നിശാശലഭങ്ങള്‍ ഭാഗം 01 ~~~ എഴുത്ത്:-അഞ്ചു തങ്കച്ചൻ

അയാൾക്ക്‌ മുന്നിൽ നിൽക്കുമ്പോൾ അവളുടെ മുഖത്ത് ഭയം നിറഞ്ഞു നിന്നിരുന്നു.

അയാളുടെ മുഖത്താവട്ടെ,ഒരു തരം നിർവികാരത നിറഞ്ഞു നിന്നിരുന്നു.

നമ്മളിനി എന്ത് ചെയ്യും കാശി? അവൾ ചോദിച്ചു

നിന്നോട് ഞാൻ എത്രവട്ടം സൂക്ഷിക്കണം എന്ന് പറഞ്ഞതാ , എന്നിട്ടും..

എന്റെ മാത്രം കുറ്റം കൊണ്ടാണോ ഞാൻ പ്രെഗ്നന്റ് ആയത്? കാശിക്ക് ശ്രദ്ദിക്കമായിരുന്നല്ലോ. ഞാൻ അറിഞ്ഞു കൊണ്ട് എന്തോ തെറ്റ് ചെയ്തത് പോലെ കാശി എന്നോട് സംസാരിക്കരുത്. എനിക്കതു താങ്ങാൻ വയ്യ.

അയാൾ നെറ്റിക്ക് കൈ കൊടുത്ത് കുനിഞ്ഞിരുന്നു

നോക്ക് നീന… നമുക്കിത്വേണ്ടാ, കളയാം നീനാ

എന്താ കാശി ഇങ്ങനെ, നമ്മുടെ കുഞ്ഞല്ലേ. അiവിഹിത ഗർഭമൊന്നുമല്ലല്ലോ അലസിപ്പിക്കാൻ.

വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമല്ലേ ആയിട്ടുള്ളൂ. ഇപ്പോഴേ ഒരു കുഞ്ഞിന്റെ അച്ഛനാകാൻ എനിക്ക് വയ്യ നീന. അയാൾ അവളുടെ കൈയിൽ പിടിച്ചു.

എന്റെ കുഞ്ഞ് എല്ലാ സൗഭാഗ്യങ്ങളോടെയും വളരണം എന്നാണ് എന്റെ ആശ. നമ്മുടെ ഇല്ലായ്മകളിലേക്ക് ഈ കുഞ്ഞു പിറന്നു വീഴാൻ പാടില്ല നീന.

അവൾ തല കുനിച്ചു. അറിയില്ല എന്ത് വേണമെന്ന്. മനസ്സ് മുഴുവൻ ശൂന്യമാണ്.

ഈ മാസം ഞാൻ വിദേശത്തേക്കു പോകും. അടുത്ത മാസത്തോടെ നീയും വരണം. ഒരു നാലഞ്ചു കൊല്ലം അവിടെ ജോലി ചെയ്താൽ നമുക്ക് സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാൻ പറ്റും. പിന്നീട് മതി നമുക്കൊരു കുഞ്ഞ്.

അവൾ നിസ്സഹായതയോടെ അയാളെ നോക്കി.

അയാൾ അവളെ തന്റെ അരികിലേക്ക് പിടിച്ചിരുത്തി.

ഒരുമിച്ചു പഠിച്ചു വളർന്നവർ അല്ലേ നമ്മൾ,ഒരിക്കലും പിരിയരുതെന്ന് ആശിച്ച്‌ നീ നേഴ്സിംഗിന് പോയപ്പോൾ അതേ കോളേജിൽ നഴ്സിംഗിന് ചേർന്നതും,ഒരുമിച്ച് പഠിച്ചിറങ്ങി, ഒരുമിച്ച് ജോലി നോക്കിയതും ഒക്കെ നിന്നെ പിരിയാതിരിക്കാൻ വേണ്ടി തന്നെയാ.

അയാൾ അവളുടെ താടിയിൽ പിടിച്ച് ആ മുഖം തെല്ലുയർത്തി. എന്റെ സ്വപ്‌നങ്ങൾ നിനക്ക് അറിയാവുന്നതല്ലേ, ഈ പട്ടിക്കാട്ടിൽ ജീവിച്ചാൽ മതിയോ നമുക്ക്. നമ്മളെപ്പോലെ ഇല്ലായ്മകളിൽ വേണോ നമ്മുടെ കുഞ്ഞ് വളരാൻ. നീ പറ.

നമ്മുടെ ആഗ്രഹങ്ങൾക്ക് വേണ്ടി, നമ്മുടെ കുഞ്ഞിനെ ഇല്ലാതാക്കാൻ എനിക്ക് വയ്യ കാശി.

പിന്നെ എന്ത് ചെയ്യാനാ നിന്റെ തീരുമാനം, എനിക്ക് എന്തായാലും പോയേ പറ്റൂ… ഇവിടെ കിട്ടുന്ന നാക്കപ്പിച്ച കാശ് കൊണ്ട് എത്ര നാൾ പിടിച്ച് നിൽക്കും. സ്വന്തമായി എന്തെങ്കിലും ഉണ്ടോ? നിന്റെ അമ്മയുടെ ചികിത്സ,മരുന്ന്, അനിയന്റെ പഠിപ്പ്, നിന്നെ നഴ്സിംഗ് പഠിപ്പിക്കാൻ നിന്റെ അമ്മ ബാങ്കിൽ വച്ച ആധാരം തിരിച്ചെടുക്കണ്ടേ നിനക്ക്. അത് നിന്റെ ഉത്തരവാദിത്തം അല്ലേ?

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

കരയരുത്…. അയാൾ അവളുടെ കണ്ണുകൾ തുടച്ചു. എനിക്ക് ആഗ്രഹ മില്ലാഞ്ഞിട്ടല്ലടീ. ഇപ്പോൾ അച്ഛനും അമ്മയും ആകാനുള്ള പ്രായമൊന്നും ആയില്ല നമുക്ക് ഇരുപത്തിയഞ്ചു വയസല്ലേ നമുക്കുള്ളൂ…

ഒക്കെ എനിക്കറിയാം കാശി, ഞാൻ പ്രെഗ്നന്റ് ആകാതിരിക്കാൻ ടാബ്ലറ്റ് കഴിക്കുന്നതുമാണ്, എന്നിട്ടും എങ്ങനെ പ്രെഗ്നന്റ് ആയി എന്ന് എനിക്കറിയില്ല കാശി,പിന്നെവിരുന്നിനു പോക്കും, വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പുകളും ഒക്കെ അല്ലായിരുന്നോ അതുകൊണ്ട് ഞാൻ ശ്രദ്ദിച്ചില്ല.

സാരമില്ല, ഇനി അതൊന്നും ഓർക്കണ്ട. ആരോടും ഒന്നും പറയുകയും വേണ്ട. നമ്മൾ പ്ലാൻ ചെയ്തതു പോലെ നമ്മൾ വിദേശത്തേക്ക് പോകുന്നു. കടമെല്ലാം തീർത്ത് സമാധാനമായി ജീവിക്കണം നമുക്ക്.

ഉം…. അവൾ മൂളി.

ഞാൻ പുറത്തേക്ക് ഒന്ന് പോകുവാ. നാളെ നമുക്ക് ഹോസ്പിറ്റലിൽ പോകാം. ഗൗരി ഏട്ടത്തിയോടൊന്നും പറയണ്ട കേട്ടല്ലോ.

ഉം… അവൾ തല കുലുക്കി.

അയാൾ പുറത്തേക്ക് പോയതും അവൾ വിങ്ങി വിങ്ങി കരഞ്ഞു… എന്ത് ചെയ്യണമെന്ന് അറിയില്ല. ചെയ്യുന്നത് തെറ്റാണെന്ന് ഉള്ളിരുന്നാരോ പറയുന്നത് പോലെ.

നീന മോളെ… ഗൗരി ഏട്ടത്തിയുടെ വിളി കേട്ടതും അവൾ മുഖം അമർത്തി തുടച്ചിട്ട് പുറത്തേക്ക് ഇറങ്ങി.

കാശിക്കുട്ടൻ ഊണ് കഴിക്കാതെ എങ്ങോട്ട് പോയതാ?

അറിയില്ല ഏട്ടത്തി. പുറത്തേക്ക് പോകുവാന്നെ പറഞ്ഞുള്ളൂ…

മോള് വാ ഏട്ടത്തി ഊണെടുത്തു വയ്ക്കാം.

എനിക്കിപ്പോൾ വിശക്കുന്നില്ല.

രാവിലെ ഒരു ദോശയും കഴിച്ചിട്ട് ഇരിക്കുന്നതല്ലേ മോളെ, നന്നായി ഭക്ഷണം കഴിക്കണം. അടുത്ത ആഴ്ച്ച രണ്ടാളും പോകുവല്ലേ, അവിടെ പോയാൽ പിന്നെ ജോലികാര്യത്തിൽ മാത്രമായിരിക്കും ശ്രദ്ധ. എന്തെങ്കിലും ഏതെങ്കിലും സമയത്ത് കഴിച്ചാൽ പോരാ. നന്നായി ഭക്ഷണം കഴിക്കേണ്ട പ്രായമാ ഇത്.

വിശപ്പില്ലാഞ്ഞിട്ടാ ഏട്ടത്തി.

എന്തേ അമ്മയെയും അനിയനെയും ഒക്കെ വിട്ടിട്ട് പോകണമല്ലോ എന്നോർത്താണോ വിഷമം.

അങ്ങനൊന്നും ഇല്ല.

മോള് വിഷമിക്കണ്ട ഞാനും ശരത്തേട്ടനും കൂടെ എല്ലാ ആഴ്ചയും പോയി അന്വേഷിച്ചോളാം കേട്ടോ.. ഗൗരി ഏട്ടത്തി അവളുടെ തലയിൽ തഴുകി.

ഏട്ടത്തി ഭക്ഷണം കഴിച്ചോ?

ഇല്ല. അച്ഛനും കഴിച്ചില്ല. മോളും കാശിക്കുട്ടനും വരാൻ നോക്കി ഇരിക്കുകയായിരുന്നു. അവൻ പറയാതെ പുറത്തേക്ക് പോകാറില്ലാ ത്തതാണ്. ഇന്നെന്താണോ അവൻ പറയാതെ പോയത്? അല്ലെങ്കിൽ ഏട്ടത്തിയുടെ സാരിത്തുമ്പിൽ നിന്നും മാറാതെ നടക്കുന്ന ആളാ.ഞാൻ വരുമ്പോൾ പതിനാല് വയസേ ഉള്ളൂ അവന്. അമ്മയില്ലാത്ത വിഷമം ഞാൻ അവനെ അറിയിച്ചിട്ടില്ലേ… ഇപ്പോൾ നിങ്ങൾ രണ്ടാളും വിദേശത്തേക്കു പോകുവാന്ന് അറിഞ്ഞപ്പോൾ മുതൽ ഉള്ളിൽ ഒരു നോവാണ്. ഒന്ന് കാണണമെന്ന് തോന്നിയാൽ ഓടി വരാൻ പറ്റില്ലല്ലോ. ഗൗരിയേടത്തിയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ നീനക്ക് സഹിച്ചില്ല.അമ്മയെ പോലെ നിഷ്കളങ്കമായ സ്നേഹമാണ് ഗൗരിയേടത്തി ഈ മൂന്ന് മാസം കൊണ്ട് തന്നത്.

ഞാൻ കഴിക്കാൻ വരാം ഏട്ടത്തി.

എന്നാൽ വായോ…ഏട്ടത്തി വിളമ്പി വയ്ക്കാം.

കാശിക്ക് അമ്മയില്ല. അച്ഛനും, ശരത്തേട്ടനും,ശരത്തേട്ടന്റെ ഭാര്യ ഗൗരിയേടത്തിയുമാണ് ഇവിടുത്തേ അംഗങ്ങൾ.

അച്ഛന് കൃഷിപ്പണിയാണ്, ശരത്തേട്ടൻ ഓട്ടോ ഓടിക്കുകയാണ്. ഗൗരിയേടത്തി നൃത്ത അധ്യാപികയാണ്. ശരത്തേട്ടന് പന്ത്രണ്ടു വയസുള്ളപ്പോഴാണ് അനിയൻ പിറന്നത്.അവന് കാശി എന്ന് പേരിട്ടതും അവനെ എടുത്തോണ്ട് നടക്കുന്നതുമെല്ലാം ശരത്തേട്ടൻ ആയിരുന്നു.

കാശിക്ക് ആറ് വയസുള്ളപ്പോഴാണ് കാശിയുടെ അമ്മ മരണപ്പെട്ടത്.

ഇടക്ക് വിഷാദത്തിലേക്ക് പോയ അച്ഛനെയും, കാശിയെയും ചേർത്തു പിടിച്ച് ശരത്തേട്ടൻ പഠിപ്പു നിർത്തി ജീവിതത്തിൽ ഡ്രൈവറുടെ കുപ്പായമണിഞ്ഞതാണ്. ഉള്ള കാശ് നുള്ളിപ്പെറുക്കി എടുത്താണ് ശരത്തേട്ടൻ കാശിയെ പഠിപ്പിച്ചത്. ശരത്തേട്ടന്റെ ഭാര്യ ഗൗരിഏട്ടത്തിയും പഞ്ചപാവമാണ്.

അവൾ ചെന്നപ്പോഴേക്കും ഏട്ടത്തി ടേബിളിലേക്ക് ഭക്ഷണം എടുത്തു കൊണ്ട് വന്നിരുന്നു.

നീനയും കൂടെ ചേർന്ന് ഭക്ഷണം പ്ളേറ്റിലേക്ക് പകർന്നു.

നിങ്ങളും കൂടെ ഇരിക്ക്. അച്ഛൻ പറഞ്ഞു.

മൂന്നാളും കൂടെ ഭക്ഷണം കഴിച്ചു. അച്ഛൻ ഇടക്ക് അവരുടെ പാത്രത്തിലേക്കു ചോറ് ഇട്ട് കൊടുത്തു.

അയ്യോ അച്ഛാ.. ഇത് മതി.

ഭക്ഷണം നന്നായി കഴിക്കണം കുട്ടികളെ. നമ്മുടെ പറമ്പിലെ സാധനങ്ങൾ അല്ലേ,ഒരു വിഷോം ചേർക്കാതെ ഉണ്ടാക്കുന്നതാ. വയർ നിറയെ കഴിക്ക്.

അച്ഛന് വെറുതെ ഇരിക്കുന്നത് ഇഷ്ട്ടമല്ല. എപ്പോഴും പറമ്പിൽ എന്തെങ്കിലും പണി ചെയ്തുകൊണ്ടിരിക്കും. ഉച്ചക്ക് മാത്രം ഒരു മണിക്കൂർ വിശ്രമിക്കും.

സ്നേഹം കൊണ്ട് മാത്രമാണോ ഈ വീട് നിർമ്മിച്ചതെന്ന് നീനക്ക് തോന്നി പോയി.

ഭക്ഷണം കഴിച്ച്‌ എഴുന്നേറ്റതും വയറ്റിൽ നിന്നും ഉരുണ്ടു കയറുന്നതു പോലെ തോന്നി നീനക്ക്.

അവൾ പുറത്തേക്ക് ഓടി.

എന്ത് പറ്റി മോളെ….. ശർദിച്ചുകൊണ്ടിരിക്കുന്ന നീനയുടെ പുറത്ത് അവർ തിരുമ്മി കൊടുത്തു.

മോൾക്ക്‌ വിശേഷം ആയോ?? ഗൗരി ഏട്ടത്തി ചോദിച്ചു.

നീനക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

ഗൗരി ഏട്ടത്തിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.

താൻ പതിനൊന്നു വർഷങ്ങളായി ഒരു കുഞ്ഞിനായി കാത്തിരിക്കു ന്നതാണ്, അമ്മയാകാനുള്ള യോഗം ഇതുവരെയും കിട്ടിയില്ല. എങ്കിലും ഇവിടെ ഒരു കുഞ്ഞ് വാവ വരാൻ പോകുകയാണ്. തനിക്കും കൂടെ ലാളിക്കാൻ ഒരു കുഞ്ഞ് വരാൻ പോകുന്നു.

ഗൗരിയേടത്തി നീനയുടെ നെറ്റിയിൽ അമർത്തി ചുംiബിച്ചു.

പെട്ടന്ന് കാശി പറഞ്ഞത് നീന ഓർത്തു. ആരും അറിയാൻ പാടില്ല. വെറുതെ ആർക്കും ആശ കൊടുക്കാൻ പാടില്ല.

ഏട്ടത്തി ഇത് അതല്ല. ഭക്ഷണം കൂടുതൽ കഴിച്ചിട്ടാണെന്നു തോന്നുന്നു.

അല്ല.. മോളെ. നിന്റെ മുഖം കണ്ടപ്പോൾ ഏട്ടത്തിക്കു തോന്നിയിരുന്നു.

അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ നീനക്ക് കള്ളം പറയാൻ തോന്നിയില്ല..

പക്ഷെ കാശി, കാശി തന്നെ കുറ്റപ്പെടുത്തും.

അവൾക്ക് ആകെ ഭയം തോന്നി.

♡♡♡♡♡♡♡♡♡♡♡♡♡

നീ എല്ലാവരോടും പറഞ്ഞോ നീന?

ഇല്ല കാശി,ഞാൻ പറഞ്ഞതല്ല.അല്ലാതെ തന്നെ ഗൗരി ഏട്ടത്തി അറിഞ്ഞു.

നീ പറയാതെ എങ്ങനെ അറിയാനാ?

പെണ്ണുങ്ങൾക്ക് മാത്രം അറിയാവുന്ന ചില കാര്യങ്ങളുണ്ട്. അങ്ങനെ അറിഞ്ഞതാണ്.അല്ലാതെ ഞാൻ ഒന്നും പറഞ്ഞതല്ല.

എന്തൊക്കെ സംഭവിച്ചാലും ഞാൻ ഈ മാസം തന്നെ വിദേശത്തേക്ക് പോകും. നീ വന്നേ പറ്റൂ എല്ലാ കാര്യങ്ങളും നമ്മൾ തീരുമാനിച്ചത് പോലെ തന്നെ നടക്കണം.

വൈകിട്ട് ശരത്ത് വന്നപ്പോൾ,കയ്യിൽ ഒരു കവർനിറയെ പലഹാരങ്ങൾ ഉണ്ടായിരുന്നു. അയാളുടെ മുഖം സന്തോഷത്താൽ വിടർന്നിരുന്നു
ഒത്തിരി ആശിച്ചതാണ് ഒരു കുഞ്ഞിനായ്.തന്റെ അനിയന്റെ കുഞ്ഞാണെങ്കിലും തനിക്കും കൂടി അവനെ കൊഞ്ചിക്കാമല്ലോ

ഈ വീട്ടിൽ ഇനി കുഞ്ഞുകരച്ചിലുകൾ, കുഞ്ഞിച്ചിരികൾ, കൊഞ്ചലുകൾ ഒക്കെ നിറയും.അയാൾക്ക് വലിയ സന്തോഷം തോന്നി.

അച്ഛനും വലിയ സന്തോഷമായിരുന്നു.

ഇനിയാണ് ഈ വീട് ഉണരാൻ പോകുന്നത്.

വിവരമറിഞ്ഞ് നീനയുടെ അനിയനും അമ്മയും എത്തിച്ചേർന്നു

ശരത്തും ഗൗരിയും അവരെ സൽക്കരിക്കുന്ന തിരക്കിലായിരുന്നു

സന്തോഷം മാത്രം നിറഞ്ഞുനിൽക്കുന്ന ആ സമയത്താണ്,കാശിയുടെ വാക്കുകൾ ഇടിത്തീ പോലെ വന്ന് പതിച്ചത്. ഞങ്ങൾക്ക് ഇപ്പോൾ ഈ കുഞ്ഞിനെ വേണ്ടെന്നാണ് തീരുമാനം.

അവിടമാകെ നിശബ്ദത നിറഞ്ഞു.

ആരും ഒന്നും പറയുന്നില്ല

ഗൗരി മാത്രം അവരെ പകച്ചു നോക്കി.

മോളെ, എത്ര കാലങ്ങളായി ഞാൻ ആശിക്കുന്നതാണെന്നോ ഒരു കുഞ്ഞിന് വേണ്ടി.ഇതുവരെയും എനിക്ക് അതിനുള്ള ഭാഗ്യം കിട്ടിയില്ല. നിനക്കതിനുള്ള ഭാഗ്യം കിട്ടിയപ്പോൾ അതിനെ ഉപേക്ഷിക്കാനാണോ നിൽക്കുന്നത്? ഗൗരി സങ്കടത്തോടെ നീനയോട് ചോദിച്ചു. കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് വിദേശത്തേക്ക് ജോലിക്ക് പോകാമല്ലോ . ഞാൻ നോക്കിക്കൊള്ളാം ഈ കുഞ്ഞിനെ.

ഗൗരി….. നീ മിണ്ടാതിരിക്ക്. ശരത്ത് അവളുടെ കൈയിൽ പിടിച്ചു.

നമ്മൾ കാണുന്നില്ല എന്നല്ലേ ഉള്ളൂ ശരത്തേട്ടാ, ആ കുഞ്ഞ് വയറ്റിൽ ജനിച്ചു കഴിഞ്ഞതല്ലേ? ഇനി അതിനെ കൊ ** ന്ന് ആ പാപഭാരം കൂടി ഏറ്റെടുക്കരുതെന്ന് പറയൂ ശരത്തേട്ട.. ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഏട്ടത്തി ഇങ്ങനെ ഒന്നും പറയരുത്ആ ഗ്രഹിക്കാതെ ജനിച്ചാൽ ആ കുഞ്ഞിനെ സ്നേഹിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലോ? നമ്മുടെ കഷ്ടപ്പാടുകൾക്ക് നടുവിൽ എന്റെ കുഞ്ഞു വളരുന്നത് എനിക്കിഷ്ടമല്ല. കാശി പറഞ്ഞു

അതിന് നിനക്ക് വിദേശത്ത് പോയാൽ പോരെ,അവൾ ഇവിടെ നിന്നോട്ടെ കുഞ്ഞു ജനിച്ചതിനു ശേഷം നീനക്കു പോകാമല്ലോ. അത്രനേരം മിണ്ടാതിരുന്ന അച്ഛൻ പറഞ്ഞു.

അതൊന്നും നടക്കില്ല അച്ഛാ,കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ വളർത്തണ്ടേ ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കാൻ കഴിയില്ലല്ലോ. ഇപ്പോൾ ജോലിക്ക് പ്രാധാന്യം നൽകിയാലേ മുന്നോട്ട് ജീവിക്കാൻ കഴിയൂ… ആഗ്രഹിക്കുമ്പോൾ ഇനിയും ഒരു കുഞ്ഞിന് ജന്മം നൽകാവുന്നതല്ലേ ഉള്ളൂ.

ഗൗരി നിസ്സഹായതയുടെ ശരത്തിനെ നോക്കി

അയാൾ ഒന്നും പറഞ്ഞില്ല.

ഉം അവരുടെ തീരുമാനം നടക്കട്ടെ അച്ഛൻ പതിയെ പറഞ്ഞു. നമുക്കിതിൽ ഇടപെടാൻ എന്താണ് അവകാശം?? കുട്ടികൾ മുതിർന്നില്ലേ ഇനിയിപ്പോൾ അനുസരിപ്പിക്കാൻ കഴിയില്ലല്ലോ പതിയെ പറഞ്ഞു കൊണ്ട് അച്ഛൻ മുറിയിലേക്ക് പോയി.

നീനയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എങ്കിലും അവർ ഒന്നും പറഞ്ഞില്ല. ഒറ്റയ്ക്ക് ജീവിതം തുഴഞ്ഞു കുഴഞ്ഞു പോയ അവർക്ക് അല്ലെങ്കിലും ഒന്നും പറയാൻ അറിയില്ലായിരുന്നു. ലോകത്തിലെ ഏറ്റവും നിസ്സഹായയായ ഒരു സ്ത്രീയെ പോലെ അവർ സാരിത്തുമ്പു കൊണ്ട് കണ്ണുകൾ ഒപ്പി.

അനിയന്റെ കൈയും പിടിച്ച്‌ അമ്മ പോകുന്നത് കണ്ടപ്പോൾ നീനക്ക് വല്ലാത്ത സങ്കടം തോന്നി. എത്ര സന്തോഷത്തോടെ, നിറഞ്ഞ ചിരിയുമായിട്ടാണ് അമ്മയും അനിയനും വന്നത്.

വീട് ജപ്തിയാകുമെന്ന ഭയത്തോടെയാണ് ഓരോ ദിവസവും അമ്മ കഴിച്ചു കൂട്ടുന്നത്. എങ്കിലും മകൾക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷത്തോടെ ഓടി വന്നതാണ്.

നീന നിസ്സഹായതയോടെ കാശിയുടെ മുഖത്തേക്ക് നോക്കി

വയ്യ കാശി എനിക്കിതിന് വയ്യ.എനിക്ക് ഈ കുഞ്ഞിനെ വേണം.കൊ ** ന്നുകളയാൻ മാത്രം മനസ്സുറപ്പെനിക്ക് വരുന്നില്ല. നമ്മുടെ കുഞ്ഞാണ്.

കാശിയൊന്നും പറഞ്ഞില്ല. പക്ഷെ അയാളുടെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞിരുന്നു.

ദിവസങ്ങൾ കടന്നുപോയി കാശിക്ക് പോകാനുള്ള ഡേറ്റ് അടുത്തു

അയാളെ യാത്രയാക്കാൻ എയർപോർട്ടിലേക്ക്നീ നയും ഗൗരിയും ശരത്തും കൂടിയാണ് പോയത്.

കാശിയുടെ മുഖത്ത് തെല്ലും സന്തോഷം ഉണ്ടായിരുന്നില്ല. രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞാൽ എനിക്കൊപ്പം പോരാനും ജോലിക്ക് കയറാനും തയ്യാറായി ഇരുന്ന നീനയാണ് ഇപ്പോൾ അമ്മയാകാനുള്ള തയ്യാറെ ടുപ്പിൽ നിൽക്കുന്നത്, ജപ്തി ആയാൽ നിന്റെ അമ്മയും അനിയനും എന്ത് ചെയ്യും? വല്ല ചിന്തയും ഉണ്ടോ നിനക്ക്?? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്റെ സാലറി ഒന്നിനും വേണ്ടി പ്രതീക്ഷിക്കരുത്. നീയൊരു മോശം മകളും മോശം ചേച്ചിയുമാണ്. ഇപ്പോൾ ഒരു മോശം ഭാര്യയും. അല്ലെങ്കിൽ രണ്ടു മാസത്തിനപ്പുറം കൈയിൽ നല്ലൊരു തുക കിട്ടുമായിരുന്നു. ഒന്നുവല്ലെങ്കിലും നിന്റെ ബാങ്ക് ലോണിന്റ പലിശ എങ്കിലും അടക്കാൻ നിനക്ക് പറ്റുമായിരുന്നു. എല്ലാം നശിപ്പിച്ചില്ലേ??
അയാൾ അവളോട്‌ ചോദിച്ചു.

