അന്ന്, സാഹിബ് പറഞ്ഞയച്ച ആൾക്ക് താക്കോൽ കൈമാറുമ്പോൾ എന്നിൽ നിന്ന് എന്തോ നഷ്ട്ടപ്പെടാൻ പോകുന്നുവെന്ന് എനിക്ക് തോന്നി…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ചുറ്റുമതിൽ കെട്ടിയ രണ്ടേക്കർ പറമ്പും അതിന്റെ ഒത്ത നടുവിലൊരു വീടും. ആ മതിൽ ചാടിക്കടന്നാൽ ചുറ്റിത്തിരിയാതെ ദേശിയ പാതയിലേക്ക് എനിക്ക് എത്താൻ പറ്റും. എളുപ്പ വഴികളിലൂടെ ജീവിതം നയിക്കുന്നവരാണല്ലോ കോടിയിൽ മുക്കാലോളം ലക്ഷം ആൾക്കാരും…

കൃഷിയും മറ്റുമായി കൂടാൻ പുതിയ വാടകക്കാർ വരുന്നെന്ന് അറിഞ്ഞപ്പോൾ എനിക്ക് അതത്ര ഇഷ്ട്ടപ്പെട്ടിരുന്നില്ല. കഴിഞ്ഞ അഞ്ചാറ് മാസമായി എന്റെ മേൽനോട്ടത്തിൽ ഉണ്ടായിരുന്ന പുരയിടം ആയിരുന്നുവത്. എന്നോട് നേരിട്ട് അന്വേഷിച്ചവരോടെല്ലാം സാഹിബ്‌ വിൽക്കാനായി ഇട്ടിരിക്കുകയാണെന്നും, വാടകയ്ക്ക് കൊടുക്കുന്നില്ലായെന്നും ഞാൻ പറയുമായിരുന്നു. ആ വസ്തു എന്റെ അധീനതയിൽ ഞാൻ വെക്കുകയായിരുന്നു.

ചില രാത്രികാലങ്ങളിൽ കെട്ട്യോളും കുട്ട്യോളും അറിയാതെ കൂട്ടുകാരുമൊത്ത് അച്ചടക്കത്തോടെ അൽപ്പം മiദ്യം സേവിക്കാനൊക്കെ എനിക്ക് പറ്റിയ ഇടമായിരുന്നുവത്. അത് മാത്രമല്ല. ക്ഷേത്രത്തിന്റെ ചിട്ടിക്കാശ് കിട്ടിയാൽ ഉടൻ ആ പറമ്പിന്റെ ഒരു ഭാഗത്ത് വാഴ കൃഷി ചെയ്യണമെന്ന ആഗ്രഹവും എനിക്ക് ഉണ്ടായിരുന്നു.

അന്ന്, സാഹിബ് പറഞ്ഞയച്ച ആൾക്ക് താക്കോൽ കൈമാറുമ്പോൾ എന്നിൽ നിന്ന് എന്തോ നഷ്ട്ടപ്പെടാൻ പോകുന്നുവെന്ന് എനിക്ക് തോന്നി. നമ്മുടേത് അല്ലായെന്ന് അറിഞ്ഞിട്ടും കൈവന്നതെല്ലാം പിടിച്ച് വെക്കാൻ ആഗ്രഹിക്കുന്ന ഒരു ശരാശരി ബോധമായിരുന്നു തലയിൽ അന്ന് ഉണ്ടായിരുന്നത്.

ആഴ്ച്ചയൊന്ന് കഴിഞ്ഞു. ആ പുരയിടത്തിലേക്ക് പുതിയ താമസക്കാരും വന്നു. കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് കണ്ടാൽ പേടിപ്പെടുത്തുന്ന രൂപവും വലിപ്പവും ഉള്ളയൊരു കറുത്ത നായയായിരുന്നു. പിന്നീട് ഇറങ്ങിയത് എന്റെയൊക്കെ പ്രായം തോന്നിപ്പിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യനും.

