത്..
അല്ലാതെ.. “
“ആയിഷുമ്മ അതും പറഞ്ഞു നിലത്തേക് നോക്കിയതും ആരും കൂട്ടിനില്ലാത്ത ആ പാവം ഉമ്മയുടെ കൈ ഞാൻ പിടിച്ചു..
എന്നോട് പൊറുക്കണേ എന്ന് പറയാനായി ചുണ്ടുകൾ ചലിക്കാൻ തുടങ്ങിയതും അവർ എന്റെ കൈകൾ വിടുവിച്ചു എന്റെ ചുണ്ടിൽ വിരൽ വെച്ചു..
വേണ്ടാ.. എന്നോട് ഒന്നും പറയണ്ട.. നീയെന്നോട് പൊറുക്കാൻ പറഞ്ഞാൽ അതെനിക്ക് കൂടുതൽ സങ്കടമാവും..
എനിക്കെങ്ങനെയാ എന്റെ മോനെ വെറുക്കാൻ കഴിയാ ശപിക്കാൻ കഴിയുക..
അവർ പറഞ്ഞതും എന്റെ കണ്ണുകൾ ചാലിട്ട പോലെ ഒഴുകി..
എന്റെ ഉമ്മ തന്നെയാണ് ഇവരെന്ന പോലെ..”
☆☆☆☆☆☆☆☆

