തുടർന്ന് എന്താണ് നടക്കാൻ പോകുന്നതെന്ന് ആ പിതാവിന് അറിയാം. അയാൾ തല കുനിച്ചുകൊണ്ട് തന്റെ കസേരയിൽ കൂനിയിരുന്നു. പ്രതീക്ഷിച്ചത് പോലെ വിലാസിനി…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

നാട് വിട്ടുപോയ മകൻ വരുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ വിലാസിനിക്ക് ഒന്നിനും നേരമില്ല. അവളുടെ സന്തോഷവും പ്രസരിപ്പുമൊക്കെ കാണേണ്ടത് തന്നെയാണ്.

അന്ന്, എട്ടിൽ തോറ്റതിന്റെ വിഷമത്തിലായിരിക്കണം ചെക്കൻ ആരോടും പറയാതെ ഒറ്റ പൊക്കങ്ങ് പോയത്. അതിനുശേഷം അവനെ ആരും കണ്ടിട്ടില്ല.

ലോകത്തോളം നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം തന്റെ മകൻ തിരിച്ച് വരുന്നു. ഈ കാലമത്രയും താൻ ഒഴുക്കിയ കണ്ണീർ തടത്തിലൊരു പ്രതീക്ഷയുടെ പച്ചയുടുപ്പിട്ട കര ഉയർന്നിരിക്കുന്നു. വിലാസിനിക്ക് അതിൽപ്പരം മറ്റൊന്നും വേണ്ടിയിരുന്നില്ല.

എന്നാൽ മകൻ വരുന്നെന്ന് പറഞ്ഞിട്ടും, അവന് ഇഷ്ട്ടമുള്ള പ്രഥമനുമുണ്ടാക്കി കാത്തിരിക്കുന്ന വിലാസിനിയുടെ ആഹ്ലാദം കണ്ടിട്ടും, ആ പിതാവിലൊരു ഉത്സാഹവുമില്ല. അയാളൊരു കരിമ്പനടിച്ച തോർത്തുമുണ്ട് പോലെ ആ കസേരയിൽ കൂനിയിരിപ്പാണ്.

‘ഓന് മീശ വന്നിറ്റ്ണ്ടാകുല്ലേ..!?’

വിലാസിനി ചോദിച്ചു. അയാൾ തറയിൽ നിന്ന് കണ്ണെടുക്കാതെയാണ് പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞത്.

“ഉം…! ഇണ്ടാകും…!”

‘ഓൻ തടിച്ചിറ്റ്ണ്ടാകോ…!? ചുരുള മുടിയൊക്കെ നിവർന്നിറ്റ്ണ്ടാകോ..!? ഭാഷ മറന്നിറ്റ്ണ്ടാകോ..!? നിങ്ങള് കവലയില് പോയി നിക്ക് മനുഷ്യാ.. മോന് വഴി തെറ്റിയാലോ…!’

വിലാസിനി തന്റെ ആത്മസംഘർഷങ്ങളെല്ലാം പിറുപിറുത്തുകൊണ്ട് അയാളെ കവലയിലേക്ക് ഉന്തി പറഞ്ഞയക്കുകയാണ്. തോളത്തൊരു നരച്ച തോർത്ത് മടക്കിയിട്ട് മടിയോടെ അയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. കാഴ്ച്ചയിൽ നിന്ന് മറയുന്നത് വരെ ഉമ്മറത്തെ തൂണിൽ ചാരി വിലാസിനിയത് നോക്കി നിന്നിരുന്നു.

നേരം ഉച്ച കഴിഞ്ഞു. മകനും വഴിതെറ്റാതെ അവനെ കൊണ്ടുവരാൻ പോയ അവന്റെ അച്ഛനും വന്നില്ല. പകല് തീരാറായി എന്ന് സൂര്യൻ പറഞ്ഞ് തുടങ്ങുന്ന മങ്ങിയ സായാഹ്നത്തിലും വിലാസിനിയുടെ മുഖം നിരാശയുടെ കറുപ്പിൽ മുങ്ങി. മകനെ ഓർത്ത് അവൾ വിങ്ങിപ്പൊട്ടി.

എന്താണവർ വരാത്തതെന്ന് ചിന്തിച്ച് ഉമ്മറത്ത് അങ്ങോട്ടുമിങ്ങോട്ടുമായി വിലാസിനി നടക്കുകയാണ്. മോൻ എത്രവട്ടം അവന്റെ അച്ഛന്റെ പുറത്ത് വലിഞ്ഞുകയറി ആന കളിച്ച ഉമ്മറമാണിത്! എത്രവട്ടം ഈ പടവുകളിൽ തട്ടി വീണ് അവന്റെ മുട്ട് പൊട്ടിയിരിക്കുന്നു! തൊടിയിലെ പ്ലാത്തിമരവും ഊഞ്ഞാലുമൊക്കെ അവൻ മറന്നുകാണുമോ? മോൻ എത്തിയാൽ എല്ലാം ചോദിക്കണം. അവൻ മറന്നതെല്ലാം ഓർമിപ്പിക്കണം. അവനെയൊരിക്കലും ഇനി തിരിച്ച് പോകാൻ അനുവദിക്കരുത്…

