പൊൻകതിർ ~~ ഭാഗം 18 ~ എഴുത്ത്:- മിത്രവിന്ദ

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഹ് അടിപൊളി… എന്റെ സ്റ്റെല്ല കൊച്ചേ, നിനക്ക് ഇത്രയ്ക്ക് ടേസ്റ്റ് ആയിട്ട് കറികളൊക്കെ വയ്ക്കുവാൻ അറിയാമല്ലോ,”

പാവയ്ക്ക തീയലും പയർ മെഴുക്കുപുരട്ടിയും കൂട്ടി നോക്കിയശേഷം ശാലിനി തന്റെ തള്ളവിരൽ ഉയർത്തി അവളെ കാണിച്ചു കൊണ്ട് പറഞ്ഞു.

സ്റ്റെല്ല ഒരു പുഞ്ചിരിയോട് കൂടി ഒന്നും പറയാതെ കൊണ്ട് മുഖം കുനിച്ചിരുന്നതേയുള്ളൂ.

വളരെയധികം ആസ്വദിച്ചിരുന്നതാണ് ശിവനും ശാലിനിയും ഭക്ഷണം കഴിച്ചത്.

സ്റ്റെല്ല മാത്രം വെറുതെ നുള്ളി പെറുക്കി കൊണ്ടിരുന്നു..

ഈ മീൻ കറിയൊക്കെ ഇത്ര നന്നായിട്ട് എങ്ങനെയാ കൊച്ചേ വെക്കുന്നത്, ഉപ്പും പുളിയും ഒക്കെ കറക്റ്റ് ആയിട്ട് പിടിച്ചിട്ടുണ്ട്..

ചേച്ചി അത് എന്നെ മഠത്തിൽ നിന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ആന്റി പഠിപ്പിച്ചതാണ്..

നമ്മള് ആവശ്യത്തിന് വെള്ളം എടുത്ത് അതിൽ കല്ലുപ്പും കുടം പുളിയും മഞ്ഞൾപൊടിയും കൂട്ടി തിളപ്പിക്കണം….നന്നായി വെട്ടി തിളിച്ച ശേഷം അത് ഇറക്കി വെച്ചു തണുപ്പിക്കണം.. എന്നിട്ട് വേണം മീൻ വെട്ടി കഴുകി വൃത്തിയാക്കുവാൻ പോകേണ്ടത്… അതെല്ലാം ചെയ്തു വരുമ്പോഴേക്കും ഈ ഉപ്പും പുളിയും ഒക്കെ പാകമായിട്ട്വെ ള്ളത്തിൽ ലയിച്ചിരിക്കും. എന്നിട്ട് അത് എടുത്ത് കറി വച്ചാൽ മതി.. രണ്ടുദിവസം മുന്നേ വെച്ച മീൻ കറിയുടെ ടേസ്റ്റ് പോലെ ഇരിക്കും.

വളരെ കൃത്യതയോടു കൂടിയാണ് സ്റ്റെല്ല ഓരോ കാര്യങ്ങളും ശാലിനിക്ക് വിശദീകരിച്ചു കൊടുത്തത്.

അതെല്ലാം കേട്ടുകൊണ്ട് ശാലിനി തലകുലുക്കി.

സ്റ്റെല്ലയുടെ ഫോൺ നമ്പർ ഒന്ന് തരുമോ, ഞാൻ വൈകുന്നേരം വീട്ടിൽ ചെന്നിട്ട് വിളിക്കാം, എനിക്കും ഇതുപോലെ ഒന്ന് വെയ്ക്കാൻ ആണ്…

“എനിക്ക് ഫോൺ ഇല്ല ചേച്ചി…”

“ആണോ… സാരമില്ല ഞാൻ ശിവേട്ടന്റെ ഫോണിലേക്ക് വിളിക്കാം, അപ്പോൾ സ്റ്റെല്ല സംസാരിച്ചാൽ മതി കേട്ടോ…”

ശാലിനി പറഞ്ഞതും അവൾ തല കുലിക്കി.

വലിയ അഭിപ്രായങ്ങൾ ഒന്നും പറഞ്ഞില്ലെങ്കിലും ശിവൻ രണ്ടാമതും ചോറും കറികളും എടുത്തപ്പോൾ ശാലിനിക്ക് മനസ്സിലായിരുന്നു അവനും ഇതൊക്കെ വളരെ ഇഷ്ടമായി എന്ന്.

അങ്ങനെ മൂവരും ഒരുമിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് എഴുന്നേറ്റു.

വൈകുന്നേരം നാലുമണിയോടുകൂടി ശാലിനി യാത്ര പറഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു.

അത്രയും നേരം കൊണ്ട്, ശാലിനിയും സ്റ്റേല്ലയും തമ്മിൽ ഒരുപാട് അടുത്തിരുന്നു.

അതുകൊണ്ട് അവൾ പോയതും സ്റ്റെല്ലയ്ക്ക് വളരെ സങ്കടം തോന്നി..

ഉമ്മറക്കോലായിൽ ഒരുപാട് സമയം അവൾ ശാലിനി നടന്നു പോകുന്നത് നോക്കി അങ്ങനെ നിന്നു…

വഴിയിൽ എവിടെയോ ശിവൻ നിൽപ്പുണ്ടായിരുന്നു..

അവന്റെ ബൈക്കിലാണ് ശാലിനി കവലയിലേക്ക് പോയി ഇറങ്ങിയത്.

അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയ്‌.

♡♡♡♡♡♡♡♡♡

കുഞ്ഞിനേയും കൊണ്ട് ഡിസ്ചാർജ് ആയി വന്നത് ആയിരുന്നു സീന..

പല തവണ സ്റ്റേല്ലയുടെ ഫോണിൽ വിളിച്ചു നോക്കി എങ്കിലും സ്വിച്ചഡ് ഓഫ് എന്നായിരുന്നു മറുപടി. അത് കേട്ടപ്പോൾ മുതൽ ചങ്ക് ഇടിക്കുകയാണ്. അടുത്ത വീട്ടിലെ വത്സമ്മ ചേച്ചിയുടെ നമ്പറിൽ വിളിച്ചപ്പോൾ അവർ പറഞ്ഞണ് കാര്യങ്ങൾ ഒക്കെ അറിഞ്ഞത്. ഉടനെ തന്നെ സതി ചേച്ചിയേ വിളിച്ചു. അവരാണ് സ്റ്റെല്ലയേ ഏജൻസിയിൽ ആക്കിയത്..അവരോട് സംസാരിച്ചു വെച്ചപ്പോൾ സീനയ്ക്ക് സമാധാനം ആയത്.

അലോഷിയുടെ സ്വഭാവം ചീiത്തയാണെന്ന് ഉള്ള കാര്യം ഒക്കെ സീനയ്ക്ക് അറിയാം.. പക്ഷെ തന്റെ സ്വന്തം അനുജത്തിയോട് ഈ വിധം കാണിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… ഇത്രയ്ക്ക് ഒരു വൃ ത്തി കെട്ടവനെ ആണല്ലോ ജീവന് തുല്യം പ്രണയിച്ചത് എന്ന് ഓർത്തപ്പോൾ അവളുടെ മിഴികൾ ഈറൻ അണിഞ്ഞു.

എന്നിരുന്നാലും ശരി തന്റെ സ്റ്റെല്ലമോള് എവിടെ എങ്കിലും സുരക്ഷിതമായ സ്ഥലത്ത് എത്തിയാൽ മതി എന്നൊരു പ്രാർത്ഥന മാത്രം അവൾക്ക് ഒള്ളു..

രണ്ടു വയസ് ഉള്ള തന്റെ മോളുടെ മുഖത്തേക്ക് നോക്കി അവൾ അങ്ങനെ കിടന്നു.

ചാച്ചൻ എവിടെയാണോ.. കാലത്തെ ഇറങ്ങി പോയതാവും.. രണ്ട് ജോഡി ഡ്രെസ് അലക്കാൻ മാറ്റി ഇട്ടിട്ടുണ്ട്..

ഹോസ്പിറ്റലിൽ നിന്നും കൊണ്ട് വന്ന കുറേ ഏറെ വേറെയും ഉണ്ട്.

കിങ്ങിണി മോള് നല്ല ഉറക്കത്തിൽ ആണ്, ഇൻജെക്ഷൻ ഒക്കെ എടുത്തത് കൊണ്ട് ആവാം വല്ലാണ്ട് ക്ഷീണിച്ചുപോയി കുഞ്ഞ്. നല്ല ആഹാരം പോലും മേടിച്ചു കൊടുക്കാൻ ഉള്ള വശം തനിക്ക് ഇപ്പോൾ ഇല്ലാലോ…. കുഞ്ഞിനെ എടുത്തു നേരെ നീക്കി ബെഡിലേക്ക് കിടത്തി. എന്നിട്ട് രണ്ടു മൂന്നു തലയിണ എടുത്തു ഓരോ വശത്തേയ്ക്കും ആയിട്ട് വെച്ചു കൊടുത്തു.

അലക്കി എടുക്കുവാൻ ഉള്ള തുണികളും ആയിട്ട് അവൾ വെളിയില്ക്ക് ഇറങ്ങി പോയ്‌.

ആ പണി കഴിഞ്ഞപ്പോൾ നടു പൊട്ടി തകർന്നു പോയിരിന്നു..

ഹോ….. എന്റെ മാതാവേ, മടുത്തു….

അടുപ്പത്തു തിളച്ചു കൊണ്ട് ഇരിക്കുന്ന കഞ്ഞിയിൽ നിന്നും കുറച്ചു വെള്ളം എടുത്തു ഒരു ചരുവത്തിൽ ഒഴിച്ചു. കുറച്ചു ഉപ്പു മാങ്ങാ ഇരിപ്പുണ്ട്. അതുംകൂടി എടുത്തു, തൊടിയിൽ നിന്നും ഒരു കാന്താരി മുളകും കൂടി പറിച്ചു കൊണ്ട് വന്നു ഞെരടി..

ചൂട് ഉണ്ടെങ്കിൽ പോലും ഒറ്റ വലിയ്ക്ക് അവൾ അത് കുടിച്ചു തീർത്തു.

കുഞ്ഞു എഴുനേറ്റ് വരുമ്പോൾ എന്തെങ്കിലും കറി വെയ്ക്കണം.
രണ്ടു ഉരുള കിഴങ്ങ് കിടപ്പുണ്ട്,അത് എടുത്തു മെഴുക്കു പുരട്ടി വെയ്ക്കാൻ വേണ്ടി അരിഞ്ഞപ്പോൾ ആണ് എണ്ണ ഇല്ലാലോ എന്നോർത്തത്.
ബാഗ് എടുത്തു നോക്കി.. മൂന്നു നൂറു രൂപാ നോട്ടും കുറച്ചു ചില്ലറ തുട്ടും കിടപ്പുണ്ട്. അലോഷിച്ചായന്റെ പെങ്ങള് ഇന്നലെ കുഞ്ഞിനെ കാണാൻ വന്നപ്പോൾ തന്നിട്ട് പോയത് ആണ് ഒരു 500രൂപ… അത് മാറിയായിരുന്നു ഇങ്ങോട്ട് പോന്നപ്പോൾ കുഞ്ഞിന് വേണ്ടി ഉള്ള കുപ്പി മരുന്ന് വാങ്ങിയത്.. ബാക്കി പൈസ കിടക്കുന്നത് ആയിരുന്നു.

അടുത്ത വീട്ടിലെ കുട്ടിയുടെ കൈയിൽ കൊടുത്തു വിട്ട് അര കിലോ എണ്ണയും മൂന്നു മുട്ടയും, ഒരു തേങ്ങയും മേടിപ്പിച്ചു.

ഉരുള കിഴങ്ങ് മെഴുക്കു പുരട്ടി വെച്ചു..തേങ്ങ ചിരകി ഇട്ട് മുട്ടയും വറുത്തു. അപ്പോളേക്കും വാവ എഴുന്നേറ്റു.

“അമ്മേടെ ചുന്ദരി എഴുന്നേറ്റോ… വായോ വായോ…”ഓടി ചെന്നു അവൾ കുഞ്ഞിനെ എടുത്തു തോളിലേക്ക് ഇട്ടു.

ചിണുങ്ങി കൊണ്ട് കുഞ്ഞു അവളുടെ കൈയിൽ ഇരിക്കുകയാണ്.

“അപ്പായി, അപ്പായി “

” അലോഷിയെ കാണാഞ്ഞിട്ടാണ് കുഞ്ഞ് വിളിക്കുന്നതെന്ന് സീനയ്ക്ക് മനസ്സിലായി.

” അപ്പായി കുറച്ചു കഴിയുമ്പോൾ വരും കേട്ടോ,ഇപ്പോൾ നമുക്ക് മാമം ഉണ്ണാം ” അവൾ കുഞ്ഞിനെയും എടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി. മുട്ട പൊരിച്ചതും കിഴങ്ങ് മെഴുക്കുപുരട്ടിയും ഒക്കെ കൂട്ടി
വയറു നിറച്ചു കുഞ്ഞിന് ചോറ് കൊടുത്തു.

അപ്പോഴേക്കും കേട്ടു മുറ്റത്ത് ഒരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം.

ഇച്ചായൻ വന്നന്നു തോന്നുന്നു.

അവൾ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.

അപ്പായി…. അവനെ കണ്ടതും കുഞ്ഞ് കയ്യും കാലും ഇട്ട് ഇളക്കി.

ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു, സ്വന്തം കുഞ്ഞിനെ കാണുവാനായി ഒന്ന് തിരിഞ്ഞു പോലും അയാൾ കയറിയതില്ല. അതോർത്തപ്പോൾ സീനയ്ക്ക് അവനോട് ദേഷ്യം തോന്നി. പിന്നെ എല്ലാം താൻ ഒരുത്തി കാരണമാണല്ലോ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് ഓർത്തപ്പോൾ അവൾ ഒന്നും മിണ്ടിയതുമില്ല.

കുഞ്ഞിനെ എടുത്ത് കൊണ്ട് അവൻ അകത്തേക്ക് കയറി.

” കഴിക്കാൻ എന്തെങ്കിലും എടുക്കടി “

സീനയോട് അവൻ വിളിച്ചു പറഞ്ഞു.

അവൾ അവനെ ചോറും കറികളും എടുത്തു മേശപ്പുറത്ത് നിരത്തി.

തന്റെ അനിയത്തിയോട് മോശമായി പെരുമാറിയത് ചോദിക്കണ മെന്നുണ്ട്, പക്ഷേ പിന്നെ ഏത് രീതിയിലാകും പ്രതികരിയ്ക്ക്ന്നത് എന്ന് അറിയില്ല. പേടിയാണ് അവൾക്ക് അലോഷിയേ.അതുകൊണ്ട് അവൾ ഒന്നും സംസാരിക്കുവാനും മുതിർന്നില്ല.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *