നന്ദന വരുമ്പോൾ ശ്രീക്കുട്ടി പൂമുഖത്ത് തന്നെ ഇരിക്കുന്നുണ്ട്.കൂടെ അച്ഛനുമുണ്ട്
” അച്ഛാ ഇവളെ ഇനി എനിക്ക് കൂടെ കൊണ്ട് പോകാൻ പറ്റില്ല ട്ടോ. ഒരു പരോപകാരി വന്നിരിക്കുന്നു. എന്റെ ക്ലാസ്സിന്റെ സമയം പോയി. നീ നാളെ മുതൽ ഒറ്റയ്ക്ക് പോയ മതി കേട്ടല്ലോ “
ശ്രീക്കുട്ടി കയ്യിൽ ഇരിക്കുന്ന ജിലേബി ഒന്ന് കടിച്ചു
“നീ എന്തിനാ ചേച്ചി പഠിക്കുന്നെ?”(ഒപ്പം ഇന്നസെന്റ് ആക്ഷൻ )
“ദേ ഒന്ന് തന്നാലുണ്ടല്ലോ “
“നീ ഒന്നും പഠിച്ചിട്ട് ഒരു കാര്യോമില്ല ചേച്ചി സത്യം. പബ്ലിക് അഡ്മിനിസ്ട്രേഷൻ ആണ് നിങ്ങളുടെ ജോലി. അബദ്ധവാശാൽ ഐ എ എസ് ഒക്കെ കിട്ടിയാൽ…. ചേച്ചി വട്ട പൂജ്യമാ. ഡോക്ടറുടെ റോളിലും അതേ ബിഗ് സീറോ.. എന്റെ ചേച്ചി ഒരു മനുഷ്യന്റെ ജീവനാണോ അതോ ക്ലാസ്സ് ആണോ പ്രധാനം? ‘
“ഓ പിന്നെ? ഇതിപ്പോ നിന്റെയൊ കുടുംബത്തിലുള്ളവരുടെയോ ജീവനൊന്നുമല്ലല്ലോ. വല്ലോരുടേം അല്ലെ… അതിന് വേണ്ടി ഇങ്ങനെ കിടന്നു ചാവണ്ട കാര്യമില്ല “
നന്ദന വീറോടെ പറഞ്ഞു
“സഹതാപം മാത്രം… വെറും സഹതാപം. ചെല്ല് അടുക്കളയിൽ ചെല്ല്. വല്ലോം കഴിച്ചിട്ട് പോയി പഠിച്ചോ.. ഐ എ എസ് കാരി “
“അതേടി നീ നോക്കിക്കോ ഈ വാതിലിന്റ മുന്നിൽ. ഭിത്തിയിൽ നന്ദന ഐ എ എസ് എന്ന ബോർഡ് വരും.. നീ കോലെക്കേറി ഡാൻസ് കളിച്ചു നടന്നോ “
“ഈ മൊതല് ഐ എ എസ് ആയാലും ഐ പി എസ് ആയാലും നൊ യൂസ്… അല്ലെ അച്ഛാ?സഹജീവിസ്നേഹം വേണം “
“നിനക്ക് അത് വേണ്ടു വോളം ഉണ്ടല്ലോ. ഇത് കൂടി പോയിട്ടാ ഇങ്ങനെ നടക്കുന്നത്.. ചുമ്മാ കളിച്ചു കളിച്ചു നടക്കുവാ.. അമ്മയും അച്ഛനും സപ്പോർട്ട് ചെയ്യുന്ന കൊണ്ടാ ഈ അഹങ്കാരം. കല്യാണം ആലോചിച്ചു ഏതെങ്കിലും ഒരുത്തൻ വരട്ടെ ഓടും അവൻ…”
“ഞാൻ പ്രേമിച്ചേ കെട്ടു ചേച്ചിയേ… അസ്സലായിട്ട് ഒരുത്തനെ പ്രേമിച്ചു കെട്ടും. നിന്നേ പോലെ ഒരു ഐ എ എസുകാരെ മാത്രേ കെട്ടു എന്ന വാശി ഒന്നുമില്ല. കൂലിപ്പണി ആണെങ്കിലും മതി. കേരളത്തിൽ അങ്ങനെ ഉള്ള കിടുക്കാച്ചി ആണ്പിള്ളേര് ഇഷ്ടം പോലെ ഉണ്ട്… അത് കൊണ്ട് കല്യാണം ആലോചിച്ചു വന്നു ഒരുത്തരും ബുദ്ധിമുട്ടണ്ട… കൂടുതൽ വർത്താനം പറയാതെ പോയെ “
“അതേ നിനക്ക് കിട്ടു. കൂലിപ്പണിക്കാരോ വല്ല ഓട്ടോ ഡ്രൈവറോ..”
“അവർക്ക് എന്താ ഒരു കുറവ്?”
“മതി മതി നിർത്തിക്കെ. കുറേ നേരമായി തുടങ്ങിയതാണല്ലോ രണ്ടാളും. കേറി കേറി എങ്ങോട്ട് പോകുവാ നന്ദനെ നീ? പഠിക്കാൻ അവള് നിന്റെ അത്ര മിടുക്കിയല്ല. പക്ഷെ അതൊഴിച്ച് എല്ലാ കാര്യത്തിലും ശ്രീക്കുട്ടി എന്റെ അഭിമാനമാnമിടുക്കിയാ എന്റെ മോള്. നീ നിന്റെ കാര്യം പോയി നോക്ക്..”
അച്ഛൻ ശ്രീക്കുട്ടിയേ ചേർത്ത് പിടിച്ചു രൂക്ഷമായ ഭാഷയിൽ പറഞ്ഞു
നന്ദന മുഖം വീർപ്പിച്ചു കൊണ്ട് അകത്തു പോയി
“താങ്ക്യൂ മിസ്റ്റർ കൃഷ്ണൻ ഇതാ കുറച്ചു ജിലേബി കഴിച്ചോ… മിസ്സിസ് കാണണ്ട..”
“അവള് കണ്ടാലെന്താ.. എനിക്ക് പേടിയൊന്നുമില്ല ” അയാൾ ജിലേബി വാങ്ങി തിന്നു തുടങ്ങി
വാതിൽക്കൽ വീണ
“നീ ആണ് അല്ലെ ഷുഗർ കൂട്ടുന്നത്?. അവള് തന്നാലുടനെ വാങ്ങിച്ച് തിന്നാൻ തയ്യാറായി ഇരിക്കുന്ന ഒരാള് “
കയ്യിൽ ഇരിക്കുന്നത് കളയണോ തിന്നണോ എന്ന് സംശയിച്ചു ഇരിക്കുന്ന അച്ഛന്റെ കൈയിൽ നിന്ന് ജിലേബി വാങ്ങി അമ്മയുടെ വായിൽ തിരുകി വെച്ചിട്ട് എണീറ്റു ഒരു പോക്ക് പോയി ശ്രീലക്ഷ്മി
ധ്വനിയിലേക്ക് ആണ് അവൾ പോയത്
വീണയെ കൂടാതെ രണ്ടു ടീച്ചർ മാർ കൂടിയുണ്ട് ധ്വനിയിൽ
കുറച്ചു പ്രായമുള്ള യശോദ എന്ന യശോദാമ്മ പിന്നെ രാധിക ടീച്ചർ
ശ്രീക്കുട്ടി ചെറിയ കുട്ടികൾക്ക് ക്ലാസ്സ് എടുക്കാറുണ്ട്
അത് പക്ഷെ കൂടുതലും ശനിയും ഞായറുമാണ്അ വളുടെ ക്ലാസ്സിൽ ഏകദേശം അമ്പതോളം കുട്ടികൾ പല ബാച്ചുകളായി ഉണ്ട്ന ല്ല ഒരു വരുമാനവും അവൾക്ക് ഉണ്ട്
പക്ഷെ ഭൂരിഭാഗം ഇങ്ങനെ സഹജീവിസ്നേഹം പറഞ്ഞു ചിലവാകും എന്ന് മാത്രം
“പതിവില്ലാതെ ഈ സമയം എന്താണാവോ?”അവളെ കണ്ട് രാധിക ചോദിച്ചു
ധ്വനിയും ദ്വാരകയും ഒരെ കോമ്പൗണ്ട് തന്നെ ആണ്
ഓരോട്ടത്തിന് പോയി വരാം
“ഞാൻ ഇന്ന് കോളേജിൽ പോയില്ല “
“അത് ശരി ഇന്ന് എന്താരുന്നു കേസ്?”
