കനൽ
Story written by Devaamshi deva
പുറത്തെ കരച്ചിലും പതം പറച്ചിലുമൊക്കെ കേട്ടാണ് കണ്ണ് തുറന്നത്…
ക്ളോക്കിലേക്ക് നോക്കി.. സമയം ഉച്ച കഴിഞ്ഞു മൂന്ന് മണി…
ഒത്തിരി നേരം ഞാൻ ഉറങ്ങിപ്പോയോ… വിശന്നിട്ട് വയറിൽ നിന്ന് എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്..രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല..
എഴുന്നേറ്റ് മുഖം കഴുകി നേരെ അടുക്കളയിലേക്ക് നടന്നു.. റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ കണ്ടു ഹാളിൽ ഇരിക്കുന്നവരെ..
അമ്മായിയമ്മ, നാത്തൂൻ, നാത്തൂന്റെ ഭർത്താവ്, പിന്നെ സ്വന്തം അച്ഛനും അമ്മയും… അമ്മ കരയുന്നുണ്ടോ.. ആരെയും മൈൻഡ് ചെയ്യാതെ അടുക്കളയിലേക്ക് നടന്നു..
“എങ്ങോട്ടാ…” അടുക്കളയിലേക്ക് കയറാൻ തുടങ്ങിയതും വാതിൽക്കൽ മറഞ്ഞു നിന്ന് നാത്തൂൻ ചോദിച്ചു..
“ആഹാരം കഴിക്കാൻ..”
“ആഹാരം കഴിക്കാനോ.. പച്ച വെള്ളം തരില്ല നിനക്കിവിടുന്ന്.”
“അത് നീയാണോ തീരുമാനിക്കുന്നത്.” ഇതുവരെ ചേച്ചി എന്ന് മാത്രം വിളിച്ചിരുന്ന എന്റെ വായിൽ നിന്ന് നീ എന്ന് കേട്ടപ്പോൾ അവൾ ശരിക്കും ഞെട്ടി..
“അവളല്ലാ… ഞാനാ തീരുമാനിക്കുന്നത്..ഒരു തുള്ളി വെള്ളം നിനക്ക് തരില്ല…ഇപ്പോൾ ഇറങ്ങിക്കോണം ഇവിടുന്ന്..”
“ഞാൻ ഇവിടുന്ന് ഇറങ്ങണമെങ്കിൽ അതെന്റെ ഭർത്താവ് പറയണം..
അയാൾ വരട്ടെ…. അതുവരെ ഞാൻ ഇവിടെ തന്നെ താമസിക്കും.. ആഹാരവും കഴിക്കും.”
“എടി നാ,ശം പിടിച്ചവളെ… നശൂലമേ….ഇങ്ങനെ നാ,ണം കെടുത്തിയതിനു പകരം നിനക്ക് ഞങ്ങളെ രണ്ടിനെയും കൊ,ല്ലാൻ പാടില്ലായിരുന്നു…” സ്വന്തം അമ്മയാണ്..
“എന്നിട്ട് എന്തിനാ ഞാൻ ജയിലിൽ പോകാനോ.. ചാവ,ണമെങ്കിൽ സ്വയം അങ്ങ് ച,ത്താൽ പോരെ..” ഇന്നുവരെ അച്ഛനെയോ അമ്മയെയോ എതിർക്കാത്ത മകളുടെ ഡയലോഗാണ്.. അത് കേട്ട് രണ്ടുപേരും ശരിക്കും ഞെട്ടിയിട്ടുണ്ട്.
കുറച്ച് ചോറും കറികളും എടുത്ത് പുറകുവശത്തെ പടിയിലേക്ക് ഇരുന്നു..
അച്ഛന്റെയും അമ്മയുടെയും ഏകമകൾ.. വിദ്യാഭ്യാസവും സൗന്ദര്യവും ഉണ്ട്. അർഭാടമായി നടന്ന വിവാഹം..പയ്യന് വിദേശത്ത് ജോലി…നന്നായി നോക്കുന്നു ഭർത്താവും കുടുംബവും….പിന്നെന്താ പ്രശനം..
വിവാഹം കഴിഞ്ഞിട്ട് ആറു മാസം…ഭർത്താവ് വിദേശത്തേക്ക് തിരികെ പോയിട്ട് അഞ്ച് മാസം…ഞാനിപ്പോ മൂന്ന് മാസം ഗർഭിണി..
അതാണ് പ്രശ്നം… കുഞ്ഞിന്റെ അച്ഛനാര്.
നിറഞ്ഞ കണ്ണുകളെ വാശിയോടെ തുടച്ചു മാറ്റി അമൃത ആഹാരം കഴിച്ചു.
തനിക്ക് വേണ്ടി മാത്രമല്ല… തന്റെ കുഞ്ഞിനുകൂടി വേണ്ടി.
രാത്രി ഒൻപത് മണി കഴിഞ്ഞപ്പോഴാണ് പുറത്തൊരു കാർ വന്നു നിൽക്കുന്നത്. അനീഷ് എത്തിയെന്നു അമൃതക്ക് മനസ്സിലായി…പുറത്ത് കരച്ചിലും ഭഹളവുമൊക്കെ കേൾക്കുന്നുണ്ട്.. എങ്കിലും അടുത്ത വീട്ടുകാർ ഒന്നും അറിയാതിരിക്കാൻ എല്ലാവരും ശ്രെദ്ധിക്കുന്നുമുണ്ട്.
അനീഷ് നേരെ റൂമിലേക്കാണ് ചെന്നത്..അവനെ കണ്ടതും കിടക്കുക യായിരുന്നു അമൃത എഴുന്നേറ്റു…അവളുടെ മുഖത്ത് വിഷമമോ കുറ്റബോധം ഇല്ലെന്ന് കണ്ടപ്പോൾ അനീഷിന്റെ ദേഷ്യം കൂടി.. തന്നെ ക്കണ്ടതും ഓടിവന്നു കാലിൽ വീണു മാപ്പ് പറയും എന്നാണ് അവൻ കരുതിയത്.
“അമൃത… നീ ഗർഭിണിയാണോ..”
“അതെ..”
“എത്രമാസമായി…”
“മൂന്ന്..”
“അപ്പോഴത് എന്റെ കുഞ്ഞല്ലെന്ന് ഉറപ്പാണല്ലോ….”
“അനീഷേട്ടന്റെ കുഞ്ഞാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ..” ഒരു കൂസലും ഇല്ലാതെയുള്ള അവളുടെ മറുപടി അവനെ അത്ഭുതപ്പെടുത്താതിരുന്നില്ല.
“ഇനി നിനക്ക് ഈ വീട്ടിലോ എന്റെ ജീവിതത്തിൽ സ്ഥാനമില്ല..
ഇപ്പോൾ ഇവിടുന്ന് ഇറങ്ങണം.”
“ഇറങ്ങാം…” അവൾ അലമാരയിൽ തയ്യാറാക്കി വെച്ചിരുന്ന ബാഗ് കൈയ്യിൽ എടുത്തു..
“പോകും മുൻപ് എന്റെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് നിങ്ങൾക്ക് അറിയണ്ടേ…”
“അത് അറിയേണ്ട ആവശ്യം എനിക്കില്ല..”
“ഉണ്ട്… നിങ്ങൾക്ക് മാത്രമല്ല… എന്റെ അച്ഛനും അമ്മയുമുൾപ്പെടെ ഇവിടെ നിൽക്കുന്ന ഓരോരൂത്തർക്കും ഉണ്ട്.” അവൾ റൂമിൽ നിന്ന് ഹാളിലേക്ക് ഇറങ്ങി.
“ഞാൻ പോകുവാ… പോകും മുൻപ് എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ആരെന്നുകൂടി പറയാം..
സുധി…” ആ പേര് എല്ലാവരെയും ഞെട്ടിച്ചു..
“അവനുമായി രഹസ്യ ബന്ധം ഉണ്ടാക്കിയിട്ട് ആണോടി നീ അവനെ പറ്റി എന്നോട് പരാതി പറഞ്ഞത്.” അനീഷിന്റെ അമ്മ ദേഷ്യത്തോടെ അവൾക്ക് മുന്നിലേക്ക് ചെന്നു.
