കാതൽ
എഴുത്ത്:-നവാസ് ആമണ്ടൂർ.
നഷ്ടപ്രണയത്തിന്റെ കഥ പറയുമ്പോൾ ആനിയുടെ ചങ്ക് കലങ്ങുന്ന നോവിൽ നിറഞ്ഞു തുളുമ്പുന്ന കണ്ണിൽ നിന്നും ഒരു തുള്ളി അടർന്നു വീഴും മുൻപേ മറൈൻ ഡ്രൈവിലെ കായലോരകാഴ്ചകളിലേക്ക് മുഖം തിരിച്ചു. പെട്ടെന്ന് കണ്ണുകൾ തുടച്ചു ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ ആയിഷയെ നോക്കി സംസാരിച്ചു തുടങ്ങി. കണ്ണീർ അവൾ കാണാതിരിക്കാനുള്ള ശ്രമം.
“ഞാനും ഷാനുവും ജനിച്ചത് രണ്ട് മതത്തിൽ ആയത് കൊണ്ട് ഞങ്ങളെ പ്രണയം ഞങ്ങൾ ഉപേക്ഷിച്ചു.”
ആയിഷയും ഷാനുവും തമ്മിലുള്ള കല്യാണം ഉറപ്പിച്ചിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. അതിനിടയിൽ ആരോ പറഞ്ഞു അറിഞ്ഞതാണ് ആനിയും ഷാനുവും തമ്മിലുള്ള പ്രണയം. ആനിയും ഷാനുവും ….. അവർ അവരെ കുറിച്ചു സംസാരിച്ചു. അവരുടെ പ്രണയത്തെ കുറിച്ചു സംസാരിച്ചു. ആ സമയം ആയിഷയുടെ കണ്ണുകൾ കൊച്ചി കായലിന്റെ ഓളപ്പരപ്പിന്റെ മുകളിലെ കാഴ്ചകളിലാണ്. അകലെ പതുക്കെ പതുക്കെ അടുക്കുന്ന കപ്പൽ അവൾ നോക്കി കൊണ്ടിരുന്നു.
“ആയിഷ നിന്റെ ജീവിതത്തിൽ ഒരിക്കലും ഞങ്ങളുടെ പ്രണയം ബാധ്യതയാവില്ല. അതോർത്തു നീ ടെൻഷൻ ആവരുത്. ഇത് എന്റെ വാക്കാണ്.”
ആയിഷ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷാനുവാണ് ആയിഷയെയും ആനിയെയും മറൈൻ ഡ്രൈവിലേക്ക് വിളിച്ചത്. പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ ആയിഷക്ക് എല്ലാം വ്യക്തമായി മനസ്സിലാക്കാൻ വേണ്ടിയാണ് ഈ കൂടിക്കാഴ്ച.
“ഞാൻ ഇപ്പൊ ഓക്കേയാണ്. നിങ്ങളെ രണ്ടാളെയും എനിക്ക് വിശ്വസമാണ്. അതുകൊണ്ട് തന്നെ ഇത്രയും സ്‌നേഹവും ആത്മാർത്ഥതയുമുള്ള നല്ലൊരു ആണിനെ എനിക്ക് കിട്ടിയത്. ഈ കല്യാണം നടക്കണം. എനിക്ക് പൂർണ്ണസമ്മതമാണ്.”
അവർക്ക് പറയാനുള്ള തെല്ലാം കേട്ട് ആയിഷാക്ക് പറയാനുള്ളത് മറുപടിയും പറഞ്ഞു അവൾ പോയി. ആയിഷ വീട്ടിൽ എത്തിയതിനു ശേഷമാണ് ആനി പറഞ്ഞതൊക്കെ വീണ്ടും മനസ്സിലേക്ക് വന്നത്. ഓരോന്നായി അവളുടെ കഥകൾ മനസ്സിലേക്ക് വരുമ്പോൾ ആനിയുടെ നിറഞ്ഞ കണ്ണുകളും ഇടറുന്ന വാക്കും പിടയുന്ന ചങ്കിന്റെ നോവും അവളെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.
കോളേജിൽ ഷാനു ആനിയുടെ നല്ല കൂട്ടുകാരൻ ആയിരുന്നു. ആനിയുടെ പപ്പ ഒരപകടത്തിൽ മരിച്ചു. കുറച്ചു മാസങ്ങൾ കഴിഞ്ഞു ഭർത്താവിന്റെ മരണം തളർത്തിയ അവളുടെ മമ്മിയും രണ്ട് അനിയന്മാരെ അവളെ ഏൽപ്പിച്ചു പോയി. പിന്നീട് അങ്ങോട്ട് ആനിയുടെ തണൽ ഷാനുവായിരുന്നു. അവളുടെ ഒറ്റക്കുള്ള ജീവിതയാത്രയുടെ അവസാനം വരെ അവനും ഉണ്ടാകുമെന്ന ഉറപ്പിലാണ് ആനി ജീവിച്ചത്.
“എനിക്ക് ഉമ്മയെ കണ്ട ഓർമ്മയില്ല. ഒരു മകനെ പോലെയാണ് ഇത്താത്ത എന്നെ വളർത്തിയത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഇത്താത്തയുടെ കല്യാണം. അന്ന് ഇത്താത്ത എന്നെയും കൂട്ടിയാണ് ഭർത്താവിന്റെ വീട്ടിൽ കയറിയത്. ആ ഇത്താത്തയുടെ മൂന്ന് പെണ്മക്കളുടെ ഭാവിക്ക് വേണ്ടി ഞാൻ ആനിയെ കെട്ടരുതെന്ന് പറഞ്ഞപ്പോൾ എതിർത്ത് പറയാൻ പറ്റിയില്ല. അല്ലങ്കിലും എനിക്ക് സ്‌നേഹിക്കാനെ അറിയൂ ആയിഷ.”
അന്ന് രാത്രിയിൽ കിടക്കുന്ന നേരത്തും ആയിഷയുടെ മനസ്സിലും ചിന്തയിലും ഷാനുവും ആനിയുമാണ്. ഉറക്കം വരാതെ ആയിഷ മൊബൈൽ എടുത്തു ഷാനുവിനെ വിളിച്ചു.
“എന്താ ആയിഷ ഈ നേരത്ത്..?”
“ഉറക്കം വന്നില്ല. എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
“പറയു….”
“എന്റെ കൂട്ടുകാരീടെ അമ്മ രെജിസ്റ്റർ ഓഫീസർ ആണ്. ഏറ്റവും അടുത്തൊരു സമയം നമ്മുടെ വിവാഹം രെജിസ്റ്റർ ചെയ്യണം. അതിന് വേണ്ട കാര്യങ്ങൾ ഞാൻ ചെയ്തോളാം. എനിക്ക് എന്തോ ഇനി നിങ്ങളെ നഷ്ടപ്പെടുത്താൻ പറ്റില്ല.”
“നീ പേടിക്കണ്ട. ഞാൻ ആനിയുടെ ഒപ്പം പോവില്ല. നിന്റെ വിശ്വാസത്തിന് വേണ്ടി മാത്രം നമ്മുക്ക് രെജിസ്റ്റർ ചെയ്യാം.”
“ഡേറ്റ് ഞാൻ പിന്നെ പറയാം. അന്ന് ആനിയും വേണം.”
“അവൾ വേണോ…. അവൾ എന്തിനാ.. അത് അവൾക്ക് സങ്കടമാവും. “
“വേണം… ആനിയുടെ മനസ്സിൽ കയറണം നീ എന്റേത് ആയത്.എന്നാ ഇയാള് ഉറങ്ങിക്കോ.”
ഒന്നാവാൻ കഴിയാത്ത പ്രണയം ഒരു തീപ്പൊരിയാണ്. അതിങ്ങനെ അണയാതെ ജ്വലിച്ചുകൊണ്ടിരിക്കും. രണ്ട് മനസ്സുകളിൽ മരണം വരെ ആ പ്രണയത്തിന്റെ സ്വപ്നങ്ങളും നോവും മറക്കാൻ ശ്രമിക്കുമ്പോൾ തെളിഞ്ഞുകൊണ്ടിരിക്കും. വീണ്ടും കണ്ടുമുട്ടുമ്പോൾ സംസാരിക്കുമ്പോൾ മനസ്സിലെ തീപ്പൊരി കൂടുതൽ തിളക്കത്തോടെ തീയായി ആളിക്കത്തും
പിറ്റേന്ന് മുതൽ ആയിഷ വിവാഹം രെജിസ്റ്റർ ചെയ്യാൻ വേണ്ട കാര്യങ്ങൾക്ക് വേണ്ടി നടന്നു. അടുത്ത തിങ്കൾ ഡേറ്റ് കിട്ടി.
