എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
നാട്ടുകാരനായ അരവിന്ദേട്ടനെ അണലി കടിച്ച ദിവസമായിരുന്നുവത്. ആള് മരിച്ചുപോയി. പൊതുവഴിയിൽ നിന്നാണ് കടിയേറ്റത്. അതാത് സമയം റോഡരികൊക്കെ വൃത്തിയാക്കേണ്ട തൊഴിലുറപ്പുകാരുടെ അനാസ്ഥയെ നാട്ടുകാർ കുറ്റം പറയുന്നുണ്ട്. അതും ഏറ്റ് വിളിച്ച് പഞ്ചായത്തിലേക്ക് ചില കൊടികൾ പോയിട്ടുമുണ്ട്. അതിന് ശേഷമാണ് ഞാൻ അവിടേക്ക് എത്തുന്നത്.
‘കഷ്ട്ടായിപ്പോയി. മെഡിക്കൽ കോളേജിലേക്ക് എത്തും മുമ്പേ തീർന്നുവല്ലേ…!?’
പരിചയമുള്ള ഒരാളെ കണ്ടപ്പോൾ കൂടെ ഉണ്ടായിരുന്ന ഉമേഷ് പറഞ്ഞതാണ്. സമയാകുമ്പോൾ എല്ലാരും പോകുമെന്ന് പറഞ്ഞ് അയാൾ പിറകിലേക്ക് കൈകെട്ടി നിന്നു. പരിചയക്കാരെന്ന പോലെ ആരൊക്കെയോ ഞങ്ങളോട് തലകുലുക്കിക്കൊണ്ട് അത് വഴി പോകുന്നുണ്ട്. വിവരമറിഞ്ഞ് ബൈക്കുമായി വരുന്ന വഴിയിൽ നിന്നാണ് കൂട്ടുകാരനായ ഉമേഷിനെ കാണുന്നത്. ഒന്ന് രണ്ട് മാസത്തിന് ശേഷമുള്ള കണ്ടുമുട്ടലായിരുന്നു. മറ്റൊന്നും ആലോചിക്കാതെ അവൻ കയറി ഇരിക്കുകയും ചെയ്തു.
‘പാമ്പ് കടിച്ചാൽ ഒരു പ്രയോഗമുണ്ട്. എന്നെ വിളിച്ചാൽ മതിയായിരുന്നു… ചിലപ്പോൾ…’
ഞാനത് പറഞ്ഞ് തീരുമ്പോഴേക്കും അയാളും ഉമേഷും ഒരുപോലെ എന്നെ ശ്രദ്ധിച്ചു. അതെന്ത് പ്രയോഗമെന്ന് രണ്ടാളും ചോദിച്ചിരുന്നു. മരിച്ചുപോയ പെരുവണ്ണാൻ വൈദ്യരുടെ അടുത്ത് നിന്ന് പഠിച്ചതാണെന്ന് പറഞ്ഞപ്പോഴാണ് അവർക്ക് വിശ്വാസമായത്. ആളൊരു പേരുകേട്ട വിഷവൈദ്യൻ ആയിരുന്നവല്ലോ…
‘ഇനിയിപ്പോൾ… പറഞ്ഞിട്ടെന്ത് കാര്യം… എല്ലാം കഴിഞ്ഞുപോയില്ലേ…’
എന്നും പറഞ്ഞാണ് അരവിന്ദേട്ടന്റെ വീട്ടിലേക്ക് ഞാൻ നടക്കാൻ തുടങ്ങിയത്. ബന്ധുക്കളായിട്ട് പുറത്ത് ആരെയും കണ്ടില്ല. ബോഡി എത്താൻ വൈകുമെന്ന് കണ്ടപ്പോൾ ഞങ്ങൾ ഇറങ്ങുകയും ചെയ്തു. പണ്ട് തൊട്ടേ ഒന്നിനും വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ എനിക്ക് ഇല്ലായിരുന്നു. അപ്പോഴാണ് മരിച്ചവർക്ക് വേണ്ടി…
‘എന്നിട്ട് ഇന്നേവരെ നീയിതൊന്നും എന്നോട് പറഞ്ഞില്ലല്ലോ…’
പോകുന്ന വഴിയിൽ ഉമേഷ് ചോദിച്ചു. അവൻ അപ്പോഴും പെരുവണ്ണാൻ വൈദ്യരുടെ അടുത്ത് നിന്ന് ഞാൻ പഠിച്ചെന്ന് പറഞ്ഞ ആ വിഷ ചികിത്സയിൽ തന്നെയായിരുന്നു. അത് വിടെന്നും പറഞ്ഞ് അവനേയും കൂട്ടി ഞാൻ നേരെ ഷാപ്പിലേക്ക് പോയി. പറഞ്ഞ് വെച്ചത് പോലെ പഴയ കളിക്കൂട്ടുകാരിൽ ഒരുത്തൻ അവിടേയും ഉണ്ടായിരുന്നു.