അനീഷിന്റെ അമ്മയുടെ ചേച്ചിയുടെ മോനാണ് സുധീഷ് എന്ന് സുധി…
വർഷങ്ങളായി അനീഷ് വിദേശത്ത് ആയിരുന്നതിനാൽ അനീഷിന്റെ സ്ഥാനത് നിന്ന് ആ കുടുംബത്തിലെ കാര്യങ്ങളൊക്കെ നോക്കി ഇരുന്നത് സുധി ആയിരുന്നു.
“ഇവള് എന്നോടും പറഞ്ഞിട്ടുണ്ടമ്മേ സുധിയുടെ സ്വഭാവം ശരിയല്ലെന്ന്..”
അനീഷിന്റെ പെങ്ങൾ പറഞ്ഞു..
“അപ്പൊ ഞാൻ പറഞ്ഞതൊക്കെ നിങ്ങൾക്ക് ഓർമയുണ്ടല്ലോ…
നിങ്ങളോട് രണ്ട് പേരോടും മാത്രമല്ല എന്റെ ഭർത്താവിനോടും ഈ നിൽക്കുന്ന എന്റെ പെറ്റമ്മയോടും ഞാൻ പറഞ്ഞിട്ടുണ്ട് അവന്റെ സ്വഭാവം ശരിയല്ലെന്ന്… അന്ന് നിങ്ങളൊക്കെ എന്ത് മറുപടിയാ പറഞ്ഞത്..
“സുധി എനിക്ക് എന്റെ അനീഷിനെ പോലെ തന്നെയാണ് അമൃത..
അവനെ പറ്റി ആവശ്യമില്ലാത്ത കാര്യം പറയരുത് നീ… എന്റെ മുന്നിൽ ജനിച്ചു വളർന്ന ചെറുക്കനാ അത്.” അനീഷിന്റെ അമ്മ പറഞ്ഞു.
“അമൃതക്ക് സുധി അവടെ വരുന്നത് ഇഷ്ടം അല്ലെങ്കിൽ അമൃത സുധിയോട് മിണ്ടാൻ നിൽക്കണ്ട.. അല്ലാതെ വെറുതെ കള്ളങ്ങൾ വിളിച്ചു പറഞ്ഞു ഞങ്ങളുടെ കുടുംബം തകർക്കരുത്.”.കൂടുതലൊന്നും കേൾക്കാൻ നിൽക്കാതെ അനീഷിന്റെ പെങ്ങൾ phone കട്ട് ചെയ്തു.
“അമൃത… സുധിക്ക് എന്റെ പെങ്ങളെ പോലെ തന്നെയാണ് നീയും.
അത് അവൻ എന്നോട് പല പ്രാവശ്യം പറഞ്ഞിട്ടും ഉണ്ട്. അതിന്റെ കുറച്ച് സ്വാതന്ത്ര്യം അവൻ നിന്നോട് കാണിക്കുന്നതാവും… നീ വെറുതെ തെറ്റിദ്ധരിക്കണ്ട.” അല്പം ദേഷ്യത്തോടെ തന്നെ അനീഷ് ആ വിഷയം പറഞ്ഞവസാനിപ്പിച്ചു.
“ഒന്ന് വെറുതെ ഇരിക്ക് അമൃത…. അനീഷ് ഇല്ലാത്തപ്പോ അവന്റെ അമ്മയെ നോക്കേണ്ടത് നീയല്ലേ…. ആപ്പോ നീ ഇവിടെ വന്നു നിന്നാൽ അവനെന്താ കരുതുക..”
“ഞാൻ പറയുന്നത് എന്താ അമ്മ മനസ്സിലാകാത്തത്..”
“എന്ത് മനസ്സിലാക്കാൻ…..നിനക്ക് ഇവിടുത്തെ പോലെ ഫോണിലും കുത്തി ടിവിയും കണ്ട് സുഖിക്കാൻ പറ്റുന്നില്ല… അവിടെ ജോലി ചെയ്യണമല്ലോ… അതിന് വേണ്ടി നീയാ പാവപ്പെട്ട പയ്യനെ പറയരുത് അമൃതേ….എന്ത് മര്യാദക്കാ അവൻ ഞങ്ങളോടെക്കെ പെരുമാറുന്നത്.”
സ്വന്തം മകളെ വിശ്വസിക്കാൻ ആ അമ്മയും തയാറായില്ല..
“ഓഹോ… അപ്പൊ ഞങ്ങളോടൊക്കെയുള്ള വാശിക്ക് ആണോടി നീ അവന്റെ കൂടെ……” അമ്മയെയും പെങ്ങളെയും നോക്കി കൊണ്ട് അനീഷ് പറയാൻ വന്നത് പകുതിക്ക് വെച്ച് നിർത്തി…
“ഒരു പെണ്ണിന്റെ സമ്മതത്തോടെ മാത്രമേ അവൾ ഗർഭിണി ആകു എന്ന് നിങ്ങളോട് ആരാ അനീഷേട്ടൻ പറഞ്ഞത്.” അവളുടെ വാക്കുകൾ കേട്ട് ഒന്നും മനസിലാകാതെ എല്ലാവരും അവളെ നോക്കി.
“നിങ്ങളുടെ പെങ്ങൾക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ ദിവസം സുധി ഇവിടെ വന്നിരുന്നു… അവൻ എന്നെ റേ,.പ്പ് ചെയ്തു…”
“നിർത്തടി… ഇനിയും നീ ഓരോ കള്ളങ്ങൾ പറയണ്ട…അങ്ങനെ സംഭവിച്ചെങ്കിൽ എന്തുകൊണ്ട് നീ അന്ന് അത് പറഞ്ഞില്ല.”
“ആരോടാ അനീഷേട്ട ഞാൻ പറയേണ്ടത്.. എന്റെ വാക്കുകൾ വിശ്വസിക്കാൻ തയാറാകാത്തവരോടോ…
ആരോടും ഒന്നും പറയാൻ കഴിയാതെ മാനസികമായി തകർന്ന് പോയ ഞാൻ എന്റെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങളോ പി,.രീഡ്സ് ഉണ്ടാകാത്തതോ പോലും ശ്രദ്ധിച്ചില്ല.” കുറച്ചുകാലമായി അമൃതിയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടെന്ന് എല്ലാവരും ഓർത്തു..
“ഞാൻ തലകറങ്ങി വീണപ്പോ അനീഷേട്ടന്റെ അമ്മയും പെങ്ങളും കൂടി ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പൊ മാത്രമാണ് ഗർഭിണി ആണെന്ന് ഞാനും അറിയുന്നത്.”
“ഇവൾ പറയുന്നതൊന്നും വിശ്വസിക്കല്ലേ മോനെ..”.അനീഷിന്റെ അമ്മ അവരുടെ ഇടയിലേക്ക് കയറി നിന്ന് പറഞ്ഞു.
“നിങ്ങൾക്ക് വിശ്വസിക്കാനുള്ള തെളിവ് ഞാൻ തരാം..
ഫോണിൽ അവളൊരു വോയ്‌സ് ക്ലിപ്പ് ഓൺ ചെയ്തു..
“ഹലോ അമൃത…” റുവശത്തെ സുധിയുടെ ശബ്ദം എല്ലാവരും തിരിച്ചറിഞ്ഞു.
“എന്നെ റേ,.പ്പ് ചെയ്തിട്ട് ഒന്നുമറിയാത്തത് പോലെ നടക്കുവാണോ നീ…”
പെട്ടെന്നുള്ള അമൃതയുടെ ചോദ്യത്തിൽ സുധി സൈലന്റായി…
“എന്താടാ ഒന്നും മിണ്ടാത്തത്..”
“ഞാൻ എന്ത് മിണ്ടാൻ… നീ എന്തൊക്കെയാ പറയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.”
“ഓഹോ… ഒന്നും മനസ്സിലാകുന്നില്ല അല്ലെ… അങ്ങനെ ആണെങ്കിൽ എന്നെ നീ റേപ്പ് ചെയ്തൂന്ന് ഞാൻ പറയുമ്പോൾ നീ ഇങ്ങനെയാണോ പ്രതികരിക്കുന്നത്.”അതിനും സുധി ഒന്നും മിണ്ടിയില്ല.
“നീ മിണ്ടണ്ട സുധി…. ഞാൻ എല്ലാം അനീഷേട്ടനോട് തുറന്ന് പറയാൻ പോകുവാണ്.”
“നീ പറയുന്നതൊക്കെ അനീഷ് വിശ്വസിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ…”
“വിശ്വസിക്കാനുള്ളൊരു തെളിവ് എന്റെ കൈയ്യിൽ ഉണ്ട്…”
“ഓഹോ… എന്താണാവോ ആ തെളിവ്.” പരിഹാസത്തോടെ അവൻ ചോദിച്ചു.
“എന്റെ വയറ്റിൽ വളരുന്ന നിന്റെ കുഞ്ഞ്. അത് മതിയെടാ തെളിവിന്.”
“അമൃതെ.. നീ ആവശ്യമില്ലാത്ത പണിക്ക് പോകരുത്.. ആരും ഇപ്പോൾ ഒന്നും അറിഞ്ഞിട്ടില്ല.. ഇനി നിന്റെ മുൻപിൽ പോലും ഞാൻ വരില്ല… മര്യാദക്ക് ആ വയറ്റിൽ കിടക്കുന്നതിനെ കളഞ്ഞിട്ട് അവന്റെ കൂടെ സുഖമായി ജീവിക്കാൻ നോക്ക്..അതാ നിനക്ക് നല്ലത്.”
“എന്റെ നല്ലത് നീ അറിയേണ്ട.. പക്ഷെ നിനക്കുള്ളത് ഞാൻ തരുന്നുണ്ട്.”
വോയിസ് ക്ലിപ്പ് അവസാനിച്ചപ്പോ അമൃത ചുറ്റും നിൽക്കുന്നവരെ നോക്കി….എല്ലാവരും അതിശയത്തോടെ ഇനി എന്ത് ചെയ്യും എന്നറിയാതെ പരസ്പരം നോക്കി..
“അമൃത… ഞങ്ങളോട് ക്ഷമിക്കണം… നീ പറയുന്നതൊന്നും ഞങ്ങൾ വിശ്വസിച്ചില്ല… വിശ്വസിച്ചിരുന്നെങ്കിൽ നിനക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു..
ക്ഷമിക്ക് മോളെ… കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനി ഇത് ആരും അറിയേണ്ട.. നമുക്ക് ഈ കുഞ്ഞിനെ വേണ്ട…”.അനീഷ് അമൃതയെ ചേർത്തുപിടിക്കാനായി പോയതും അവൾ പുറകിലേക്ക് മാറി..
“വേണം… എനിക്ക് വേണം…എന്റെ വയറ്റിൽ വളരുന്ന കുഞ്ഞാണ്….എനിക്ക് വേണം…
മാത്രവുമല്ല… ഇനി നിങ്ങളോടൊത്ത് ജീവിക്കാൻ എനിക്ക് കഴിയില്ല അനീഷേട്ട….ഞാൻ ഇറങ്ങുവാന്.. ഒരിക്കലും എന്റെ കുഞ്ഞു നിങ്ങളെ അച്ഛനെന്ന് വിളിക്കില്ല…
സുധി… അവനെ ഞാൻ വെറുതെ വിടില്ല…നിയമത്തിൽ എന്തെങ്കിലും ശിക്ഷ കിട്ടുമെങ്കിൽ അത് ഞാൻ അവനു വാങ്ങി കൊടുക്കും…അതിലൂടെ ഞാൻ ഈ ലോകത്തോട് വിളിച്ചു പറയും അവനാണ് എന്റെ കുഞ്ഞിന്റെ അച്ഛനെന്ന്… എങ്ങനെയാണ് അവനെന്റെ കുഞ്ഞിന്റെ അച്ഛനായ തെന്ന്..നിങ്ങൾക്കൊ എന്റെ തീരുമാനം തെറ്റായി തോന്നാം..
പക്ഷെ ഇതെന്റെ ശരിയാണ്… എന്റെ മാത്രം ശരി..ഉറച്ച തീരുമാനത്തോട ആരെയും നോക്കാതെ അവളാ വീടിന്റെ പടി ഇറങ്ങുമ്പോൾ തിരികെ വിളിക്കാൻ കഴിയാതെ നോക്കി നിൽക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളു.