ഈ നിമിഷം പോലും എന്നെയിങ്ങനെ കുറ്റപ്പെടുത്താൻ എങ്ങനെ കഴിയുന്നു കാശി?? ഞാൻ സ്നേഹിച്ച കാശിയെ അല്ല ഇത്.. വേറൊരാളെ പോലെ തോന്നുന്നു എനിക്ക്.

ഒരുമിച്ചു കണ്ട സ്വപ്നം പൂർത്തിയാക്കാൻ എനിക്കൊപ്പം വരില്ലാത്ത നീനയോട് പിന്നെ ഞാൻ എന്താ പറയേണ്ടത്? പടിക്കൽ കലം ഉടച്ചത് പോലെ ആയില്ലേ??

വേണ്ട, ഇനിയൊന്നും പറയണ്ട കാശി.എനിക്കിനിയൊന്നും താങ്ങാൻ വയ്യ.

പോട്ടെടീ… നീ ക്ഷമിക്ക്. വിഷമം കൊണ്ട് പറഞ്ഞു പോയതാ. ഒന്നുമാവാതെ പോവില്ലേ നമ്മൾ. നമ്മുടെ ജീവിതം ഒക്കെ ഓർത്തപ്പോൾ അറിയാതെ എന്തൊക്കെയോ പറഞ്ഞു പോയി.

സാരമില്ല കാശി. എനിക്ക് മനസിലാകും.

അയാൾ അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു.

കാശീ….

ഉം.

ഡെലിവറി ഡേറ്റ് അടുക്കുമ്പോഴേക്കും കാശി വരുമോ??

ഇല്ല

ഇല്ലേ…?

ഇല്ല. നീ ഡെലിവറി കഴിഞ്ഞ്,അങ്ങോട്ട് കയറി പോന്നേക്കണം. കുഞ്ഞിനെ ഗൗരി ഏട്ടത്തി നോക്കിക്കോളും. രണ്ടോ മൂന്നോ കൊല്ലം നമ്മൾ ജോലി നോക്കിയാൽ, കടങ്ങൾ തീർന്ന് എന്തെങ്കിലും സമ്പാദിക്കാൻ പറ്റും. പിന്നെ കുഞ്ഞിനെ നോക്കാൻ ആരെയെങ്കിലും നിർത്താമല്ലോ. അതുവരെ നാട്ടിൽ ഗൗരിയേടത്തിയുടെ കൂടെ കുഞ്ഞ് വളരട്ടെ അയാൾ പറഞ്ഞു.

നീന കാശിയുടെ മുഖത്തേക്ക് നോക്കി. ഭാവിയിലെ കാര്യങ്ങൾ പോലും കാശി ആലോചിക്കും, കാശിയുടെ അത്രയും അപ്ഡേറ്റ് ആകാൻ തനിക്കൊരിക്കലും പറ്റില്ല. എനിക്ക് കാശിയുടെ കൂടെ കുഞ്ഞിന്റെ കൂടെ സ്നേഹിച്ച് സ്നേഹിച്ച് ജീവിച്ചു മരിക്കണം അത്രേ മോഹിക്കാനേ എനിക്കറിയൂ…

സാരമില്ല… കഴിഞ്ഞത് കഴിഞ്ഞു. നീ സന്തോഷമായിട്ടിരിക്ക്. അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു. ഏട്ടനോടും ഏട്ടത്തിയോടും അയാൾ യാത്ര പറഞ്ഞയാൾ പോയി.

തിരികെ, വണ്ടിയിൽ ഇരിക്കുമ്പോൾ നീനക്ക് സങ്കടം തോന്നി. കാശി ഇപ്പോൾ വേറെ ഒരാൾ ആണെന്ന് തോന്നിപ്പോകുന്നു.

തനിക്കായ് ആരും ഈ ഭൂമിയിൽ ഇല്ലെന്നും തനിക്ക് ചാരിയിരിക്കാൻ ഒരു തോളില്ലെന്നും അവൾക്ക് തോന്നി.

♡♡♡♡♡♡♡♡♡♡♡♡♡

ശരത്തും ഗൗരിയും അവളെ നിലത്തു വയ്ക്കാതെയാണ് കൊണ്ട് നടക്കുന്നത്. അച്ഛൻ വൈകുന്നേരങ്ങളിൽ പുറത്തേക്ക് പോയി വരുമ്പോൾ,അവൾക്കായി എന്നും പലഹാരങ്ങൾ കൊണ്ടു വരും.

പതിയെപ്പതിയെ കാശി പോയ ദുഃഖം അവൾ മറന്നു തുടങ്ങി.

അടുത്തു തന്നെയുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ അവൾ ജോലിക്ക് കയറി.

അനിയന്റെ പഠനം, അമ്മയുടെ ചികിത്സ, ഒന്നും മുടങ്ങാതിരിക്ക ണമെങ്കിൽ ജോലിക്ക് പോയേ പറ്റൂ..അല്ലെങ്കിലും നേഴ്സ് ആകണ മെന്നത് പണ്ട് മുതലുള്ള ആഗ്രഹമായിരുന്നു.

രാവിലെ ബ്രഷ് ചെയ്യുമ്പോൾ ഉള്ള ശര്ദിലും, അരി വേവുന്ന മണം വരുമ്പോൾ ഉള്ള മനംമറിച്ചിലും,മറ്റും ഉണ്ടെങ്കിലും ഗർഭാവസ്ഥയിൽ അവൾക്ക് വലിയ പ്രയാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ഗൗരി അവളെ പരിചരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകിയിരുന്നു.
ജനിക്കാൻ പോകുന്ന കുഞ്ഞിനായി ഗൗരി ഓരോന്നും വാങ്ങിക്കൂട്ടി.

രാവിലെ ഗൗരിയെ ഹോസ്പിറ്റലിൽ കൊണ്ട് വിടുന്നത്, വിളിച്ചു കൊണ്ടുവരുന്നതും ശരത്താണ്. വളരെ പതിയെ അയാൾ ഓട്ടോ ഓടിക്കുമ്പോൾ നീന അയാളെ കളിയാക്കും. ഇതിലും ഭേദം നടക്കുന്നതാണെന്നു പറഞ്ഞ്.

അതേ… അകത്തുള്ള ആൾക്ക് ഒന്നും പറ്റാതെ നോക്കണ്ടേ… അയാൾ ചിരിയോടെ പറയും.

രാത്രിയിൽ പതിവായി കാശി വിളിക്കും.കുറേ നേരം സംസാരിക്കും. സന്തോഷമായി ഇരിക്കണമെന്നും ലീവ് കിട്ടിയാൽ ഡെലിവറി അടുക്കുമ്പോഴേക്കും വരാൻ നോക്കാം എന്നും പറയും.

അത് കേൾക്കുമ്പോൾ നീനക്ക് സമാധാനം തോന്നും.

എങ്കിലും നീനക്ക് അറിയാം കാശി ഉടനെയൊന്നും ലീവ് എടുക്കില്ലെന്നും, ഉടനെ വരില്ലെന്നും. കാശി ഒരു കാര്യം തീരുമാനിച്ചാൽ അതിനൊരു മാറ്റവും ഉണ്ടാകില്ല.

♡♡♡♡♡♡♡♡♡♡♡♡♡

ഡ്യൂട്ടിക്കിടയിൽ,ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴാണ് നീന സൈലന്റാക്കി വച്ചിരുന്ന ഫോൺ എടുത്തത്.

അമ്മയുടെ മിസ്സ്ഡ് കാൾ പതിനെട്ടെണ്ണം കിടക്കുന്നു.

അമ്മ വൈകുന്നേരങ്ങളിൽ മാത്രേ വിളിക്കാറുള്ളൂ… താൻ ഡ്യൂട്ടിയിൽ ആണെന്ന് അമ്മക്ക് അറിയാവുന്നതാണല്ലോ എന്നിട്ടും വിളിക്കണ മെങ്കിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരിക്കും.. അവൾ വേഗം തിരിച്ചു വിളിച്ചു.

ബെല്ലടിച്ചു നിൽക്കുന്നതല്ലാതെ കാൾ എടുക്കുന്നില്ല.

അവൾക്ക് ആകെ ടെൻഷൻ ആയി.

അവൾ കഴിക്കാൻ തുറന്ന പാത്രം അടച്ച് വച്ചു.

ഒന്നുകൂടെ ഫോണെടുത്ത് വിളിച്ചു നോക്കി.

ബെല്ലടിക്കുന്നുണ്ട് ആരും എടുക്കുന്നില്ല. അവൾക്ക് വല്ലാത്ത ഭയം തോന്നി.

അവൾക്ക് ആകെ വെപ്രാളം തോന്നി.

എന്താകും ഫോൺ എടുക്കാത്തത്?

പെട്ടന്ന് അവളുടെ ഫോൺ ബെല്ലടിച്ചു. അവൾ ഒരു ദീർഘനിശ്വാസത്തോടെ കാൾ എടുത്തു.

അമ്മേ… എവിടാരുന്നു? എന്താ കാൾ എടുക്കാതിരുന്നത്?

അമ്മയല്ല ഞാനാ ചേച്ചീ.. നീനയുടെ അനിയനാണ്.

മോനേ അമ്മ എവിടെ?

അമ്മ അപ്പുറത്ത് ഉണ്ട് ചേച്ചീ

നീയെന്താ ഇന്ന് സ്കൂളിൽ പോയില്ലേ?

ഇല്ല. അവന്റെ ശബ്ദം താഴ്ന്നിരുന്നു.

എന്ത് പറ്റിയെടാ? അവൾ ആധിയോടെ ചോദിച്ചു.

ചേച്ചീ… ഇന്ന് രാവിലെ ബാങ്കിൽ നിന്നും ആള് വന്നിരുന്നു.വീട് ജപ്തി ആകുമെന്ന് പറഞ്ഞു. അവർ വന്ന് പറഞ്ഞപ്പോൾ മുതൽ അമ്മ ഇരുന്നു കരയുവാ..

നീന ഇടർച്ചയോടെ കസേരയിലേക്ക് ഇരുന്നു.

ചേച്ചീ… ചേച്ചി വിഷമിക്കണ്ട, ഞാൻ എന്തെങ്കിലും ജോലിക്ക് പോയി അമ്മയെ നോക്കിക്കോളാം. ഏതെങ്കിലും ഒറ്റ മുറി വീട് വല്ലതും കിട്ടുമോ എന്ന് നോക്കാം. ഞാൻ അമ്മയേം കൊണ്ട് താമസം മാറാം.

അവൾക്ക് സങ്കടം വന്നു. നെഞ്ചു പൊട്ടും പോലെ, സഹിക്കാൻ വയ്യ ഈ സങ്കടം. അവളുടെ കണ്ണുനീർ കവിളിലൂടെ ചാലിട്ടൊഴുകി. പതിനാറു വയസ് മാത്രമുള്ള അനിയൻ എത്ര പക്വതയോടെയാണ് സംസാരിക്കുന്നത്, പഠിത്തം നിർത്തി എന്തെങ്കിലും ജോലിക്ക് പൊയ്ക്കോളാമെന്ന്. ഓർക്കും തോറും അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.

മോനേ… എന്തെങ്കിലും വഴിയുണ്ടോ എന്ന് ഞാൻ നോക്കട്ടെ, ഒന്നും ആലോചിച്ചു വിഷമിക്കണ്ട എന്ന് അമ്മയോട് പറയണം. മോൻ പോയിരുന്നു പഠിക്ക്.

ഉം…

കാൾ കട്ടാക്കി കഴിഞ്ഞ്, അവൾ മുഖം തണുത്ത വെള്ളത്തിൽ കഴുകി. ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല.

ഡ്യൂട്ടിക്കിടയിലും, മനസ്സ് നിയന്ത്രിക്കാൻ അവൾ പാടുപെടുന്നു ണ്ടായിരുന്നു.

ജോലി സമയം കഴിഞ്ഞ് ഇറങ്ങുമ്പോൾ ശരത്തേട്ടൻ ഓട്ടോയുമായി കാത്ത് നിൽപ്പുണ്ടായിരുന്നു. അവൾ ഓട്ടോയിൽ കയറി ഇരുന്നു.

എന്ത് പറ്റി മോളെ ഇന്ന് മുഖത്ത് വല്ലാത്ത ക്ഷീണമാണല്ലോ?

ഒന്നൂല്ല ഏട്ടാ…

യാത്രക്കിടയിൽ അവൾ തീർത്തും മൗനത്തിലായിരുന്നു.

വീട്ടിലെത്തിയതും ഗൗരി ഓടിയിറങ്ങി വന്നു.

മോളെ കുഴപ്പമൊന്നും ഇല്ലല്ലോ?

ഇല്ല ഏട്ടത്തി.

ബാഗ് ഇങ്ങ് താ.. പോയി മേല് കഴുകി വാ. ഏട്ടത്തി ചൂട് ചായ എടുക്കാം.

