ശലഭങ്ങളുടെ കൂട്ടുകാരി
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി
പ്രണവ് നല്ലൊരു പാട്ടുകാരനായിരുന്നു. പക്ഷേ അവന്റെ ക്രേസ് മുഴുവൻ പഠിപ്പിനോടായിരുന്നു. പഠിച്ച് നല്ലൊരു ജോലി നേടണം എന്നതായിരുന്നു അവന്റെ ലക്ഷ്യം. പക്ഷേ പാട്ടിനും അർഹമായ പ്രാധാന്യം അവൻ കൊടുത്തിരുന്നു.
എടാ… കേച്ചേരി കാവിൽ അടുത്ത മാസം രണ്ടാം തീയതി പൂരമാണ്.. ഗാനമേളക്ക് നിന്നെ വിളിച്ചിട്ടുണ്ട്…
അഖിൽ പറയും.
അതല്ലെങ്കിൽ ഇങ്ങനെ ആയിരിക്കും അവന്റെ ഫോൺവിളി:
എടാ.. വെള്ളിലപ്പള്ളിയിൽ ഘോഷയാത്രയും ഗാനമേളയുമുണ്ട്.. നിന്റെ പ്രോഗ്രാം ബുക്ക് ചെയ്തിട്ടുണ്ട്…
പ്രണവ് എല്ലാം സമ്മതിക്കും. കാശ് വാങ്ങുന്നതും എല്ലാ കാര്യങ്ങളും നോക്കുന്നതും അഖിലാണ്. പരിപാടിയുള്ള ദിവസം അഖിലിന്റെ ബൈക്കിന് പിറകിൽ കയറിയിരിക്കുക, പോവുക, പാടുക, തിരിച്ചുവരിക എന്നത് മാത്രമാണ് പ്രണവിന്റെ ഡ്യൂട്ടി.
രണ്ടുവർഷം മുമ്പ് ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ പ്രണവ് പാടിയതോടുകൂടിയാണ് അവരുടെ ഈ കൂട്ടുകെട്ടിന് കേരളം ഉടനീളം ആരാധകർ ഉണ്ടായത്. പ്രണവിന്റെ ഫാസ്റ്റ് നമ്പർ കേൾക്കാൻ ഇഷ്ടംപോലെ ആളുകൾ ഒത്തുകൂടുന്നുണ്ട് എന്ന് മനസ്സിലാക്കിയതോടുകൂടി മിക്ക സംഘാടകരും അവരുടെ ക്ഷേത്രങ്ങളിലേക്കും കാവുകളിലേക്കും പരിപാടികളിലേക്കും മറ്റും പ്രണവിനെയും ബുക്ക് ചെയ്യുക പതിവായി ത്തുടങ്ങി. പക്ഷേ പ്രണവിനെ കിട്ടണമെങ്കിൽ അഖിലിനെ വിളിച്ചേ പറ്റൂ. അഖിലാണെങ്കിൽ ഇത്തിരി മുരട്ട് സ്വഭാവമുള്ളവനാണ്. നല്ല നേരവും കാലവും നോക്കി വിളിച്ചില്ലെങ്കിൽ അവന്റെ വായിലുള്ളത് കേൾക്കേണ്ടിവരും. പക്ഷേ അവൻ ഏറ്റുകഴിഞ്ഞാൽ പ്രണവിനെ കൊണ്ടുവന്നിരിക്കും. അത് സംഘാടകർക്കും അറിയാം. അങ്ങനെ അവരുടെ കൂട്ടുകെട്ട് ഹിറ്റായിത്തുടങ്ങി.
ചിലരൊക്കെ പണം കൊടുക്കുന്ന സമയംവരുമ്പോൾ കളിപ്പിക്കാൻ നോക്കും. അത് അഖിൽ നൈസ് ആയിട്ട് ഡീൽ ചെയ്യും. പ്രണവ് അതൊന്നും നോക്കാറില്ല. തiല്ലിന് തiല്ല്, വാക്കിന് വാക്ക്, നോക്കിന് നോക്ക്, ഭീഷണിക്ക് ഭീഷണി എല്ലാം പയറ്റാൻ അഖിൽ മതി. പ്രണവ് സ്റ്റേജിൽ കൂളായിനിന്ന് പാടുമ്പോൾ അഖിൽ സ്റ്റേജിന് പിറകിൽനിന്ന് കാശൊക്കെ കൃത്യമായി വാങ്ങിച്ചെടുത്തിരിക്കും.
പിശക് സ്ഥലമാണെങ്കിൽ പലയിടത്തുനിന്നും പ്രണവിനെ ബൈക്കിൽ എടുത്ത് പറക്കാറുണ്ട് അഖിൽ. എന്നിട്ട് സുരക്ഷിതമായി അവനെ എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ട് തിരിച്ചുപോയി ചോദിക്കേണ്ടത് ചോദിച്ചും കൊടുക്കേണ്ടത് കൊടുത്തും വാങ്ങേണ്ടത് വാങ്ങിച്ചെടുത്തും കൃത്യമായി തിരിച്ചെത്തും അവൻ.
മോനേ… നല്ലോണം സൂക്ഷിച്ചും കണ്ടും പോണേ…
ഇറങ്ങുമ്പോൾ പ്രണവിന്റെ അമ്മക്ക് ആധിയാണ്.
അതൊക്കെ നമ്മൾ നോക്കിക്കോളാം.. അമ്മ പേടിക്കാതിരി..
അഖിൽ വലിയ വീരവാദം മുഴക്കും. പ്രണവ് പുഞ്ചിരിക്കുകയേയുള്ളൂ. പ്രണവിന് അറിയാം തന്റെ ബോഡിഗാർഡായി അഖിൽ ഉള്ളിടത്തോളം കാലം തന്നെ സുരക്ഷിതമായി അമ്മയുടെ കൈകളിൽ അവൻ എത്തിച്ചുകൊള്ളുമെന്ന്.
ഇറങ്ങാൻനേരം പ്രണവിന്റെ ഗേൾഫ്രണ്ടിന്റെ കോൾ വരും.
ദേ.. പാട്ട് കിടുക്കണം.. പിന്നെ പ്രശ്നമൊന്നും ഉണ്ടാക്കാതെ തിരിച്ചുവരണം.
നീ പറയുന്നത് കേട്ടാൽ തോന്നും ഞാനാണ് പ്രശ്നമുണ്ടാക്കുന്നത് എന്ന്.. നീ തന്നെ നേരിട്ട് അഖിലിനോട് പറഞ്ഞോളൂ…
പ്രണവ് കൈയ്യൊഴിയും.
അവൾ ചിരിക്കും. അഖിലിനോട് യാതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അവൾക്കറിയാം.
അന്ന് കാവിൽ വേലയായിരുന്നു. അവർ രണ്ടുപേരും മാനത്ത് ഉദിച്ചുനിൽക്കുന്ന നക്ഷത്രങ്ങളെയും നോക്കി പതിവുപോലെ മൃദുവായി തഴുകിയൊഴുകുന്ന തണുത്ത കാറ്റിലൂടെ ബൈക്കിൽ അങ്ങനെ പാട്ടും പാടി ഒഴുകുകയായിരുന്നു. അഖിൽ പറഞ്ഞു:
നിന്റെ പെണ്ണിന് എന്തൊരു പേടിയാണെടാ…
അത് പിന്നെ നിന്റെ കൂടെയല്ലേ വരുന്നത്…
പ്രണവ് അവനെ ഒന്ന് ചൂടാക്കാൻ കൊള്ളിച്ചുപറഞ്ഞു.
പെട്ടെന്ന് അഖിൽ നിശ്ശബ്ദനായി. അവൻ കൂടുതൽ ഒന്നും സംസാരിക്കുന്നില്ല എന്ന് കണ്ടപ്പോൾ പ്രണവിനും വല്ലാതായി. പ്രണവ് അഖിലിന്റെ ഭൂതകാലമോ൪ത്തു.
എൽകെജി ക്ലാസ് തൊട്ട് ഡിഗ്രി കാലഘട്ടംവരെ അവർ ഒന്നിച്ചു പഠിച്ചതായിരുന്നു. ഡിഗ്രി കഴിഞ്ഞതും അഖിൽ പഠനം നിർത്തി. ആ സമയത്തായിരുന്നു പ്രണവിന്റെ റിയാലിറ്റി ഷോ. അഖിലായിരുന്നു എന്നും പ്രണവിന്റെ കൂടെ കൂട്ടുപോയിരുന്നത്. അത് കഴിഞ്ഞതും ഡിഗ്രിയുടെ റിസൽറ്റ് വന്നപ്പോൾ പ്രണവ് പിജിക്ക് ചേർന്നു. അഖിൽ അവന്റെ അച്ഛന്റെ കടകളൊക്കെ നോക്കിനടത്താൻ തുടങ്ങി. അല്പസ്വല്പം പച്ചക്കറി ബിസിനസ്സ് ഒക്കെ തുടങ്ങി. എല്ലാറ്റിലും അവൻ കടന്നുകയറി. കൈവെച്ചിടത്തൊക്കെ പത്തിന് നൂറായി തിരിച്ചു പിടിക്കുന്ന ഐശ്വര്യമുള്ളവനാണ് അഖിൽ. രണ്ടുമൂന്ന് വാഹനങ്ങൾ ഒക്കെ വാങ്ങി അതൊക്കെ വാടകക്ക് ഓടിക്കാൻ കൊടുത്തിട്ടുണ്ട്. ഇനി നല്ലൊരു വീട് വെക്കണം എന്നാണ് അവന്റെ മോഹം.
എടാ.. നീ എപ്പോഴാണ് വീട് വെക്കുന്നത്…?
അഖിലിന്റെ മനസ്സൊന്നു തണുക്കാൻവേണ്ടി പ്രണവ് ചോദിച്ചു.
വെക്കാം.. പതുക്കെ ആവട്ടെ.. നീ ആദ്യം ജോലി കിട്ടി നിന്റെ പെണ്ണിനെ വിളിച്ചുകൊണ്ടുവാ..
അഖിൽ വിഷയം മാറ്റി.
അതോടെ പ്രണവ് ആ സംസാരം അവസാനിപ്പിച്ചു. ഡിഗ്രി പഠിക്കുന്ന കാലത്ത് അഖിലിനും നല്ലൊരു പ്രണയം ഉണ്ടായിരുന്നു. എന്തോ നിസ്സാരകാര്യത്തിന് അവർ തമ്മിൽ ബ്രേക്അപ്പായത് മാത്രം പ്രണവിനറിയാം. കൂടുതൽ ചോദിക്കാൻ നിൽക്കുമ്പോഴൊക്കെ അഖിൽ ഒഴിഞ്ഞുമാറിക്കളയും. അവന്റെ ദേഷ്യം നന്നായറിയുന്ന പ്രണവ് കൂടുതൽ ചോദിക്കാൻ പോകാറില്ല. പക്ഷേ അഖിലിന്റെ ഉള്ളിൽ ഒരു നെരിപ്പോട് എരിഞ്ഞുകത്തുന്നുണ്ട് എന്ന് പ്രണവിന് മനസ്സിലാവുന്നുണ്ടായിരുന്നു.
അന്ന് വേലക്ക് പതിവിലുമധികം ആളുണ്ടായിരുന്നു. നാലു പാട്ടുകളായിരുന്നു പ്രണവ് പാടിയിരുന്നത്. എല്ലാം ഗംഭീരമായി. തിരിച്ചിറങ്ങാൻ ഒരുങ്ങുമ്പോഴാണ് ആന ഇടഞ്ഞു എന്നും പറഞ്ഞ് ആൾക്കാർ ഓടുന്നത് കണ്ടത്. ആനയെ കൂടുതൽ നാശനഷ്ടം ഒന്നും ഉണ്ടാക്കാതെ അപ്പോൾത്തന്നെ തളച്ചു. പക്ഷേ പരിഭ്രാന്തരായി ഓടുന്നതിനിടയിൽ ചിലർ തട്ടിമുട്ടി വീഴുകയും അവരിൽ ചിലരെ അഖിലും പ്രണവും എഴുന്നേൽക്കാനും മറ്റും സഹായിക്കുകയും ചെയ്തു. അതിനിടക്കാണ് ഒരു കുട്ടി നിന്ന് കരയുന്നത് അവന്റെ ശ്രദ്ധയിൽ പ്പെട്ടത്. മൂന്നു മൂന്നര വയസ്സു മാത്രമേ കാണൂ.
മോളുടെ കൂടെ ആരുമില്ലേ…?
അഖിൽ അവളെ വാരിയെടുത്തുകൊണ്ട് ചോദിച്ചു. അവൾ കരഞ്ഞതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. പാവം കുഞ്ഞ്.. അവൾ ഭയന്നുപോയിരുന്നു.
നിന്റെ വീട് എവിടെയാ..?
പ്രണവ് ചോദിച്ചു. അവൾ തൊട്ടടുത്തുള്ള റോഡിന് മറുവശത്തെ ഒരു ഗേറ്റിലേക്ക് കൈ ചൂണ്ടി. അവർ രണ്ടുപേരും ആ വീട്ടിലേക്ക് അവളെയും കൂട്ടി നടന്നു. ഗേറ്റ് കടന്ന് കോളിംഗ് ബെൽ അടിച്ചപ്പോൾ അകത്തുനി ന്നും മൂന്നുനാല് പേർ പുറത്തേക്ക് വന്നു.
അയ്യോ മോൾ എന്താ ഇവരുടെ കൂടെ..? അമ്മ എവിടെ പോയി..?
മുത്തശ്ശി ചോദിച്ചു. പ്രണവ് ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു. അഖിൽ മോളെ കൊഞ്ചിച്ചുകൊണ്ട് ഓരോന്ന് അവളോട് ചോദിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. അപ്പോഴും അവളുടെ പേടി മാറിയിരുന്നില്ല. അവളുടെ ചുണ്ടുകൾ വിതുമ്പുകയും വിറക്കുകയും കണ്ണുകൾ മുത്തുകൾ പൊഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതേസമയംതന്നെ അവളുടെ അമ്മയും അച്ഛനുമൊക്കെ ഇരുട്ടിലൂടെ ഗേറ്റ് കടന്ന് ഓടിവന്നു.
ഞങ്ങൾ അവിടെ മുഴുവൻ തിരയുകയായിരുന്നു മോളെ എന്നും പറഞ്ഞ് അവളുടെ അമ്മ മോളെ വാരിയെടുത്തു. അവരും കരയുന്നുണ്ടായിരുന്നു. മോളുടെ അച്ഛൻ വന്ന് അഖിലിന്റെ കൈ പിടിച്ചു.
പെട്ടെന്നാണ് അഖിലിന്റെ ശ്രദ്ധയിൽ ആ മുഖം പതിഞ്ഞത്.. ഒരു കാലത്ത് തന്റെ ഹൃദയത്തിന്റെ രാജകുമാരിയായിരുന്നവൾ..
നിസ്സാരമായ എന്തോ ഒരു കാരണത്താൽ പിരിഞ്ഞ് ഒന്നും പറയാതെ പിണങ്ങിപ്പോയവൾ. തന്റെ കൈപിടിച്ച് നിൽക്കുകയായിരുന്ന അവളുടെ അച്ഛന്റെ പിറകിലായി അനിയത്തിയായ സ്വാതി. ഇരുട്ടിൽ, പാതി വെളിച്ചം മാത്രം മുഖത്ത് പതിഞ്ഞ്…
ആ നയനങ്ങൾ അവനെത്തന്നെ നിർന്നിമേഷം നോക്കിനിന്നു. എല്ലാവരും ആ ഭയപ്പാടിൽ, മകളെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിൽ, അഖിലിന്റെ നേർക്ക് കൈകൂപ്പിനിന്നു. അവളും അവനെ തൊഴുകയോടെ നോക്കി മന്ദസ്മിതം ചൊരിഞ്ഞു. ആ കണ്ണുകളിൽ ആർദ്രത നിഴലിച്ചിരുന്നു. അഖിലിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഓരോ ഘോഷയാത്രയിലും ഓരോ ഉത്സവപ്പറമ്പിലും ഓരോ ആൾക്കൂട്ടത്തിലും തന്റെ കണ്ണുകൾ എന്നും തിരഞ്ഞിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു… ഈ ഒരു മുഖം കാണാനായിരുന്നു..
