അന്ന്, ഗൾഫിൽ പോകണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ ചോദിച്ചതാണ്. നാട്ടിൽ കൂടാൻ താൽപ്പര്യവുമില്ലെന്ന് പറഞ്ഞപ്പോൾ അച്ഛൻ യാതൊന്നും പറഞ്ഞില്ല. എന്താണ് കാരണമെന്ന് ചോദിച്ചിരുന്നുവെങ്കിൽ…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പ്രവാസം അവസാനിപ്പിച്ചുള്ള വരവായിരുന്നുവത്. വിമാനം ഇറങ്ങി ബാഗുകളൊക്കെ കൈപറ്റി ഞാനൊരു ടാക്സി പിടിച്ചു. ആരോടും പറയാത്തത് കൊണ്ട് ഒരു സുഖമൊക്കെ തോന്നുന്നുണ്ട്. തറവാട്ടിലേക്ക് തന്നെയാണ് പോകാൻ തീരുമാനിച്ചത്. ഞാൻ എത്തിയെന്ന് അറിഞ്ഞാൽ അമ്മയും പെങ്ങളും ഓടി വന്നോളും..

എന്റെ നാടോർമ്മകളുടെ മുക്കാലും ഒരു കുളമാണ്. പഞ്ചായത്തിന് വഴി കൊടുത്ത്, വഴി കൊടുത്ത്, ഒടുവിൽ അവർ കൊണ്ടുപോയ കുളം. എന്റെ അച്ഛന്റെ മുത്തച്ഛൻ കുത്തിയതാണ് അതെന്ന രേഖ സഹിതം കാണിച്ചിട്ടും കോടതിയിൽ രക്ഷയുണ്ടായില്ല. പരിസരത്തെ പൊളിഞ്ഞ ക്ഷേത്രത്തോട് ബന്ധപ്പെടുത്തി കുളം നാട്ടുകാർ കൊണ്ടുപോയി. പഞ്ചായത്തിന്റെ വകയെന്ന ബോർഡും തൂങ്ങി. അതിന്റെ പിറ്റേ വർഷമാണ് ഞാൻ രാജ്യം വിടുന്നത്.

‘നിനക്ക് ഇവിടെയെവിടെങ്കിലും കൂടിയാൽപ്പോരെ…?’

അന്ന്, ഗൾഫിൽ പോകണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ ചോദിച്ചതാണ്. നാട്ടിൽ കൂടാൻ താൽപ്പര്യവുമില്ലെന്ന് പറഞ്ഞപ്പോൾ അച്ഛൻ യാതൊന്നും പറഞ്ഞില്ല. എന്താണ് കാരണമെന്ന് ചോദിച്ചിരുന്നുവെങ്കിൽ എന്റെ കുളം തട്ടിയെടുത്തവരുടെ ഇടയിൽ ഇനി ജീവിക്കേണ്ടായെന്ന് പറയുമായിരുന്നു.

എല്ലാ അർത്ഥത്തിലും അത് ആ കുളം എന്റേതാണ്. ഓർമ്മ വെച്ച കാലം തൊട്ടേ പരിചിതമായ പടവുകൾ. ബാല്യം എത്രയോ തവണകളിലായി മുങ്ങാം കുഴിയിട്ട ആഴങ്ങൾ. തെളിഞ്ഞ ഓളങ്ങൾ. ആദ്യമായി വഴി കൊടുത്തത്തതിന് ശേഷമാണെന്ന് തോന്നുന്നു, പതിയേ അങ്ങോട്ടേക്ക് പോകാതായത്. തുടർന്ന്, കാടു കയറി മൂടിയപ്പോൾ കുട്ടികൾക്ക് പോകാനുള്ള അനുവാദമേ ഇല്ലാതായി. കുട്ടിക്കളിയൊക്കെ മാറി സ്കൂളിൽ പോയി തുങ്ങുമ്പോഴേക്കും ആ കുളം ഞാൻ മറന്ന് പോയിരുന്നു.

ഓർമ്മ ശരിയാണെങ്കിൽ, ഒമ്പതാം തരത്തിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു. കൂടെ പഠിച്ച ശാലിനി പുസ്തകം വാങ്ങാൻ വീട്ടിൽ വന്ന നാളാണ്. എല്ലാവരും ഉണ്ടായിരുന്നു. ഒന്ന് രണ്ട് മണിക്കൂറൊക്കെ കഴിഞ്ഞിട്ടാണ് അവൾ തിരിച്ച് പോകുന്നത്.

‘അവിടെയെന്താണ് നന്ദാ…?’

