എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ
ഉച്ച നേരത്ത് രണ്ട് പോലീസുകാർ വീട്ടിലേക്ക് വന്നപ്പോൾ അച്ഛൻ അവരുടെ കൂടെ പോയി. തിരിച്ച് വന്നത് സന്ധ്യ കഴിഞ്ഞിട്ടായിരുന്നു. ഒറ്റക്കായിരുന്നില്ല. എന്റെ പ്രായത്തിലുള്ളയൊരു കൗമാരക്കാരനും ഒപ്പം ഉണ്ടായിരുന്നു…
‘ആരാണിത്…?’
അമ്മയാണ് ചോദിച്ചത്. പറയാമെന്ന് പറഞ്ഞ് അച്ഛൻ അമ്മയെ മുറിയിലേക്ക് കൊണ്ടുപോയി കതകടച്ചു. പുറത്ത് കാര്യമറിയാതെ ഞാൻ പുകഞ്ഞ് നിൽക്കുകയാണ്. അച്ഛന്റെ കൂടെ വന്നവൻ ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടെങ്കിലും എന്റെ കണ്ണുകൾ പിടി കൊടുത്തില്ല. ശ്രദ്ധിച്ചാൽ അവന് അച്ഛന്റെ ഛായയൊക്കെ ഉണ്ട്. എന്റെ സംശയം ശരിയായിരുന്നുവെന്ന് എനിക്ക് തോന്നി. ഞാനല്ല. പണ്ട് കാണാതായിപ്പോയ ഇവിടുത്തെ മകൻ ആ വന്ന് കയറിയവനാണെന്ന് ഞാൻ തീർച്ചപ്പെടുത്തി.
‘മോനേ…’
എന്നും വിളിച്ച് കതക് തുറന്ന പാടെ അമ്മ അവനെ പൊതിഞ്ഞ് പിടിച്ച് മുഖത്തെല്ലാം ഉമ്മവെച്ചു. അച്ഛന്റെ കണ്ണുകളും നിറഞ്ഞു. ആ രംഗത്തിൽ ഞാൻ ഇല്ലായിരുന്നു. അവർ മൂന്ന് പേർ മാത്രം… അച്ഛനും അമ്മയും മകനും ഉൾപ്പെടുന്ന കുടുംബം മാത്രം…
‘എന്താടാ നോക്കി നിൽക്കുന്നേ… അടുത്തേക്ക് വാ… നിന്റെ സഹോദരനാണ്…’
എല്ലാം ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ അച്ഛൻ പറഞ്ഞതാണ്.
‘നിനക്ക് ഓർമ്മയുണ്ടോ ഇവനെ…? ‘
രണ്ട് പേരോടുമുള്ള അച്ഛന്റെ ചോദ്യമായിരുന്നുവത്. ഇല്ലെന്ന അർത്ഥത്തിൽ ഞങ്ങൾ നിന്നു.
‘ട്രെയിനിൽ വെച്ച് നിങ്ങൾ രണ്ടാളെയുമാണ് നമുക്ക് നഷ്ട്ടപ്പെട്ട് പോയത്… ഇപ്പോൾ രണ്ടാളെയും തിരിച്ച് കിട്ടി…’
അത് കേട്ടപ്പോൾ അമ്മ ഞങ്ങളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ വെക്കുകയായിരുന്നു. പൊള്ളിപ്പോയി…! എനിക്ക് തീർച്ചയാണ്. ഇത് എന്റെ വീടോ, കുടുംബമോ അല്ല… ഒരിക്കൽ പോലും രണ്ട് മക്കളുടെ കാര്യം പറഞ്ഞിട്ടുമില്ല. പത്ത് വർഷങ്ങൾക്ക് മുമ്പ് ഈ മുറ്റത്ത് എത്തിയപ്പോഴും എനിക്കത് തോന്നിയിരുന്നു. എത്രയോ വട്ടം അച്ഛനോടും അമ്മയോടും ഞാനത് പറഞ്ഞിട്ടുമുണ്ട്… അത് മോന് ഓർമ്മയില്ലാത്തത് കൊണ്ടല്ലേ എന്നായിരുന്നു ആ നേരം രണ്ട് പേർക്കും മൊഴിയാനുണ്ടാകുക…
ഓർമ്മയിൽ ആദ്യം തെളിയുന്നത് കുട്ടികളെല്ലാം കൂട്ടമായി താമസിക്കുന്നയൊരു മന്ദിരമാണ്. ഏതോ പിച്ചക്കാരനിൽ നിന്ന് മോചിക്കപ്പെട്ടതാണ് പോലും ഞാൻ. എങ്ങനെയാണ് അയാളുടെ കൈകളിലേക്ക് എത്തിയതെന്ന് ആ അറിവില്ലാ പൈതലിന് അറിയില്ലായിരുന്നു. ശേഷം കോടതിയാണ്.
യാത്രയിൽ ട്രെയിനിൽ നിന്ന് കാണാതായി പോയ മകനെ തിരിച്ച് കിട്ടിയ സന്തോഷ മുഖവുമായി രണ്ട് മനുഷ്യരെ ഞാൻ കണ്ടു. നിന്റെ അച്ഛനും അമ്മയുമാണെന്ന് പറയാൻ മുമ്പ്, മന്ദിരത്തിലേക്കും അവർ വന്നിട്ടുണ്ടായിരുന്നു. അവരെ എനിക്ക് ഓർത്തെടുക്കാനേ സാധിച്ചില്ല. തലയിൽ ഉറ്റവരെന്ന് തോന്നിപ്പിക്കുന്ന ആരും തെളിയുന്നുമില്ല. കോടതി എന്നെ അവരോടൊപ്പം പറഞ്ഞയക്കുകയായിരുന്നു.
പിന്നീടുള്ള എന്റെ ചുറ്റുപാടിൽ സ്നേഹപൂർവ്വമായ അന്തരീക്ഷമാണ് തെളിഞ്ഞത്. എട്ട് വയസ്സ് വരെ കൊള്ളാത്ത ആർദ്രത അവരുടെ ഓരോ ഇടപെടലിലും എനിക്ക് ലഭിച്ചു. ഞാൻ അവരുടെ മകൻ തന്നെയാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വേളയിലാണ് ഇങ്ങനെയൊരു രംഗം. ഞാൻ വീണ്ടും അനാഥനായിപ്പോയത് പോലെ…
നാളുകൾ കഴിഞ്ഞു. വേർതിരിവ് കാട്ടില്ലെന്ന സമീപനം തന്നെയായിരുന്നു അച്ഛനും അമ്മയ്ക്കും. അത്രയും ഇഷ്ടത്തോടെ എന്നെ ചേർത്ത് പിടിച്ചു. തമാശകൾ പറഞ്ഞു. പക്ഷെ, എന്റെ മുഖം ചിരികളെ സ്വാഗതം ചെയ്തില്ല. കാരണം മറ്റൊന്നും ആയിരിക്കില്ല. അന്യനാണെന്ന ബോധത്തിന്റെ വേട്ടയാടലിൽ ഞാൻ വീണ് പോയിരിക്കുന്നു… ഉറവിടം തേടി പോകാനുള്ള ചിന്ത ഉടലാകെ പിടികൂടിയിരിക്കുന്നു…
‘അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. ജന്മം തന്നവരെ തേടി ഞാൻ പോകുന്നു… ‘
ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഈ രണ്ട് വാചകം മാത്രമേ എനിക്ക് അവിടെ കുറിച്ച് വെക്കാൻ ഉണ്ടായിരുന്നുള്ളൂ… അവരത് വായിച്ച് ദുഃഖിക്കുകയോ, സന്തോഷപ്പെടുകയോ ചെയ്യുമായിരിക്കും. എന്തായാലും യഥാർത്ഥ മാതാപിതാക്കളെ തേടി ഒരുവൻ വന്നത് പോലെ ഞാനും ലക്ഷ്യത്തിലേക്ക് എത്തിച്ചേരും… നഷ്ടപ്പെട്ട് പോയ എന്നെ ഓർത്ത് എന്റെ ചോര എവിടെയെങ്കിലും ഉരുകുന്നുണ്ടാകും… ഉറവിടം കണ്ടെത്തിയേ തീരൂ… ഉറ്റവരെ തിരിച്ചെടുത്തേ തീരൂ…
നടക്കുന്തോറും നീളുന്ന തീവണ്ടി പാളം പോലെ വർഷങ്ങൾ നീറി നീറി നിരങ്ങി. അലഞ്ഞ് ജീവിച്ച എന്റെ തൊലിയിൽ വരൾച്ചയുടെ ചൊറി പിടിച്ചു. അങ്ങനെ ചൊറിഞ്ഞ് കൊണ്ട് ഒരുച്ചക്ക് പൊതു പൈപ്പിന്റെ അറ്റത്ത് വായ വെക്കാൻ പോയപ്പോഴാണ് പ്രായമുള്ള ഒരാൾ എന്നെ തടയുന്നത്. അയാളുടെ ഊഴമാണത്രെ.. ഞാൻ മാറി നിന്നു.
‘നിന്നെ ഇവിടെയൊന്നും മുമ്പ് കണ്ടിട്ടില്ലല്ലോ… ആരാ?’
പോകാൻ നേരം അയാൾ ചോദിച്ചതാണ്. കുറച്ച് വെള്ളം കുടിച്ച ശേഷം ഞാൻ മറുപടി പറഞ്ഞു. അച്ഛനേയും അമ്മയേയും അന്വേഷിച്ച് പോകുകയാണെന്ന ശബ്ദം കേട്ടപ്പോൾ അയാൾ ചിരിക്കുകയായിരുന്നു. തുടർന്ന്, അവരൊക്കെ എവിടെയാണ് ഉള്ളതെന്ന് ചോദിച്ചു. തല കുനിക്കാനേ എനിക്ക് നിവർത്തിയുണ്ടായിരുന്നുള്ളൂ…
‘ആട്ടെ… നീ എവിടുന്നാണ് വരുന്നത്…?’
അതും ഞാൻ പറഞ്ഞു. അപ്പോൾ ആ മനുഷ്യൻ എന്നെ കെട്ടിപ്പിടിക്കുകയും, കവിളിൽ ഉമ്മവെക്കുകയും ചെയ്തു. ശേഷം, എനിക്കും നിനക്കും പ്രാന്താണേയെന്ന് പാടിക്കൊണ്ട് തുള്ളിച്ചാടി പോകുകയും ചെയ്തു. എനിക്ക് കാര്യമായിട്ടൊന്നും മനസ്സിലായില്ല. ദേഹം കൂടുതൽ ചൊറിയുന്നത് പോലെ തോന്നിയപ്പോൾ ആ പൊതു പൈപ്പിന്റെ ചുവട്ടിൽ ഞാൻ ഇരുന്നു… ദേഹം മാത്രമല്ല…. ഉള്ളിന്റെ അസ്ഥി പോലും കുതിർന്ന് പോയി…
ഏതോയൊരു ട്രെയിൻ യാത്രയിൽ കുഞ്ഞ് നഷ്ടപ്പെട്ട രണ്ട് മനുഷ്യർ മുന്നിൽ തെളിയുകയാണ്. ഭാഗ്യമെന്ന പോലെ ഏഴെട്ട് വർഷങ്ങൾക്ക് ശേഷം അവർക്ക് ആ കുഞ്ഞിനെ തിരിച്ച് കിട്ടുന്നു. പിന്നേയും അത്രത്തോളം കാലം തീർന്നപ്പോൾ താനാണ് യഥാർത്ഥ മകനെന്ന് പറഞ്ഞ് ഒരുവൻ വരുകയാണ്. അപ്പോഴും എന്നെ വിട്ട് കളയാൻ അവർ ശ്രമിച്ചിരുന്നില്ല. ഞങ്ങളുടെ തലയിലൊരു തെറ്റിധാരണ വരരുതെന്ന ഉദ്ദേശ്യത്തിൽ ആയിരിക്കണം അന്ന് രണ്ടുപേരെയാണ് നഷ്ടപ്പെട്ടതെന്ന് അച്ഛൻ പറഞ്ഞത്.
ഉറവിടം തേടി ഇറങ്ങിയ ഞാനൊരു വിഷാദ ഉന്മാദത്തിന്റെ ഊഞ്ഞാലിൽ ഇത്രയും കാലം വെറുതേയിരുന്ന് ആടുകയായിരുന്നു. അർത്ഥമില്ലാത്ത തേടലുകൾ ഒരു മനുഷ്യനെ ഇല്ലാതാക്കാൻ പോലും കെൽപ്പുള്ള ചിന്തയാണെന്ന് ആ നനവിൽ എനിക്ക് തോന്നി. വല്ലാതെ കുളിരുന്നത് പോലെ… തിരിച്ച് പോകൂവെന്ന് ആരോ പറയുന്നത് പോലെ…
രണ്ടാൾക്കും ഭ്രാന്താണെന്ന് പറഞ്ഞ് മുമ്പ് കെട്ടിപ്പിടിച്ച മനുഷ്യനെ ഓർത്ത് കൊണ്ടായിരുന്നു തിരിച്ചുള്ള സഞ്ചാരം. താളം പൂർണ്ണമായും തെറ്റിയിട്ടില്ലായെന്ന തെളിവ് പോലെ വീട്ടിലേക്കുള്ള വഴി എവിടെയും പിഴച്ചില്ല. അതാ.. മുറ്റത്ത് അമ്മ നിൽക്കുന്നു… സഹോദരൻ വണ്ടി കഴുകുന്നു…
‘ആരാ…? ഇവിടെ ഒന്നുമില്ല…’
എന്നെ കണ്ടതും അമ്മ പറഞ്ഞു. അവർക്ക് എന്നെ തിരിച്ചറിയാൻ സാധിച്ചില്ല. വേഷം കൊണ്ടും ശരീരം കൊണ്ടും അത്രത്തോളം ഞാൻ മുഷിഞ്ഞിരിക്കുന്നു. സാരമില്ല. ഞാൻ തിരിഞ്ഞ് നടന്നു. ഗേറ്റ് താണ്ടും മുമ്പേ മോനേയെന്ന അമ്മയുടെ വിളി എന്റെ കാതിൽ വീണിരുന്നു. ആ പുണരലിൽ കവിളുകൾ കവിഞ്ഞിരുന്നു…
ഒടുവിൽ, അച്ഛൻ എവിടെയാണെന്ന് ചോദിക്കാനാണ് ഞാൻ അമ്മയിൽ നിന്ന് അടർന്ന് മാറിയത്…
‘നീ പോയതിൽ പിന്നെ അച്ഛൻ പുറത്തിറങ്ങിയിട്ടില്ല…’
അങ്ങനെയൊരു മറുപടി ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. മാപ്പ് അർഹിക്കാത്ത തെറ്റാണ് ചെയ്‌തതെന്ന തരംഗങ്ങൾ തലയുടെ നാനാദിക്കുകളിൽ നിന്ന് കാതുകളിൽ വീഴുന്നു. ഉമ്മറപ്പടിയിൽ തൊടാൻ പാകം മുട്ട് കുത്തിയിരിക്കാനെ ആ നേരം എനിക്ക് തോന്നിയുള്ളൂ…
കണ്ണുകൾ പെയ്യുകയാണ്. കവിളിലൂടെ ഒഴുകുന്നതും തറയിലേക്ക് ഇറ്റിറ്റ് വീഴുന്നതും രക്തമാണ്. ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് അച്ഛനായ മനുഷ്യന്റെ വിയർപ്പാണ്. അതിന്റെ ഫലത്തിലാണ് ഉറവിടം തിരഞ്ഞ് പോകാനുള്ള ഈ ജീവിതം എനിക്ക് ഉണ്ടായിരിക്കുന്നത്.
ചിന്താഗതി മണ്ടത്തരം ആയിരുന്നുവെങ്കിലും ചിലതൊക്കെ മണ്ടയിൽ തെളിയുന്നുണ്ട്. തുടർ ജീവിതത്തിനായുള്ള നിലനിൽപ്പിന്റെ ഊർജ്ജം കിട്ടിയ ഇടം തന്നെയാണ് ഉറവിടം. അത് തീർച്ചയായും ഞാൻ പോയതിൽ പിന്നെ പുറത്തിറങ്ങാത്ത ആ മനുഷ്യന്റെ മാറിൽ തന്നെയാണ്.
എനിക്ക് നല്ല ഓർമ്മയുണ്ട്. ഓർമ്മകളൊന്നും ഇല്ലാത്ത എന്നെ മോനേയെന്ന് വിളിച്ച് ചേർത്തണച്ച അച്ഛന്റെ സന്തോഷം കൺകുളിർക്കേ മന്ദിരത്തിൽ നിന്ന് ഞാനന്ന് കണ്ടതാണ്. ആ മനുഷ്യനെയാണ് വേദനിപ്പിച്ചിരിക്കുന്നത്. സഹിക്കാൻ കഴിയുന്നില്ല. അച്ഛാ മാപ്പെന്ന് പറയാൻ പോലും പറ്റാത്ത വിധം തൊണ്ട പൊട്ടിക്കരഞ്ഞു.
മുറ്റത്ത് നിന്ന് പടികളിലേക്ക് ചാരി വെച്ചയൊരു ഏണി പോലെ ഞാൻ പിണഞ്ഞ് കിടക്കുകയാണ്. എഴുന്നേൽക്കെന്ന് അമ്മയും, സഹോദരനും പറഞ്ഞെങ്കിലും എനിക്കതിന് സാധിച്ചില്ല. വിങ്ങി വിങ്ങി തളർന്നപ്പോൾ രണ്ട് പരുക്കൻ കൈകൾ എന്റെ തോളിൽ തൊട്ടു. കണ്ണീരിന്റെ മൂടലിലും അത് അച്ഛനാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ക്ഷമിച്ചെന്ന് പറയാതെ പറയാൻ എന്നെയൊരു തൂവൽ പോലെ അച്ഛൻ ഉയർത്തുകയായിരുന്നു…
കണ്ടെത്തലുകളെല്ലാം തെറ്റായിരുന്നുവെന്ന് ബോധ്യമാകാൻ ആ ഒരു രംഗം മാത്രം മതിയായിരുന്നു. മനുഷ്യനാണ്. ചിലപ്പോൾ ഉറവിടം തേടി പോകുമായിരിക്കും. ജീവിതങ്ങൾക്ക് ഊർജ്ജമാണ് മുഖ്യം. അതിനുള്ള സാഹചര്യത്തിലേക്ക് എത്തിക്കാൻ വളർത്തുന്നവർ തന്നെയാണ് പരമമായ പ്രാധാന്യം അർഹിക്കുന്നത്.
അങ്ങനെ നോക്കിയാൽ എന്റെ ഉറവിടം ഇവിടം തന്നെയാണ്. ആ തോന്നലിൽ ദേഹമൊഴിഞ്ഞ തുണി പോലെ അച്ഛന്റെ ചുവട്ടിലേക്ക് വീണ്ടും ഞാൻ വീഴുകയായിരുന്നു… അച്ഛാ മാപ്പെന്ന് നാക്ക് വിതുമ്പുമ്പോൾ, ചിറികൾ തമ്മിൽ പരസ്പരം വിറക്കുകയായിരുന്നു…!!!