കൂടുതലൊന്നും പറയാതെ, തന്നെ തനിച്ചാക്കി എങ്ങോട്ട് പോയതാണ് അവൾ, എന്തിനായിരുന്നു അവൾ തന്നോട് അകാരണമായി പിണങ്ങിയത്, വിവാഹം കഴിഞ്ഞിട്ടുണ്ടാകുമോ ഇങ്ങനെ നൂറായിരം ചിന്തകൾ ഓരോ ദിവസവും അവനെ അലട്ടാറുണ്ടായിരുന്നു. സംസാരിച്ചു കൊണ്ടുനിൽക്കുന്നതിനിടയിൽ ഒരു ശലഭം ആ വഴി പറന്നുവന്നാൽ സംസാരം നിർത്തി, അവൾ അതിനെത്തന്നെ നോക്കി നിൽക്കു മായിരുന്നു. അതിന്റെ പിറകെ പോയി മൊബൈലിൽ അതിന്റെ ഫോട്ടോ എടുക്കുമായിരുന്നു.. അത്രക്കും ഇഷ്ടമായിരുന്നു അവൾക്ക് പൂമ്പാറ്റകളെ..
വരൂ… അകത്തു കയറി ഇരിക്കൂ.. വല്ലതും കുടിച്ചിട്ട് പോകാം.. ആ വീട്ടുകാർ സ്നേഹപൂർവ്വം രണ്ടുപേരെയും ക്ഷണിച്ചു. അവർ അവരെ രണ്ടുപേരെയും അകത്തേക്ക് നിർബ്ബന്ധപൂർവ്വം കൂട്ടിക്കൊണ്ടുപോയി. ഒട്ടൊരു മടിയോടുകൂടി അവർ അകത്തു കയറിയിരുന്നു.
നിനക്കല്ലേ പ്രണവിന്റെ പാട്ട് കേൾക്കാൻ പോകാൻ ധൃതി യുണ്ടായിരുന്നത്… എന്താ ഇപ്പോൾ ഒന്നും സംസാരിക്കാതിരിക്കുന്നത്..?
സ്വാതിയുടെ നേർക്ക് അവളുടെ ഏട്ടൻ ചോദ്യമെറിഞ്ഞു.
എന്നിട്ട് അവരോടായി പറഞ്ഞു:
ഈ ഭാഗത്ത് എവിടെ നിങ്ങളുടെ പ്രോഗ്രാം ഉണ്ടെങ്കിലും ആദ്യം പോകാൻ വാശിപിടിച്ചിറങ്ങുന്നത് ഇവളാണ്… അത്രയ്ക്ക് താല്പര്യമാണ് നിങ്ങളുടെ ഗാനമേള കേൾക്കാൻ..
മോളെ കാണാതായ പരിഭ്രമത്തിനിടയിൽ കയറിവന്നതുകൊണ്ട് സ്വാതിയുടെ മൗനം എല്ലാവരും ആ തരത്തിലേ കണ്ടുള്ളൂ. പക്ഷേ അവളുടെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു.
കുടിക്കാനും കഴിക്കാനും നിമിഷനേരങ്ങൾകൊണ്ട് വിഭവങ്ങളൊക്കെ മേശപ്പുറത്തെത്തി. എല്ലാവരും വലിയ സന്തോഷത്തിലായി. പ്രണവിന്റെ പാട്ടിനെക്കുറിച്ച് വലിയ മതിപ്പോടെ എല്ലാവരും സംസാരിച്ചു.
വിശേഷങ്ങളൊക്കെ ചോദിച്ചറിയുന്നതിനിടയിൽ അവളുടെ ഏട്ടൻ പറഞ്ഞു:
സ്വാതിക്ക് തലയിൽ ഒരു ട്യൂമ൪ വന്നിട്ട് ഓപ്പറേഷൻ കഴിഞ്ഞിരുന്നു. അതുകഴിഞ്ഞ് ഒരു വർഷത്തോളം വിശ്രമം ആവശ്യമായിവന്നു. ഇപ്പോഴാണ് വീണ്ടും കോളേജിൽ ക്ലാസിന് പോയിത്തുടങ്ങിയത്.
അവളെ ജീവനോടെ തിരിച്ചുതന്നത് ദേവിയാണ്…
മുത്തശ്ശി കൈകൂപ്പി. എന്നിട്ട് സ്വാതിയെ തഴുകിക്കൊണ്ട് പറഞ്ഞു:
ഇനി അവളുടെ കല്യാണം കൂടി കഴിഞ്ഞുകാണണമെന്നുണ്ട് എനിക്ക്..
മുത്തശ്ശി കണ്ണുതുടച്ചു.
അതൊന്നും വലിയ കാര്യമല്ല.. അവൾ പഠിക്കട്ടെ.. ഒരു ജോലി നേടാനാണ് പരിശ്രമിക്കേണ്ടത്..
അമ്മാവൻ മുത്തശ്ശിയെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.
അപ്പോഴാണ് അഖിൽ ശ്രദ്ധിച്ചത്.. സ്വാതിയുടെ തലയുടെ ഒരുവശത്തുള്ള മുടി മുഴുവൻ കൊഴിഞ്ഞുപോയിരിക്കുന്നു. നീണ്ട ഇടതൂ൪ന്ന ചുരുണ്ടമുടി എന്നും അവളുടെ അഴകായിരുന്നു. മറുവശത്ത് അത് കുറച്ചൊക്കെയുണ്ട്. എങ്കിലും പഴയതുപോലെ പ്രസരിപ്പില്ല ആ മുഖത്ത്. തന്നെ കണ്ടതുകൊണ്ടാവണം ആ കണ്ണുകൾ തിളങ്ങുന്നുണ്ട്. ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ട്. കവിളുകളിൽ നാണം തളിരിട്ടുതുടങ്ങിയിരിക്കുന്നു..
അവളോട് എന്തെങ്കിലും രണ്ടു വാക്ക് മിണ്ടണം എന്ന് അഖിലിന് ആഗ്രഹമുണ്ട്. പക്ഷേ ആ വീട്ടുകാർ എന്ത് കരുതും എന്ന് കരുതി അവൻ മൌനംപൂണ്ടിരുന്നതേയുള്ളൂ.
പക്ഷേ പ്രണവിന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായിരുന്നു. അവൻ അവളുടെ ഏട്ടനോടായി പറഞ്ഞു:
ഞങ്ങൾ യാദൃശ്ചികമായാണ് നിങ്ങളെ പരിചയപ്പെട്ടത്.. എങ്കിലും ഇതൊരു നല്ല നിമിത്തമായാണ് കാണുന്നത്. ഞങ്ങൾ വീണ്ടും വരും. രാത്രി യാത്ര പറയുന്നില്ല..
അതും പറഞ്ഞ് അവർ അവിടെനിന്നിറങ്ങി. ഇതേ സമയത്ത് പുറത്ത് വയലിൽ വെടിക്കെട്ട് തുടങ്ങിയിരുന്നു. ആകാശത്തുനിന്നും നക്ഷത്രങ്ങളും മാരിവില്ലും ഒരേസമയം പെയ്തുതുടങ്ങിയിരുന്നു. അഖിലിന്റെ മനസ്സിലും സ്വാതിയുടെ മനസ്സിലും ഒരായിരം വെടിക്കെട്ടുകൾ ഒന്നിച്ച് പൊട്ടിയ അനുഭൂതി പടർന്നുകയറുകയായിരുന്നു.