‘എത്ര നാളെയെടോ കണ്ടിട്ട്…’
മധുവാണ് പറഞ്ഞത്. ജോലിയുമായി നഗരത്തിൽ കൂടിയതിൽ പിന്നെ നിരന്തരമായി നാട്ടിൽ വരാൻ കഴിയാറില്ല. ഇനിയേതായാലും കുറച്ച് കാലം ഇവിടെ തന്നെ ഉണ്ടാകും. കാരണം. ഉണ്ടായിരുന്ന ജോലി പൊയപ്പോഴുള്ള വരവായിരുന്നുവത്. സംസ്ഥാനം വിട്ടുള്ള ജോലിയാണ് ഇനി നോക്കേണ്ടത്.
‘ ഹാ മധു… ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട് മോനേ…’
മധുവിന്റെ കൂടെ പിന്നേയും ചിലരൊക്കെ ഉണ്ടായിരുന്നു. അവരെ ആരെയും പരിചയമില്ല. അവരുടെ മേശയിൽ തന്നെ ഞങ്ങളും ഇടം പിടിച്ചു. അപ്പോഴല്ലേ, കാര്യം അറിയുന്നത്. അടിപിടി കേസിൽ കൂട്ടത്തിലൊരുത്തനെ പോലീസുകാർ പിടിച്ച് കൊണ്ടുപോയ ദുഃഖത്തിൽ കുടിക്കാൻ വന്നതായിരുന്നു അവർ. എസ്.ഐ-യെ വിളിക്കണോ യെന്ന് ചോദിച്ച് ഞാൻ ഫോണെടുത്തു.
‘വേണ്ടടാ… എഫ്.ഐ.ആർ ഇട്ട് റിമാന്റ് ചെയ്തു. വക്കീലിനെ ഏർപ്പാട് ചെയ്തിട്ടുണ്ട്.’
മധു പറഞ്ഞത് കേട്ടപ്പോൾ ഞാൻ നിരാശയാണ് പ്രകടിപ്പിച്ചത്. എന്നെ വിളിച്ചാൽ മതിയായിരുന്നുവെന്ന് പറഞ്ഞ് ഫോൺ പോക്കറ്റിലേക്ക് തന്നെ ഞാൻ തിരുകി. ആ നേരം അരക്കുപ്പി കiള്ളിന്റെ മന്ദiതയിൽ ഉമേഷ് എന്നെ സൂക്ഷിച്ച് നോക്കുകയായിരുന്നു. തൊട്ട് കടിക്കാൻ താറാവ് വറുത്തത് എടുക്കുമ്പോഴാണ് അവന്റെ ഭാവം ഞാൻ ശ്രദ്ധിക്കുന്നത്. എന്തുപറ്റി ഉമേഷേയെന്ന് ഞാൻ ചോദിക്കുകയും ചെയ്തു. എസ്. ഐ-യെ നിനക്ക് എങ്ങനെ അറിയാമെന്നായിരുന്നു അവന് അറിയാനുണ്ടായിരുന്നത്. അതൊക്കെ അറിയാമെന്ന് പറഞ്ഞ് ഞാൻ എന്റെ വായിലേക്ക് ഒരു കുപ്പി കiള്ള് കമിഴ്ത്തി വെച്ചു.
