തുടർന്ന് പരസ്പരം  നമ്പർ കൈമാറി കുറച്ചുകൂടി ആഴത്തിലുള്ള സംസാരത്തിലേക്ക് ഞങ്ങൾ കടന്നു. പൂത്തുലയാൻ വെമ്പുന്ന ശരീരത്തിന്റെ മനസ്സിൽ അയാൾ ഇടം പിടിക്കുകയും ചെയ്തു……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചപ്പോൾ മെസ്സഞ്ചറിൽ വന്ന് ഹായ് എന്ന് മുട്ടി. മിണ്ടാൻ തുടങ്ങിയപ്പോൾ ചെറുക്കന് എന്റെ ഫോൺ നമ്പർ വേണം. കൊടുത്തപ്പോൾ വിളിച്ചു. മൂന്ന് മണിക്കൂറോളം സംസാരിച്ചു. ഒരു പ്രേമ ബന്ധത്തിലേക്ക് വീഴാനുള്ള എല്ലാ സാഹചര്യത്തിലും നിന്നിരുന്ന ഞാൻ അവന്റെ പഞ്ചാരവാർത്തമാനത്തിൽ കമിഴ്ന്നടിച്ച് വീണു.

നാളുകൾക്കുള്ളിൽ അവന്റെ മട്ടുമാറി. സോഷ്യൽ മീഡിയയിലെ എന്റെ സഞ്ചാരങ്ങളെ നിയന്ത്രിക്കാൻ അവൻ പാടുപെടുന്നത് പോലെ… രാത്രികാലങ്ങളിൽ എന്റെ തലയിൽ പച്ച വെളിച്ചം കത്തരുത് പോലും.. ഞാൻ അവനെ പച്ചക്ക് തെറിവിളിച്ചു. അതുകേട്ട് ഞെട്ടിത്തരിച്ച് നിന്ന അവനെ പിടിച്ച് ബ്ലോക്കുകയും ചെയ്തു.

ഈ മനുഷ്യൻമാരൊക്കെ എന്താണ് കരുതിയിരിക്കുന്നത്… സ്നേഹിക്കുന്നുവെന്ന് കരുതിയാൽ അനുസരിപ്പിച്ചോളൂവെന്ന് പറയുന്നത് പോലെയാണ് ബന്ധങ്ങളുടെ കിടപ്പ്.. എന്തിനും ഏതിനും ഒരു കൂട്ടുവേണമെന്ന ചിന്തയിൽ നിന്ന് പതിയേ പിൻവാങ്ങാൻ ഞാൻ ഒരുങ്ങി. അല്ലെങ്കിലും എല്ലായിടത്ത് നിന്നും പിൻവാങ്ങിയാണല്ലോ എനിക്ക് ശീലം..

വേണ്ടാ വേണ്ടാന്ന് പറിഞ്ഞിട്ടും പപ്പയും മമ്മയും എന്നെ പിടിച്ച് എനിക്ക് ഇതുവരെ പരിചയം പോലുമില്ലാത്ത ഒരാൾക്ക് കെട്ടിച്ച് കൊടുത്തതാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പ്രകൃതമായിരുന്നു അങ്ങേർക്ക്. എന്തിനും ഏതിനും എന്റെ നെഞ്ചത്തേക്ക് വരാൻ തുടങ്ങിയപ്പോൾ ഇസ്തിരിപ്പെട്ടികൊണ്ട് ഒരുനാൾ അങ്ങേരുടെ തലയ്ക്കിട്ട് എനിക്കൊന്ന് കൊടുക്കേണ്ടി വന്നു…

കുഞ്ഞുങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് പിന്നീടെല്ലാം വളരേ പെട്ടന്നായിരുന്നു. ഡിവോഴ്സെന്ന  സ്വാതന്ത്ര്യവുമായി ഞാൻ നാടുവിട്ട് നഗരത്തിലേക്ക് ചേക്കേറി. ജോലി നേടി.. പരാശ്രയമില്ലാതെ ജീവിക്കാൻ തുടങ്ങി.. ആ ഒറ്റയാൻ ജീവിതത്തിൽ ആശ്വാസമെന്നോണം ആൾക്കാരുമായി കൂട്ടുകൂടാനാണ് എനിക്ക് ഈ സോഷ്യൽ മീഡിയ. പലരേയും പരിചയപ്പെട്ടെങ്കിലും ചേർന്ന് അണയാൻ പാകം  ആരേയും ഞാൻ കണ്ടുമുട്ടിയില്ല.

പരിചയപ്പെട്ട് നടന്ന് തുടങ്ങുമ്പോഴേക്കും കൂടെ കൂടിയ ആൾക്കാരുടെ തനി സ്വഭാവം പുറത്ത് വരും. അവരെ തള്ളി താഴെയിട്ടോ വഴിയിൽ നിന്ന് വ്യതിചലിച്ചോ ഞാൻ രക്ഷപ്പെടുകയും ചെയ്യും. അറിഞ്ഞുകൊണ്ട് മറ്റൊരു അപകടത്തിലേക്ക് പോകരുതെന്ന മുൻകരുതൽ എന്റെ മനസ്സിൽ സദാസമയമുണ്ട്.

ആരുടെയെങ്കിലും നിയന്ത്രണത്തിൽ പെടുന്നതിനേക്കാളും നല്ലത് ആരുമില്ലാതെ ജീവിക്കുന്ന താണെന്ന് ആരോ എന്നോട് പറയുന്നത് പോലെ.. എന്നാലും തോളോട് തോൾ ചേരാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നുവെങ്കിലെന്നും ജീവൻ ആഗ്രഹിക്കുന്നു. ആളൊഴിഞ്ഞ മൈതാനം പോലെ ജീവിതം ആകുലതപ്പെടുന്നു..

അങ്ങനെയൊരു നാൾ മെസ്സഞ്ചർ തുറന്നപ്പോൾ അതിൽ വന്നയൊരു സന്ദേശം ഞാൻ ശ്രദ്ധിച്ചു. എന്തുകൊണ്ടാണ് എന്നെ കാണണമെന്ന് പറഞ്ഞതെന്ന് ചോദിച്ച് അയാൾക്ക് മാത്രം ഞാൻ മറുപടി കൊടുത്തു. പിന്നീടുള്ള അയാളുടെ സംസാരം കേട്ട് ഞാൻ തലയിൽ കൈവെച്ചുപോയി…

ഏറെ നാൾ എന്നെ ശ്രദ്ധിക്കുന്നുണ്ട് പോലും… വെളുത്ത സാരിയുടുത്ത എന്റെയൊരു ചിത്രം കണ്ടപ്പോൾ അയാൾക്ക് കാ മം തോന്നിപോലും.. ശ രീരം പ ങ്കിടാൻ ആഗ്രഹമുണ്ട് പോലും… വളരേ മാന്യമായി സംസാരിച്ച് തുടങ്ങുന്ന ആൾക്കാരെ പോലെ ചുറ്റിവളയാതെ കാര്യം പറഞ്ഞത് കൊണ്ട് അയാളോട് തുടർന്നും സംസാരിക്കാൻ ഞാൻ തീരുമാനിച്ചു.

‘അതുകഴിഞ്ഞ്…?’

“അതുകഴിയുന്നില്ലല്ലോ… “

ആ മറുപടിയിൽ ഞാൻ വീണുവെന്ന് പറഞ്ഞാൽ മതിയല്ലോ… ഞാൻ എങ്ങനെയാണ് നിങ്ങളെ വിശ്വസിക്കുകയെന്ന് ചോദിച്ചപ്പോൾ വിശ്വസിക്കാതിരിക്കുന്നതാണ് നല്ലതെന്നും അയാൾ പറഞ്ഞു. തുടർന്ന് പരസ്പരം  നമ്പർ കൈമാറി കുറച്ചുകൂടി ആഴത്തിലുള്ള സംസാരത്തിലേക്ക് ഞങ്ങൾ കടന്നു. പൂത്തുലയാൻ വെമ്പുന്ന ശരീരത്തിന്റെ മനസ്സിൽ അയാൾ ഇടം പിടിക്കുകയും ചെയ്തു…

അങ്ങനെ എന്റെ സമ്മതത്തോടെ അയാൾ എന്നെ തേടി വന്നു. വരുന്നയിടത്ത് വെച്ച് കാണമെന്ന ധാരണയിൽ സ്വാഗതം ചെയ്ത അയാളെ പിന്നീട് എനിക്ക് വിടാൻ തോന്നിയില്ല. ആ ശബ്ദത്തിൽ.. ആ ലാളനയിൽ… കുസൃതിയിൽ ഞാൻ ഭ്രമിച്ചുപോയി.. പോകരുതെന്ന് പറഞ്ഞാലും പോകുമെന്ന് തീർച്ചയുള്ളത് കൊണ്ട് മാത്രം അയാളെ അന്ന് ഞാൻ തടഞ്ഞില്ല..

ഏത് സദാചാര കണ്ണുകൾ കൊണ്ട് തുറിച്ച് നോക്കിയാലും അയാളുമായി നിരന്തരം ഇടപെടാൻ ഞാൻ തീരുമാനിച്ചു. ആഗ്രഹിക്കുമ്പോഴെല്ലാം ഞങ്ങൾ പരസ്പരം തേടിക്കൊണ്ടേയിരുന്നു. ഓരോ വട്ടവും കാണുമ്പോൾ ആദ്യമെന്ന പോലെ വർഷങ്ങൾ തന്നെ കടന്നുപോയി…

‘നിങ്ങൾക്ക് ഞാൻ ആരാണ്..?’

ഒരുനാൾ അയാളുടെ ഹൃദയമിടിപ്പും കേട്ടുകൊണ്ട് കിടക്കുമ്പോൾ വെറുതേ അറിയാനെന്നോണം ഞാൻ ചോദിച്ചതാണ്. അതിന് ആരോയെന്ന മറുപടി കൊണ്ട് അയാൾ ചിരിച്ചു. അന്ന് അയാൾ പോകുമ്പോൾ പതിവില്ലാതെ എന്നെ പുണരുകയും നെറ്റിയിൽ ചും ബിക്കുകയും ചെയ്തു. കതകുവരെ ഞങ്ങൾ അങ്ങനെ പരസ്പരം ഒട്ടിപ്പിടിച്ചത് പോലെ അനങ്ങി. കതക് തുറന്നപ്പോൾ വെളിയിൽ  അടുത്ത ഫ്ലാറ്റിലെ കൂട്ടുകാരിയായ സോഫിയയുടെ രണ്ട് ഉരുണ്ട കണ്ണുകൾ ഉണ്ടായിരുന്നു.

‘ആരാ അയാൾ….?’

നടന്നുതുടങ്ങിയ അയാളെ അതുകേട്ടപ്പോൾ ഞാൻ വെറുതെയൊന്ന് നോക്കി.. നേർത്ത ചിരിയോടെ തന്നെ ഞാൻ അവൾക്ക് മറുപടിയും നൽകി..

”അറിയില്ല… എന്റെ ആരോ ഒരാൾ….!”

Leave a Reply

Your email address will not be published. Required fields are marked *