ഒരിക്കൽ, അവിടേക്ക് സർവ്വേക്ക് ചെന്ന പഞ്ചായത്ത് മെമ്പറും കൂട്ടരും നിലവിളിച്ച് കൊണ്ട് തുറന്ന ഗേറ്റിലൂടെ തന്നെ തിരിച്ചോടിയത് നാട്ടിൽ മുഴുവൻ ഇപ്പോൾ പാട്ടാണ്. അന്ന് അയാളുടെ ആ കറുത്ത നായ ഗേറ്റും കടന്ന് വായനശാലയുടെ നിരത്തിലേക്ക് വരെ ഓടി വന്നിരുന്നു. പിറകിലൂടെ എത്തിയ അയാൾ ആ നായയെ ചെമ്പായെന്ന് ഉറക്കെ വിളിച്ചു. ശേഷം, നിരത്തിൽ മുട്ട് കുത്തിയിരുന്നു. അപ്പോൾ ആ നായ തിരിച്ച് ഓടുകയും അയാളുടെ മുഖത്തോട് മുഖമുരസ്സി നിൽക്കുകയും ചെയ്തു. അയാളുടെ പിറകേ ആ നായയും പോയപ്പോഴാണ് വായന ശാലയുടെ ഇരുത്തിയിൽ നിന്ന് കയ്യാലപ്പുറത്തേക്ക് ചാടിയവരെല്ലാം ഇറങ്ങി വന്നത്.

അതിൽ പിന്നെയാണ് ആ പുരയിടത്തിന്റെ ഗേറ്റിൽ അനുവാദമില്ലാതെ അകത്തേക്ക് പ്രവേശിക്കരുതെന്ന് എഴുതിയ ബോർഡ്‌ തൂങ്ങിയത്…

നാളുകൾക്കുള്ളിൽ തന്നെ ആ മനുഷ്യനും നായയും നാട്ടിലെ എല്ലാവർക്കും കേട്ട് പരിചിതമായി. ചിലരൊക്കെ അയാൾ ആരായെന്നും എന്തായെന്നുമൊക്കെ എന്നോട് ചോദിക്കാറുണ്ട്. എന്ത്‌ പറയണമെന്ന് അറിയാത്തത് കൊണ്ടും, അയാളോട് വലിയ താൽപര്യം ഇല്ലാത്തത് കൊണ്ടും ഓനൊരു ഉടായിപ്പാണെന്ന് ഞാനങ്ങ് പറഞ്ഞുവെക്കും.

അന്ന്, കടയിലേക്ക് പോകാനായി അയാളുടെ ആ മതില് ഞാൻ കടന്ന് ചാടിയിരുന്നു. അൽപ്പം നടന്നപ്പോൾ അതാ എന്റെ മുന്നിൽ ആ കറുത്ത നായ! താൻ മണക്കാത്ത ഒരിഞ്ച് സ്ഥലം പോലും ഇവിടെ വേണ്ടായെന്ന ഭാവത്തിലായിരുന്നു അത് നടക്കുന്നത്. ഞാൻ സൂക്ഷിച്ച് നോക്കി. കഴുത്തിലും കാലിലും ചെമ്പൻ രോമങ്ങളുള്ളത് കൊണ്ടായിരിക്കും അയാൾ ഇതിനെ ചെമ്പായെന്ന് വിളിക്കുന്നതെന്ന് എനിക്ക് തോന്നി. ഒന്ന് പിളർന്നാൽ എന്റെ തലയോളം വലിപ്പമുണ്ട് അതിന്റെ വായക്ക്! അത് കാണുന്നതിനും മുമ്പ് തിരിച്ചോടിയാലോയെന്ന് വരെ ഞാൻ ചിന്തിച്ചു. പക്ഷേ, അതെന്നെ കണ്ട് പിടിച്ചിരിക്കുന്നു…

ഭയം കൊണ്ട് ഉള്ള് തുള്ളിയിട്ടും ഞാൻ അനങ്ങാതെ നിന്നു. കല്ലെടുക്കാൻ കുനിഞ്ഞപ്പോൾ അതെന്നെ തുറിച്ച് നോക്കി. നിലത്ത് തപ്പിയപ്പോൾ കിട്ടിയ ആ ഉരുളൻ കല്ലെടുത്ത് ഓങ്ങാൻ എഴുന്നേറ്റപ്പോൾ തന്നെ ചെമ്പായെന്ന് വിളിച്ച് കൊണ്ട് അയാൾ വന്നിരുന്നു.

എവിടെയോ കുടുങ്ങിപ്പോയ പാതിശ്വാസം തിരിച്ച് കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ… ഇതിനെ എവിടെയെങ്കിലും കെട്ടിയിട് ചങ്ങാതിയെന്ന് പറഞ്ഞപ്പോൾ, അവനൊന്നും ചെയ്യില്ലായെന്ന് പറഞ്ഞുകൊണ്ട് ഡാ ചെമ്പായെന്ന് അയാൾ രണ്ടാമതും വിളിച്ചു.

ഇത്തവണ ആ നായ വിളികേട്ടു. കല്ല് എങ്ങാനും എറിഞ്ഞിരുന്നുവെങ്കിൽ നിന്റെ കിണുങ്ങാമണി താൻ കടിച്ചെടുത്തേനേയെന്ന ഭാവത്തോടെ എന്നെ നോക്കിക്കൊണ്ടായിരുന്നു അത് അയാളുടെ അടുത്തേക്ക് പോയത്.

‘കെട്ടിയിട്ട് വളർത്തിയില്ലെങ്കിൽ ബാക്കിയുള്ളവർക്കാണ് പണി’

ഞാൻ അങ്ങനെ പറഞ്ഞപ്പോഴാണെന്ന് തോന്നുന്നു അയാൾ എന്റെ കയ്യിലെ കല്ല് കണ്ടത്. അത്തരം എന്തെങ്കിലും പ്രശ്നമുള്ളവർ ഈ പറമ്പിലേക്ക് വരണ്ടായെന്ന് മറുപടിയായി പറയുമ്പോൾ അയാളുടെ കണ്ണുകളിൽ അസാധാരണമായ ദേഷ്യം ഞാൻ കണ്ടിരുന്നു. പേടിച്ച് പോയത് കൊണ്ടാണോ എന്നറിയില്ല, മറ്റൊന്നും പ്രതികരിക്കാതെ ഞാൻ അവിടം വിട്ടു.

വൈകുന്നേരം, ചുമട്ട് തൊഴിലാളി ഭാർഗവനും കൂട്ടർക്കും ഒരു ഫുള്ള് വാങ്ങിക്കൊടുത്ത് അന്ന് അനുഭവപ്പെട്ട സങ്കടം ഞാൻ ബോധിപ്പിച്ചു. ആ രാത്രിയിൽ അയാളുടെ വീടിന് നേരെയുണ്ടായ കല്ലേറിൽ കാറിന്റേയും ജനാലയുടേയും ചില്ല് തകർന്നെന്ന് കേട്ടപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. അല്ലെങ്കിലും, ഇത്രയും കാലം കാവല് നിന്ന ഇടത്തേക്കൊരു വരുത്തൻ വന്ന് ആളാകാൻ നോക്കിയാൽ എങ്ങനെയാണത് കണ്ടില്ലെന്ന് നടിക്കുക! അയാളും അയാളുടെ ഒരു പന്ന നായയും…

പിറ്റേന്ന്, സ്ഥലം പോലീസ് സ്റ്റേഷനിൽ നിന്ന് അവിടം വരെ ചെല്ലാനുള്ള നിർദ്ദേശവുമായി എനിക്കൊരു ഫോൺ വന്നു. പോയപ്പോൾ അയാളും അവിടെ ഉണ്ടായിരുന്നു. തലേന്ന് രാത്രിയിലെ കല്ലേറിൽ അയാൾക്ക് എന്നെയാണത്രെ സംശയം.

‘എന്റെ പൊന്ന് സാറേ.. മനസ്സാ വാചാ അറിയാത്ത കാര്യമാണ്…’

എന്ന് പറഞ്ഞ് കരഞ്ഞത് കൊണ്ടാണ് ഞാൻ തടി തപ്പിയത്. അയാളോടുള്ള എന്റെ വിരോധം പിന്നേയും കൂടി. സന്ധ്യക്ക്‌, ആ മനുഷ്യനെ എങ്ങനെ കെട്ട് കെട്ടിക്കാമെന്ന ചിന്തയിൽ കിടക്കുമ്പോഴാണ് ആറിൽ പഠിക്കുന്ന മോളൊരു പുസ്തകവുമായി അടുത്തേക്ക് വന്നത്.

‘അച്ഛാ… ഇതാരുടെതാണെന്ന് അറിയാമോ…!?’

അവൾ നീട്ടിയ ആ പുസ്തകം വാങ്ങി തിരിച്ചും മറിച്ചും ഞാൻ നോക്കി.