‘എന്നാൽ ശരി മധു. വിളിക്ക്, കാണാം…’
ഷാiപ്പിൽ നിന്ന് ഞങ്ങൾ ഇറങ്ങി. കiള്ളിൽ പെരുത്ത തലയുമായി ബൈക്കിന് പിറകിൽ ഉമേഷ് എന്നെ ചാരിയിരിക്കുകയാണ്. രണ്ട് കുപ്പി അടിച്ചിട്ടും നിനക്ക് യാതൊരു കുഴപ്പവും ഇല്ലല്ലോയെന്ന അമ്പരപ്പിന്റെ വാക്കുകൾ അവന്റെ കുഴഞ്ഞ നാക്കിൽ നിന്ന് കേൾക്കാം. മനോഹര മെന്ന് എനിക്ക് തോന്നുന്നയൊരു ചിരിയും കടിച്ച് എല്ലാം ഞാൻ ആസ്വദിക്കുകയിരുന്നു. ആ കാറ്റ്… ആ വേഗം… പുറത്ത് തല ചാരിയൊരു കൂട്ടുകാരന്റെ മുഖം…
ഉമേഷിന്റെ വീടിന് മുന്നിൽ ബൈക്ക് നിന്നു. രണ്ട് കിലോമീറ്റർ മുന്നോട്ട് പോയാൽ എന്റെ വിലാസവുമെത്തും. വീട്ടിലേക്ക് കയറിയിട്ട് പോകാമെന്ന് ഇറങ്ങുമ്പോൾ ഉമേഷ് പറഞ്ഞിരുന്നു. ഞാൻ സമ്മതിച്ചില്ല. അപ്പോഴാണ്, കടയിൽ പോയി വരുന്ന ശോഭേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നത്. പറയുന്ന കൂട്ടത്തിൽ വിഷയങ്ങൾ പലതും വന്നു. നാട്ടിൽ എല്ലാവർക്കും നല്ല അഭിപ്രായമുള്ള പരസഹായിയെന്ന് തോന്നിക്കുന്ന ആളാണ് ഞാൻ. അങ്ങനെയൊരു ചെറുപ്പക്കാരനോട് നാട്ടുകാർക്ക് എന്ത് വേണമെങ്കിലും സംസാരിക്കാമല്ലോ…
കാര്യമായിട്ട് പറഞ്ഞതാണ്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിന്നാൽ പോലും ജയിക്കാൻ സാധ്യതയുള്ള പെരുമാറ്റത്തോടെ തന്നെയാണ് നാട്ടിൽ ഞാൻ ഇടപെട്ടിട്ടുള്ളത്.
ശോഭേച്ചിയുടെ കാര്യം തന്നെ നോക്കൂ… അവരുടെ വീടിന്റെ പണി മുടങ്ങി കിടക്കുകയാണ്. അനുവദിച്ചിട്ടുള്ള പണത്തിന്റെ അവസാന ഘട്ടം ബാങ്കിൽ നിന്ന് കിട്ടിയില്ല പോലും…
‘നമുക്ക് വഴിയുണ്ടാക്കാം ശോഭേച്ചീ… ബാങ്ക് മാനേജരെ എനിക്കറിയാം.. ഒന്ന് സംസാരിച്ച് നോക്കട്ടെ…’
വലിയ ഉപകാരം മോനേയെന്നും പറഞ്ഞ് ശോഭേച്ചി പോയി. നിന്നെ പോലെയൊരു കൂട്ടുകാരനെ കിട്ടിയതിൽ അഭിമാനിക്കുകയാണെന്നും പറഞ്ഞ് ഉമേഷിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുകയാണ്. അവൻ വിതുമ്പുമെന്ന് തോന്നിയപ്പോൾ ഞാൻ അവിടെ നിന്ന് പുറപ്പെട്ടു.
പ്രതിസന്ധിയെന്ന് വന്നാൽ എവിടെയും പരിഹാരമാകാൻ മാത്രമേ ഞാൻ എപ്പോഴും ശ്രമിക്കാറുള്ളൂ… താൽക്കാലികമായിട്ടാണെങ്കിലും വിഷമിക്കുന്നവർക്ക് എന്റെ വാക്കുകളൊരു ആശ്വാസമാകണം. ശേഷം, കലർപ്പില്ലാത്തയൊരു ബഹുമാനം എന്നോട് തോന്നണം. ജീവിതത്തിൽ അത്രയൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ…
‘ആരൊക്കെയോ വന്നിട്ട്ണ്ട്ഡാ.. എഴുന്നേൽക്ക്…’
ആഴ്ച്ചകൾ കഴിഞ്ഞുള്ളയൊരു വെളുപ്പാൻ കാലത്തെ അമ്മയുടെ ശബ്ദമായിരുന്നുവത്. കണ്ണുകൾ തിരുമ്മി പുറത്തേക്ക് പോയപ്പോൾ ഇരുപതോളം ആൾക്കാരുണ്ട്. ആരൊക്കെയോ ചേർന്ന് ഒരാളെ ഉമ്മറത്തേക്ക് കിടത്തുകയാണ്. ഇവിടെ പോരെയെന്ന് എന്നോട് ചോദിക്കുന്നുമുണ്ട്. സ്വപ്നമല്ലെന്ന് ഉറപ്പിക്കാൻ തല കുടയേണ്ടി വന്ന നിമിഷങ്ങളായിരുന്നുവത്.