തിങ്കൾ പുലർന്നു. നല്ല മഴയായിരുന്നു. പത്തു മണിക്ക് ആനി രെജിസ്റ്റർ ഓഫീസിൽ എത്തി. ആനി വരുമ്പോൾ ആയിഷവും ഷാനുവും അവിടെ ഉണ്ടായിരുന്നു. എന്റേതാണെന്ന് ഉറപ്പിച്ചു സ്വപ്നങ്ങൾ കണ്ടവന്റെ കല്യാണത്തിന് സാക്ഷിയാവാൻ വിധിക്കപ്പെട്ടവളുടെ നോവിൽ പുറത്ത് പെയ്യുന്ന മഴയെക്കേൾ ഒരു പേമാരി പോലെ സങ്കടം അവളുടെ മനസ്സിൽ പെയ്ത് കൊണ്ടിരുന്നു.
അവളുടെ മുഖം കണ്ടാൽ അവന് അറിയാം അവളുടെ ഹൃദയത്തിന്റെ പിടച്ചിൽ. അവളെ അവനു അറിയുന്ന പോലെ മറ്റാർക്കും അറിയില്ല.
ആ സമയം ഒരു കാർ അവരുടെ അരികിൽ വന്നു നിന്നു. ആ കാറിന്റെ ഡോർ തുറന്നു പുഞ്ചിരിയോടെ അവന്റെ ഇത്താത്ത ഇറങ്ങി.
“നമ്മൾ മാത്രം മതിയെന്ന് പറഞ്ഞിട്ട്.”
ആനിയുടെ സങ്കടത്തിന്റെയും വേദനയുടെയും ആഴം അറിയുന്ന നഷ്ടപ്പെടലിന്റെ ചൂടിൽ നീറുന്നവന്റെ ദയനീയമായ ചോദ്യം.
“ഇത്താത്ത ഉമ്മയെ പോലെ അല്ലെ. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷത്തിന് സാക്ഷിയവാൻ ഇത്താത്തയും വേണമെന്ന് തോന്നി.”
ആയിഷയുടെ ഒപ്പം എല്ലാവരും ഓഫീസിലേക്ക് കയറി. ഈ സമയം ഷാനു ചിന്തിക്കുന്നുണ്ട്.ഇങ്ങനെയൊരു നേരത്ത് ആനിയെ വിളിച്ചു വരുത്താൻ പാടില്ലായിരുന്നു. അവളുടെ ഉള്ളിൽ നിന്നുള്ള കരച്ചിൽ അവന് കേൾക്കാൻ കഴിയുന്നുണ്ട്. ഇത് അവളോട് ചെയ്ത തെറ്റാണെന്ന് അവന്റെ മനസ്സ് പറയുമ്പോൾ അവന്റെ കണ്ണുകൾ അതിനെ ശരി വെച്ച് അവളോട് മാപ്പ് പറയുന്നത് പോലെ നിറഞ്ഞു തുളുമ്പി.
“നിലാമുറ്റത്തിൽ ഷാനവാസ് വലിയവീട്ടിൽ ആനി…. ഇവർ രണ്ടു പേരും മുന്നോട്ട് നിക്ക്.”
പേര് വിളിച്ചപ്പോൾ ആനി ഞെട്ടിപ്പോയി. എന്തിനാണ് ആനിയെ വിളിക്കുന്നത് എന്ന് ഓർത്ത് ഷാനു ആയിഷയെ നോക്കി. രണ്ട് പേരുടെയും മുഖത്തെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ആയിഷാക്ക് ചിരിയാണ് വന്നത്. ഈയൊരു ദിവസത്തിലേക്ക് എത്തിക്കുവാൻ അവൾ ഒരുപാട് ഓടിയതാണ്.
