അവർക്ക് വേറെ ആളെ കിട്ടിയെന്നാ പറയണെ…പിറ്റേന്ന് കാലത്ത് ഗോപാലേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ അയാൾക്ക് പറയാനുണ്ടായിരുന്ന ശബ്ദം ആയിരുന്നുവത്. എന്ത്‌ മറുപടിയാണ് നൽകേണ്ടതെന്ന് അറിയാതെ……

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പെണ്ണുമ്പിള്ള ഗർഭിണിയാണ്. ഞങ്ങൾക്ക് ഞങ്ങളേ ഉള്ളൂവെന്ന് കരുതിയ ജീവിതത്തിന്റെ വലിപ്പം കൂട്ടാൻ എന്നോണം ഒരു കുഞ്ഞ് വരുന്നു. സസന്തോഷം സ്വാഗതം ചെയ്യേണ്ട ആ വേളയിൽ മുഖത്തോട്ട് മുഖം നോക്കി ഞങ്ങൾ ഇരിക്കുകയായിരുന്നു.

‘ഈ പ്രശ്നത്തിന്റെ നടുവിലേക്ക് ഈ കുഞ്ഞ് കൂടി വേണോ വേണുവേട്ടാ…!’

അതാത് നാൾ കഴിഞ്ഞ് കൂടാൻ മാർഗ്ഗമില്ലാത്തിന് പുറകേ കടക്കാര് മുട്ടുന്ന കതകുള്ള വീട്ടിലിരുന്ന് അവൾ എന്നോട് പറഞ്ഞതാണ്. കേട്ടപ്പോൾ ആ മടിയിൽ കിടന്നിരുന്ന ഞാൻ അവളുടെ വയറിലേക്ക് മൂക്ക് മുട്ടാൻ പാകം തിരിഞ്ഞു. എല്ലാ അർത്ഥത്തിലും എന്റെ ശ്വാസത്തിൽ ഒരു കുഞ്ഞ് കിതക്കുന്നുണ്ടായിരുന്നു…

ഇല്ലാത്ത കാശുണ്ടാക്കിയാണ് ഒരു ബൊലേറയുടെ പിക്കപ്പ് വാങ്ങിയത്. ഓട്ടം കിട്ടുന്നതിന് അനുസരിച്ച് ബാധ്യതകളെല്ലാം തീർക്കാമെന്ന് കരുതി. പ്രതീക്ഷിച്ചത് പോലെ യാതൊന്നും നടന്നില്ല. അന്യ നാട്ടുകാരനായത് കൊണ്ട് താമസിക്കുന്ന ചുറ്റുപാടുകളിലെ സ്റ്റാന്റിൽ വെക്കാനൊന്നും യൂണിയൻകാർ അനുവദിച്ചില്ല. ബാങ്കിലെ ആദ്യ അടുവുകൾക്ക് തന്നെ പെണ്ണുമ്പിള്ളയുടെ താലി പോയി. ലോൺ അടക്കാനായി കടം വാങ്ങുന്ന ശീലം ഒഴിച്ച് കൂടാൻ പറ്റാത്ത വിധം പതിയേ എന്നെ പിടികൂടുകയായിരുന്നു…

അവസാനത്തെ ഓട്ടം കിട്ടിയത് ഒരു പരിചയക്കാരന്റെ വാടക വീട് മാറുമ്പോഴാണ്. ഇപ്പോൾ ഒരു മാസം ആകാറായി. എനിക്കും ഉള്ളതൊരു വാടക വീടാണ്. രണ്ടുമാസത്തെ കുടിശിക കൊടുക്കാനുമുണ്ട്. വണ്ടിയുടെ സ്റ്റെപ്പിനി വിൽക്കുകയെന്ന മാർഗ്ഗം മാത്രമേ നിലവിൽ എന്റെ മുന്നിലുള്ളൂ… പെണ്ണുമ്പിള്ള പറഞ്ഞത് ശരിയാണ്. ഈ സാഹചര്യത്തിന്റെ മനസമാധാനമില്ലായ്മ അനുഭവിക്കാൻ ഇപ്പോൾ ഒരു കുഞ്ഞു വേണ്ടായെന്ന് വെക്കുന്നതാണ് ഉചിതം.

