എഴുത്ത്:-രാജീവ് രാധാകൃഷ്ണ പണിക്കർ.
ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്.
സുഹൃത്തുക്കളയെല്ലാം ഒരു വിധത്തിൽ യാത്രയാക്കി വീടിനകത്തേക്ക് കയറുമ്പോൾ ആകെ ക്ഷീണിച്ചിരുന്നു.
താഴത്തെ മുറിയിലുള്ള ബാത്ത്റൂമിൽ കയറി ഷവറിനടിയിൽ നിന്നു
.
തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകി ഇറങ്ങിയപ്പോൾ വല്ലാത്തൊരു സുഖം.
അലമാരിയിൽ നിന്നും പുതിയ ഒരു മുണ്ടും ജുബ്ബയും എടുത്ത് ധരിച്ച് കൂട്ടുകാരൻ സമ്മാനമായി തന്ന സ്പ്രേ ശരീരത്തിലാകെ പൂശി തുടിക്കുന്ന മനസ്സുമായി ഞാൻ മുകൾ നിലവിലുള്ള മണിയറയിലേക്ക് ചെന്നു.
അവിടെ കട്ടിൽ കിടന്നുകൊണ്ട് മൊബൈൽ നോക്കുകയായിരുന്ന മാളു എന്നെ കണ്ട ഉടനെ ചാടിയെഴുന്നേറ്റു.
അവളുടെ പെരുമാറ്റം എനിക്ക് പെരുത്തിഷ്ടമായി.
നഗരത്തിലൊക്കെ പഠിച്ചു വളർന്ന പെൺകുട്ടിയാണേലും ഔചിത്യമുണ്ട്.
“ഒറ്റക്കിരുന്നു മടുത്തോ?”
വാതിൽ ചാരി ഞാൻ അവളുടെ സമീപത്തേക്ക് ചെന്നു.
“കൂട്ടുകാരൊക്കെ പോയോ. ഞാൻ കാത്തിരിക്കുകയായിരുന്നു.”
“ഒരുവിധത്തിൽ പറഞ്ഞു വിട്ടു.”
“ഞാൻ വിവാഹത്തിന് വന്ന ആശംസകൾ നോക്കുവായിരുന്നു.എന്തോരം പേരാ മെസ്സേജ് അയച്ചിരിക്കുന്നതെന്നോ!
“എനിക്ക് ഫോൺ തുറക്കാൻ സമയം കിട്ടിയില്ല.”
മെത്തയിലേക്ക് ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു.
“വിഷ്ണു നമുക്കൊന്ന് പുറത്തു പോയാലോ.”
മൊബൈലിൽ നിന്നും മുഖമുയർത്തി അവൾ ചോദിച്ചു.
“ഇപ്പോഴോ!ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലെ.
ഇന്ന് തന്നെ വേണോ!”
“ഒരു ത്രില്ലല്ലേ!”
“ആരെങ്കിലും ചോദിച്ചാൽ?”
“വെറുതെ ഒരു നൈറ്റ് ഡ്രൈവ്.ഒന്ന് ഫ്രഷ് ആവാമെന്നേ!”
“ആയിക്കോട്ടേ.”
ഞാൻ കാറിന്റെ ചാവിയുമെടുത്ത് ഇറങ്ങി.
പിന്നിൽ അവളും.
“എങ്ങോട്ടാ രണ്ടുപേരും കൂടി?”
പന്തലിൽ നിന്ന് ഒഴിഞ്ഞ പാത്രങ്ങളുമായി വന്ന അനുജത്തിയുടെ അത്ഭുതം നിറഞ്ഞ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു.
“ഒന്ന് കറങ്ങിയിട്ട് വരാം.പോരുന്നോ.
“അയ്യോ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാൻ നമ്മളില്ലേയ്! നേരത്തും കാലത്തും ഇങ്ങു വന്നാ മത്യേയ്!”
“എങ്ങോട്ടാണ് പോകേണ്ടത്.”
മുറ്റത്തെക്കിറങ്ങുമ്പോൾ ഞാൻ തിരക്കി
“കണ്ടെയ്നർ റോഡ് വഴി പോയാലോ. നല്ല വൈബ് ആയിരിക്കും.പ്രൈവസിയും ഉണ്ടാകും.”
“ആയിക്കോട്ടെ.”
“വണ്ടി ഞാൻ ഓടിച്ചോട്ടെ.” അവൾ കൈകൾ നീട്ടി.
ഞാൻ ചാവി അവൾക്കു നൽകി.
“രാത്രി ഡ്രൈവിംഗ് എന്റെയൊരു ക്രേസാ.”
അവൾ വല്ലാത്ത എക്സൈറ്റ്മെന്റിൽ ആയിരുന്നു.
തിരക്കേറിയ നഗര വീഥിയിലൂടെ ചിര പരിചിതയെപ്പോലെ വണ്ടിയോടിച്ചവൾ കണ്ടയ്നർ റോഡിലേക്ക് കടന്നു.
“നമുക്കോരോ ഐസ്ക്രീം കഴിച്ചാലോ.”
വഴിയോരത്തെ ഐസ്ക്രീം കടക്കു മുന്നിൽ അവൾ വണ്ടി ഒതുക്കി
“നിന്നിഷ്ടം എന്നിഷ്ടം “
ഞാൻ ഡോർ തുറന്നു പുറത്തിറങ്ങി.
“വിഷ്ണുവിന് ഏത് ഫ്ലേവർ വേണം.എനിക്ക്
റെഡ് വെൽവെറ്റ് മതി.”
“എന്നാൽ പിന്നെ എനിക്കും അത് മതി!”
കോൺ ഐസ്ക്രീം ചുണ്ടോട് ചേർത്ത് കയലോളങ്ങളെ നോക്കി അവൾ പറഞ്ഞു.
“എന്ത് സുന്ദരമായ രാത്രിയല്ലേ.വിഷ്ണു ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് താങ്ങാനുള്ള കരുത്ത് വിഷ്ണുവിന് ഉണ്ടാകുമോ.”
‘അതെന്തൊരു ചോദ്യമാടോ. ആദ്യ രാത്രീടന്ന് പാതിരാ നേരത്ത് ആളും അനക്കവുമില്ലാത്ത വഴിയോരത്ത് കാർ നിർത്തി ഐസ്ക്രീമും വാങ്ങി തന്ന് ഒരു മാതിരി ടെൻഷൻ അടിപ്പിക്കാതെ.കാര്യം പറയ്.”
“വിഷ്ണു ഞാൻ കഴിഞ്ഞ അഞ്ചു വർഷമായി ഒരു പയ്യനുമായി പ്രണയത്തിലാണ്.അവൻ അന്യ ജാതിക്കാരൻ ആയതു കൊണ്ട് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല.ഞാൻ അവന്റെ കൂടെ പോയാൽ ആത്മഹത്യ ചെയ്യുമെന്ന് അച്ഛൻ പറഞ്ഞു.അതാ ഈ വിവാഹത്തിന് ഞാൻ സമ്മതിച്ചത്.പക്ഷേ എനിക്ക് അവനില്ലാതെ ജീവിക്കാൻ കഴിയില്ല.
എനിക്ക് അവന്റെ കൂടെ പോണം”
“താനെന്താ തമാശ പറയുകയാണോ?”
തുറിച്ച കണ്ണുകളോടെ ഞാൻ അവളെ നോക്കി
“അല്ല സത്യം. എങ്ങനെ വിഷ്ണുവിനോട് പറയും എന്ന ശങ്കയിലായിരുന്നു ഞാൻ.”
“എന്നിട്ട്?”
“അവൻ ഇപ്പോൾ ഇവിടെ വരും. ഞാൻ അവന്റെ കൂടെ പോവുകയാണ്.”
“മാളു നീ എന്നെ പറ്റിക്കുകയാണോ?”
“സോറി വിഷ്ണു. എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല.”
ഒരു ബൈക്ക് അവരുടെ സമീപം വന്നു നിന്നു.
അതിൽ നിന്നും പുതിയ ഫാഷനിൽ തലമുടി ക്രോപ് ചെയ്ത കാതിൽ കടുക്കൻ ഇട്ട ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ സമീപത്തേക്ക് വന്നു.
“വിഷ്ണു ഇതാണ് അശ്വിൻ. ഞാൻ പറഞ്ഞില്ലേ.എനിക്ക് ഇവന്റെ കൂടെ പോണം.
പോകാതെ നിവൃത്തിയില്ല.ഞങ്ങൾ മനസും ശരീരവും പങ്കുവച്ചവർ ആണ്. ഞാൻ പോകുന്നു.”
“ഹായ് ബ്രോ വിഷമമുണ്ട് ഇത്തരമൊരു നാടകം കളിക്കേണ്ടി വന്നതിൽ. ഞങ്ങൾ പോകുന്നു”
അശ്വിൻ എന്റെ മുന്നിൽ വന്നു നിന്ന് ക്ഷമാപണ സ്വരത്തിൽ പറഞ്ഞു.
അവളുടെ കയ്യിൽ പിടിച്ച് അവൻ ബൈക്കിന്റെ സമീപത്തേക്ക് നടന്നു.
പിൻവശം ഉയർന്ന ആ ബൈക്കിൽ അവനോട് ചേർന്നിരുന്ന് അവൾ അപ്രത്യക്ഷയാകുമ്പോൾ ഒരു ഭ്രാന്തനെപ്പോലെ ഞാൻ അലറി വിളിച്ചു.
വീട്ടുകാരോടെന്തു പറയും. നാട്ടുകാരോടെന്തു പറയും സൂർത്തുക്കളെ!
നിങ്ങ പറ!