എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
തലയിൽ തേക്കുന്ന ഷാമ്പു പതപ്പിച്ച് സ്കൂട്ടർ കഴുകുമ്പോഴാണ് വരാന്തയുടെ പടിയിൽ വെച്ചിരുന്ന മൊബൈൽ ശബ്ദിച്ചത്. നനഞ്ഞ കൈകൾ മുണ്ടിൽ ഉരച്ച് ഞാൻ ഫോൺ എടുത്തു.
‘നിന്റെ അമ്മ മരിച്ചു. വരുന്നുണ്ടോ നീ…!?’
അങ്ങേ തലയിൽ ദാമോദരനാണ്. എന്ത് പറയണമെന്ന് അറിയാതെ അൽപ്പനേരം ഞാൻ മിണ്ടാതെ നിന്ന് പോയി. വൈകുന്നേരമൊക്കെ ആകുമ്പോഴേക്കും സംസ്ക്കരിക്കുമെന്നും, അവസാനമായി ഒരു നോക്ക് നിനക്ക് കാണേണ്ടേയെന്നും ദാമോദരൻ ചോദിച്ചു. വേണ്ടായെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്യുകയായിരുന്നു.
അമ്മയുമായി പിരിഞ്ഞിട്ട് വർഷങ്ങൾ മുപ്പത്തിമൂന്നായി. എന്റെ പ്രായത്തിലും നരവീഴാൻ തുടങ്ങി. അവസാനമായി കണ്ടത് അമ്മാവൻ എന്നെ പുളിമരത്തിൽ കെട്ടിയിട്ട് തiല്ലിയ നാളിലായിരുന്നു. കളവായിരുന്നു കുറ്റം. അമ്മാവന്റെ മേശയിൽ നിന്ന് ഒരുപിടി ചില്ലറ തുട്ടുകൾ ഞാൻ കട്ടു. അത് അമ്മായി കണ്ടുപിടിക്കുകയും ചെയ്തു. അമ്മ അപ്പോൾ ഊമയായി…
അന്ന് എനിക്ക് പ്രായം പതിനാറ് ആകുന്നതേയുള്ളൂ… നാട്ടിലെ ബാർബറായ കണ്ണേട്ടന്റെ മകൾ നളിനിക്ക് പ്രേമത്തിന്റെ കുറിപ്പ് കൊടുക്കാനും, കൂട്ടുകാരുടെ മുമ്പിൽ ഗമകണിക്കാനുമാണ് സാധാരണ ഞാൻ സൈക്കിള് വാടകക്ക് എടുക്കാറുള്ളത്. ഒരു മണിക്കൂറിന് മൂന്ന് രൂപയാണ്. എന്ത് കാര്യത്തിന് സൈക്കിൾ എടുത്താലും പിറകിൽ ദാമോദരനും ഉണ്ടാകും.
ഒരുനാൾ, നളിനിയെ കാണാനായിരുന്നു എനിക്ക് സൈക്കിള്. പണത്തിനായി എന്ത് ചെയ്യുമെന്ന തോന്നലാണ് എന്നെ പുളിമരത്തിൽ കെട്ടിയിട്ടത്. ശീമക്കൊന്നയുടെ ഇളം തണ്ടിൽ തiല്ലുവാങ്ങി ഞാൻ പുളയുന്നത് ഊമയെ പോലെ അമ്മയ്ക്ക് നോക്കി നിക്കേണ്ടി വന്നതും അത് കൊണ്ടായിരുന്നു..
നളിനിയുടെ പക്കലിൽ നിന്നും ഞാൻ കൊടുത്ത കുറിപ്പ് കണ്ണേട്ടൻ കണ്ടെടുത്തു. അയാൾ കണ്ണുകൾ ഉരുട്ടി ചോദിച്ചപ്പോൾ അവൾ സത്യമെല്ലാം തുറന്ന് പറഞ്ഞു. സൈക്കിളുമായി നിന്റെ മരുമോൻ തന്റെ മകളുടെ പിറകിലാണെന്ന് കണ്ണേട്ടൻ അമ്മാവനോട് പറഞ്ഞിട്ടുണ്ടാകും…
ഞാൻ ചില്ലറ വാരി ഓടുന്നത് താൻ കണ്ടെന്ന് അമ്മായി പറഞ്ഞതിന്റെ കൂടെ ഇതുംകൂടി അറിഞ്ഞപ്പോൾ അമ്മാവന് ഭ്രാന്ത് പിടിച്ചതാണ്. ആ ഭ്രാന്ത് എന്റെ പ്രാണനെ തന്നെ പാടേ മാറ്റിക്കളഞ്ഞു. അമ്മ വന്ന് കെട്ട് അഴിക്കുമ്പോൾ തiല്ലുകൊണ്ട് നൊന്തതിനേക്കാളും ഞാൻ കരഞ്ഞിരുന്നു.
‘നിന്റെ അച്ഛനെ പോലെ ഞാനും ചാiകും.. എന്നിട്ട് നിനക്കിഷ്ട്ടുള്ള പോലെ ജീവിച്ചോ…!’
അങ്ങനെ കേട്ടപ്പോൾ വിങ്ങിക്കൊണ്ട് തല കുനിക്കാനേ എനിക്ക് സാധിച്ചുള്ളൂ. കടം കയറിയപ്പോൾ എന്നിലും കുനിഞ്ഞ തലയുമായി കെiട്ടിത്തൂiങ്ങി ആടിയതാണ് എന്റെ അച്ഛൻ. ആ വേളയിൽ എനിക്ക് ആറോ എഴോ ആണ് പ്രായം. കടമെല്ലാം തീർത്തത് അമ്മാവൻ ആയത് കൊണ്ട് അകപ്പണിക്ക് അമ്മയും, പുറം പണിക്ക് ഞാനും എന്ന കണക്കായിരുന്നു ആ വീടിന്. എല്ല് മുറിയെ പണി എടുത്താലും ഔതാര്യം പോലെയുള്ള ഭക്ഷണവും താമസവും മാത്രമായിരുന്നു പ്രതിഫലം.
അമ്മ അകത്തേക്ക് കയറി പോയപ്പോൾ തiല്ലുകൊണ്ട് പൊട്ടിയ കാലുമായി ഞാൻ പുറത്തേക്ക് എന്തി നടന്നു. ദാമോദരനെ കണ്ടപ്പോൾ ഈ നാട്ടിൽ നിന്ന് പോകുകയാണെന്ന് പറയാനായിരുന്നു എനിക്ക് തോന്നിയത്. അമ്മയേയും കൂടെ കൊണ്ട് പോകണം. എന്തെങ്കിലും പണിയെടുത്ത് ജീവിക്കാം. അത് നല്ല ചിന്തയാണെന്ന് ദാമോദരൻ പറഞ്ഞു. ഇങ്ങനെയൊക്കെ നടന്നതും അതിനായിരിക്കുമെന്ന കരുതലിൽ ഞാൻ തിരിച്ച് നടക്കുകയായിരുന്നു.
സന്ധ്യ ആകാറായി. അമ്മാവന്റെ വീടിന്റെ മുറ്റത്ത് നിന്ന് അമ്മേയെന്ന് ഞാൻ വിളിച്ചു. പിന്നാമ്പുറത്ത് നിന്നാണ് അമ്മ ഓടിവന്നത്. കൂടെ വരുന്നോയെന്ന എന്റെ ചോദ്യത്തിൽ അമ്മ അതിശയിച്ച് നിൽക്കുക യാണ്. അതുകേട്ടപ്പോൾ മീശ മുളക്കാത്ത നീയാണോ അമ്മയെ നോക്കാൻ പോകുന്നതെന്ന് ചോദിച്ച് അമ്മാവനും ഉമ്മറത്തേക്ക് വന്നു. ഞാൻ ജോലി ചെയ്ത് നോക്കിക്കൊള്ളാമെന്ന് പറഞ്ഞിട്ടും അമ്മ മിണ്ടിയില്ല.
ഇനി ഈ മുറ്റത്ത് കാലെടുത്ത് വെക്കില്ലായെന്ന് പറഞ്ഞിട്ടാണ് അന്ന് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്. തനിച്ച് പോകരുതെന്ന് ദാമോദരൻ പറഞ്ഞിട്ടും ഞാൻ കേട്ടില്ല. മകനെ വേണ്ടാത്ത ആ അമ്മയെ എനിക്കും വേണ്ടായെന്ന് അന്ന് തീരുമാനിക്കുകയായിരുന്നു.
ഒരു പതിനാറുകാരൻ ജീവിക്കാനായി തനിയേ കാലെടുത്ത് വെച്ചപ്പോൾ ലോകം ചിരിക്കുകയും സഹതപിക്കുകയും ആട്ടിയോടിക്കുകയും ചെയ്തു. ആരോടെന്നില്ലാത്ത വാശിയിൽ നാടായ നാടുകളിലെല്ലാം ഞാൻ അലഞ്ഞു. ഒറ്റപ്പെടലിന്റെ തുരുത്തുകളിൽ ചുരുളുന്ന ഓരോ നാളും അമ്മ കൂടെ വരാത്തതിൽ ദുഃഖിച്ചു. എന്നെ വിശ്വാസമുണ്ടാകില്ല. മോiഷ്ടിച്ച് ജീവിക്കാനാണ് ഞാൻ പോകുന്നതെന്ന് കരുതിക്കാണും. എല്ലാത്തിനും അപ്പുറം, സ്വന്തം സുരക്ഷയുടെ കാര്യത്തിൽ ആർക്കായാലും അങ്കലാപ്പ് കാണുമല്ലോ…
സേലത്ത് നിന്ന് പാട്ട പെറുക്കി വിൽക്കുന്ന സെൽവിയെ കണ്ടുമുട്ടിയതിൽ പിന്നെയാണ് ജീവിതത്തിന്റെ ഗതി മാറിയത്. അങ്ങനെ തന്നെ യായിരുന്നു അവൾക്കും. സെൽവിയെ ഒപ്പം കൂട്ടി ആ നാടുവിടുമ്പോൾ അവൾ എന്നോടത് പറഞ്ഞിരുന്നു…
ഈ ലോകത്തിൽ സ്വന്തമെന്ന് പറയാൻ ആരും ഇല്ലാതിരുന്ന രണ്ടുപേർ മറ്റൊരു നാട്ടിൽ ചേർന്ന് ജീവിച്ചു. വാടക വീട്ടിൽ ഞങ്ങളുടെ മോള് പിറന്നപ്പോൾ ജീവിതം എത്ര മനോഹരമാണെന്ന് എനിക്ക് തോന്നി. ഈ കാലയളവുകളിൽ എല്ലാം ഞാൻ അമ്മയെ ഓർക്കാറുണ്ട്. കൂടെ വന്നിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു. അങ്ങനെ ആയിരുന്നുവെങ്കിൽ എങ്ങനെ ആകുമായിരുന്നുവെന്നൊക്കെ ചിന്തിച്ചിട്ട് എന്ത് കാര്യമല്ലേ… യാതൊന്നും മുൻകൂട്ടി പറയാനാകാത്ത ജീവിതം എപ്പോഴും ഇങ്ങനെയൊക്കെ തന്നെയായാണ്.. അനുഭവിക്കുക എന്നല്ലാതെ മറ്റെന്ത് പറയാൻ…
മോൾക്ക് നാല് വയസ്സാകുമ്പോൾ ദാമോദരന് ഞാനൊരു കത്ത് എഴുതിയിരുന്നു. ഇനിയെങ്കിലും അമ്മയെ കൊണ്ട് പോയിക്കൂടെയെന്ന അവന്റെ മറുപടിയും വന്നു. പതിനാറുകാരൻ മകന് തന്നെ സംരക്ഷിക്കാൻ പറ്റില്ലായെന്ന തോന്നലിൽ ആയിരിക്കണം അമ്മ അന്ന് കൂടെ വരാതിരുന്നത്. അങ്ങനെ സ്വന്തം കാര്യം നോക്കി ഊമയായി പോയ അമ്മയെ കാണേണ്ടായെന്ന് തിരിച്ച് ഞാനും എഴുതി.
അങ്ങനെ ചില കത്തുകളിലൂടെ ഞാനും ദാമോദരനും വീണ്ടും ചേർന്നു. ഞങ്ങളെ കാണാൻ അവൻ വന്നു. കാതുകളിൽ വെച്ച് ബന്ധങ്ങളോട് സംസാരിക്കാൻ മൊബൈൽ ഫോണുകൾ രംഗത്ത് വന്നപ്പോൾ കാര്യങ്ങളെല്ലാം എളുപ്പമായി.
നിന്നെ കണ്ട കാര്യം നിന്റെ അമ്മയോട് പറഞ്ഞിരുന്നുവെന്ന് ഒരിക്കൽ ദാമോദരൻ അറിയിച്ചിരുന്നു. എന്നിട്ട് എന്തുണ്ടായെന്ന് വളരേ താല്പര്യത്തോടെയാണ് ഞാൻ ചോദിച്ചത്. ഒന്നും മിണ്ടിയില്ലെന്ന് അവൻ പറഞ്ഞു. അമ്മയ്ക്ക് ശബ്ദം തിരിച്ച് കിട്ടിയിട്ടില്ല. അല്ലെങ്കിലും, അച്ഛൻ പോയതിൽ പിന്നെ അമ്മയുടെ നാക്ക് പാതി മുറിഞ്ഞത് പോലെയാണ്. പുതിയതായി ഒരു കാര്യവും തീരുമാനിക്കാനുള്ള മാനസിക ശേഷി അമ്മയ്ക്കില്ല. ആ അമ്മയെ ആഗ്രഹിക്കുന്ന രാവുകളിൽ എല്ലാം ഞാൻ സെൽവിയുടെ തലോടലുകൾ വാങ്ങി വെറുതേ കിടക്കാറുണ്ട്…
ഒരിക്കലും കയറി ചെല്ലില്ലായെന്ന് തീരുമാനിച്ച ആ വീട്ടിലേക്ക് ഞാൻ പോകില്ല. അവസാന കാലത്ത് പോലും ആകെയുള്ള മോനെ തിരയാത്ത അമ്മയെ ഞാൻ എന്തിന് കാണണം… അമ്മാവൻ എന്നെ പുളിമരത്തിൽ കെട്ടിയിട്ട് ത iല്ലുമ്പോൾ മിണ്ടാതിരുന്ന അമ്മ തന്നെയല്ലേ ഇപ്പോഴും അവിടെയുള്ളത്. കൂടെവരാൻ നിർബന്ധിച്ചപ്പോഴും അമ്മ മിണ്ടിയില്ല. ജീവിച്ചിരിക്കുമ്പോഴേ ഊമയായ അമ്മ മരിച്ച് കിടക്കുമ്പോൾ ഇനിയെന്ത് മിണ്ടാനാണ്…!
‘അമ്മാ…!!’
എന്റെ മോളുടെ തൊണ്ടപൊട്ടിയുള്ള ശബ്ദമായിരുന്നുവത്. കേട്ടപ്പോൾ സെൽവി അകത്ത് നിന്ന് ഓടിവന്നു. സ്കൂട്ടറ് കഴുകാൻ വലിച്ചിട്ട ഓസ് മടങ്ങി പൈപ്പിൽ നിന്ന് വെള്ളം ചീറ്റിത്തെറിക്കുന്നത് ആ നേരമാണ് ശ്രദ്ധിച്ചത്. ഒരു മഴക്കാലത്തിലും കൂടുതൽ വെള്ളം അപ്പോഴേക്കും മുറ്റത്ത് കെട്ടി നിന്നിരുന്നു…
അമ്മയും മോളും തലയിൽ കൈവെച്ച് അമ്പരന്ന് നിൽക്കുകയാണ്. എന്നിട്ടും എനിക്ക് എഴുന്നേൽക്കാനോ ആ പൈപ്പ് പൂട്ടാനോ തോന്നിയില്ല. അത് ശ്രദ്ധിച്ചത് കൊണ്ടായിരിക്കണം എന്ത് പറ്റിയെന്ന് ചോദിച്ച് സെൽവി തോളിൽ കൈവെച്ചത്. ആ നേരം അവളുടെ അരയിൽ ചുറ്റിപ്പിടിച്ച് ഞാൻ ഏങ്ങിയേങ്ങി കരയുകയായിരുന്നു….!!!