“ഷാനു… ഇത് നിങ്ങളുടെ വിവാഹമാണ്. നിങ്ങൾ പിരിയാൻ പാടില്ല.”
സന്തോഷം കൊണ്ട് ആനിയുടെ കണ്ണുകൾ നിറഞ്ഞു. ആയിഷയെ കെട്ടിപിടിച്ചു കരഞ്ഞു. കൊച്ചു കുട്ടിയെ പോലെ അവളെ കെട്ടിപിടിച്ചു കരയുന്ന ആനിയെ ആയിഷ സമാധാനിപ്പിച്ചു.
“ആനി… തന്റെ ജീവൻ ഞാൻ എങ്ങനെയാടോ പറിച്ചു എടുക്കുക.”
അവരുടെ അടുത്തേക്ക് ഇത്താത്തയും വന്നു. ഇത്താത്ത ഷാനുവിനെ ചേർത്ത് പിടിച്ചു.
“നീ… എന്റെ മോനാണ്. ഇത്താത്തയോടുള്ള നിന്റെ സ്‌നേഹം മനസ്സിലാക്കാൻ ആയിഷ വേണ്ടി വന്നു. നിങ്ങൾ ഒരുമിച്ച് ജീവിക്കണം. എന്റെ മക്കൾക്ക് വേണ്ടി നിങ്ങളെ പിരിച്ചാൽ പടച്ചോൻ എന്റെ മക്കളെ ആവും ശിക്ഷിക്കുക. എന്റെ മോന്റെ ഇഷ്ടം നടക്കട്ടെ.”
കണ്ണീരും സാന്ത്വനവുമായി ഒരു പെരുമഴയുടെ കുളിരിൽ ആനിയും ഷാനുവും ഒന്നായി. സന്തോഷത്തോടെ ഇത്താത്തയും ആയിഷയും അവർക്ക് വേണ്ടി സാക്ഷികളുമായി.
“ടോ… മറ്റുള്ളോർടെ സന്തോഷത്തിനും വില കൊടുക്കണം.. എന്നാലും സ്വന്തം ഇഷ്ടം ആർക്ക് വേണ്ടിയും വേണ്ടെന്ന് വെക്കരുത്. എനിക്ക് വേറെ ഒരാളെ കിട്ടും. പക്ഷെ നിന്നെ പോലെ ഒരാളെ അവൾക്ക് കിട്ടില്ല..”
ഏറെ സ്‌നേഹത്തോടെ ആയിഷ ഷാനുവിന്റെ കൈ പിടിച്ചു. അവൾ കൈ പിടിച്ചു അവനെ നോക്കി നിൽക്കുമ്പോൾ അവന് അവളോട് പറയാൻ ഒരുപാട് ഉള്ളത് പോലെ തോന്നി. പെട്ടെന്ന് ആയിഷ അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി.
“ആയിഷ… താങ്ക്സ്.”
“താങ്ക്സ് ഒന്നും വേണ്ടാ…. എനിക്കും ഒരുത്തനെ സെറ്റ് ആക്കി തന്നാൽ മതി.”
അത് കേട്ട് എല്ലാവരും ചിരിച്ചപ്പോൾ ഇത്താത്ത ആനിയുടെ കൈ പിടിച്ചു ഷാനുവിന്റെ കയ്യിൽ വെച്ച് കൊടുത്തു. അപ്പോഴും പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ ഒരു കുട കീഴിൽ ഷാനുവും ആനിയും കാറിന്റെ അരികിലേക്ക് നടന്നു.
ദൈവം ചേർത്ത് വെച്ച ചില ബന്ധങ്ങൾ വേർപിരിയലിന്റെ അരികിൽ എത്തുമ്പോൾ അവരെ ഒരുമിപ്പിക്കാൻ ആയിഷയെ പോലെ ചിലർ ജീവിതത്തിലേക്ക് വന്നെത്തും. സൂക്ഷിച്ചു നോക്കിയാൽ അവർക്ക് മാലാഖമാരുടെ ചിറകുകൾ കാണാം.