ശ്രദ്ധിച്ചപ്പോൾ ഉമേഷിന്റെ അച്ഛൻ കുഞ്ഞിരാമേട്ടെനെയാണ് ഉമ്മറത്ത് കിടത്തിയിരിക്കുന്നത്. വൈകാതെ അവന്റെ ശബ്ദവും ഉയർന്നു.
‘ഡാ… അച്ഛനെ അണലി കടിച്ചതാണ്… പെരുവണ്ണാൻ വൈദ്യര് പറഞ്ഞ് തന്നയൊരു പ്രയോഗമുണ്ടെന്ന് പറഞ്ഞില്ലേ…’
അതുകേട്ടപ്പോൾ, എന്താണ് പറയേണ്ടതെന്ന് അറിയാതെ ഞാനെന്റെ തലയിൽ അമർത്തി ചൊറിഞ്ഞു. ഉറക്കപ്പിച്ചൊക്കെ പാടേ ഒഴിഞ്ഞിരിക്കുന്നു. എന്നോ പറഞ്ഞുപോയ എന്റെ വാക്കുകളിൽ കുരുങ്ങി ഇങ്ങനെയൊരു രംഗം എന്റെ ഉമ്മറത്ത് ഞാൻ പ്രതീക്ഷിച്ചതേയില്ല.
‘ഉമേഷേ… ഞാനങ്ങനെ പറഞ്ഞിട്ടുണ്ടോ?’
എന്റെ മറുപടിയിൽ അവൻ സ്തംഭിച്ചുപോയി. വിഡ്ഢിത്തം കാട്ടാതെ ആന്റിവെനമുള്ള മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോടായെന്ന് കൂടിയവരിൽ ആരോ ഉമേഷിനോട് പറയുന്നുണ്ട്. അപ്പോഴും, ഇമകൾ പിടപ്പിക്കാതെ അവൻ എന്നെ നോക്കുകയാണ്. അനങ്ങാതെയുള്ള ഉമേഷിന്റെ ആ നിൽപ്പിനെ അന്ന് ഞാൻ ഏറെ ഭയന്നിരുന്നു.
വരും വരായ്കകൾ ചിന്തിക്കാതെ ഒരിക്കൽ വാവിട്ട എന്റെ ശബ്ദത്തെ വിശ്വസിച്ചാണ് കൂട്ടുകാരനായ ഉമേഷ് വന്നത്. ആ കുടുംബത്തിന്റെ പ്രതീക്ഷയാണ് എന്നെ തുറിച്ച് നോക്കിയ ശേഷം മുന്നിൽ നിന്ന് തിരിച്ച് പോകുന്നത്. ആരെയും ഉപദ്രവിക്കണമെന്ന് കരുതിയിരുന്നില്ല. നാലാൾ കൂടുമ്പോൾ താനൊരു കേമനാണെന്ന് കാട്ടാൻ വേണ്ടി പറയുന്ന ചെറിയ കള്ളങ്ങൾ എത്രത്തോളം ഒരു ജീവിതത്തെ ബാധിക്കുമെന്ന് ഞാൻ അറിയുന്നു.
കഴിഞ്ഞത് കഴിഞ്ഞു. കുഞ്ഞിരാമേട്ടൻ മരിച്ച് പോയോയെന്ന സംശയമൊന്നും ആർക്കും വേണ്ട. അല്ലെങ്കിലും, അങ്ങേർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ ഇതൊക്കെ പറയാൻ ഞാൻ ഇങ്ങനെ ഉണ്ടാകില്ലല്ലോ… അറിയോ… അന്ന്, ഉമേഷിനെക്കാളും കൂടുതൽ അവന്റെ അച്ഛന്റെ ജീവന് വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു…!!!