ഉം…

ഗൗരി ബാഗുമായി അടുക്കളയിലേക്ക് നടന്നു.

അതേ… ഈയുള്ളവന് ചായ ഉണ്ടോ ആവോ? ഇപ്പോൾ നമ്മളെ ആർക്കും വേണ്ടെന്നായി. ശരത്ത് പതിയെ പറഞ്ഞു.

ഈ ശരത്തേട്ടന്റെ ഒരു കാര്യം. ആ കുട്ടിയുടെ വയറ്റിലെ ഈ തറവാട്ടിലെ പൊന്നാ കിടക്കുന്നത്. അപ്പോൾ അതിനെ നല്ലോണം നോക്കണ്ടേ…?

വേണം വേണം.. എന്നാലും ഇച്ചിരെ പരിഗണന ഈ പാവം ഭർത്താവിനും വേണം കേട്ടോ, അയാൾ അവളുടെ കവിളിൽ മീശ ഉരസി.

ശ്ശൊ… ഈ മനുഷ്യൻ.. ഒരു നാണോം ഇല്ല.

അയാൾ കുറുമ്പോടെ അവളുടെ ചുവന്ന കവിളിണകളിൽ തലോടി.

പോ… അവിടുന്ന്.

അവൾ നീനയുടെ ബാഗ് തുറന്നു.

ഈശ്വര.. ഈ കുട്ടി ഇന്ന് ചോറ് കഴിച്ചിട്ടില്ല.?ദേ.. നോക്കിക്കേ ശരത്തേട്ട, നീന ഒന്നും കഴിച്ചിട്ടില്ല.

നീന അപ്പോഴേക്കും മേല് കഴുകി വന്നിരുന്നു.

മോളെ നീയെന്താ ഭക്ഷണം കഴിക്കാതിരുന്നത്?

ഒന്നൂല്ല ഏട്ടത്തി, കഴിക്കാൻ തോന്നിയില്ല.

ദേ… ഈ പാല് അങ്ങ് കുടിച്ചേ.. ഗൗരി ഒരു ഗ്ലാസ്സ് പാൽ അവൾക്ക് നേരെ നീട്ടി.

ദാ… ഇത് കഴിക്ക്.ഏത്തപ്പഴം മുറിച്ചു നെയ്യിൽ വാട്ടി എടുത്ത് അതിന് മുകളിൽ അൽപ്പം പഞ്ചസാര വിതറിയത് അവൾക്ക് നേരെ നീട്ടി..

എനിക്ക് വേണ്ട ഏട്ടത്തി, കഴിക്കാൻ തോന്നുന്നില്ല.

അങ്ങനെ പറഞ്ഞാൽ ഒക്കില്ല. ഗൗരിയേട്ടത്തി പഴം നുറുക്കിയത് അവളുടെ വായിൽ വച്ച് കൊടുത്തു.

നന്നായി ഭക്ഷണം കഴിക്കണം. ഇല്ലെങ്കിൽ ക്ഷീണമാകും.

വിശപ്പ് തോന്നിയില്ലെങ്കിലും അവൾ മുഴുവനും കഴിച്ചു.

മോൾ പോയി കുറച്ച് റസ്റ്റ് എടുക്ക്.

ഉം…അവൾ തല കുലുക്കി.

മുറിയിലെത്തി കട്ടിലിൽ ഇരുന്നവൾ ആലോചനയിൽ മുഴുകി. എന്ത് ചെയ്യും? തന്റെ പഠനത്തിനായി ആധാരം ബാങ്കിൽ വച്ചതാണ്. അത് എടുത്തുകൊടുക്കേണ്ട ഉത്തരവാദിത്തം തന്റേത് മാത്രമാണ്.

അവൾ തന്റെ കൈകളിലേക്ക് നോക്കി. ഒരുപവന്റെ വള കൈയിൽ ഉണ്ട് , പാദസരം രണ്ട് പവനുണ്ട്. മുക്കാൽ പവന്റെ ചെറിയൊരു മാലയുമുണ്ട്. സ്വന്തമായി ഇത്തിരിയിത്തിരി മിച്ചം വച്ച് വാങ്ങിയതാണ് ഇതൊക്കെ. തല്ക്കാലം ഇതൊക്കെ പണയം വച്ചാൽ ബാങ്കിലെ പലിശ കുറച്ച് അടക്കാൻ പറ്റും.കാശി താലി കെട്ടിയ മൂന്ന് പവന്റെ മാലയും കഴുത്തിൽ ഉണ്ട്. അത് കൂടെ പണയപ്പെടുത്തിയാൽ മുഴുവൻ പലിശയും അടക്കാവുന്നതേ ഉള്ളൂ.. പക്ഷെ തലിമാല എടുക്കുന്നത് മോശമല്ലേ? കാശി അറിഞ്ഞാൽ കുറ്റപ്പെടുത്തും. വിദേശത്തെ ജോലി വേണ്ടെന്ന് വച്ചതുകൊണ്ടല്ലേ, അല്ലെങ്കിൽ പലിശ അടക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലായിരുന്നല്ലോ എന്നേ കാശി പറയൂ.

അവൾ കൈയിലെ വള ഊരി, പാദസരവും അഴിച്ചു. അലമാര തുറന്ന് താലി മാലയും എടുത്തു. ചെറിയ മാലയിലാണ് താലി ഇട്ട് നടക്കുന്നത്. അവൾ ചെറിയ മാലയിൽ നിന്നും താലി ഊരി വലിയ മാലയിലേക്ക്‌ മാറ്റി, വലിയ മാല കഴുത്തിൽ ഇട്ടു.

മൊത്തം മൂന്നെമുക്കാൽ പവൻ പണയം വച്ചാൽ എത്ര രൂപയോളം കിട്ടും?? സ്വർണ്ണത്തിനു വില കൂടിയത് കൊണ്ട് പലിശ അടക്കാൻ തികയുമായിരിക്കും. ഇടയ്ക്കു ചെറിയ ചിട്ടി കൂടിയും മറ്റും പലിശയും അടച്ച് മുതലിലും കുറച്ച് പണം അടച്ചതായിരുന്നു. അതുകൊണ്ട് ഇത് തികയുമായിരിക്കും.?തികഞ്ഞില്ലെങ്കിൽ അരപവന്റെ കമ്മലും രണ്ടു ഗ്രാമിന്റെ മോതിരവും കൂടെയുണ്ട് അതും കൂടെ വയ്ക്കാം.

അവൾ ആലോചിച്ചുറപ്പിച്ചു.

ഇക്കൊല്ലം പലിശ അടച്ച് രക്ഷപ്പെടാം. അടുത്ത കൊല്ലം എന്ത് ചെയ്യും.

കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ജോലിക്കായി വിദേശത്തേക്കു പോയേ പറ്റൂ…

അൽപ്പം വീർത്ത വയറിൽ അവൾ മെല്ലെ തഴുകി. എന്റെ കുഞ്ഞേ… നിന്നെ ഇവിടെ ഉപേക്ഷിച്ചു പോയേ പറ്റൂ ഈ അമ്മക്ക്. നീയെന്നെ ശപിക്കരുത്. കടം വീട്ടനുള്ള പണം ആയാൽ അമ്മ ഓടി വരും നിന്റെ അടുത്തേക്ക്.

♡♡♡♡♡♡♡♡♡♡♡♡♡

പിറ്റേന്ന് അവൾ സ്വർണ്ണം പണയപ്പെടുത്തി, ബാങ്കിലെ പലിശ അടച്ചു. ഭാഗ്യത്തിന് പണം തികഞ്ഞു.

അവൾ വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങളും വാങ്ങി സ്വന്തം വീട്ടിലേക്ക് നടന്നു.

അനിയൻ വീട്ടിലുണ്ട്. അമ്മയെ കാണുന്നില്ല.

അമ്മ എന്തിയേടാ?

അമ്മ കിടക്കുവാ ചേച്ചീ…

എന്ത് പറ്റിയെടാ അമ്മക്ക്?? അവൾ അകത്തേക്ക് കയറി.

ശ്വാസം മുട്ടൽ കൂടി..അമ്മക്ക്.

ഏതെങ്കിലും മികച്ച ഹോസ്പിറ്റലിൽ കൊണ്ടു പോയി ചികിത്സ നൽക്കിയേ പറ്റൂ… പാവം ശ്വാസം മുട്ടൽ കൂടുമ്പോൾ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പോയി മരുന്ന് വാങ്ങും. അവിടുത്തെ ഡോക്ടർ ഓരോ തവണയും പറയാറുണ്ട്,വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്‌.ഇവിടുത്തെ മരുന്ന് കഴിച്ച് നിന്നാൽ പോരെന്ന്.

എത്ര നിർബന്ധിച്ചാലും അമ്മ മറ്റൊരു ഹോസ്പിറ്റലിലേക്കും വരില്ല. നുള്ളിപ്പെറുക്കി ഉണ്ടാക്കുന്ന പണം എന്റെ ചികിത്സക്ക് വേണ്ടി കളയണ്ട എന്നാണ് അമ്മ പറയുന്നത്.

എല്ലാം തന്റെ തെറ്റാണ്. പുറത്ത് പോയി നാല് കാശ് സമ്പാദിച്ചിട്ട് കടം വീട്ടി, അമ്മയെയും ചികിത്സിച്ചിട്ട് മതിയായിരുന്നു, ഈ കല്യാണം.

കാശിയെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി വിവാഹം കഴിച്ചു. ഒന്നും വേണ്ടിയിരുന്നില്ല.. സ്വാർത്ഥയായി പോയി താൻ.

അമ്മേ… ശ്വാസം മുട്ടൽ കുറഞ്ഞോ? അവൾ അമ്മയുടെ അടുത്ത് ഇരുന്നു.

കുറവുണ്ട്. അവരുടെ ഒച്ച അടഞ്ഞിരുന്നു.

അമ്മേ… പലിശ അടച്ചു കേട്ടോ, ഇനിയതോർത്ത് വിഷമിക്കണ്ട.

എങ്ങനെ അടച്ചു?? അവർ പതിയെ എഴുന്നേറ്റു.

സ്വർണ്ണം പണയം വച്ചു.

നിനക്ക് ആകെ ഉണ്ടായിരുന്നതല്ലേ, വേണ്ടായിരുന്നു.

അവർ വീർത്ത് തുടങ്ങിയ അവളുടെ വയറിൽ തലോടി.

നീന പതിയെ പുഞ്ചിരിച്ചു.

വൈകുന്നേരം വരെ അവിടെ നിന്ന് അമ്മയുടെ വിഷമങ്ങൾ ഒക്കെ അവൾ മാറ്റി.

അമ്മയുടെ മുഖത്തെ ചിരി കണ്ടപ്പോഴാണ് അവൾക്കു സമാധാനമായത്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കുളിർ പകർന്നിട്ടാണ് അവൾ വൈകിട്ട് മടങ്ങിയത്.

കാശിയുടെ വീട്ടിൽ നിൽക്കുന്നതാണ് ഡ്യൂട്ടിക്ക് പോകാൻ എളുപ്പം. അല്ലെങ്കിൽ രണ്ട് ദിവസം കൂടെ ഇവിടെ നിൽക്കാമായിരുന്നു. അവൾ ചിന്തിച്ചു.

ഡെലിവറിക്ക് ശേഷം വിദേശത്തേക്കു പോകും മുൻപ് അൽപ്പം പണം ഉണ്ടാക്കി അമ്മയെ ഏൽപ്പിച്ചിട്ട് വേണം പോകാൻ. അല്ലെങ്കിൽ അവർ എങ്ങനെ ജീവിക്കും?

അനിയൻ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തനായിട്ടില്ല. അവനെ പഠിപ്പിക്കണം.

അവൾ ഓരോന്നൊക്കെ ചിന്തിച്ചുകൂട്ടി

☆☆☆☆☆☆☆☆☆☆☆☆

മാസങ്ങൾ അതിവേഗം കടന്നു പോയി.

ഏട്ടാം മാസം ആയതോടെ അവൾ ജോലിക്ക് പോക്ക് നിർത്തി.

വലിയ വയറും താങ്ങിയുള്ള അവളുടെ നടത്തം കണ്ട് ഗൗരിയേടത്തി ഇനി ജോലിക്ക് പോകണ്ട എന്ന് തീർത്തു പറഞ്ഞതോടെ അവൾക്കും തോന്നി അത് ശരിയാണെന്ന്.

കാശിയുടെ അടുത്തേക്കു പോകാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ അവൾ നടത്തുന്നുണ്ടായിരുന്നു.

കാശി പറയുന്നത്, ഡെലിവറി കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോൾ അങ്ങോട്ട് പോരെ എന്നാണ്. അല്ലെങ്കിൽ കുഞ്ഞുമായി അകലാൻ ബുദ്ധിമുട്ടാകും എന്ന്.

അങ്ങനെ ഉണ്ടാകുമോ? അറിയില്ല. എന്തായാലും ഗൗരിയേടത്തിയുടെ അടുത്ത് കുഞ്ഞിനെ ഏൽപ്പിച്ചു പോകുന്നതിൽ തനിക്ക് സന്തോഷമേ ഉള്ളൂ… ഗൗരിയേടത്തി കുഞ്ഞിനെ പൊന്നു പോലെ നോക്കും.