വിലാസിനിയുടെ ചിന്താമണ്ഡലം മകന്റെ ഓർമ്മകളിൽ വിങ്ങിയാടുകയാണ്. അതിനൊരു തീർപ്പെന്ന നിലയിലാണ് ആ പിതാവ് ഉമ്മറത്തേക്ക് കയറി വന്നത്. അവളുടെ കണ്ണുകൾ പരക്കം പാഞ്ഞു. വിലാസിനി എന്തെങ്കിലും ചോദിക്കും മുമ്പേ അയാൾ തന്റെ കൈയ്യിലുണ്ടായിരുന്ന പൊതി മകൻ തന്നതാണെന്ന് പറഞ്ഞ് അവൾക്ക് കൊടുക്കുകയായിരുന്നു.

വിലാസിനിയത് ധൃതിയിൽ തുറന്ന് നോക്കി. കഴിഞ്ഞ വട്ടം മോൻ കൊടുത്തയച്ച അതേ കസവുപട്ട് ആയിരുന്നുവതിൽ…

തുടർന്ന് എന്താണ് നടക്കാൻ പോകുന്നതെന്ന് ആ പിതാവിന് അറിയാം. അയാൾ തല കുനിച്ചുകൊണ്ട് തന്റെ കസേരയിൽ കൂനിയിരുന്നു. പ്രതീക്ഷിച്ചത് പോലെ വിലാസിനി ആ കസവെടുത്ത് മുറ്റത്തേക്ക് ഒരേറങ്ങ് കൊടുത്തു. ഓമനയോടെ ഉള്ളിൽ ഓർത്തോർത്ത് നിറച്ച മകനെ അവൾ ശപിച്ചു. താൻ മരിച്ചാൽ പോലും അവനെ ഇങ്ങോട്ട് കയറ്റരുതെന്ന് അയാൾ കേൾക്കാൻ പാകം അവൾ വളരേ ദേഷ്യത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു…

അല്ലെങ്കിലും, ചില ദേഷ്യങ്ങളും ശാപ വാക്കുകളുമെല്ലാം തീവ്രമായ സങ്കടത്തിന്റെ പ്രകടന പത്രിക ആകാറുണ്ടല്ലോ..

വിലാസിനിയുടെ ശബ്ദം നിന്നു. ആ പിതാവ് എഴുന്നേറ്റില്ല. കട്ടിലിൽ കമിഴ്ന്ന് കിടന്ന് തലയിണയിൽ മുഖം പൂiഴ്ത്തി അവൾ കരയുകയായിരിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു. നിറഞ്ഞ് തുടങ്ങിയ തന്റെ കണ്ണുകൾ തുടച്ച് അയാൾ അൽപ്പം തലയുയർത്തി വിദൂരതയിലേക്ക് നോക്കി.

നാട് വിട്ടുപോയ മകനെ അന്ന് തന്നെ തീവണ്ടിപ്പാളത്തിൽ ഉiടൽ വേiർപെട്ട് നിലയിൽ തിരികേ ലഭിച്ചിരുന്നു. കിട്ടിയെതെല്ലാം വാരിക്കൂട്ടി തൊടിയിലെ അവന്റെ ഊഞ്ഞാലാടുന്ന പ്ലാത്തിമരത്തിനരികിൽ അടക്കം ചെയ്തതൊന്നും വിലാസിനിക്ക് അറിയില്ല. മകനെ കാണാതായെന്ന് അറിഞ്ഞ നിമിഷം തൊട്ട് പത്തോളം നാളുകൾ അവൾക്ക് ബോധമില്ലാത്ത ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ….

അതിന് ശേഷം വിലാസിനി ഇങ്ങനെയാണ്. ഏതെങ്കിലുമൊരു സുപ്രഭാതത്തിൽ മകൻ വരുന്നെന്ന് ഉറക്കെ പറഞ്ഞ് അവന് വേണ്ടി എല്ലാം ഒരുക്കും. ആ പിതാവ് അതൊക്കെ കണ്ട് കല്ലുപോലെ ആ കസേരയിൽ ഇരിക്കും. മകനെ കൊണ്ടുവരാൻ വിലാസിനി അയാളെ ഉന്തി പറഞ്ഞയക്കുമ്പോൾ അവൾക്കൊരു കസവു വാങ്ങാനുള്ള പണവും ആ മനുഷ്യൻ കരുതാറുണ്ട്. ആദ്യകാലമൊക്കെ അവളത് വാങ്ങി സമാധാനിക്കാറുണ്ടായിരുന്നു. പക്ഷേ, ഈയിടയായി ഇങ്ങനെയാണ്…

ഒരു കാര്യം കൂടി ചേർത്ത് കൊണ്ട് നിർത്തുകയാണ്. തന്റെ മകനെ തേടിയുള്ള പോക്കുവരവിൽ ആ പിതാവ് പറമ്പിലെ പ്ലാത്തിമരത്തിന്റെ ഭാഗത്തേക്ക് നോക്കാറേയില്ല…!!!

Leave a Reply

Your email address will not be published. Required fields are marked *