‘നമ്മുടെ അയൽവക്കത്ത് താമസിക്കുന്ന അങ്കിളെഴുതിയ പുസ്തകമാണിത്. അമ്മയാണ് പറഞ്ഞേ…’

ശരിയാണ്. അയാളുടെ നായയുടെ പേരാണ് പുസ്തകത്തിനും. ഒരു കൗതുകത്തിന് മറിച്ച് നോക്കിയപ്പോൾ ആ കടലാസ്സുകളിൽ നിന്നൊരു കൈവന്ന് എന്നെ അതിനകത്തേക്ക് കൊണ്ട് പോയത് പോലെ എനിക്ക് അനുഭവപ്പെട്ടു. മകള് പോയതും, ഭാര്യ ആഹാരം കഴിക്കാൻ വിളിച്ചതും ഞാൻ അറിഞ്ഞതേയില്ല.

രാത്രിയിൽ കിടക്കും മുമ്പേ ആഹാരം കഴിക്കാൻ ഭാര്യ വീണ്ടും വിളിച്ചു. വിളമ്പി വെച്ചിട്ട് നീ പോയി കിടന്നോയെന്ന് ഞാൻ പറഞ്ഞു. ഉമ്മറത്തെ ഇരുത്തിയിലിരുന്ന് വായിക്കുന്ന ആ പുസ്തകത്തിൽ നിന്ന് ഇറങ്ങിവരാൻ എന്തുകൊണ്ടൊ എനിക്ക് തോന്നിയിരുന്നില്ല.

അയാളുടെ ഒറ്റപ്പെട്ട ജീവിതത്തിന്റെ കാലുകളിൽ മുള്ളുകൾ തറച്ചതും, തലയിൽ പൂക്കൾ വിടർന്നതും, ഓരോ വരികളിലും കാണാമായിരുന്നു. തന്നിൽ ഉള്ളതെല്ലാം നശിച്ച് പോകുമ്പോഴും ഒരു നായയുടെ സുമുഖമായ ജീവിതത്തിന് വേണ്ടി എന്തും സഹിക്കാനും ത്യജിക്കാനും ഇറങ്ങി പുറപ്പെട്ടയൊരു മനുഷ്യന്റെ ഇന്നും തുടരുന്ന കഥയായിരുന്നു അയാൾ ആ പുസ്തകത്തിൽ കുറിച്ച് വെച്ചിട്ടുണ്ടായിരുന്നത്.

പിറ്റേന്ന് വൈകുന്നേരം പണിയും കഴിഞ്ഞ് വന്നപ്പോൾ അയാളെ പോയി കാണണമെന്ന് എനിക്ക് തോന്നി. അതിനായി വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഈ ചായകുടിച്ചിട്ട്‌ പോകൂവെന്ന് ഭാര്യ പറഞ്ഞു. കൂട്ടത്തിൽ ആ മനുഷ്യൻ വീടൊഴിഞ്ഞ് പോയെന്നാണ് തോന്നുന്നതെന്ന സംശയവും അവൾ ചേർത്തിരുന്നു.

‘പോയോ….! എങ്ങോട്ട്..!?’

“അറിയില്ല..!”

ഞാൻ സാഹിബിനെ വിളിച്ചു. സംഗതി ശരിയായിരുന്നു. കൂടെയുള്ള നായ ഇവിടം സുരക്ഷിതമല്ലായെന്ന് പറഞ്ഞിട്ടാണ് പോലും അയാൾ ആ പുരയിടം ഒഴിഞ്ഞ് പോയത്.

അന്നേ രാത്രിയിൽ ഒരു പോളയിൽ പോലും ഉറക്കം എന്റെ കണ്ണുകളിലേക്ക് വന്നില്ല. അയാളുടെ മനഃസമാധാനം കളഞ്ഞ് കെട്ട് കെട്ടിച്ചത് ഞാനാണല്ലോ ഈശ്വരായെന്ന് ഓർക്കുമ്പോൾ നെഞ്ചിലൊരു പിടപിടപ്പ്. തുടർന്ന്, ചെമ്പായെന്ന് ആരോ കാതിൽ വിളിക്കുന്നത് പോലെ…

അല്ലെങ്കിലും, നമുക്ക് താല്പര്യമില്ലാത്തവരുടെ വഴിയിൽ തടസ്സങ്ങൾ തീർത്ത് നിവർന്ന് നിൽക്കാൻ എന്നെ പോലെയുള്ള മനുഷ്യർക്ക് എന്നുമൊരു പ്രത്യേക കഴിവാണല്ലോ…!!!

Leave a Reply

Your email address will not be published. Required fields are marked *