‘നമുക്ക് നാളെയൊരു ഡോക്റ്ററെ കാണാം…’

അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റാണ് ഞാനത് പറഞ്ഞത്. കുറച്ച് നേരം തന്റെ അടുത്ത് ഇരിക്കെന്ന് മാത്രമേ അവൾക്ക് ആ നേരം പറയാൻ ഉണ്ടായിരുന്നുള്ളൂ… ഞാൻ അനുസരിച്ചു. എന്റെ മുഖം അമർന്ന അവളുടെ മടിച്ചൂടിലേക്ക് വീണ്ടും എന്റെ കവിളുകൾ ചാഞ്ഞു. ഞാൻ അപ്പോഴൊരു കുഞ്ഞായിരുന്നു. അങ്ങനെ തോന്നിക്കും വിധമായിരുന്നു അവളുടെ കൈകൾ എന്റെ തലയിലൂടെ ഇഴഞ്ഞത്…

‘വേണൂ… എവിടേക്കാണ്…?’

പിറ്റേന്ന് കാലത്ത് അവളേയും കൂട്ടി ഡോക്റ്ററെ കാണാൻ പോകുമ്പോൾ ഗോപലേട്ടൻ നീട്ടി ചോദിച്ചു. അയാൾ ആ നേരം സാബുവിന്റെ കടയുടെ മുന്നിലായിരുന്നു. വണ്ടിയൊതുക്കി ഞാൻ ഗോപാലേട്ടന്റെ അടുത്തേക്ക് നടന്നു. ആ മനുഷ്യൻ മുഖാന്തരം മുമ്പ് ഓട്ടമൊക്കെ കിട്ടിയിട്ടുണ്ട്. കടമായി അയ്യായിരം ഞാൻ കൊടുക്കാനുമുണ്ട്. എന്റെ അവസ്ഥ അറിയുന്നത് കൊണ്ട് അതിനായി ബലം പിടിക്കുന്നില്ലെന്നേയുള്ളൂ…

‘വണ്ടിയോടെ നിനക്കൊരു ജോലി ശരിയാക്കി തരട്ടെ ഞാൻ…?’

ദൈവം ഗോപലേട്ടന്റെ വേഷത്തിൽ എന്റെ മുന്നിൽ നിൽക്കുകയാണോ യെന്ന് ഞാൻ സംശയിച്ചു. കാതുകളിൽ പതിഞ്ഞ ആ ശബ്ദത്തെ തല ആവർത്തിച്ച് കേൾക്കുകയാണ്.

‘എവിടെയാണെങ്കിലും പോയിക്കൊള്ളാം ഗോപാലേട്ടാ…’

ഒരു നീളൻ ശ്വാസത്തെ പുറത്തേക്ക് വിട്ടുകൊണ്ടാണ് ഞാനത് പറഞ്ഞത്. എന്നാൽ നാളെ രാവിലെ വീട്ടിലേക്ക് വരൂവെന്നും, ഒരുമിച്ച് പോകാമെന്നും അയാൾ പറഞ്ഞു. ഡോക്റ്ററെ കാണാൻ എന്താ വിശേഷിച്ചെന്ന് ചോദിച്ചപ്പോൾ അവളുടെ കാര്യം സൂചിപ്പിച്ചിരുന്നു. ഭാഗ്യം വരുകയാണ് വേണൂവെന്ന് പറഞ്ഞ് ഗോപാലേട്ടൻ ചിരിച്ചു. ഒരു ചെറു നാണത്തോടെ ഞാനും കൂടുകയായിരുന്നു.

അന്ന് ഞങ്ങൾ ഡോക്റ്ററെ കണ്ടില്ല. ആ രാത്രിയിൽ മാറ്റം വരാൻ പോകുന്നുവെന്ന സന്തോഷത്തോടെ അവളെയും, വരാൻ പോകുന്ന ശ്വാസത്തെയും പൊതിഞ്ഞ് ഞാൻ കിടന്നു. എന്തൊരു ആശ്വാസ മായിരുന്നുവെന്നോ ഗോപാലേട്ടൻ സമ്മാനിച്ച ആ രാത്രിക്ക്.

‘അവർക്ക് വേറെ ആളെ കിട്ടിയെന്നാ പറയണെ…’

പിറ്റേന്ന് കാലത്ത് ഗോപാലേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ അയാൾക്ക് പറയാനുണ്ടായിരുന്ന ശബ്ദം ആയിരുന്നുവത്. എന്ത്‌ മറുപടിയാണ് നൽകേണ്ടതെന്ന് അറിയാതെ അൽപ്പ നേരം വണ്ടിയുടെ കമ്പിയിൽ പിടിച്ച് ഞാൻ നിന്നു. ഗോപലേട്ടനും തുടർന്ന് യാതൊന്നും പറയാനുണ്ടാ യിരുന്നില്ല. ഇറങ്ങും മുമ്പേ വിളിക്കാമെന്ന് കരുതിയപ്പോഴാണ് പോലും ആളെ കിട്ടിയെന്ന വിവരം അറിയുന്നത്. ഞാൻ എന്തൊരു ഭാഗ്യം കെട്ടവനാണല്ലേ..!

തിരിച്ച് പോകുമ്പോൾ വേഗത്തിൽ വീട്ടിലേക്ക് എത്തരുതെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ… ചെറിയ ദൂരം ആയിരുന്നിട്ടും മുന്നിലെ പാതയുടെ അറ്റത്തോളം പോകണമെന്ന് തോന്നി. എത്ര സഞ്ചരിച്ചാലും എത്താത്തയൊരു ദൂരത്തിലായിരുന്നു വീടെങ്കിൽ എത്ര നന്നാകു മായിരുന്നു! എന്നെ കാണുന്ന നേരം വരെയെങ്കിലും അവളുടെ ചിറിയിൽ സമാധാനം തൂകുമായിരുന്നു…

അടുത്ത വളവിലാണ് വീടെന്ന് കണ്ടപ്പോൾ ഞാൻ വണ്ടി ഒതുക്കി.
വിവരം അറിയുമ്പോൾ തലോടാൻ തുടങ്ങിയ വയറ് പിടിച്ച് അവൾ കരയുമോയെന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. അതിൽപ്പരം പരാജയം ഒരു പുരുഷന്റെ ജീവിതത്തിൽ വരാനില്ല. ചിന്തകളുടെ കലഹത്തിൽ ഫോൺ ശബ്‌ദിക്കുന്നത് പോലും വൈകിയാണ് ഞാൻ അറിഞ്ഞത്…

‘എടോ തിരിച്ചു വാടോ… അവർക്ക് കിട്ടിയ ആള് വരില്ല പോലും… ഇന്ന് തന്നെ നിനക്ക് ജോലിയിൽ കയറാം…’

ഗോപാലേട്ടൻ ആയിരുന്നു. ഫോൺ വെച്ചപ്പോൾ എന്റെ ദൈവമേ യെന്ന് വിളിച്ച് ഞാൻ കരഞ്ഞ് പോയി. സ്റ്റീറിംഗിൽ തല വെച്ച് എത്ര നേരം ആ റോഡരികിൽ കിടന്നുവെന്ന് ഓർമ്മയില്ല. കണ്ണുകൾ നനവിൽ പിടക്കുന്നത് നിർത്തിയപ്പോഴാണ് വണ്ടി സ്റ്റാർട്ട്‌ ചെയ്തത്. എന്തായാലും ഇവിടം വരെ എത്തിയ സ്ഥിതിക്ക് വീട്ടിൽ കയറിയിട്ട് പോകാമെന്ന് എനിക്ക് തോന്നി. ഒന്നിനുമല്ല, പെണ്ണുമ്പിള്ളയുടെ പൊക്കിൾ ചുഴിയിൽ ചുണ്ടുകളെ മുട്ടിക്കണമെന്ന ചിന്ത മാത്രമേ തത്സമയം തലയിൽ ഉണ്ടായിരുന്നുള്ളൂ…!!!

Leave a Reply

Your email address will not be published. Required fields are marked *