അമ്മ ഓരോന്നൊക്കെ ഉണ്ടാക്കി അനിയന്റെ കൈയിൽ കൊടുത്തു വിടും. അമ്മക്ക് ഇപ്പോൾ വലിയ കുഴപ്പമൊന്നും ഇല്ല. എങ്കിലും യാത്രയൊന്നും ചെയ്യേണ്ട എന്ന് താൻ പറഞ്ഞിട്ടുണ്ട്.

ഡെലിവറി ഡേറ്റ് അടുക്കുമ്പോൾ അമ്മ വരാമെന്നു പറഞ്ഞിട്ടുണ്ട്. പിന്നെ ഗൗരിയേടത്തി കൂടെ ഉണ്ടാകുമല്ലോ.

കാശി വന്നിരുന്നെങ്കിൽ എന്ന് അവൾക്ക് അതിയായ ആശയുണ്ടായിരുന്നു. ഏതൊരു സ്ത്രീയുടെയും വലിയ ആശയാണ് കുഞ്ഞിനെ അതിന്റെ അച്ഛന്റെ കൈകളിൽ വച്ച് കൊടുക്കണമെന്ന്.

സാരമില്ല. കാശിയും കുഞ്ഞിനെ കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാൽ സ്നേഹിച്ച് പോകും. കൂടെ കൊണ്ടുപോകാൻ തോന്നും.

ഇപ്പോഴത്തെ സാഹചര്യം വച്ച് കുഞ്ഞിനെ കൊണ്ടുപോയി നോക്കാൻ കഴിയില്ല. എന്നാലും ഒരു പിടിച്ചു നിൽപ്പയാൽ കുഞ്ഞിനെ കൊണ്ടുപോകും.

♡♡♡♡♡♡♡♡♡♡♡♡♡

ശരത്തേട്ടാ ഒന്ന് വേഗം വന്നേ…നീനക്ക് വേദന തുടങ്ങി.

അയ്യോ അടുത്ത ആഴ്ചയല്ലേ ഡേറ്റ് പറഞ്ഞിരുന്നത്?

ഏട്ടൻ ഒന്ന് വേഗം വരൂ…

ദാ… ഞാൻ ഇപ്പോൾ എത്താം.

അയാൾ വന്നപ്പോഴേക്കും ഗൗരി കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ എടുത്തു വച്ചിരുന്നു.

ശരത്ത് സെക്കന്റ്‌ ഹാൻഡ് കാർ ഒരെണ്ണം കഴിഞ്ഞ മാസം വാങ്ങിയിരുന്നു. നീനയെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റുമായി ഒരു കാർ അത്യാവശ്യമാണെന്ന് അയാൾക്ക്‌ തോന്നിയിരുന്നു.

അവർ രണ്ടാളും കൂടെ നീനയെ താങ്ങിപ്പിടിച്ചു വണ്ടിയിൽ കയറ്റി.

മക്കളെ അച്ഛൻ കൂടെ വരണോ?
അച്ഛൻ ചോദിച്ചു.

വേണ്ടച്ചാ… അച്ഛൻ ബുദ്ധിമുട്ടണ്ട. ഞാനും ഗൗരിയും ഉണ്ടല്ലോ.

എന്നാൽ നിങ്ങൾ വേഗം പോകാൻ നോക്ക്.
ഞാൻ നീനമോളുടെ അമ്മയെയും അനിയനെയും കൂട്ടി അങ്ങോട്ട് എത്തിക്കോളാം അച്ഛൻ പറഞ്ഞു.

വാഹനം ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.

ഹോസ്പിറ്റലിൽ എത്തിയതും നീനയെ ലേബർ റൂമിലേക്ക്‌ മാറ്റി.

ഗൗരിക്ക് ആകെ ഭയം തോന്നി.

അവൾ ശരത്തിന്റെ കൈകളിൽ മുറുകെ പിടിച്ചു.അവളുടെ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.കൈപ്പത്തിയുടെ ഉൾവശം വിയർപ്പിൽ നനഞ്ഞിരുന്നു.

എന്റെ ഗൗരി നീയിങ്ങനെ പേടിക്കാതെ, ഇവിടെ ഇരിക്ക്. ശരത് അവളെ പിടിച്ചു കസേരയിൽ ഇരുത്തി.

എനിക്കെന്തോ വല്ലാത്ത ഭയം തോന്നുന്നു ശരത്തേട്ട.നമുക്ക് കാശിയോട് ഒന്ന് വിവരം പറയണ്ടേ?

എന്തിന്? അതിന്റെ ആവശ്യമില്ല. അവന്റെ ഭാര്യയുടെ ഡേറ്റ് അടുത്തിരിക്കുന്ന കാര്യം അവന് അറിയാവുന്നതല്ലേ?

എന്നാലും പറഞ്ഞ ഡേറ്റിന് മുന്നേ ആയില്ലേ, ഒന്ന് പറഞ്ഞേക്കാം ഏട്ടാ..

വേണ്ടാ.അവന് വരാൻ പറ്റില്ലെങ്കിൽ വേണ്ട. ഒന്ന് വിളിച്ച് അന്വേഷിച്ചൂടെ അവന്. നീന ഗർഭിണി ആണെന്നറിഞ്ഞപ്പോ മുതൽ കടന്നൽ കുiത്തിയ മാതിരി അല്ലായിരുന്നോ അവന്റെ മുഖം.അവനല്ലേ അതിന്റെ ഉത്തരവാദി അതവൻ ഓർക്കണ്ടേ?

അപ്പോഴേക്കും അച്ഛൻ അങ്ങോട്ടേക്ക് നടന്നു വന്നു. അച്ഛന്റെ കൂടെ നീനയുടെ അനിയനും, അമ്മയും ഉണ്ടായിരുന്നു.

എന്തായി മോളേ?? അമ്മ ഗൗരിയോട് ചോദിച്ചു.

ലേബർ റൂമിലേക്ക്‌ കയറ്റിയിട്ട് കുറച്ച് നേരമായി അമ്മേ..

ഈശ്വരാ… അമ്മ നെഞ്ചിൽ കൈ വച്ചു.

ഒരു നഴ്സ് അടുത്തേക്ക് വന്നു. അതെ ഈ ചീട്ട് കൈയിൽ വച്ചോളൂ കേട്ടോ. നിങ്ങൾക്ക് റൂം ആയിട്ടുണ്ട്‌ മുകളിലത്തെ നിലയിൽ, റൂം നമ്പർ 116.
അവിടെ പോയി ഇരുന്നോളൂ കേട്ടോ.ഒന്നോ രണ്ടോ പേര് ഇവിടെ ഇരുന്നാൽ മതി.

ശരത്തേട്ടാ അച്ഛനെയും അനിയൻകുട്ടനെയും കൊണ്ടു റൂമിൽ പോയി ഇരുന്നോ.

ഞാൻ പോകുന്നില്ല ചേച്ചി. ഇവിടെ ഇരുന്നോളാം നവനീത് പറഞ്ഞു.

വേണ്ടാ മോനേ.. ഇവിടെ ഞാനും അമ്മയും ഉണ്ടല്ലോ. നിങ്ങൾ മുറിയിൽ പോയി ഇരുന്നോ.

എന്നാൽ ശരി. അവൻ തലകുലുക്കി.

ശരത്ത് അച്ഛനെയും, നവനീതിനെയും കൊണ്ട് മുറിയിലേക്ക് പോയി.

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി.

മറ്റ് ചിലരും അവിടെ നിൽപ്പുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷവും, ആകുലതയും, കാത്തിരിപ്പും ഒക്കെ കൂടി കുഴഞ്ഞ ഒരു ഭാവമാണ്.

ഗൗരിയും, നീനയുടെ അമ്മയും നിശബ്ദ പ്രാർത്ഥനയുമായി കാത്തിരുന്നു.

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ലേബർ റൂം തുറക്കപ്പെട്ടു

ആകാംഷയോടെ അവർ വാതിലിനു നേരെ നോക്കി.

ഒരു നഴ്‌സ്‌ ഇറങ്ങി വന്നു.

ദിവ്യയുടെ ആരാ ഉള്ളത്?? നേഴ്‌സ് ചോദിച്ചു.

അടുത്ത് നിന്ന മനുഷ്യർ മുന്നോട്ട് ചെന്നു.

ഞങ്ങളാ..

ദിവ്യ പ്രസവിച്ചു കേട്ടോ പെൺകുട്ടിയാണ്.

അവരുടെ മുഖത്ത് സന്തോഷം വിടരുന്നത് ഗൗരി സാകൂതം നോക്കി.

അവരുടെ കുടുംബത്തിൽ ഒരു കുഞ്ഞ് പിറന്നിരിക്കുകയാണ്.ഗൗരിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

മറ്റൊരു നഴ്‌സ്‌ ഒരു കുരുന്നു ജീവനെ, കാത്തുനിന്നവരുടെ കൈകളിൽ വച്ച് കൊടുക്കുന്നത് ഗൗരി കൊതിയോടെ നോക്കി ഇരുന്നു.

ഉള്ളിൽ പേരറിയാത്ത ഒരു വേദന തോന്നുന്നു. ഈ ജന്മത്തിൽ എന്നെങ്കിലും തനിക്കൊരു അമ്മയാകാൻ കഴിയുമോ??

കുഞ്ഞിനെ കാണിച്ചിട്ട്, കുഞ്ഞിനേയും കൊണ്ട് നഴ്‌സ്‌ അകത്തേക്കു തന്നെ പോയി.

ലേബർ റൂമിന്റെ വാതിൽ വീണ്ടും അടഞ്ഞു.

ദാ… ഈ മധുരം കഴിക്ക് കേട്ടോ. മുൻപ് കാണിച്ച കുഞ്ഞിന്റെ അച്ഛനാണ്, കൈയിൽ മിഠായിയുമായി നിൽക്കുന്നത്. അയാളുടെ മുഖത്ത് അഭിമാനവും സന്തോഷവും നിറഞ്ഞു നിന്നിരുന്നു.

ഗൗരിയും അമ്മയും മധുരമെടുത്തു.

ഇതുപോലെ , സന്തോഷത്തോടെയും അഭിമാനത്തോടെയും മധുരം വിളമ്പാൻ തന്റെ ശരത്തേട്ടന് കഴിയുമോ? പാവം അതിനും കൊതി കാണില്ലേ ഒരച്ഛനാകാൻ. പരിശോധനയിൽ ഞങ്ങൾക്ക് രണ്ടാൾക്കും കുഴപ്പമില്ല എന്നിട്ടും എന്താകും ഒരു കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടാത്തത്?

ഒരുപക്ഷെ, ഞങ്ങൾക്ക് വളർത്താനുള്ള യോഗ്യത ഇല്ലാഞ്ഞിട്ടാകുമോ?
അവൾ സ്വയമറിയാതെ ഒന്ന് ഏങ്ങിപ്പോയി.

എന്താ മോളേ… നീനയുടെ അമ്മ അവളുടെ കൈകളിൽ പിടിച്ചു.

ഒന്നുമില്ല അമ്മേ..

അല്പ്പസമയം കൂടെ കഴിഞ്ഞതും, വീണ്ടും ലേബർ റൂമിന്റെ വാതിൽ തുറക്കപ്പെട്ടു.

ഗൗരി കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.

നീനയുടെ ആരാ ഉള്ളത്? നഴ്സ് ചോദിച്ചു.

ഞാനാ… ഗൗരി തിടുക്കത്തോടെ പറഞ്ഞു.

നീന പ്രസവിച്ചു. പെൺകുഞ്ഞാണ് കേട്ടോ. നിങ്ങൾ കൊണ്ടുവന്നിട്ടുള്ള തുണി അകത്തേക്ക് തന്നേക്കൂ…

സന്തോഷം കൊണ്ട് ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു.?നീനയുടെ അമ്മ ചെറുചിരിയോടെ, ബാഗ് തുറന്ന് തുണി എടുത്ത് നേഴ്സിന്റെ കൈയിൽ കൊടുത്തു.?നീനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ ഗൗരി ചോദിച്ചു.

ഇല്ല.

അമ്മേ… പെൺകുഞ്ഞാണ്. ഗൗരി അമ്മയുടെ കൈകളിൽ അമർത്തിപ്പിടിച്ചു.

അപ്പോഴേക്കും റൂമിൽ നിന്നും അച്ഛനും ശരത്തും നവനീതുംവന്നു

എല്ലാവരും പുതിയ അതിഥിയെ കാണാനായി കാത്തിരുന്നു.

അൽപ്പനേരം കഴിഞ്ഞപ്പോൾ നേഴ്സ് വെളുത്ത തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കൊണ്ടുവന്നു.

നീനയുടെ അമ്മ കുഞ്ഞിനെ കൈ നീട്ടി വാങ്ങി.

കുഞ്ഞിക്കണ്ണുകൾ വിടർത്തി അവൾ എങ്ങോ നോക്കുന്നുണ്ട്. ചോiര ച്ചുണ്ടുകളും, ചുവന്ന കവിളുകളും, നെറ്റിയിലും കവിളിലുമെല്ലാം നനുത്ത രോമങ്ങൾ നിറഞ്ഞിരിക്കുന്നു.തലനിറച്ചും മുടിയുണ്ട്.

ഗൗരിക്ക് കുഞ്ഞിനെയൊന്ന് എടുക്കാൻ വല്ലാത്ത കൊതി തോന്നി.
അതറിഞ്ഞിട്ടെന്നവണ്ണം നീനയുടെ അമ്മ കുഞ്ഞിനെ ഗൗരിയുടെ കൈകളിലേക്ക് കൊടുത്തു.

ഗൗരി കുഞ്ഞിനെ എടുത്ത് നെഞ്ചോരം ചേർത്തു പിടിച്ചു.ആ പിഞ്ചു കവിളിൽ അവളൊന്നു തൊട്ടുനോക്കി.

കണ്ട് കഴിഞ്ഞെങ്കിൽ കുഞ്ഞിനെ ഇങ്ങ് തന്നോളൂ,നഴ്സ് കൈ നീട്ടി.

ഗൗരി കുഞ്ഞിനെ കൊടുത്തു.

ശരത്ത് ഗൗരിയെ നോക്കി. ജീവിതത്തിൽ ഇന്നേ വരെ ഗൗരി ഇത്രയും സന്തോഷിച്ചു കണ്ടിട്ടില്ല.

അവളുടെ കണ്ണുകൾക്ക്‌ പോലും എന്തൊരു തിളക്കമാണ്.

ശരത്തേട്ടാ നമുക്ക് മുറിയിലേക്ക് പോകാം, ഇതൊക്കെ അവിടെ വച്ചിട്ട് നമുക്ക് പോയി കുഞ്ഞിനുള്ള കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങണം.

അവർ മുറിയിലേക്ക് നടന്നു.

നീനയെയും കുഞ്ഞിനേയും കുറച്ച് കഴിയുമ്പോൾ റൂമിലേക്ക് കൊണ്ടുവരും, അതിന് മുൻപേ നമുക്ക് പോയി വരാം ശരത്തേട്ടാ..

എന്നാൽ പോകാം.

അമ്മേ ദാ ഈ ബാഗിൽ കുഞ്ഞിന്റെ അലക്കി ഉണക്കിയ കുഞ്ഞുടുപ്പുകൾ ഉണ്ടേ അവർ ചോദിച്ചാൽ എടുത്ത് കൊടുക്കണേ..

കൊടുത്തോളാം.

അമ്മക്ക് വയ്യായ്ക ഒന്നും തോന്നുന്നില്ലല്ലോ അല്ലേ, ശാസം മുട്ടൊന്നും ഇല്ലല്ലോ അല്ലേ?

അതൊക്കെ ശീലമായി പോയി. ഇനി അതൊന്നും കുറയാൻ പോണില്ല.നിങ്ങൾ പോയിട്ട് വാ.. അമ്മ പറഞ്ഞു.

ഗൗരി ഭയങ്കര ഉത്സാഹത്തിൽ ആയിരുന്നു. അവൾ എന്തൊക്കെയോ സാധനങ്ങൾ കുഞ്ഞിനായി വാങ്ങി.

എന്റെ ഗൗരി, ഇതൊന്നും ഇപ്പോൾ കുഞ്ഞിന്ആ വശ്യമില്ല. കുഞ്ഞിന് ആവശ്യമുള്ള ഡയപ്പറും, വൈപ്സും ഒക്കെ മതി.

അവർ ആവശ്യമുള്ള സാധനങ്ങളും വാങ്ങി റൂമിലെത്തി.

കുറേ നേരം കൂടി കഴിഞ്ഞപ്പോഴാണ് നീനയെയും കുഞ്ഞിനേയും കൊണ്ടുവന്നത്.

നീനയുടെ മുഖത്ത് കൊടിയ വേദന അനുഭവിച്ചതിന്റെ അവശേഷിപ്പുകൾ നിറഞ്ഞിരുന്നു.അവളുടെ വാടിയ മുഖം കണ്ടപ്പോൾ ഗൗരിക്ക് പാവം തോന്നി.

നീനയുടെ അമ്മ, അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ ഒതുക്കി വച്ച്, അവളുടെ തലയിൽ തഴുകി.

അവൾ അമ്മയുടെ കൈകളിൽ പിടിച്ചു ചുംബിച്ചു.

അമ്മ ഒന്ന് പുഞ്ചിരിച്ചു.

അമ്മയാകുമ്പോൾ മാത്രം ഒരു സ്ത്രീക്ക് മനസിലാകുന്ന ചില കാര്യങ്ങൾ ഉണ്ട്.തന്റെ അമ്മയോടുള്ള സ്നേഹം അനേകായിരം മടങ്ങായി കൂടുന്നത് ആ നിമിഷത്തിലാണ്. ഇത്രയേറെ വേദനയോടെയല്ലേ തന്റെ അമ്മ തനിക്കും ജന്മം നൽകിയത് എന്ന് ഏതെങ്കിലും സ്ത്രീ ഓർക്കാതിരിക്കുമോ?

ഗൗരി ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ നോക്കി ഇരിക്കുകയായിരുന്നു.

ഏറ്റം സുന്ദരമായ നിമിഷമാണ് ഇത്. ലോകത്തിലെ മുഴുവൻ സൗന്ദര്യവും പിഞ്ചു കുഞ്ഞുങ്ങളുടെ മുഖത്താണെന്ന് അവൾക്കു തോന്നി.

കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും നീനയുടെ അമ്മക്ക് ചുമ തുടങ്ങി. കടുത്ത ചുമ

എനിക്ക് ഫാനിന്റെ കാറ്റ് അടിച്ചാൽ പിന്നെ ശാസം മുട്ടനും, ചുമയ്ക്കാനും തുടങ്ങും. അമ്മ പറഞ്ഞു.

ശരത്ത് വേഗം ഫാൻ ഓഫ്‌ ചെയ്തു.

മോനേ നവനീതേ…മോൻ അമ്മയേം കൊണ്ട് വീട്ടിൽ പൊയ്ക്കോ, ഇല്ലെങ്കിൽ അമ്മക്ക് ഇനിയും ശ്വാസം മുട്ടൽ കൂടും. അതുകൊണ്ട് പൊയ്ക്കോ.ഗൗരി പറഞ്ഞു

വേണ്ട മോളെ സാരമില്ല. അമ്മ പറഞ്ഞു.

അത് കുഴപ്പമില്ല അമ്മേ,ഞാനും ശരത്തേട്ടനും ഇവിടെ ഉണ്ടല്ലോ അമ്മ പൊയ്ക്കോ. ഈ അവസ്ഥയിൽ അമ്മ ഇവിടെ നിന്നാൽ വയ്യായ്ക കൂടുകയേ ഉള്ളൂ ഗൗരി പറഞ്ഞു.

എല്ലാവരുടെയും നിർബന്ധം കാരണം അമ്മ മനസ്സില്ലാമനസ്സോടെ പോകാൻ തയ്യാറായി.

ഞാനും പോകുവാ ശരത്തേ, അച്ഛൻ പറഞ്ഞു.

ഞാൻ കൊണ്ടാക്കാം.

വേണ്ട. ഞാൻ അങ്ങ് പൊയ്ക്കോളാം.

എന്നാൽ ഞാൻ ഓട്ടോ വിളിച്ചു തരാം അച്ഛാ.

എന്നാൽ വണ്ടി വിളിച്ചു താ. അതാകുമ്പോൾ ഞാൻ ഇറങ്ങിക്കഴിഞ്ഞ്, ഇവർ ആ വണ്ടിയും കൊണ്ട് അവരുടെ വീട്ടിലേക്ക് പൊയ്ക്കോളും. അല്ലാതെ ബസിനു പോയാൽ തിക്കും തിരക്കും ഒക്കെയായി നീന മോളുടെ അമ്മക്ക് ശ്വാസം മുട്ടൽ കൂടുകയേ ഉള്ളൂ..അച്ഛൻ പറഞ്ഞു.

എന്നാൽ അമ്മ പോട്ടെ മോളെ, അമ്മ നീനയോടു പറഞ്ഞു.

നവനീത് കുഞ്ഞിനെ ഒന്നുകൂടെ നോക്കിയിട്ട്, ചേച്ചിയെ നോക്കി യാത്ര പറഞ്ഞു.

അമ്മ വിഷമിക്കണ്ട, അമ്മക്ക് വയ്യാതെ ഇരിക്കുമ്പോൾ റസ്റ്റ് എടുക്കാൻ നോക്ക്. നീനയെയും കുഞ്ഞിനേയും ഞാൻ നോക്കിക്കോളാം.ഗൗരി പറഞ്ഞു

അതറിയാം മോളെ, അതാ അമ്മയുടെ ഏക ആശ്വാസം.

ഡിസ്ചാർജ് ആകുമ്പോൾ അവരെ ഞാൻ വീട്ടിലേക്കു കൊണ്ടു പൊയ്ക്കോളാം, അമ്മയും നവനീതും അങ്ങോട്ട് വന്നാൽ മതി.

ഞങ്ങള് വന്നോളാം. അമ്മ പറഞ്ഞു.

ശരത്ത് അവരെ ഓട്ടോയിൽ കയറ്റി വിടാനായി അവർക്കൊപ്പം പുറത്തേക്ക് പോയി.

നീനയുടെ അരികിലായ് കിടത്തിയിരിക്കുന്ന കുഞ്ഞിനെ ഗൗരി കണ്ണടക്കാതെ നോക്കി.

നോക്കിക്കേ….നീനയുടെ അതേ മുഖമാണ് വാവക്കും.ഗൗരി പറഞ്ഞു.

നീന അതൊന്നും ശ്രദ്ദിച്ചില്ല അവൾ മറ്റേതോ ലോകത്തിൽ ആയിരുന്നു.

മുകളിലേക്ക് കണ്ണും നട്ട് കിടക്കുന്ന അവൾ എന്തോ വലിയ ആലോചനയിൽ ആണെന്ന് ഗൗരിക്ക് മനസിലായി.

പാവം കുട്ടി, ഈ സമയത്ത് സ്വന്തം ഭർത്താവിന്റെ സാമീപ്യം കൊതിക്കുന്നുണ്ടാകും അതും.

പെട്ടന്ന് കുഞ്ഞൊന്നു ചിണുങ്ങി.

നീന പതിയെ കുഞ്ഞിനെ ഒന്ന് നോക്കി. പെട്ടന്നവൾ മിഴികൾ മാറ്റി.
വയ്യ… ഈ കുരുന്നു മുഖം കാണും തോറും, എന്റെ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചു പോകാൻ ഈ അമ്മക്ക് കഴിയാതെ വരും.

കുഞ്ഞിനെ ഇടയ്ക്കിടെ പാiലൂട്ടണം കേട്ടോ, വാതിൽ പകുതി തുറന്ന് തല അകത്തേക്ക് നീട്ടി ഒരു സിസ്റ്റർ പറഞ്ഞു.

പിന്നേ, പാല് കൊടുക്കുമ്പോൾ കുഞ്ഞിന്റെ മൂക്ക് ബ്രസ്റ്റിൽ അമർന്ന് ശ്വാസം എടുക്കാൻ പറ്റാതെ വരരുത് ശ്രദ്ദിക്കണം കേട്ടോ..അല്ല ഞാൻ പറയാതെ അറിയാമല്ലോ അല്ലേ?

നീന തലയാട്ടി.

എഴുന്നേറ്റ് കസേരയിൽ ഇരുന്നിട്ട് പാല് കൊടുക്കുന്നതാണ് നല്ലത്. നേഴ്സ് ആണെങ്കിലും ആദ്യമായിട്ടമ്മ ആകുന്നതല്ലേ കൺഫ്യൂഷൻ ഉണ്ടാകും. അവർ ചിരിയോടെ പറഞ്ഞു.

ശരി.. ശ്രദ്ദിച്ചോളാം. നീന പറഞ്ഞു.

സിസ്റ്റർ വാതിൽ അടച്ചിട്ട് പോയി.

കുഞ്ഞ് ഒന്നുകൂടെ ചിണുങ്ങി, കുഞ്ഞിക്കൈകൾ മെല്ലെ അനക്കി.

ചുരുട്ടിപ്പിടിച്ച ചുവപ്പ് നിറമാർന്ന കൈകളിൽ ഗൗരി തഴുകി.

നീനമോളെ,കുഞ്ഞിന് വിശക്കുന്നുണ്ടാകും, മോൾ എഴുന്നേറ്റ് ആ കസേരയിലേക്ക് ഇരിക്ക്. ഏട്ടത്തി കുഞ്ഞിനെ മടിയിൽ വച്ച് തരാം.

നീന പതിയെ എഴുന്നേറ്റ് കസേരയിൽ ഇരുന്നു.

ഗൗരി കുഞ്ഞിനെ എടുത്ത് നീനയുടെ മടിയിൽ വച്ച് കൊടുത്തു.

ഗൗരി തന്നെ നീനയുടെ ഡ്രെസ്സിന്റെ കൊളുത്തുകൾ അഴിച്ചു കൊടുത്തു.

കുഞ്ഞുമുഖം മാറിടത്തിൽ ഉരസി, കുഞ്ഞ് തന്നെ അമ്മിഞ്ഞ കണ്ടെത്തി നുണഞ്ഞു തുടങ്ങി.

നീനയുടെ ഉള്ളിൽ വാത്സല്യത്തിന്റെ കടലിരമ്പി, പറഞ്ഞറിയി ക്കാനാവാത്ത മാതൃത്വം എന്ന മധുരാനുഭൂതിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

അവൾ തന്റെ കുഞ്ഞിന്റെ പിഞ്ചു മുഖത്തേക്ക് കൊതിയോടെ നോക്കി.

ഈശ്വരാ… എന്റെയീ പൊന്നിനെ വിട്ടിട്ട് എങ്ങനെ ഞാൻ പോകും??

എനിക്കതിനു കഴിയുമോ??

അവളുടെ ഉള്ളിൽ ആകുലത നിറഞ്ഞു.

രണ്ട് ദിവസം കൂടെ കഴിഞ്ഞതോടെ നീനയെ ഡിസ്ചാർജ് ചെയ്തു.

കുഞ്ഞുമായി അവർ വീട്ടിലെത്തിയതും അച്ഛൻ ഓടി വന്ന് കുഞ്ഞിനെ വാങ്ങി.

അതേ… ഈ കാന്താരി നല്ല ഉറക്കമാണ് കേട്ടോ, എന്നെ ഒന്ന് നോക്കുന്നു കൂടെയില്ല.

ഞാൻ ഇച്ചിരി വലുതായിക്കോട്ടെ മുത്തശ്ശാ… അല്ലെടീ കുറുമ്പി. ഗൗരി അവളെ കൊഞ്ചിച്ചു.

ശരത്ത് എവിടെ ഗൗരി?

ശരത്തേട്ടൻ മുറ്റത്തുണ്ട് അച്ഛാ. വണ്ടിയുടെ സൈഡിൽ എന്തോ പറ്റി അതൊന്നു കഴുകട്ടെ എന്നും പറഞ്ഞ് അവിടെ നിൽപ്പുണ്ട്.

അച്ഛൻ മുറ്റത്തേക്കു പോയി.

നീന നന്നായി ഒന്ന് നീണ്ട് നിവർന്നു കിടന്നു.ഗൗരി കുഞ്ഞിനെ നീനയുടെ അടുത്ത് കിടത്തി.

ഗൗരി ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന മുഷിഞ്ഞ തുണികളെല്ലാം അലക്കാനായി മെഷീനിൽ എടുത്തിട്ടു. അച്ഛൻ ചോറ് ഉണ്ടാക്കിയിട്ടുണ്ട്, പുഴമീൻ വറുത്തും വച്ചിട്ടുണ്ട്. ഗൗരി പെട്ടന്ന് ഒരു ഒഴിച്ചു കറി കൂടെ ഉണ്ടാക്കി.

ഗൗരി നീനയുടെ അരികിൽ എത്തി. ചെല്ല് ഇനി ചെന്ന് കുളിക്ക്.ഗൗരി നീനയോടു പറഞ്ഞു

നീന എഴുന്നേറ്റു.

ഇളം ചൂട് വെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ ക്ഷീണമെല്ലാം മാറിയത് പോലെ തോന്നി അവൾക്ക്.

ഡ്രസ്സ്‌ മാറ്റി മുറിയിൽ എത്തിയപ്പോഴേക്കും ഏട്ടത്തി ഭക്ഷണവുമായി കയറി വന്നു.

എന്തൊക്കെയാണെന്ന് പറഞ്ഞാലും ആശുപത്രിവാസം കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷമാണ്.
നീന ഭക്ഷണം കഴിച്ചു.

കുറച്ച് നേരം കഴിഞ്ഞതും മുറ്റത്ത് ഒരു ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു.

ആരോ വന്നല്ലോ ഏട്ടത്തി.

ഞാൻ പോയി നോക്കാം. ഗൗരി അപ്പുറത്തേക്ക് പോയി.

നിർത്തിയിട്ടിരിക്കുന്ന ഓട്ടോയിൽ നിന്നും നീനയുടെ അനിയനും അമ്മയും ഇറങ്ങി.

ആഹാ… ഇതാരൊക്കെയാ. കയറി വായോ. ഗൗരി അവരെ അകത്തേക്ക് ക്ഷണിച്ചു.

അപ്പോഴേക്കും ആച്ഛൻ പറമ്പിൽ നിന്നും കയറി വന്നു.

ആഹാ… നീനമോളുടെ അനിയനും അമ്മയും ആയിരുന്നോ? മോളെ ഗൗരി അവർക്കു കുടിക്കാൻ എന്തെങ്കിലും എടുക്ക് മോളെ.

ഇപ്പോൾ എടുക്കാം. ഗൗരി അടുക്കളയിലേക്ക് നടന്നു.

ഞാൻ നീനയെ ഒന്ന് കാണട്ടെ…അമ്മ പറഞ്ഞു.

ചെല്ല്.. അകത്തേക്ക് ചെല്ല്..

അമ്മയും നവനീതും ചെല്ലുമ്പോൾ, അവരെ നോക്കി ഇരിക്കുകയാണ് നീന.

വണ്ടിയുടെ ഒച്ച കേട്ടപ്പോൾ എനിക്ക് തോന്നിയാരുന്നു അമ്മയും നവനീതും ആയിരിക്കും എന്ന്. അവൾ പറഞ്ഞു.

കൈയിൽ വലിയ കവറും താങ്ങിപ്പിടിച്ചു നവനീതും അമ്മയും അകത്തേക്ക് കയറി.

കുഞ്ഞെന്തിയെ മോളെ? ഉറക്കമാണോ?

ഹേയ് ഉറക്കമൊന്നും അല്ല.

അമ്മ കുഞ്ഞിനെ എടുത്തു ലാളിച്ചു.

നീയെന്താടാ ഇങ്ങനെ നിൽക്കുന്നത്. ഇവിടെ ഇരിക്ക് ഞാൻ കൊച്ചിനെ മടിയിൽ വച്ച് തരാം.

അയ്യോ വേണ്ട, എനിക്കെങ്ങും ഇതിനെ പിടിക്കാൻ അറിയില്ല.

അയ്യടാ…നീയിവിടെ ഇരിക്ക്. അവൾ അവന്റെ കൈയിൽ പിടിച്ച് അടുത്തിരുത്തി.

അവന്റെ മടിയിലേക്ക് കുഞ്ഞിനെ വച്ച് കൊടുത്തു.

ആദ്യം അവനൊരു ചമ്മലോടെ കുഞ്ഞിനെ പിടിച്ചു.

പിന്നെ അവൻ എന്തൊക്കെയോ പറഞ്ഞ് കുഞ്ഞിനെ കൊഞ്ചിക്കുന്നത് നീനയും അമ്മയും പുഞ്ചിരിയോടെ നോക്കി നിന്നു.

അതേ.. ഞാൻ ചായ എടുത്ത് വച്ചു കേട്ടോ, രണ്ടാളും വന്നേ..

ഗൗരി അവരെ ചായ കുടിക്കാൻ ക്ഷണിച്ചു.

ശരത്ത് എവിടെ? അമ്മ ചോദിച്ചു.

പെട്ടന്ന് ഒരു ഓട്ടം കിട്ടി പോയതാ അമ്മേ കുറച്ച് കഴിയും വരാൻ.

അവർക്ക് ചായയും, കഴിക്കാനുള്ള സ്നാക്ക്സും എടുത്ത് കൊടുത്തിട്ട്, നീനക്കുള്ള ചായ , ഗൗരി മുറിയിലേക്ക് കൊണ്ട് കൊടുത്തു.

ചായകുടി കഴിഞ്ഞ് അവർ നീനയുടെ മുറിയിലേക്ക് പോയി.

ഇതെന്താ അമ്മേ ഈ കൂട്ടിൽ കൊണ്ട് വന്നിരിക്കുന്നത്? നീന ചോദിച്ചു.

അത് നിനക്കുള്ള കഷായവും, തേച്ച് കുളിക്കാനുള്ള എണ്ണയും, ഇഞ്ചയും ഒക്കെയാ. പിന്നെ കഴിക്കാനുള്ള ലേഹ്യങ്ങളും, അരിഷ്ടവും ഉണ്ട്.

അമ്മ എന്തിനാമ്മേ ഇതൊക്കെ വാങ്ങിയത്? ഇതൊക്കെ ഞാൻ വാങ്ങിച്ചോളുമായിരുന്നില്ലേ? ഗൗരി ചോദിച്ചു.

അതല്ല മോളെ, വീട്ടിൽ കൊണ്ടുപോയി ഞാൻ നോക്കേണ്ടതല്ലേ ഇവരെ. അമ്മക്ക് അതിനുള്ള ആരോഗ്യം ഇല്ലാതായി പോയി. അമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഈ അമ്മക്ക് സമാധാനം ഉണ്ടാകില്ല.

നീന അമ്മയുടെ കാതിലേക്ക് നോക്കി. സ്വർണത്തിന്റെ കമ്മൽ ഇല്ല, പകരം ഒരു മുത്തിന്റെ കമ്മലാണ് ആ കാതുകളിൽ. ആകെയുള്ള ആ കമ്മൽ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്തിരിക്കാം. ആ പണം കൊണ്ടാകും അമ്മ ഇതൊക്കെ വാങ്ങിയത് എന്ന് അവൾക്ക് മനസിലായി.

ഗൗരിയും അത് ശ്രദ്ദിച്ചു.

നിങ്ങൾ അമ്മയും മോളും സംസാരിച്ചിരിക്ക് കേട്ടോ, എനിക്ക് അപ്പുറത്ത് കുറച്ച് പണിയുണ്ടേ…. വെയിൽ പോകും മുൻപ് മോളുടെ കുറച്ച് തുണികൾ ഒക്കെ ഉണക്കി എടുക്കാനുണ്ട്.

ഗൗരി അപ്പുറത്തേക്ക് പോയി.

മോളെ… അടുത്ത ദിവസം മുതൽ വേത് ഇട്ട് കുളിക്കണം.

അതൊന്നും വേണ്ടമ്മേ

അയ്യോ അങ്ങനെ പറയല്ലേ കുട്ടീ… ശരീരം നോക്കണം.

ഗൗരിയേടത്തിയും ഇത് തന്നെയാ പറയുന്നത്. നാളെ മുതൽ ഒരു ചേച്ചി വരുമത്രേ കുഞ്ഞിനേയും,എന്നെയും, കുളിപ്പിക്കാൻ

മോൾക്ക്‌ അമ്മയോട് പരിഭവം ഉണ്ടോ?

എന്തിന്?

എന്റെ കുട്ടിയെ അമ്മ വീട്ടിൽ കൊണ്ടുപോയി നോക്കാഞ്ഞിട്ട്.

ഇല്ലമ്മേ… ഒട്ടുമില്ല. അമ്മക്കു വയ്യാഞ്ഞിട്ടല്ലേ, അല്ലെങ്കിൽ എന്റമ്മ എന്നെ കൊണ്ടുപോയി നോക്കും എന്ന് എനിക്ക് അറിയാവുന്നതല്ലേ. അവൾ അമ്മയുടെ തോളിൽ ചാരി ഇരുന്നു.

ഒരുപാട് നേരം കഴിഞ്ഞിട്ടാണ് അവർ മടങ്ങി പോയത്.

ആ ഗൗരി ചേച്ചി ഒരു പാവമാണ് അല്ലേ അമ്മേ? നവനീത് അമ്മയോട് ചോദിച്ചു.

അതെ മോനേ, ആ കുട്ടി ഒരു പാവമാ. ഇത്രേം നല്ല പെൺകുട്ടികളെ ഇക്കാലത്ത് കാണാൻ പോലും കിട്ടില്ല.

ഞാൻ നോക്കുന്നതിലും നന്നായി ഗൗരി നീനയെ നോക്കുന്നുണ്ട്.
എനിക്കെന്റെ മോളെ നോക്കാനുള്ള ആവതില്ലാതായി പോയില്ലേ.
ഒന്നും ചെയ്യാൻ കഴിയാത്ത നിസഹായയായ ആ അമ്മ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.

♡♡♡♡♡♡♡♡♡♡♡♡♡

ദിവസങ്ങൾ അതിവേഗം കഴിഞ്ഞു പോയി.

ഓരോ ദിവസവും കുഞ്ഞിനെ പിരിഞ്ഞേ പറ്റൂ.. എന്ന് നീന തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.എങ്കിലും പോകാനുള്ള ദിവസം ആയതോടെ, നീന ഇടയ്ക്കിടെ സ്വയമറിയാതെ പൊട്ടിക്കരഞ്ഞുപോയി.

കുഞ്ഞിനെ വയറുനിറച്ചും അവൾ പാലൂട്ടി. എത്ര ഉമ്മവച്ചിട്ടും മതിയാകെ പിഞ്ചുടലാകെ അവൾ ഉമ്മകൾ കൊണ്ട് മൂടി.
കുഞ്ഞിക്കണ്ണുകൾ വിടർത്തി അവൾ അമ്മയെ ഒന്ന് നോക്കി, ആ ചോരച്ചുണ്ടുകളിൽ ഒരു കുഞ്ഞിച്ചിരി വിരിഞ്ഞുവോ??

അവൾ കുഞ്ഞിനെ ഗൗരിയേടത്തിയുടെ കൈയിൽ കൊടുത്തു.

ഏട്ടത്തി…. നമ്മുടെ കുഞ്ഞിനെ നോക്കിക്കോണേ… അമ്മ അരികിൽ ഇല്ലാത്തതിന്റെ ഒരു കുറവും അറിയിക്കരുതേ.

മോള് പേടിക്കണ്ട. ഞാനും ഈ കുരുന്നിന്റെ അമ്മ തന്നെയാ, അങ്ങനെയേ ഞാൻ കരുതിയിട്ടുള്ളൂ

അമ്മയും അനിയനും വന്നിട്ടുണ്ടായിരുന്നു. അവൾ അമ്മയെ കെട്ടിപ്പിടിച്ചു.

ആരോഗ്യം നോക്കണം, ഓരോന്ന് ആലോചിച്ചു വിഷമിക്കരുത്.കേട്ടോ അമ്മേ..

