ദേഷ്യത്തോടെ അകത്തേക്ക് കയറി വന്ന അമ്മാവൻ കയ്യോങ്ങി ക്കൊണ്ട് എന്നോട് പറഞ്ഞു. വിറയലോടെ ഞാൻ തല കുനിച്ച് നിന്നു. രണ്ടുമൂന്ന് മാസങ്ങൾക്ക് മുമ്പ് മറ്റൊരു……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

വൈകുന്നേരം തൊട്ട് രാത്രി ഒമ്പത് മണിവരെ പഠിക്കണമെന്നത് അമ്മാവന്റെ കർശനമായ നിർദേശമാണ്. അമ്മാവനെന്ന് കേൾക്കുമ്പോൾ ഒരുപാട് പ്രായം സങ്കൽപ്പിക്കരുത്. പറയാൻ പോകുന്ന ഓർമ്മയിൽ എന്റെ അമ്മാവൻ അവിവാഹിതനായ ഒരു ചെറുപ്പക്കാരനാണ്. എനിക്ക് മറ്റൊരു ആശ്രയമില്ലാത്തത് കൊണ്ട് എല്ലാ അർത്ഥത്തിലും അമ്മാവനെ അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനായിരുന്നു…

‘ഓനില്ലെങ്കിൽ ആരാണ് നിന്നെ നോക്കുക…?’

അമ്മൂമ്മ പറയുന്ന ഈ ഓൻ അമ്മാവനാണ്. അച്ഛനും അമ്മയും ഇല്ലാത്ത കുഞ്ഞുങ്ങളെ ബന്ധുക്കൾ നോക്കിയേ തീരൂവെന്ന നിർബന്ധമൊന്നും ഇല്ലാത്തത് കൊണ്ട് ഇന്ന് എനിക്ക് ആ പറച്ചിൽ മനസ്സിലാകുന്നുണ്ട്. സ്നേഹം എന്താണെന്ന് ഒരു പിടുത്തവുമില്ലാത്ത ആയുസ്സിന്റെ തുടക്കമായത് കൊണ്ട് ചുറ്റുമുള്ളവരെയൊന്നും എനിക്ക് മനസ്സിലായില്ല. പെട്ടെന്ന് ദേഷ്യം വരുന്ന അമ്മാവന്റെ മുന്നിൽ മുട്ട് ഇടിക്കാതെ നിൽക്കാനുള്ള ധൈര്യം പോലും അന്ന് ഉണ്ടായിരുന്നില്ല. ചെറിയ കാര്യങ്ങളിൽ പോലും എന്നോട് കയർക്കുന്ന അമ്മാവനെ ആരും എതിർക്കുകയുമില്ല. ആരിൽ നിന്നും തലോടലുകൾ കൊള്ളാത്തത് കൊണ്ട് ചെറിയ തiല്ലുകൾ പോലും ആ വേളയിൽ എന്നിൽ മുഴച്ച് നിന്നിരുന്നു…

ആയിടക്കാണ് ബാലരമ, ബാലഭൂമി, പൂമ്പാറ്റ, ശുപ്പാണ്ടി തുടങ്ങിയ കഥാബുക്കുകളെ ഞാൻ ആസ്വദിക്കാൻ തുടങ്ങിയത്. കൂട്ടുകാരനും, അയൽക്കാരനുമായ ആദർശിന്റെ വീട്ടിൽ നിന്ന് പഴയ കഥാബുക്കുകൾ എടുത്ത് ഞാൻ പഠിക്കാനിരിക്കും. അഞ്ചിലോ ആറിലോ മറ്റോ ആണ്. ടീവിയിൽ കത്തനാർ സീരിയൽ കണ്ടുകൊണ്ടിരിക്കുന്ന അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വിചാരത്തിൽ ഞാൻ കാര്യമായിട്ട് പഠിക്കുകയാണെന്ന് ആയിരിക്കും. ഞാൻ ആണെങ്കിൽ പാഠ പുസ്തകങ്ങളെക്കാൾ മെച്ചം അമർച്ചിത്ര കഥകളാണെന്ന ധാരണയിൽ ലയിച്ചിരിക്കുകയായിരിക്കും….

അന്ന്, ഞാൻ സാമൂഹ്യപാഠം പുസ്തകത്തിൽ ബാലരമ ഒളിപ്പിച്ചുവെച്ച് വായിക്കുകയായിരുന്നു. തന്മയത്തോടെ കള്ളത്തരങ്ങൾ കാട്ടാൻ ആ പ്രായത്തിലും എനിക്കൊരു പ്രത്യേക മിടുക്കുണ്ടായിരുന്നു. സാധാരണ ഗതിയിൽ ജോലി കഴിഞ്ഞ് അമ്മാവൻ കയറി വരുമ്പോൾ മണി ഒമ്പത് കഴിയാറുണ്ട്. കയറിയ ഉടൻ ഞാൻ എത്ര മണിവരെ പഠിച്ചുവെന്ന് അമ്മൂമ്മയോട് ചോദിക്കും. ഒമ്പത് വരെയെന്ന് കേട്ടാൽ മാത്രമേ അമ്മാവന്റെ മുഖം തെളിയാറുള്ളൂ…

”ബൂം…!’

തീരേ പ്രതീക്ഷിക്കാതെ അങ്ങനെയൊരു ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. കൈ തട്ടി സാമൂഹ്യപാഠം പുസ്തകത്തിൽ നിന്ന് വായിച്ചുകൊണ്ടിരുന്ന ബാലരമയും താഴെ വീണു. തുറന്നിട്ട ജനാലയുടെ അരികിൽ ഇരുന്ന് പഠിക്കുന്ന എന്നെ അമ്മാവൻ പുറത്ത് നിന്ന് പേടിപ്പിച്ചതായിരുന്നു. അതിൽ, ഏറെ കാലത്തെ എന്റെ കള്ളം പിടിക്കപ്പെടുമെന്ന് ഞാൻ കരുതിയതേയില്ല…

‘നീ ആരെയാണ് മണ്ടനാക്കുന്നത്? നിനക്ക് വേണ്ടിയല്ലേ പഠിക്കാൻ പറയുന്നേ… അന്ന് കിട്ടിയതൊന്നും പോരാ അല്ലെ?’

ദേഷ്യത്തോടെ അകത്തേക്ക് കയറി വന്ന അമ്മാവൻ കയ്യോങ്ങി ക്കൊണ്ട് എന്നോട് പറഞ്ഞു. വിറയലോടെ ഞാൻ തല കുനിച്ച് നിന്നു. രണ്ടുമൂന്ന് മാസങ്ങൾക്ക് മുമ്പ് മറ്റൊരു കള്ളത്തരത്തിന് ഞാൻ പിടിക്കപ്പെട്ടിരുന്നു. അന്ന് മോiഷണമായിരുന്നു കുറ്റം. അമ്മാവന്റെ മേശവലിവിൽ നിന്നും കൈയ്യിൽ കിട്ടിയ ചില്ലറകളെല്ലാം എടുത്ത് തേനുണ്ട വാങ്ങി ഞാൻ സ്കൂളിൽ വിതരണം ചെയ്തു. എങ്ങനെയോ അമ്മാവൻ അറിഞ്ഞു. എടുത്തിട്ടില്ലായെന്ന് പറഞ്ഞ എനിക്ക് കണക്കിന് കിട്ടി. അതിന് പുറമേ, എന്റെ കണ്ണുകളിൽ കാiന്താരി പൊiട്ടിച്ച് തേiക്കുകയും ചെയ്തു. അലക്കുകല്ലിന്റെ ചോട്ടിൽ തുള്ളിക്കൊണ്ട് ഞാനൊരു ഏറുകൊണ്ട പട്ടിയെ പോലെ കൂവുന്നത് അയൽക്കാരെല്ലാം അന്ന് കേട്ടിട്ടുണ്ടാകും.

‘ഞാൻ പറഞ്ഞത് കൊണ്ട് നീ പഠിക്കണ്ട. നിനക്ക് തോന്നുന്നുണ്ടെങ്കിൽ മതി…’

അങ്ങനെ കേട്ടപ്പോഴാണ് എനിക്കൊന്ന് സമാധാനമായത്. അമ്മാവന്റെ മുന്നിൽ തല കുനിച്ച് നിൽക്കുമ്പോഴും കാന്താരിയുടെ എരിവിൽ തുള്ളിയ നാൾ ആവർത്തിക്കുമോയെന്ന് ഞാൻ ഭയപ്പെട്ടിരുന്നു. പ്രതീക്ഷിച്ചത് പോലെ യാതൊരു ശിക്ഷയും നൽകാതെ അമ്മാവൻ പോകുകയും ചെയ്തു. എനിക്ക് വിഷമം തോന്നി. ഓരോ തെറ്റിനും താങ്ങാൻ പറ്റാവുന്നതിലും വലിയ ശിക്ഷ തന്നിരുന്ന അമ്മാവന്റെ മനമാറ്റം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു…

‘കഴിഞ്ഞ ആഴ്ച്ചത്തെയാണ്. എടുത്തോ… ഞാൻ വായിച്ചതാ…’

കൊണ്ടുപോയ ബാലമാസികകളെല്ലാം പിറ്റേന്ന് വൈകുന്നേരം തിരിച്ച് കൊടുക്കുമ്പോൾ ആദർശ് പറഞ്ഞതാണ്. വേണ്ടായെന്ന് പറയുന്നതിന്റെ കൂടെ വായിക്കാൻ ഒരു രസവുമില്ലെന്നും ഞാൻ ചേർത്തു. അല്ലെങ്കിലും, കള്ളം പറയാനും കാണിക്കാനും എന്നെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ…

ഇനിയെങ്കിലും അമ്മാവൻ പറയുന്നതൊക്കെ കെട്ട് മിടുക്കനാകണമെന്ന ചിന്തയിൽ സന്ധ്യക്ക്‌ കൈയ്യും മുഖവുമൊക്കെ കഴുകി ഞാൻ പഠിക്കാനിരുന്നു. ബാഗിൽ കൈയ്യിട്ടപ്പോൾ കിട്ടിയ ഏതോ പാഠ പുസ്തകം മുന്നിൽ തുറന്നും വെച്ചു. പുതിയ ലിപി പോലെയാണ് മറിച്ച് നോക്കുന്ന ഓരോ പേജും കണ്ണിൽ കൊണ്ടത്. പഠിച്ചേ പറ്റൂ… അമ്മാവനെ അനുസരിക്കണം. എന്റെ നല്ലതിന് വേണ്ടിയാണ് അമ്മാവൻ ഇങ്ങനെ ഓരോ കാര്യങ്ങൾ പറയുന്നത്. അനുസരിക്കാതിരിക്കുമ്പോഴാണ് ആ പാവത്തിന് സങ്കടവും ദേഷ്യമൊക്കെ വരുന്നത്. അപ്പോഴായിരിക്കും എന്നെ തiല്ലുന്നത്. അമ്മാവന്റെ ചിന്തയിൽ വിധവയായിരിക്കെ മരിച്ചുപോയ പെങ്ങളുടെ മോൻ നന്നാകാണമെന്നേ ഉണ്ടാകുകയുള്ളൂ…

‘ബൂം…’

തീരേ പ്രതീക്ഷിക്കാതെ അങ്ങനെയൊരു ശബ്ദം കേട്ടപ്പോൾ തലേന്നാളിലെ പോലെ ഞാൻ ഞെട്ടിപ്പോയി. തുറന്നിട്ട ജനാലയുടെ അഴികളിലൂടെ അമ്മാവൻ എന്നെ പേടിപ്പിച്ചതായിരുന്നു. കൈ തട്ടി വീഴാൻ ഇത്തവണ ബാലരമയൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ കൂടുതൽ ഭയന്നില്ല. കiള്ളം കാട്ടിയില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ആരെയും ഭയക്കേണ്ടായെന്ന ചിന്ത അന്ന് തൊട്ടായിരിക്കണം തലയിൽ ഉറച്ചത്…

അമ്മാവൻ അകത്തേക്ക് വന്നു. മുന്നിൽ നിന്നതിന് ശേഷം എന്താണ് പഠിക്കുന്നതെന്ന് എന്നോട് വളരേ സൗമ്യതയിൽ ചോദിച്ചു. ഇങ്ങനെ യൊന്നും അമ്മാവൻ എന്നോട് സംസാരിക്കാറേയില്ല. കiണ്ണുകളിൽ കാiന്താരി തേച്ച സംഭവത്തിന്‌ ശേഷം അമ്മാവന്റെ നിഴലിനെ വരെ എനിക്ക് ഭയമായിരുന്നു…

എന്താണ് പഠിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായി മുന്നിൽ തുറന്ന് വെച്ച ആ പാഠ പുസ്തകം അമ്മാവന് കാണാൻ പാകം ഞാൻ നീക്കി വെച്ചു. അതിലേക്കാണ് ഒരു ചെറിയ പുസ്തകം വന്ന് വീണത്. ഒളിപ്പിച്ച് വായിക്കുകയൊന്നും വേണ്ടായെന്ന് അമ്മാവൻ പറയുക കൂടി ചെയ്തപ്പോൾ എന്റെ സന്തോഷത്തിന്റെ അതിര് പൊട്ടിപ്പോയെന്ന് പറഞ്ഞാൽ മതിയല്ലോ! അണപൊട്ടിയ ഉത്സാഹത്തോടെ ഞാൻ ആ പുസ്തകമെടുത്തു. ശേഷം, കവർ പേജിൽ വലുതായി എഴുതിയ നാല് അക്ഷരങ്ങളെ അറിയാതെ ചേർത്ത് വായിക്കുകയായിരുന്നു..

‘ബാലരമ…!!!’

Leave a Reply

Your email address will not be published. Required fields are marked *