സമാഗമം
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷം തിരക്കിനിടയിൽ ഞങ്ങള് കണ്ടു മുട്ടി.
മത്തായിയുടെ ഉണക്കമീൻ കടയിൽ നത്തോലി വാങ്ങാൻ കയറിയ തായിരുന്നു ഞാൻ.
തൊട്ടു പുറകെ നിഴലായി മേരിക്കുട്ടിയും .
“മത്തായിച്ചാ ഉണക്കമുള്ളൻ ഉണ്ടോ?”
പെട്ടെന്നായിരുന്നു ആ ശബ്ദം അവിടെ മുഴങ്ങിയത്.
എവിടെയോ കേട്ടു മറന്ന ശബ്ദം.
ആകാംഷയോടെ ഞാൻ ചുറ്റും നോക്കി.
കറുത്ത ഗ്ലാസ് വച്ച, മുട്ടു വരെയെത്തുന്ന കളസവും ലൂസ് ബനിയനും ധരിച്ച ഒരു പരിഷ്കാരിപ്പെണ്ണ്.
കണ്ടിട്ട് ഒരു പരിചയവും തോന്നുന്നില്ല. എന്നാലും ശബ്ദം. അത് എവിടെയോ കേട്ടു മറന്ന പോലെ.
ആ മുഖം ഓർത്തെടുക്കാനായി മനസ്സിൽ എവിടെയൊക്കെയോ തിരഞ്ഞു.
“അരക്കിലോ മുള്ളനും അരക്കിലോ നത്തോലിയും”
ആ ശബ്ദം ഒരിക്കൽ കൂടി മുഴങ്ങി.
ഇത് മാറ്റാരുമല്ല. കട്ടപ്പാടത്തെ ലൂസി തന്നെ
ഒരു കാലത്ത് തന്റെ പിന്നാലെ നടന്നവൾ.
താനില്ലാതെ ജീവിക്കില്ല എന്നു പറഞ്ഞവൾ.
പക്ഷേ കോലമൊക്കെ മാറിയിരിക്കുന്നു. ഏതോ അമേരിക്കക്കാരനെ കെട്ടി നാട്ടിൽ നിന്നും പോയെന്നറിഞ്ഞിരുന്നു.
ഞാൻ മേരിക്കുട്ടിയെ നോക്കി.
അവൾ തൊട്ടടുത്തുള്ള കടയിൽ പച്ചക്കറി നോക്കുകയാണ്.
ഇങ്ങോട്ട് ശ്രദ്ധിക്കുന്നില്ല.
“ലൂസിയല്ലേ?”
ഞാൻ ആ പരിഷ്ക്കാരിയോട് പതിഞ്ഞ സ്വരത്തിൽ തിരക്കി.
ഒരു നിമിഷം ഉണക്കമീനിൽ നിന്നും ശ്രദ്ധ എന്റേ നേരെ തിരിച്ചവൾ കറുത്ത കണ്ണട നെറ്റിയിലേക്കുമുയർത്തി അപരിചിത ഭാവത്തിൽ നോക്കി.
“ജോണിക്കുട്ടിയാ .മറന്നോ.തോട്ടുമുഖം സ്കൂളിൽ നമ്മൾ ഒന്നിച്ചു പഠിച്ചിരുന്നു”
ഞാൻ അവളിൽ ഓർമ്മയുടെ വിത്തുകൾ പാകാൻ ശ്രമിച്ചു.
ആഫ്രിക്കൻ ഒച്ചിനെ കണ്ട മലയാളിയെപ്പോലെ അവളെന്നെയൊന്നു നോക്കി.
പെട്ടെന്നവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു. “ജോണീ നീയോ.
വാട്ട് എ സർപ്രൈസ്. ഓരോ വരവിലും നിന്നെ എവടെയൊക്കെ തിരഞ്ഞെന്നറിയാമോ”
അവൾ സ്ഥലകാല ഭേദം നോക്കാതെ എന്റെ നേർക്ക് അടുത്തതും താഴെ കിടന്നിരുന്ന പഴത്തൊലിയിൽ ചവിട്ടി മേലേക്ക് ലാൻഡ് ചെയ്തതും ഒന്നിച്ചായിരുന്നു.
ചുരുക്കി പറഞ്ഞാൽ ലൂസിയും ഞാനും നിലത്ത്.
ഞാൻ ഒരു നിമിഷം സ്തബ്ധനായി.
നാട്ടുകാർ മുഴുവൻ നോക്കുന്നു.
മേരിക്കുട്ടി എങ്ങാനും കണ്ടാൽ.
നല്ലവരായ ആരൊക്കെയോ ചേർന്ന് ലൂസിയെ പിടിച്ചെഴുന്നേൽപ്പിച്ചു ശരീരത്തിലെ പൊടിയൊക്കെ തട്ടിക്കൊടുക്കുവാൻ തുടങ്ങി.
എന്നെ എഴുന്നേൽപ്പില്ലുവാൻ ആരുമില്ലേയെന്ന് നിരാശപ്പെടുമ്പോൾ ഒരു കൈ സഹായത്തിനെത്തി.
മാറ്റാരുമല്ല സാക്ഷാൽ മേരിക്കുട്ടി .
അവളുടെ ക്രോധാഗ്നി ചിതറുന്ന കണ്ണുകളിലേക്ക് നോക്കാൻ പാട് പെടുമ്പോൾ ലൂസിയുടെ ശബ്ദം വീണ്ടും.
“ജോണിക്കുട്ടി എവടാ താമസിക്കുന്നേ “
“ഇവടെ അടുത്തു തന്നാ”
“എന്നാ നാളെ ഞായറാഴ്ച ഞാൻ വീട്ടിലേക്ക് വരാം. ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്”
“ഞായറാഴ്ച്ച ങ്ങേരു വീട്ടിൽ ഉണ്ടാകൂല്ല. ങേരുടെ അമ്മായിയപ്പന്റെ മരുമോന്റെ അടിയന്തിരാ”
മേരിക്കുട്ടിയാണ് മറുപടി പറഞ്ഞത്.
“ഓരോരുത്തര് വന്നോളും മനുഷ്യന്റെ സമാധാനം കളയാനായിട്ട്.വീട്ടിലേക്ക് ബാ “
ജോണിക്കുട്ടിയുടെ കയ്യും വലിച്ചുമുന്നോട്ടു നടക്കുമ്പോൾ മേരിക്കുട്ടി പിറുപിറുത്തു.
ശേഷം ചിന്ത്യം