“ഒരു ആക്‌സിഡന്റ്..” അവൾ ചിരിച്ചു
“ഇലക്ഷന് നിൽക്ക് മന്ത്രിയാകും “
“രാഷ്ട്രീയത്തിൽ ഇറങ്ങാൻ യാതൊരു ഉദ്ദേശവുമില്ല… പിന്നെ വല്ലോരും ക്ഷണിച്ചാൽ…”
അവൾ കണ്ണിറുക്കി
പിന്നെ ക്ലാസ്സുകളിലേക്ക് നടന്നു
അവൾക്ക് ഒരു യു ട്യൂബ് ചാനൽ ഉണ്ട്. ശ്രീയുടെ ലോകം
അതാണ് അതിന്റെ പേര്
അതിൽ നിറയെ അവളുടെ കുസൃതി, കുറുമ്പ്, പിന്നെ നൃത്തം.. പ്രകൃതി.. അച്ഛൻ അമ്മ കൂട്ടുകാർ.. ചേച്ചി മാത്രം വല്ലപ്പോഴും. നന്ദനയ്ക്ക് അതൊന്നും ഇഷ്ടമേയല്ല. പിന്നെ അവളുടെ നിർബന്ധത്തിന് വഴങ്ങി ഇടക്ക് നിന്നു കൊടുക്കും
ശ്രീക്കുട്ടി മീരയെ കണ്ട് ഒന്ന് കൈ കാണിച്ചു
മീര ചുവടുകൾ തെറ്റിക്കാതെ ചിരിച്ചു
“മീരാ പാദം ശ്രദ്ധിക്കു കുട്ടി “
ടീച്ചർ പറയുന്ന കേട്ട് അവൾ അവിടെ നിന്നും മുങ്ങി
ഉടമ ആണെന്നൊന്നും നോക്കില്ല യശോദ ടീച്ചർ ചീiത്ത പറഞ്ഞു കണ്ണ് പൊട്ടിച്ച് കളയും എന്തിനാ വെറുതെ..
അവൾ അവളുടെ മുറിയിൽ ചെന്ന് ജനാലകൾ തുറന്നിട്ട് പുറത്തേക്ക് നോക്കി
ആ ചെറുപ്പക്കാരന് എങ്ങനെ ഉണ്ടാവും? പാവം നല്ല വേദന കാണും.
അജ്ജാതി ഇടിയല്ലേ ഇടിച്ചത്?
ഒറ്റ മകനാണെന്ന് തോന്നുന്നു
മറ്റേ കക്ഷി എന്ത് ചെയ്യുകയാവും
കണ്ടിട്ട് മാന്യനാണ്അ സാധ്യ സുന്ദരൻ ഇയാൾക്ക് ജോലി അന്വേഷിച്ചു നടക്കാതെ വല്ല സിനിമയിലും അഭിനയിക്കാൻ പൊയ്ക്കൂടേ?
എന്താ കണ്ണ്! എന്താ മൂക്ക്! എന്താ ഭംഗി!
ആറടി പൊക്കം കാണും നല്ല വെളുത്ത നിറം
കണ്ടാൽ ഉത്തരേന്ത്യൻ look ആണ്
ചിരിയൊക്കെ എന്താ രസം!
ഉയ്യോ ഞാൻ എന്തിനാ അങ്ങേരെ കുറിച്ച് ആലോചിച്ചു ഇരിക്കണേ
മാഞ്ഞു പോട്ടെ
മാഞ്ഞു പോട്ടെ
എവിടെ പോകാൻ
ഉള്ളിൽ തെളിഞ്ഞങ്ങനെ നിൽക്കുന്നുണ്ട് ചന്തു
കൂടെ ആ വിളിയൊച്ചയും
“ശ്രീ……”
ശ്രീക്കുട്ടി എന്നല്ല ശ്രീ എന്ന്…
പൊടുന്നനെ അവളുടെ മൊബൈൽ ശബ്ദിച്ചു അറിയാത്ത നമ്പർ ആണ്
“ഹലോ “
“ഹലോ ശ്രീ ഞാനാണ്.ചന്തു “
ശ്രീക്കുട്ടി ഒരു നിമിഷം നിശബ്ദയായി
തുടരും……
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