നെഞ്ചുവേദന
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
നഗരത്തിലെ പ്രശസ്തമായ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിന്റെ മുന്നിലിട്ട സ്റ്റീൽ കസേരകളിലൊന്നിൽ അസ്വസ്ഥനായി ഇരിക്കുന്ന ആ അപരിചിതൻ കുറച്ചു സമയമായി എന്റെ ശ്രദ്ധ ആകർഷിക്കുന്നു.
അയാൾ ഇടയ്ക്കിടെ തന്റെ നെഞ്ച് തിരുമ്മുകയും ഏമ്പക്കം വിടുകയും ചെയ്യുന്നുണ്ട്.
തലയിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലായ സുഹൃത്തിന്റെ വിശേഷങ്ങൾ തിരക്കാൻ ആശുപത്രിയിൽ എത്തിയതായിരുന്നു ഞാൻ.
പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോൾ ചുറ്റും കണ്ണോടിച്ചപ്പോഴാണ് അയാൾ എന്റെ ദൃഷ്ടിയിൽ പെട്ടത്.
“ആരാണ് അകത്ത്? എന്ത് പറ്റി?
ഞാൻ തിരക്കി
അയാൾ എന്നെയൊന്നു സൂക്ഷിച്ചു നോക്കിയ ശേഷം സ്വരം താഴ്ത്തി പറഞ്ഞു.
“ഉച്ചയൂണ് കഴിഞ്ഞപ്പോൾ മുതൽ നെഞ്ചിൽ ആകെ ഒരു പെരുപ്പ്.
ഗ്യാസിന്റെയാവാം.
സാരമില്ലെന്നു വച്ചു.
വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി മാർക്കറ്റിന് സമീപം എത്തിയപ്പോൾ ആ പെരുപ്പ് വേദനയായോ എന്നൊരു സംശ്യം.
വീട്ടിൽ എത്തിയ ഉടനെ ഭാര്യയെ വിളിച്ചു.
എട്യേയ്,ഉച്ച മുതൽ നെഞ്ചിന് ഒരു പെരുപ്പും ചെറ്യേ വേദനയും.
ഓള് എന്റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി.
അടുത്ത നിമിഷം “നിങ്ങക്കെന്തെങ്കിലും സംഭവിച്ചാൽ എനിക്കാരുണ്ട് ഭഗവതി!”എന്ന അലർച്ചയോടെ സ്വന്തം നെഞ്ചിനിട്ട് ഊക്കോടെ അഞ്ചാറിടി.
ഇടിയുടെ ശക്തിയിൽ കിതപ്പോടെ അവൾ താഴത്തിരുന്നു.
ശ്വാസം കിട്ടാതായി.
കണ്ണുകൾ മേലോട്ടായി.
ഞാൻ ആകെ പരിഭ്രമിച്ചു.
അടുത്ത പറമ്പിൽ നാളികേരം പറക്കിയിടുകയായിരുന്ന അലിക്കായെ വിളിച്ചു വരുത്തി.
ഓൻ വന്നപ്പോൾ കാണുന്നത് നെഞ്ചിൽ കൈവച്ച് വാവിട്ടു കരയുന്ന കെട്ട്യോളെയും അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പരിഭ്രാന്തനായ എന്നേയുമാണ്.
എന്ത് പറ്റി എന്ന ചോദ്യത്തിന്നെ ഞ്ച് വേദന എന്ന് അവൾ മൊഴിഞ്ഞതും അയാൾ തേങ്ങ കൊണ്ടുപോകാൻ കൊണ്ടുവന്ന പെട്ടി ഓട്ടോയിൽ കയറ്റി ഓളെ ഇവടെ കൊണ്ടുവന്നു.
ഇപ്പോൾ ICU വിലാ. ഇരുപത്തി നാല് മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റൂ എന്നാ പറഞ്ഞത്.
അതിന് നിങ്ങൾക്കായിരുന്നില്ലേ നെഞ്ച് വേദന?
അതേ!
അതിപ്പോ എങ്ങനെയുണ്ട്?
അത് ഇവടെ വന്ന് ഒരു സോഡ കുടിച്ചപ്പോൾ അഞ്ചാറ് ഏമ്പക്കം പോയതോടെ മാറി!
എന്താല്ലേ !
മനുഷ്യന്റെ ഓരോരോ കാര്യങ്ങളേയ് !