ഇറങ്ങാൻ നേരം പറമ്പിന്റെ മൂലയിൽ കാടുപിടിച്ച ഇടത്തേക്ക് വിരൽ ചൂണ്ടി ശാലിനി ചോദിച്ചു. കുളമാണെന്ന് പറഞ്ഞപ്പോൾ പെണ്ണിന്റെ കണ്ണുകളിൽ വല്ലാത്തയൊരു സന്തോഷം തെളിയുന്നത് കാണുന്നുണ്ടായിരുന്നു. വീണ്ടും ആ കുളത്തിലേക്ക് എന്റെ ശ്രദ്ധ പോകുന്നത് അവിടെ നിന്നാണ്.

‘അങ്ങോട്ട് പോകല്ലേ മക്കളേ…’

കുളം കാണുന്നുണ്ടോയെന്ന് എത്തി നോക്കാൻ പോയ ശാലിനിയുടെ പിറകിലൂടെ നടക്കുമ്പോഴാണ് അമ്മയുടെ ശബ്ദം കാതുകളിലേക്ക് നീണ്ടത്. പാമ്പുകളൊക്കെ ഉണ്ടാകും പോലും. ശാലിനി ഭയന്നു. എന്തുകൊണ്ടാണ് കുളം ഇങ്ങനെ വിട്ടിരിക്കുന്നതെന്ന് അവൾ ചോദിച്ചിരുന്നു. അച്ഛന് വലിയ താൽപ്പര്യമൊന്നും ഇല്ലായെന്ന് ഞാൻ പറയുകയായിരുന്നു.

‘നന്ദനും കുളം ഇഷ്ടമല്ലേ..?’

ശാലിനിയോട് എന്ത്‌ മറുപടി പറയുമെന്ന് അറിയില്ലായിരുന്നു. ഞാൻ മിണ്ടാതെ നിന്ന തക്കത്തിൽ അവൾ പോകുകയും ചെയ്തു. ഞാൻ അവിടെ തന്നെ നിന്നു. നമ്മുടെ ഇഷ്ടങ്ങളെയൊക്കെ തൊട്ടുണർത്താൻ മറ്റൊരാൾക്ക് എളുപ്പത്തിൽ സാധിക്കുമെന്ന് അന്നാണ് അറിയുന്നത്. കുളം കാണുന്നതു വരെ തടസ്സങ്ങൾ നീക്കി ഞാൻ മുന്നോട്ട് നടന്നു. പഴയ ഓർമ്മകളെയെല്ലാം തിരിച്ച് കിട്ടിയ ചലനമായിരുന്നുവത്.

ഏതാണ്ട് ഒരു മാസം കൊണ്ട് കുളം ഞാൻ വൃത്തിയാക്കിപ്പിച്ചു. തീരേ താൽപ്പര്യമില്ലാതിരുന്ന അച്ഛനോട്‌ നീന്തലിന്റെ ആവിശ്യകഥ പറഞ്ഞാണ് കാര്യം സാധിച്ചത്. ശാലിനി പിന്നേയും വന്ന് കൊണ്ടേയിരുന്നു. പടവുകളിലേക്ക് വീഴുന്ന ചെമ്പക മരത്തിന്റെ തണലിൽ എത്രയോ വൈകുന്നേരങ്ങളിൽ ഞങ്ങൾ ഇരുന്നു. സ്കൂൾ പഠനം കഴിഞ്ഞപ്പോഴും അത് തുടർന്നിരുന്നു…

ശാലിനി പഠിച്ചത് മംഗലാപുരത്തായിരുന്നു. അവധിക്ക് വരുമ്പോഴെല്ലാം എന്റെ കുളത്തിലേക്ക് വരണമെന്നത് അവളുടെ നിർബന്ധമാണ്. അവിടെയാണത്രേ ഈ ലോകത്തിൽ ഏറ്റവും കുളിരുള്ള ഇടം. അങ്ങനെ കേൾക്കുമ്പോൾ ഞാൻ ചിരിക്കും. ലോകത്തുള്ള സകല കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ടും ഞങ്ങൾക്ക് ഇടയിൽ എന്താണെന്ന് രണ്ടുപേരും പരസ്പരം ചോദിക്കാതെ പോയി! അറിയാതെ പോയി…! അറിഞ്ഞ് തുടങ്ങിയപ്പോഴേക്കും ശാലിനിയുടെ അച്ഛൻ അവളെ പിടിച്ച് മറ്റൊരു ചെറുപ്പക്കാരനിൽ കെട്ടിയിട്ടിരുന്നു.

അവൾക്കും ഇഷ്ടമായിരുന്നിരിക്കണം. അല്ലായിരിന്നുവെങ്കിൽ അതിന് ശേഷം ഒരിക്കൽ പോലും അവൾ എന്നോട് സംസാരിക്കാതിരിക്കേണ്ട ആവശ്യമില്ലല്ലോ…

തലയുടെ സകലമാന വികാരങ്ങൾക്കും സാക്ഷി ആ കുളമായിരുന്നു. ദാഹം തോന്നിയാലും കോരിക്കുടിക്കാൻ പാകം തെളിഞ്ഞ വെള്ളത്തിൽ മലർന്നും കമിഴ്ന്നും നീന്തി മതി വന്നിരുന്നില്ല. അപ്പോഴേക്കും കേസും വഴക്കുമായി അതു കൈമോശം സംഭവിച്ചു പോയി. എല്ലാം കൂടി ആയപ്പോൾ സഹിക്കാനായില്ല. നഷ്ടം എനിക്ക് മാത്രം ആയിരുന്നുവല്ലോ…

നാട്ടുകാർക്ക് ഉപകാരപ്പെടുമെങ്കിൽ ആകട്ടെയെന്ന് പറഞ്ഞ് ആ കുളത്തെ മറക്കാൻ അച്ഛന് പെട്ടെന്ന് തന്നെ സാധിച്ചിരുന്നു. എനിക്ക് കഴിഞ്ഞില്ല. എല്ലാം കൊണ്ടും മടുത്തിട്ട് തന്നെയാണ് ജോലി കണ്ടെത്തിയതും, ഒടുവിൽ രാജ്യം വിടുന്നതും.

വർഷങ്ങൾ ഇരുപത്തിയഞ്ചെണ്ണം കഴിഞ്ഞിരിക്കുന്നു. അവസാനം വന്നത് അച്ഛൻ മരിച്ചപ്പോഴാണ്. പഞ്ചായത്തൊക്കെ മാറി കോർപ്പറേഷന്റെ ഭരണത്തിലാണ് ഇപ്പോൾ നാട്. വീട് എത്താറായപ്പോൾ ഡ്രൈവറോട് പതിയേയെന്ന് ഞാൻ പറഞ്ഞു. അയാൾ അനുസരിച്ചു. നല്ല മാറ്റമുണ്ട്. മൊത്തത്തിൽ നാടൊന്ന് വൃത്തിയായിട്ടുണ്ട്., പുരോഗമന ചിന്തയോട് കൂടിയുള്ള ഭരണമികവ് തന്നെ ആയിരിക്കണം കാരണം…

‘ഒന്ന് നിർത്തൂ…’

ചക്രങ്ങൾ അരിക് ചേർന്ന് നിന്നപ്പോൾ ഞാൻ ടാക്സിയിൽ നിന്നും ഇറങ്ങി. കാഴ്ച്ചയിൽ തറവാടിന്റെ പിറകിലെ അതിര് കാണാമായിരുന്നു. അതിനോട് ചേർന്നാണ് ഞങ്ങളുടെ ആ കുളം. ഒരു സിഗരറ്റും കത്തിച്ച് വെറുതേ അങ്ങോട്ടേക്ക് ഞാൻ നടന്നു. പഴയതിലും കൂടുതൽ കാടു പിടിച്ചിട്ടുണ്ട് . എന്നിരുന്നാലും കുളത്തിന്റെ മതിലിനോട് ചേർന്ന് ആർക്കും കാണാൻ പറ്റുന്ന വിധം ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡുണ്ടായിരുന്നു. വലിയ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നുവത്.

അൽപ്പം കൂടി ഞാൻ നടന്നു. ചില തടസ്സങ്ങൾ മാറ്റി കുളത്തിലേക്ക് എത്തി നോക്കുമ്പോൾ ആകാംഷയായിരുന്നു. ശരിയാണ്. ജലാശയം സംരക്ഷിക്കാനുള്ള കോർപ്പറേഷന്റെ ആ അറിയിപ്പ് ബോർഡിൽ പറഞ്ഞിരിക്കുന്നത് അക്ഷരംപ്രതി സത്യമാണ്. ഇനിയും മാലിന്യം നിക്ഷേപിക്കാൻ ആ പൊതു കുളത്തിൽ ഒരു ചാൻ ഇടം പോലും ഉണ്ടായിരുന്നില്ല…!

മൂക്ക് പൊത്തിക്കൊണ്ട് ടാക്സിയിലേക്ക് തിരിച്ച് നടക്കുമ്പോൾ കണ്ണുകൾ നനഞ്ഞിരുന്നു. വല്ലാത്തയൊരു ദാഹം തൊണ്ടയിൽ അനുഭവപ്പെടുന്നതും അറിയുന്നുണ്ടായിരുന്നു. വരണ്ടായിരുന്നുവെന്ന് വരെ ചിന്തിച്ച് പോയ നേരമായിരുന്നുവത്. ഒരു നാടിന്റെ വൃത്തി അറിയണമെങ്കിൽ അവിടങ്ങളിലെ ജലാശയങ്ങളിലേക്ക് നോക്കണമെന്ന് പറയുന്നത് എത്ര ശരിയാണല്ലേ…!!!

Leave a Reply

Your email address will not be published. Required fields are marked *