ചക്കയും പൈലിയും
Story Written By Sheeba Joseph
കണ്ണെത്താ ദൂരത്തോളം കിടക്കുന്ന ഒരു പറമ്പിൻ്റെ ഒത്ത നടുവിലാണ് പൈലി ചേട്ടൻ്റെ വീട്… ഒരൊറ്റ കുഞ്ഞിനെ പോലും പൈലി ചേട്ടൻ തൻ്റെ പറമ്പിൽ കയറ്റില്ല..
“വെറുതേ കിടന്നു നശിച്ചു പോയാലും ആർക്കും ഒന്നും വെറുതെ കൊടുക്കില്ല പൈലി ചേട്ടൻ..”
പൈലി ചേട്ടൻ്റെ ഭാര്യയാണ് ശോശാമ്മ ചേട്ടത്തി…
ചേട്ടത്തി നല്ല മനസ്സലിവുള്ള കൂട്ടത്തിലാണ് കേട്ടോ..?
പൈലി ചേട്ടൻ്റെ ഉച്ചത്തിലുള്ള കശപിശ കേട്ടാണ് ചേട്ടത്തി പുറത്തേയ്ക്ക് വന്നത്… കാരണം എന്താന്നു വച്ചാ..
പൈലി ചേട്ടൻ പുതുതായി വച്ച മാവിൻ തൈ, ഏതാണെന്നറിയാൻ അപ്പുറത്തെ വീട്ടിലെ പാപ്പിയുടെ പശു ഒന്നു ടെസ്റ്റ് ചെയ്തു നോക്കി…
അതിൻ്റെ കശപിശയാണ് പുറത്ത്..
ചേട്ടത്തി പൈലി ചേട്ടനെ പിടിച്ചു വലിച്ചു അകത്ത് കൊണ്ടുവന്നു ഗുണദോഷിക്കാൻ തുടങ്ങി…
എൻ്റെ മനുഷ്യാ നിങ്ങള് തന്നെയല്ലേ പാപ്പിയോട് പശുവിനെ പറമ്പിൽ കെട്ടി പുല്ല് തീറ്റിച്ചോളാൻ പറഞ്ഞത്…?
നീ എന്നാ വർത്തമാനവാടി പറയുന്നെ..!
പറമ്പിൽ പശുവിനെ കെട്ടി പുല്ല് തീറ്റിച്ചോളാൻ പറഞ്ഞെന്നും വച്ച് എൻ്റെ മാവിൻ തൈ തീറ്റിയ്ക്കാൻ ഞാൻ അവനോടു പറഞ്ഞോ..?
” പോട്ടെ അങ്ങ് ക്ഷമിച്ച് കള..” അയൽപക്കക്കാർ അല്ലേ..!
“ഒന്ന് വീണ് കിടന്ന ഓടിവരാൻ അവരൊക്കെയെ കാണൂ..”
പൈലി ചേട്ടൻ ഒന്നടങ്ങി…
തൻ്റെ ഗുണദോഷം ഏറ്റു എന്ന് കരുതി ശോശാമ്മ ചേട്ടത്തി ഉളളിൽ ചിരിച്ചു…
സംഭവം മാവിൻ തൈ പശു തിന്നെങ്കിലും പൈലി ചേട്ടൻ പാപ്പിയെ വിലക്കാൻ പോയില്ല…
അതിന് ഒരു കാരണം ഉണ്ടായിരുന്നു.. പറമ്പിലെ പുല്ലു തിന്നുന്ന പശു പകരമായി ചാണകവും മൂത്രവും ഒക്കെ കൊടുത്ത് പൈലി ചേട്ടൻ്റെ പറമ്പിനെ നല്ല വളക്കൂറുള്ള മണ്ണ് ആക്കി മാറ്റികൊണ്ടിരുന്നു…
പൊന്മുട്ട ഇടുന്ന താറാവിനെ ആരേലും കൊല്ലുമോ…!
എന്തായാലും വഴക്ക് ഒതുങ്ങി പൈലി ചേട്ടൻ ഉമ്മറത്ത് വന്നിരുന്നു…
എടീ ശോശാമ്മോ..
എന്തോന്നാണ് മനുഷ്യാ…?
എടീ, ഒരു കട്ടൻ ഇങ്ങേടുത്തേടി…?
“ഓ തുടങ്ങി, അതിയാൻ്റെ ഒരു കട്ടൻ..”
ഒരു പാൽചായ ഇട്ടുതരട്ടായോ…?
പാലിൻ്റെ കാശ് നിൻ്റെ അപ്പൻ കൊണ്ടുവന്നു തരുമോ.?
ചേട്ടത്തിക്ക് ദേഷ്യം വന്നു.
“ങ്ങാ.. എൻ്റെ അപ്പൻ കൊണ്ട് വന്ന് തന്നിട്ട് നിങ്ങള് പാൽ ചായ കുടിച്ച മതി…”
ഇതാണ്, നമ്മുടെ പൈലിചേട്ടൻ..
“നാട്ടിൽ ഏറ്റവും വലിയ മുതലാളി…” “അറുപിശുക്കൻ.. “
മക്കളൊക്കെ അങ്ങ് അമേരിക്കയിലാ താമസം…!
പൈലിചേട്ടനും, ശോശാമ്മ ചേടത്തിയും നാട്ടിൽ തന്നെ.
അമേരിക്കയിലോട്ട് ചെല്ലാൻ മക്കൾ വിളി തുടങ്ങിയിട്ട് കാലം കുറച്ചായി .
നമ്മുടെ പൈലിചേട്ടൻ ഉണ്ടോ പോകുന്നു. ?
“പൈലിചേട്ടന് ഫ്ളൈറ്റിൽ കേറാൻ പേടിയാണ്.”
ശോശാമ്മചേട്ടത്തിക്ക്, ശിഷ്ടകാലം മക്കളുടെയും കൊച്ചു മക്കളുടെയും ഒക്കെ കൂടെ താമസിക്കണം എന്ന് ആഗ്രഹമുണ്ട്.
അതെങ്ങനെയാണ്, നമ്മുടെ പൈലി ചേട്ടനൊട്ടു പോകത്തും ഇല്ല… ചേട്ടത്തിയ്ക്ക് ആണേ അതിയാനെ ഒറ്റയ്ക്ക് ആക്കിയിട്ടു പോകാനും വയ്യാ.?
“കാര്യം അറുപിശുക്കൻ ഒക്കെയാണേലും, ചേട്ടത്തിക്ക് അങ്ങേരെ ജീവനാണ്. “
ഇതുവരെയും ഒരു കുറവും വരുത്തിയിട്ടില്ല. “പൈലിചേട്ടൻ ഇല്ലാതെ ചേട്ടത്തിയില്ല, അത്രതന്നെ.”
വൈകുന്നേരം, നമ്മുടെ പൈലിചേട്ടന് കഞ്ഞിയും പയറും നിർബന്ധമാണ്, കൂടെ ഒരു ചമ്മന്തിയും ഉണ്ടേ കാര്യം കുശാൽ.
അപ്പൻ്റെ പിശുക്ക് നാട്ടിൽ പാട്ടാണേലും, പലരും പലതും പറഞ്ഞാലും , തങ്ങളെ ചേർത്തുപിടിക്കുന്ന അപ്പനെ അവർക്ക് ജീവനാണ് .
ഉമ്മറത്ത് ചാരി കിടന്ന പൈലി ചേട്ടൻ്റെ അടുത്ത് ചെന്ന് ചേട്ടത്തി പറഞ്ഞു.
ദേ മനുഷ്യാ, ആ വടക്കേലെ പ്ലാവിൽ, വേവിക്കാൻ പാകമായി ഒരു ചക്ക കിടപ്പുണ്ട്, ഇട്ട് തന്ന വേവിച്ച് തരാം.
കാശ് മുടക്കി ഒന്നും മേടിക്കുന്നത് പൈലിചേട്ടന് ഇഷ്ടമല്ല. “ചക്ക, പൈലി ചേട്ടൻ്റെ ഒരു വീക്നെസ് ആണ്. “
വാടി, നമുക്ക് ചക്ക ഇടാം.? ചക്ക ഇടാൻ പൈലി ചേട്ടൻ റെഡി.
ദേ മനുഷ്യാ, നിങ്ങളിത് എന്നാ ഭാവിച്ചാ… പ്ലാവിന് നല്ല പൊക്കമുണ്ട്..
“നിങ്ങൾക്ക് പ്രായമായെന്നൊരു തോന്നലുള്ളത് നല്ലതാണ്.’
അതേലെങ്ങാനും ഉരുണ്ടു കേറി വല്ലതും പറ്റിയ, താങ്ങാൻ എന്നെ കൊണ്ട് ആവതില്ല..?
പൈലി ചേട്ടൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഈ പൈലിയോടാണോ കളി.. ” “ഞാൻ ഇതൊക്കെ എത്ര കണ്ടതാ എൻ്റെ ശോശാമ്മെ.. “
“നീ വാ നമുക്ക് ചക്ക ഇടാം…”
ഉവ്വ്….
നിങ്ങൾ എന്നാ വേണേ കാണിക്ക്. ശോശാമ്മ ചേട്ടത്തി സുല്ലിട്ട്…!
നമ്മുടെ പൈലിചേട്ടൻ മുണ്ടൊക്കെ പൊക്കി ഉടുത്ത് പ്ലാവിൽ കേറാൻ തുടങ്ങി.
പേടിച്ചിട്ട്, ചേട്ടത്തിയാണേൽ.. ഈശോ മറിയം ഔസേപ്പേ ചൊല്ലികൊണ്ട് തഴെ നിൽക്കുകയാണ്.
പൈലി ചേട്ടൻ പ്ലാവിൻ്റെ മുകളിലെത്തി. ചക്കയെ പിടിത്തം ഇട്ട്, വിജയശ്രീലാളിതനായി താഴെ തന്നെ നോക്കി പേടിയോടെ നിൽക്കുന്ന പെണ്ണുമ്പിളളയേ, ഒന്നു നോക്കി.
പിന്നെ കണ്ടത് ‘അയ്യോ ‘എന്നൊരു ശബ്ദവും, ചക്കയും പൈലിയും ഒരുമിച്ച് താഴെ വീഴുന്നതും ആണ്.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു… “ആശുപത്രി വാസവും, മക്കളുടെ വരവും…”
പിടിച്ച പിടിയാലെ രണ്ടും അമേരിക്കയിലേക്ക്.!
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് എന്ന് പറഞ്ഞ പോലേ ആയിപ്പോയി.
“പൈലിചേട്ടനും, ചേട്ടത്തിയും ധാണ്ടെ അങ്ങ് അമേരിക്കയിൽ.”
അമേരിക്കൻ പുതുമയൊക്കെ, കുറച്ച് ദിവസം കൊണ്ടങ്ങ് തീർന്നു.. പൈലിചേട്ടൻ, കിളി പോയ ചേട്ടനെ പോലെ ഇരിപ്പായി.
പൈലിചേട്ടന് തൻ്റെ നാടും, പിശുക്കും, കപ്പയും, കഞ്ഞിയും, ചക്കയും ഒക്കെ മിസ്സ് ചെയ്തു കൊണ്ടേയിരുന്നു .
“പൈലിചേട്ടന് നാട്ടില് പോണം.. ഒരേ വാശി…”
മക്കളും ചേട്ടത്തിയും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല.
“മക്കൾക്ക് അവരുടെ കൂടെ നാട്ടിലോട്ട് വരാനൊട്ടു ലീവും ഇല്ല.”
ഞങ്ങൾ, തന്നെ പൊക്കോളാം എന്ന് പൈലിചേട്ടൻ. ?
തീരെ നിവൃത്തിയില്ലാതെ വന്നപ്പോ, രണ്ടും കൽപ്പിച്ച് ചേട്ടനെയും ചേട്ടത്തിയേയും നാട്ടിലോട്ടു പായ്ക്ക് ചെയ്യാൻ മക്കൾ തീരുമാനിച്ചു
പൈലി ചേട്ടനാണേ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ എന്ന അവസ്ഥ ആയിരുന്നു.
“ഒറ്റയ്ക്ക് വരുന്നതിൻ്റെ വെപ്രാളം ആണ് ചേട്ടത്തിക്ക്. “
“ഒന്നാമത്, പൈലിചേട്ടന് ഫ്ലൈറ്റിൽ കയറാൻ പേടിയാണ്, പ്രായവും ആയി.”
എന്താകുമോ എന്തോ.? വരുന്നിടത്ത് വച്ച് കാണാം എന്ന് തീരുമാനിച്ചു.
മക്കൾ, അവരെ യാത്ര ആക്കിയിട്ടു തിരിച്ചുപോയി. പൈലിചേട്ടനാണേ, വരുന്നതിൻ്റെ ഉത്സാഹത്തിൽ പേടിയെല്ലാം പമ്പ കടന്നു.
ഇതല്ല ഇതിലപ്പുറവും ചാടി കടന്നവനാണീ പൈലി എന്ന മട്ടിൽ ഒരു നോട്ടവും.
ഇതിൽ കൂടുതൽ എന്ത് പറയാൻ.?
പൈലിചേട്ടനും, ചേട്ടത്തിയും നാട്ടിലെത്തി. രണ്ടുപേർക്കും, ശ്വാസം നേരേ വീണു.
വന്നതിൻ്റെ ക്ഷീണത്തിൽ മടി പിടിച്ച് ഇരിക്കുന്ന പൈലിചേട്ടനെ നോക്കി, ശോശാമ്മ ചേട്ടത്തി ചോദിച്ചു. ഒരു കട്ടൻ എടുക്കട്ടെ മനുഷ്യാ…?
പൈലി ചേട്ടൻ, നമ്മുടെ ചേട്ടത്തിയെ നോക്കി ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു..
“കട്ടനും വേണം, ചക്കയും വേണം…”
നമ്മുടെ നാടിനോളം വരുവോടി അമേരിക്ക… നമ്മളോട് ആണ് കളി….
പൈലി ചേട്ടൻ പറമ്പിലേക്ക് ഇറങ്ങി കഴിഞ്ഞു …