അമ്മ അവളെ കെട്ടിപ്പിടിച്ചു.

അച്ഛാ… ഞാൻ പോയി വരാം.

നല്ലതേ വരൂ… കുട്ടി സന്തോഷമായി പോയ് വരൂ..

എയർപോട്ടിലേക്കു ഏട്ടത്തി മോളെയും കൊണ്ട് വരണ്ട, എനിക്ക് എന്റെ മോളെ കണ്ടാൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല.

ഇല്ല മോളെ, ഞാൻ വരുന്നില്ല. ശരത്തേട്ടനും, നവനീതും വരും.

അവൾ കുഞ്ഞിനെ ഒന്ന് കൂടെ നോക്കിയിട്ട്, കരഞ്ഞു കൊണ്ട് വണ്ടിയിൽ കയറി ഇരുന്നു.

യാത്രയിൽ അവൾ ഒന്നും മിണ്ടിയില്ല. ചേച്ചി ഇങ്ങനെ വിഷമിക്കല്ലേ, സന്തോഷമായിട്ട് ഇരിക്ക്. ഞാനും അമ്മയും ഇടക്കൊക്കെ മോളെ പോയി നോക്കില്ലേ, ഗൗരിയേടത്തി വാവയെ പൊന്നുപോലെ നോക്കില്ലേ, പിന്നെ എന്തിനാ ചേച്ചി വിഷമിക്കുന്നത്. നവനീത് ചോദിച്ചു.
ഇങ്ങനെ കരഞ്ഞിരിക്കാതെ, ജീവിതത്തിനു നേരെ നോക്കി ഒന്നങ്ങു ചിരിക്കെന്റെ ചേച്ചി.

അവൾ പതിയെ ഒന്ന് ചിരിച്ചു.

ദാ… എത്താറായി.ശരത്ത് പറഞ്ഞു.

വണ്ടിയിൽ നിന്നിറങ്ങി നടക്കുമ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധിയെ ഇവിടെ വീട്ടിട്ടാണല്ലോ പോകുന്നതെന്ന് അവൾ ഓർത്തു.

അനിയനോടും, ശരത്തേട്ടനോടും അവൾ ഒരിക്കൽക്കൂടി യാത്ര പറഞ്ഞു.

ഫ്‌ളൈറ്റിൽ ഇരിക്കുമ്പോഴും അവളുടെ ഉള്ളിൽ മോളുടെ മുഖം തെളിഞ്ഞു വന്നു.

♡♡♡♡♡♡♡♡♡♡♡♡

അവളെ സ്വീകരിക്കാനായി കാശി കാത്തുനിൽപ്പുണ്ടായിരുന്നു.

അയാൾ അവളുടെ ലഗേജ് എടുത്ത് വണ്ടിയിൽ വച്ചു.

താമസിക്കുന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും അവൾ വല്ലാതെ തളർന്നിരുന്നു.

താൻ പോയി ഒന്ന് കുളിച്ചിട്ട് ഫ്രഷ് ആയിക്കോ, ഞാൻ അപ്പോഴേക്കും കഴിക്കാൻ എടുക്കാം കാശി പറഞ്ഞു.

അവൾക്ക് ഒന്ന് കിടന്നാൽ മതിയെന്ന് തോന്നി. നടുവിനും, പുറത്തിനും ഒക്കെ വല്ലാത്ത വേദന തോന്നുന്നു.കുഞ്ഞ് ജനിച്ചിട്ട് ഒരു മാസം പോലും ആയിട്ടില്ലല്ലോ.

എങ്കിലും അവൾ പോയി കുളിച്ചു.

അയാൾ അവൾക്കുള്ള ഭക്ഷണം വിളമ്പി വച്ചു.

അവൾ കുളി കഴിഞ്ഞു വന്നപ്പോൾ അയാൾ അവളെ കണ്ണടക്കാതെ നോക്കിയിരുന്നു പോയി.

മെലിഞ്ഞു കവിളുകൾ ഒട്ടിയിരുന്ന ആ പഴയ പെൺകുട്ടിയേ അല്ല ഇപ്പോൾ നീന.

കണ്ടാൽ ഒന്നുകൂടെ നോക്കിപോകുന്ന സൗന്ദര്യമാണ് ഇപ്പോൾ. ഒരു കുഞ്ഞിന് ജന്മം നൽകിയാൽ പെണ്ണുങ്ങൾ ഇത്രയധികം മാറുമോ?

മുടി നന്നായി നീണ്ടിട്ടുണ്ട്. കവിളുകൾ തുടുത്ത് ചുമന്നിരിക്കുന്നു.ഉടൽ അഴക് വല്ലാതെ കൂടിയിട്ടുണ്ട്. നിറഞ്ഞ മാiറിടങ്ങളിൽ അയാളുടെ മിഴികൾ ഉടക്കി.

എന്താ കാശീ ഇങ്ങനെ നോക്കുന്നത്?

നീയങ്ങു നല്ല സുന്ദരി ആയല്ലോ, ഇപ്പോൾ കണ്ടാൽ കടിച്ചു തിന്നാൻ തോന്നും.

നമ്മുടെ മോളെ കാശി കണ്ടിട്ടില്ലല്ലോ. ഒന്ന് കണ്ടുനോക്കണം എന്ത് രസവാന്ന് അറിയുമോ. എന്റെ ഫോണിൽ നിറയെ ഫോട്ടോ ഉണ്ട് ഞാൻ എടുത്തു കാണിക്കാം.

വേണ്ട. എനിക്ക് കാണണ്ട. കാശി പറഞ്ഞു.

നിനക്ക് നമ്മുടെ മോളെ ഇഷ്ടമല്ലേ കാശി? അവൾ വിതുമ്പലോടെ ചോദിച്ചു.

ഞാനും ഒരു സാധാരണ മനുഷ്യൻ തന്നെയാണ് നീന. മോളെ കണ്ടാൽ പിന്നെ എനിക്ക് എന്നെ നിയന്ത്രിച്ചു നിർത്താൻ പറ്റിയെന്നു വരില്ല. എല്ലാം വിട്ടെറിഞ്ഞിട്ട് മോളുടെ അടുത്തേക്കു പോകാൻ തോന്നും. അത് വേണ്ട. എനിക്ക് ഇപ്പോൾ കാണണ്ട.

നീന ഒന്നും പറഞ്ഞില്ല.

ഭക്ഷണം കഴിക്ക്. അയാൾ പറഞ്ഞു.

നീനക്കൊപ്പം അയാളും ഭക്ഷണം കഴിച്ചു.

എത്ര നാളായി അല്ലേ നമ്മൾ ഒരുമിച്ചിരുന്നിങ്ങനെ ഭക്ഷണം കഴിച്ചിട്ട്. അയാൾ പറഞ്ഞു.

ഉം… അവൾ മൂളി.

ഭക്ഷണം കഴിഞ്ഞ് അവൾ പതിയെ എഴുന്നേറ്റു.?നെഞ്ചിൽ വല്ലാത്ത വേദന തോന്നുന്നു. അവൾ നെഞ്ചിൽ കൈവച്ചു.

എന്ത് പറ്റി നീന..

വല്ലാത്ത വേദന തോന്നുന്നു.

പാല് കെiട്ടിയിട്ടാകും അയാൾ പറഞ്ഞു.

അവൾ പതിയെ ബാത്‌റൂമിലേക്ക് നടന്നു. എത്ര വട്ടം പിഴിഞ്ഞു കളഞ്ഞിട്ടും പാൽ നിറഞ്ഞു മാiറിടങ്ങൾ വേദനിക്കുന്നു.

എന്റെ മോൾക്കിപ്പോൾ വിശക്കുന്നുണ്ടാകുമോ? അവൾ എന്റെ ചൂടിൽ കിടന്നുറങ്ങാനായി കരയുന്നുണ്ടാകുമോ??അവൾക്ക് കുഞ്ഞിനെ കാണാൻ കൊതി തോന്നി.

നീനാ താൻ എന്തെടുക്കുവാ? കാശി വിളിച്ചു ചോദിച്ചു.

ദാ… വരുന്നു കാശി.

എത്ര കാലങ്ങളായി തന്റെ പെണ്ണിനെ ഒന്നടുത്തു കിട്ടിയിട്ട്.

അയാൾ അവളെ തന്നിലേക്ക് ചേർത്തു നിർത്തി. ആ കവിളുകളിൽ ചുiണ്ടുകൾ അkമർത്തി.പതിയെ അയാളുടെ ചുiണ്ടുകൾ അവളുടെ ചുiണ്ടുകളെ തിരഞ്ഞു. ആ കൈകൾ തന്റെ ഉടലിലൂടെ അരിച്ചിറങ്ങുന്നത് അറിഞ്ഞതും, അവൾ പെട്ടന്ന് കുതറി മാറി

അതേ മോളുണ്ടായിട്ട് മൂന്നാഴ്ച്ച ആയതേ ഉള്ളൂ… ഇപ്പോൾ ഇതൊന്നും പറ്റില്ല.

അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ.

ഇല്ലാ… പക്ഷെ ഇങ്ങനെ പോയാൽ ചെയ്തു കൂടായ്ക ഇല്ല.

ഒന്ന് പോടീ..

അവൾ ചിരിച്ചു.

ശരിക്കും പെണ്ണേ എന്റെ പിടുത്തം വിട്ട് പോകുന്നുണ്ട് കേട്ടോ. അയാൾ ആവേശത്തോടെ പറഞ്ഞു.

അതേ മോൻ ഒരു നഴ്സ് അല്ലേ, അറിയാലോ കാര്യങ്ങൾ. ഒക്കെ ഞാൻ പറയണ്ടല്ലോ. അവൾ എളിക്ക് കൈ കൊടുത്തു നിന്ന് ചോദിച്ചു.

അറിയാവേ… ഞാൻ കാത്തിരുന്നോളാം.

രണ്ട് ദിവസം നമുക്ക് ഇവിടെയൊക്കെ ഒന്ന് കറങ്ങാം. എനിക്ക് കുറച്ച് മലയാളി സുഹൃത്തുക്കൾ ഒക്കെയുണ്ട് അവരെയൊക്കെ ഒന്ന് പരിചയപ്പെടാം. മൂന്നാമത്തെ ദിവസം മുതൽ ജോലിക്ക് കയറണം. കാശി പറഞ്ഞു

എനിക്ക് നാളെത്തന്നെ പോകാൻ സമ്മതമാണ്, വെറുതെ ഇരിക്കുമ്പോൾ മോളെ കാണാൻ തോന്നും. ഡ്യൂട്ടി ഉണ്ടെങ്കിൽ ശ്രദ്ധ അതിൽ മാത്രമാകുമല്ലോ.

നീന…. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് വേദനിപ്പിക്കുന്ന കാര്യങ്ങളെ ഓർക്കാതിരിക്കാൻ ശ്രമിക്കണം എങ്കിലേ മുന്നോട്ട് നടക്കാനാകൂ…

നീന അതിന് മറുപടിയൊന്നും പറഞ്ഞില്ല.

♡♡♡♡♡♡♡♡♡♡♡♡♡

അവൾ ഡ്യൂട്ടിക്ക് കയറി. ദിവസങ്ങൾകഴിയവേ പതിയെ അവിടവുമായി അവൾ പൊരുത്തപ്പെട്ടു.

ഹോസ്പിറ്റലിൽ ഒരു മലയാളി പെൺകുട്ടികൂടെയുണ്ട്. അതുകൊണ്ട് നീനക്ക് വലിയ ആശ്വാസം തോന്നി.പിന്നെ കാശിയും ഉണ്ടല്ലോ

കുഞ്ഞിനെ വീഡിയോ കാളിൽ കാണുമ്പോൾ അവൾക്ക് അതിശയം തോന്നാറുണ്ട്..

മോൾ ചെറിയ ചെറിയ ശബ്ദങ്ങൾ ഒക്കെ?കേൾപ്പിക്കും,കൈകാലിട്ടടിച്ചു കളിക്കും.?എന്ത് രസമാണെന്നോ കണ്ടിരിക്കാൻ.

♡♡♡♡♡♡♡♡♡♡♡♡

ശരത്തേട്ട… ശരത്തേട്ട.. ഒന്നെഴുന്നേറ്റെ… ഗൗരിയുടെ പരിഭ്രമത്തോ ടെയുള്ള വിളി കേട്ട്, ശരത്ത് ഞെട്ടി എഴുന്നേറ്റു.

എന്താ.. എന്താ ഗൗരി.

ശരത്തേട്ട മോൾക്ക്‌ നല്ല ചൂട്. ഗൗരി കരച്ചിലിന്റെ വക്കിൽ എത്തി.

ശരത്ത്,മോളുടെ നെറ്റിയിൽ കൈവച്ചു നോക്കി. നല്ല ചൂട്.

കിടക്കുമ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു.

നീ വേഗം കുഞ്ഞിനെ എടുക്ക്, ഞാൻ വണ്ടി എടുക്കാം. ഗൗരി വേഗം കുഞ്ഞിനെ വാരി എടുത്തു.

അച്ഛാ… മോൾക്ക്‌ പനി. ഞങ്ങൾ ഹോസ്പിറ്റലിൽ പോകുവാ. ശരത്ത് അച്ഛനെ വിളിച്ചുണർത്തി പറഞ്ഞു.

എന്നാൽ വേഗം പൊയ്ക്കോ. അച്ഛൻ പറഞ്ഞു.

തുടരും.

ഭാഗം 02 വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *