അറിഞ്ഞു വെച്ചതുകൊണ്ട് എന്റെ ജീവിതത്തിൽ യാതൊരു ഉപകാരവുമില്ലാത്ത കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ വേണ്ടി മാത്രം ഞാൻ എന്തിന് പഠിക്കണം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഭർത്താവിന്റെ കാഴ്ച്ചപ്പാടിൽ കോമെൺ സെൻസില്ലാത്ത വർഗ്ഗത്തിൽ പെട്ടവളാണ് ഞാൻ. പഴമക്കാരുടെ ഭാഷയിൽ പറയുകയാണെങ്കിൽ പൊട്ടക്കിണറിലെ തവള!

‘നീ വായിക്കുന്ന പൈങ്കിളി സാഹിത്യമൊന്നുമല്ല മോളെ യാഥാർഥ്യം… കുറച്ചു കൂടെ അപ്ഡേറ്റ് ആകൂ…’

ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഏതാണെന്ന് അറിയാത്തതു കൊണ്ട് ഭർത്താവ് പറഞ്ഞതാണ്. ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിനെ കുറിച്ച് അമ്മയ്ക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞ് മക്കളും കളിയാക്കി. ഇതൊക്കെ അറിഞ്ഞിട്ട് ഞാൻ എന്തു ചെയ്യാനാണെന്നേ ആ നേരം എനിക്ക് തോന്നിയുള്ളൂ…

എന്റെ അഭിപ്രായത്തിൽ അത്യാവശ്യത്തിനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്. ഒന്നുമില്ലെങ്കിലും രണ്ടു പിള്ളേരെ പെറ്റ് പോറ്റിയില്ലേ… അല്ലെങ്കിലും വീട്ടിലെ അതി ബുദ്ധികളാണെന്ന് കരുതുന്ന അങ്ങേർക്കും മക്കൾക്കും തങ്ങളുടെ വലിപ്പം കാട്ടാൻ ഞാനല്ലേയുള്ളൂ… നിന്നു കൊടുക്കുക തന്നെ… എന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതല്ലാതെ മറ്റൊന്നിനെ കുറിച്ചും ആഴത്തിൽ ഞാൻ ചിന്തിക്കാറില്ല. ദൈവങ്ങളെ കുറിച്ചു പോലും..

‘ഈ അമ്മയ്ക്ക് ജനറൽ ക്നോളേഡ്ജ് തീരേയില്ല…’

ഇളയവളാണ് പറഞ്ഞത്. ഇതൊക്കെ അറിഞ്ഞില്ലെങ്കിൽ ഈ നാട്ടിൽ ജീവിക്കാൻ പറ്റില്ലേയെന്ന് ചോദിച്ച് ഞാൻ മുഖം ചുളിച്ചു. നിങ്ങളുടെയൊക്കെ കളിയാക്കൽ നിക്ഷ്പ്രഭം തള്ളി കളഞ്ഞിരിക്കുന്നുവെന്ന ഭാവമായിരുന്നു ആ ചുളിഞ്ഞ മുഖത്തിന്‌. കുറ്റപ്പെടുത്തലുകളെയും കൊഞ്ഞനം കുത്തലുകളെയും ഇങ്ങനെ നിസ്സാരമായി തള്ളി കളയാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്. എന്റെ ഭർത്താവിനും പിള്ളേർക്കും അത് അറിയില്ലായെന്നേയുള്ളൂ…

‘എന്റെ മക്കൾക്ക് നിന്റെ ബുദ്ധി കിട്ടാത്തത് ഭാഗ്യമായി…’

അതുകേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. നാക്കും കാലും ഉറക്കുന്ന കാലം വരെ മക്കൾക്ക് എന്റെ തലയാണെന്നായിരുന്നു അങ്ങേര് പറയുന്നു ണ്ടായിരുന്നത്. അമ്മാതിരി വാശിയും ഒച്ചയും ലഹളയുമായിരുന്നു രണ്ടെണ്ണ ത്തിനും. കുട്ടിക്കളി മാറിയപ്പോൾ അച്ഛനും മക്കളും ഒരു കെട്ടുപോലെ പിണഞ്ഞു. ഞാൻ പുറത്തേക്ക് അയയുകയും ചെയ്തു. അല്ലെങ്കിലും ഒത്തൊരുമയോടെ കുടുംബത്തെ മുറുക്കി കെട്ടാൻ ശ്രമിക്കുന്നവർ തന്നെയാണ് ആദ്യം പുറത്തേക്ക് അഴിഞ്ഞു വീഴുന്നത്…

അന്ന് കുടുംബ സമേതം ഞങ്ങളൊരു ഫംഗ്ഷന് പോയതായിരുന്നു. ഭർത്താവിന്റെ ആത്മ സുഹൃത്തിന്റെ ഇരുപതാമത്തെ വിവാഹ വാർഷിക മായിരുന്നു. കൊല്ലം മൂന്നെണ്ണം കഴിഞ്ഞാൽ ഞങ്ങളും എത്തും ഇരുപതിലേക്ക്. ഇരുപതേ…! ഓർമ്മയിലെ ഇത്രയും വർഷങ്ങൾ ഇന്നലെ കഴിഞ്ഞതു പോലെയുണ്ട്.. ആകെ തുക സന്തോഷം തന്നെയാണ്. എന്റെ ബുദ്ധി യില്ലായ്മയുടെ കളിയാക്കൽ പോലും ഗൗരവ്വമായി എന്നിൽ കൊള്ളുന്നില്ലായെന്നതാണ് സത്യം.

‘ഇനി ആന്റി പറ… ‘

ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം ഗാർഡനിൽ വെറുതേയിരിക്കുമ്പോൾ എന്നോടൊരു പെൺകുട്ടി പറഞ്ഞു. എന്റെ മക്കൾ ഉൾപ്പെടുന്ന കുട്ടികളുടെ കളിയുടെ ഭാഗമായാണ് ആ ചോദ്യം എന്നിലേക്കും വന്നത്. ഇന്ത്യ ഏഷ്യയിൽ ഉള്ളതാണെന്ന് എവിടെ നിന്നോ എനിക്ക് അറിയാമായിരുന്നു. ഞാൻ അതു പറയും മുമ്പേ അമ്മയ്ക്കതൊന്നും അറിയില്ലെന്ന് മൂത്തവൻ പറഞ്ഞു. അറിയില്ലെന്ന് തന്നെ ഞാനും നടിച്ചു.

‘ഇതൊന്നും അറിഞ്ഞില്ലെങ്കിൽ എന്താ കുഴപ്പം…?’

കുട്ടികളുടെ കൂടെ ചില രക്ഷിതാക്കളും ചിരിക്കാൻ തുടങ്ങിയപ്പോഴായിരുന്നു എ5ന്റെ ആ ചോദ്യം. പരീക്ഷക്ക് ചോദിക്കും ആന്റീയെന്ന് ഒരു മിടുക്കൻ പറഞ്ഞു. അപ്പോൾ പിന്നെ, അതൊക്കെ പരീക്ഷ എഴുതുന്നവർ പഠിച്ചാൽ പോരെയെന്ന് ഞാനും ചോദിച്ചു.

‘പരീക്ഷയ്ക്ക് മാത്രമല്ല. ആരെങ്കിലും ചോദിച്ചാൽ പറഞ്ഞു കൊടുക്കാൻ നമ്മളിതൊക്കെ പഠിക്കണം…’

എന്റെ മക്കളുടെ അതേ ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു വിരുതനായിരുന്നു ആ പ്രസ്താവനയുടെ ഉടമസ്ഥൻ. കളിയിൽ കാര്യമുള്ള സംസാരം വന്നുവെന്ന് തോന്നിയതു കൊണ്ട് ചുറ്റുമുള്ളവരെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ഇവളെന്ത് മണ്ടത്തരമാണ് പറയാൻ പോകുന്നതെന്ന ലാഘവത്തിൽ അതിൽ എന്റെ ഭർത്താവും ഉണ്ടായിരുന്നു…

‘അറിഞ്ഞു വെച്ചതുകൊണ്ട് എന്റെ ജീവിതത്തിൽ യാതൊരു ഉപകാരവുമില്ലാത്ത കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ വേണ്ടി മാത്രം ഞാൻ എന്തിന് പഠിക്കണം..?’

എന്റെ ആ ചോദ്യത്തിന് ആർക്കും ഉത്തരമുണ്ടായിരുന്നില്ല. വളരെ പതിയേ, മായാത്ത ചിരിയോടെ ഞാൻ സംസാരം തുടർന്നു…

‘അവരവർക്ക് ജീവിക്കാനുള്ള മേഖലയെ കുറിച്ച് ആഴത്തിൽ അറിഞ്ഞിരിക്കുന്നതിലൊന്നും യാതൊരു തെറ്റുമില്ല. ബഹിരാകാശ യാത്രകളെ കുറിച്ച് ഒരു യാചകൻ എന്താണ് മനസ്സിലാക്കേണ്ടത്? രാജ്യത്തിന്റെ എത്ര ഭരണാധികാരികൾക്ക് റോക്കറ്റിനെ കുറിച്ച് അറിയാം? ഏതൊരു മനുഷ്യനും പരമാവധി അറിയാൻ കഴിയുന്നതിന്റെ എത്രയോ കൂടുതലായിരിക്കും അറിയാത്ത കാര്യങ്ങൾ. ജീവിതത്തിൽ മാറിമാറി വരുന്ന സന്ദർഭങ്ങളിൽ നമ്മൾ ആർജ്ജിച്ച അറിവുകൾ ഉപയോഗിക്കുന്നുണ്ടോയെന്നതാണ് പ്രധാനം. മറ്റുള്ളവരുടെ മുമ്പിൽ കേമത്തരം കാണിക്കാൻ ആകരുത് ഒന്നും പഠിക്കേണ്ടത്.’

ഇത്രയും മനോഹരമായി സംസാരിക്കാൻ പറ്റുമെന്ന് ഞാൻ കരുതിയതേയില്ല. പറഞ്ഞു തീർന്നതിന് ശേഷമുള്ള കൈ തട്ടലുകൾ കേട്ടപ്പോൾ എനിക്ക് വളരെയേറെ സന്തോഷം തോന്നി. കണ്ണുകൾ നിറയുമെന്ന് തോന്നിയപ്പോൾ വാഷ് റൂമിൽ പോകാമെന്ന ചിന്തയിൽ ഞാൻ എഴുന്നേറ്റു. കൈ തട്ടലുകൾ അപ്പോഴും പൂർണ്ണമായും നിന്നിരുന്നില്ല. ശ്രദ്ധിച്ചപ്പോഴാണ്, എന്നെ അഭിനന്ദിച്ച് മതിയാകാതിരുന്നത് എന്റെ ഭർത്താവിന്റെയും പിള്ളേരുടെയും ആറു കൈകൾക്കായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നത്. ചോർന്നുപോയി ആ നേരം കണ്ണുകൾ…!!!

Leave a Reply

Your email address will not be published. Required fields are marked *