പിന്നേ ,,പറയുന്നത് കേട്ടാൽ തോന്നും എപ്പോഴും നീയാണ് ചിലവാക്കുന്നതെന്ന്, ചുമ്മാ ബലം പിടിക്കാതെ ബൈക്കുമെടുത്ത് വാടാഅതോ, അതിന് എണ്ണ അടിക്കാനും ഞാൻ കാശ് അയക്കണോ…….

_upscale

Story written by Saji Thaiparambu

ഡാ നീയെവിടാ,,

ഞാൻ എവിടെ പോകാനാടീ ? വീട്ടിൽ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുവാ,,

എന്നാൽ നമുക്കൊരു കോഫി കുടിക്കാൻ പോയാലോ ?

ഓഹ് ഞാനൊന്നുമില്ലെടീ ,, എൻ്റെ കൈയ്യിൽ പത്തിൻ്റെ പൈസയില്ല

പിന്നേ ,,പറയുന്നത് കേട്ടാൽ തോന്നും എപ്പോഴും നീയാണ് ചിലവാക്കുന്നതെന്ന്, ചുമ്മാ ബലം പിടിക്കാതെ ബൈക്കുമെടുത്ത് വാടാ
അതോ, അതിന് എണ്ണ അടിക്കാനും ഞാൻ കാശ് അയക്കണോ?

ഉം, അയച്ചാൽ, ഞാൻ പമ്പിൽ കയറി എണ്ണ അടിച്ചിട്ട് വരാം, ഇല്ലെങ്കിൽ ഇടയ്ക്ക് വച്ച് വണ്ടി തള്ളിക്കോണ്ട് നടക്കേണ്ടി വരും,,

ങ്ഹാ ശരി ശരി, ഞാൻ GP ചെയ്തേക്കാം, നീ വേഗം ഇറങ്ങാൻ നോക്ക്,

ഈ കടങ്ങളൊക്കെ ഞാൻ എപ്പോൾ തീർക്കാനാണെടീ, എനിക്ക് മൊബൈൽ ചാർജ്ജ് ചെയ്യാനും എണ്ണ അടിക്കാനും ,കോഫീ ഷോപ്പിൽ പോകാനുമൊക്കെ എത്ര രൂപയാണ് നീ ചിലവാക്കുന്നത് ?

നമ്മുടെ ഇടയിലെന്തിനാടാ ഈ ഫോർമാലിറ്റി? ഇന്നല്ലെങ്കിൽ നാളെ നമ്മൾ ഒന്നാകേണ്ടവരല്ലേ? നിനക്ക് അത്ര വിഷമം തോന്നുന്നെങ്കിൽ, നിനക്ക് ജോലി കിട്ടിയതിന് ശേഷം നീ തന്നെ മുഴുവൻ ചിലവും നോക്കിക്കോ ,പോരെ?

ഉം ശരി,

അങ്ങനെ ,ഓരോ കോഫിയും കുടിച്ച് കുറെ സംസാരവും കഴിഞ്ഞ്, പതിവ് പോലെ അവർ അന്നും പിരിഞ്ഞു.

കുറച്ച് നാളുകൾക്ക് ശേഷം, കാമുകന് ചെറിയൊരു ജോലി കിട്ടി.

ഡീ,, നമുക്കൊരു കോഫി കുടിച്ചാലോ? ഇന്ന് എനിക്ക് ശമ്പളം കിട്ടിയതല്ലേ?

പിന്നെന്താ? ഞാൻ ദേ വരുന്നു,,

അവളെയും കൂട്ടി അവൻ പഴയ കോഫീ ഷോപ്പിലേയ്ക്ക് വണ്ടി വിട്ടു.

ഡാ,,,നമുക്കിന്ന് സ്റ്റാർലൈറ്റ് മാളിൽ നിന്ന് കോഫി കുടിച്ചാലോ?

ആങ്ഹ് പിന്നെന്താ ?

മറ്റ് കോഫീ ഷോപ്പിൽ നിന്ന് കുടിക്കുന്നതിനെക്കാൾ ചിലപ്പോൾ ഇരട്ടിചാർജാകുവായിരിക്കും, അവിടെ ,എന്നാലും സാരമില്ല, അവളാദ്യമായി പറഞ്ഞതല്ലേ?

കാമുകൻ സന്തോഷത്തോടെ മാളിലേയ്ക്ക് പോയി.

രണ്ട് കോഫി വേണം,,

ശീതികരിച്ച മുറിയിലെ വില കൂടിയ സോഫയിലിരുന്ന്, കാമുകൻ
ഓർഡർ കൊടുത്തു.

രണ്ടും സ്റ്റാർബക്സ് മതി കെട്ടോ?

അത് കേട്ട്, കാമുകൻ്റെ നെഞ്ചൊന്ന് പിടഞ്ഞു.

സ്റ്റാർബക്സ് ? ഒരു കോഫിയുടെ വില നാന്നൂറ് രൂപ, രണ്ടെണ്ണം എണ്ണൂറ് രൂപ, ഈശ്വരാ ,, മെനു കാർഡിലെ വില കണ്ട് ,കണ്ണ് തള്ളി ഇരിക്കുമ്പോഴാണ്, കാമുകി അവനെ ഞെട്ടിച്ചത്.

ശമ്പളം കിട്ടിയതിൻ്റെ വകയായി, കാപ്പി കുടിക്കാൻ, മാക്സിമം നൂറ് രൂപയുടെ ചിലവാണ് ,അയാൾ പ്രതീക്ഷിച്ചിരുന്നത്.

ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ കഷ്ടപ്പെട്ടാൽ കിട്ടുന്ന നാന്നൂറ് രൂപയുടെ കാപ്പി, എത്ര ഊതിക്കുടിച്ചിട്ടും അയാളുടെ നാവ് പൊള്ളിപ്പോയി .

എന്നാലിനി നമുക്ക് പോയാലോ ?

അവൻ ധൃതിവച്ചു.

എവിടെ പോകാൻ? എന്താ നിനക്കിത്ര ധൃതി ,നമുക്കൊരു സിനിമ കൂടി കണ്ടിട്ട് പോകാം, ഇന്നത്തെ പോലെ, എന്നും എനിക്ക് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ പറ്റിയെന്ന് വരില്ല ,,

ഇവളിന്ന് രണ്ടും കല്പിച്ചാണല്ലോ ഈശ്വരാ ,, പോകാതിരിക്കാനും കഴിയില്ല, കാരണം അവളാണിത്രയും നാള് എണ്ണ അടിച്ചു തന്നതും, മൊബൈൽ ചാർജ്ജ് ചെയ്ത് തന്നതും, കോഫി വാങ്ങിച്ച് തന്നതുമൊക്കെ,,

അവൻ്റെ മനസ്സലിഞ്ഞു ,

എങ്കിൽ വാ ,നമുക്ക് പ്രതിഭാ തീയറ്ററിൽ പോകാം, അവിടെ ലാലേട്ടൻ്റെ പടമാണ് ഓടുന്നത്,,

അയ്യേ പ്രതിഭയിലോ ? നമുക്ക് ഇവിടുത്തെ PVR ൽ കയറി ഡങ്കല് കാണാം,,

പി വി ആറിലോ?

ഇവളിന്നെൻ്റെ കളസം കീറുമല്ലോ ?

സിനിമ ടിക്കറ്റും സ്നാക്സുമൊക്കെയായി രൂപാ ആയിരത്തി ഒരുന്നൂറ്റി അൻപത് കൂടി മാറിയപ്പോൾ, അവളെ കാപ്പി കുടിക്കാൻ വിളിച്ചത്, അബദ്ധമായി പോയെന്ന് അവന് തോന്നി.

ഒന്ന് വേഗം വാടി,, നേരം ഒരു പാടായി,,

സിനിമ കഴിഞ്ഞപ്പോൾ എങ്ങനെയെങ്കിലും അവളെയും കൊണ്ട് ,മാളിൽ നിന്നിറങ്ങാൻ അവന് വെപ്രാളമായി.

അല്ല,ആദ്യത്തെ ശമ്പളം കിട്ടിയ ദിവസമല്ലേ? നീയെനിക്ക് എന്ത് ഗിഫ്റ്റാണ് വാങ്ങി തരുന്നത്?

മാളിൻ്റെ നാലാം നിലയിൽ നിന്നിറങ്ങുമ്പോൾ അവൾ ചോദിച്ചു.

ങ്ഹേ, ഇനി ഗിഫ്റ്റും കൂടിയോ?

അവൻ വാ പൊളിച്ച് നിന്നപ്പോൾ അവൾ തൊട്ടടുത്ത് കണ്ട ഫാഷൻ സ്റ്റോറിലേക്ക് കയറി.

രണ്ടായിരത്തി അഞ്ഞൂറിൽ കുറഞ്ഞ ഒരു ഡ്രസ്സും അവിടെ ഉണ്ടായിരുന്നില്ല

മരവിച്ച മനസ്സുമായി അവളുടെയൊപ്പം നടന്ന അവൻ്റെ കണ്ണുകൾക്ക് നേരെ, സെലക്ട് ചെയ്ത ഒരു ചുരിദാറ് കാണിച്ചിട്ട് അവൾ പറഞ്ഞു,

തല്ക്കാലം ഇത് മതി , അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ നീയെനിക്ക് കുറച്ച് കോസ്റ്റ്ലി ആയിട്ടുള്ള ഡ്രസ്സ് എടുത്ത് തരണം കെട്ടോ ?

ബില്ല് ചെയ്യാൻ കൊടുക്കുന്നതിന് മുമ്പ് അതിൻ്റെ പ്രൈസ് ടാഗ് കണ്ട അവൻ്റെ തല കറങ്ങി

Rs ,4800

ഇവള് എന്നെയും കൊണ്ടേ പോകൂ

ഇതിനായിരുന്നോ മാസത്തിലൊരിക്കൽ ബൈക്കിൽ അൻപത് രൂപയുടെ എണ്ണയുമടിച്ച് കോഫീ ഷോപ്പിൽ കൊണ്ട് പോയി പതിനഞ്ച് രൂപയുടെ കാപ്പിയും വാങ്ങി തന്ന് കൊണ്ടിരുന്നത്?

ഇങ്ങനെ പകരം വീട്ടാനായിരുന്നോ ?മാസത്തിലൊരിക്കൽ ആകെ രണ്ട് ജിബി നെറ്റ് കിട്ടുന്ന മൊബൈൽ ചാർജ്ജ് ചെയ്ത് തന്ന് കൊണ്ടിരുന്നത്?

ഒന്നും വേണ്ടായിരുന്നു,

എല്ലാം ചിലവും കഴിഞ്ഞ് ,പേഴ്സിൽ ബാക്കി വന്ന നോട്ടുകൾ തന്നെ നോക്കിയിട്ട്, ഞങ്ങളെ കൂടി ആർക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്ന് പരിഹസിക്കുന്നതായി ,അവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *