story written by Sajitha Thottanchery
തിമിർത്തു പെയ്യുന്ന തുലാവർഷ മഴയെ നോക്കി ഒരു ഗ്ലാസ് ചായയും കയ്യിൽ വച്ചു സുജാത ഉമ്മറ തിണ്ണയിൽ വന്നിരുന്നു.
“സുജൂ”അകത്തു നിന്നും ദാസേട്ടന്റെ വിളി കേട്ടപോലെ അവൾക്ക് തോന്നി.
“എന്തോ “എന്ന് മറുവിളി നൽകിയപ്പോഴാണ് ഇനി ആ വിളി ഇല്ലല്ലോ എന്ന് അവൾ പെട്ടെന്ന് ഓർത്തത്.
സുജാതയും ദാസും . ഐഡിയൽ couples. ജീവിക്കാണേൽ നിങ്ങളെ പോലെ ജീവിക്കണം.
എല്ലാരുടേം കണ്ണ് തട്ടിയതാകാം. കാലം പെട്ടെന്ന് അദ്ദേഹത്തെ കവർന്നെടുത്തത്. കുറച്ചു നാൾ മുൻപ് ഇത്പോലെ മഴയും കണ്ട് ചാരുകസേരയിൽ ഇരിക്കായിരുന്നു. ഉറങ്ങാകും എന്ന കരുതിയെ. കുറച്ചു കഴിഞ്ഞു വന്നു തൊട്ടു നോക്കിയപ്പോൾ തണുത്തു മരവിച്ചപോലെ……..
ഓർക്കും തോറും സുജാതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഇനിയെല്ലാം ഒന്നിൽ നിന്നും പഠിക്കണം. മക്കൾ രണ്ടുപേരും ചടങ്ങുകൾ കഴിഞ്ഞു തിരിച്ചുപോയി. രണ്ടുപേരും വിദേശത്താ.കൂടെ വരാൻ നിർബന്ധിച്ചു. ഈ വീടിനെ പൂട്ടിയിട്ട് പോകാൻ മനസ്സ് അനുവദിച്ചില്ല. വീടിന്റെ ഓരോ മുക്കിലും മൂലയിലും ദാസിന്റെ സാന്നിധ്യം അവൾ അറിഞ്ഞു. അയാളുടെ നിശ്വാസങ്ങൾ അവിടെ തങ്ങി നിൽക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.
ഇത്ര നാൾ മക്കൾ ഒക്കെ ഉണ്ടായിരുന്നപ്പോൾ അത്ര ബുദ്ധിമുട്ട് അവൾക്ക് തോന്നിയില്ലായിരുന്നു. എല്ലാവരും പോയി തനിച്ചായപ്പോൾ അയാളുടെ കുറവ് അവളെ വല്ലാതെ ശ്വാസം മുട്ടിച്ചിരുന്നു. ശെരിക്കും മക്കളൊക്കെ കല്യാണം കഴിഞ്ഞു പോയതിനു ശേഷമാണു തങ്ങൾ ശെരിക്കും പ്രണയിക്കാൻ തുടങ്ങിയതെന്ന് അവളോർത്തു.
“സുജൂ…. നമുക്കൊരു ഡ്രൈവ് പോയാലോ? “മഴ പെയ്യാൻ തുടങ്ങുന്ന സായാഹ്നങ്ങളിൽ അയാൾ പറയും.
ഒരുമിച്ച് പഴയതും പുതിയതുമായ ഒരുപാട് കാര്യങ്ങൾ സംസാരിച്ച് ചന്ദ്രേട്ടന്റെ കടയിൽ നിന്നും ഒരു ചായേം കുടിച്ചു രാത്രിയിലേക്കുള്ള ഭക്ഷണവും വാങ്ങി അവർ തിരിച്ചു വരും.
“കറിക്കുള്ള തേങ്ങ ഞാൻ ചിരകി തരാം.”അടുക്കളയിൽ അവൾ കയറിയാൽ പിന്നാലെ ദാസ് ഉണ്ടാകും.
തുണി അലക്കിയാൽ അത് വിരിക്കാൻ, കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്ത് വയ്ക്കാൻ….. അങ്ങനെ അങ്ങനെ അവൾ ചെയ്യുന്ന ഏത് പണിക്കും അയാൾ കൂടെ കൂടും.
രണ്ടു മണിക്കൂറിൽ കൂടുതൽ മിണ്ടാതിരുന്നാൽ രണ്ടാൾക്കും ശ്വാസം മുട്ടും. എന്തെങ്കിലും കാരണം ഉണ്ടാക്കി രണ്ടിലൊരാൾ മിണ്ടി പിണക്കം തീർക്കും.
എവിടെ പോകുമ്പോഴും കൂടെ കൂട്ടും.ഒന്നും തനിയെ ചെയ്യാൻ അനുവദിച്ചില്ല അവളെ.വീട്ടിലേക്ക് ആവശ്യമുള്ള എല്ലാം അയാൾ തന്നെ വാങ്ങിക്കൊണ്ട് വരും. അവളും അത് ആസ്വദിക്കുകയായിരുന്നു. ഒന്നും തനിയെ ചെയ്യാൻ അവളും പരിശ്രമിച്ചില്ല.
പക്ഷേ ആ സ്നേഹം മുന്നോട്ട് നടക്കാൻ അറിയാതെ ഇരുട്ടത്ത് തപ്പുന്ന ഒരവസ്ഥയിൽ തന്നെ എത്തിക്കുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല.
ആദ്യത്തെ കുറച്ചു മാസങ്ങൾ കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ ചേച്ചിയുടെ മകൻ വരുമായിരുന്നു. പിന്നീട് അവനു അത് ബുദ്ധിമുട്ടാണെന്ന് പറയാതെ പറയാൻ തുടങ്ങി.
“ചിറ്റ വീട്ടിൽ തനിയെ ഇരിക്കല്ലേ. ഒന്ന് പോയി നോക്ക്. എനിക്ക് ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്.”പുറത്ത് നിന്നു എന്തോ വാങ്ങാനായി ഒരു ദിവസം വിളിച്ചു പറഞ്ഞപ്പോൾ അവൻ പറഞ്ഞു.
പതിയെ ബാഗുമെടുത്തു uber കാത്തു നിന്നപ്പോൾ മുറ്റത്തു പൊടി പിടിച്ചു കിടക്കുന്ന കാർ നോക്കി സുജു നെടുവീർപ്പിട്ടു.
“അമ്മയെ കൂടി ഓടിക്കാൻ പഠിപ്പിച്ചൂടെ അച്ഛാ.”എപ്പോഴോ ഒരിക്കൽ മൂത്ത മകൾ ഫോൺ ചെയ്തപ്പോൾ ചോദിച്ചത് അവൾ ഓർത്തു.
“എന്തിന്, അവൾ ഞാൻ ഓടിക്കുന്ന വണ്ടിയിൽ ഇരുന്നാൽ മതി. ഇനി അത് പഠിക്കാൻ പോയി വല്ലിടത്തും തട്ടി മുട്ടി എന്തെങ്കിലും സംഭവിക്കണോ.”ഇതൊക്കെ ഓവർകെയർ ആണ് അച്ഛാ… അന്ന് അവൾ അച്ഛനോട് അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് അസൂയ ആണെന്ന് പറഞ്ഞു സുജു കളിയാക്കി.
പക്ഷെ അന്ന് പഠിച്ചിരുന്നെങ്കിൽ….
അത് മാത്രം അല്ല. തനിയെ ഒന്ന് പുറത്തിറങ്ങാൻ, കടയിൽ കയറി എന്തെങ്കിലും ഒന്ന് വാങ്ങാൻ…. എല്ലാം ഓൺലൈനിൽ കിട്ടുമെങ്കിലും തനിയെ പുറത്ത് പോകേണ്ട കാര്യങ്ങൾക്ക് തനിച്ചു തന്നെ പോകണ്ടേ. അല്ലെങ്കിലും ആരും നാളെ ഒരിക്കൽ തനിച്ചാവുന്ന അവസ്ഥയെ ആലോചിക്കില്ലല്ലോ. എന്നും ആ തണലിൽ അയാളെ ആശ്രയിച്ചു കഴിയാൻ ആയിരുന്നു അവളുടെ ആഗ്രഹം. പക്ഷേ വിധി എന്നൊന്ന് ഉണ്ടല്ലോ.പിന്നെ Govt സെർവീസിൽ ആയിരുന്നതിനാൽ ചാവുന്ന വരെ പെൻഷൻ വരും. അത് കൊണ്ട് അതിനു മാത്രം ആരേം ബുദ്ധിമുട്ടിക്കേണ്ടി വരാത്തത് ഒരു ഭാഗ്യം എന്ന് സുജു മനസ്സിൽ കരുതി.
ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ഗ്യാസ് കുറ്റി തീർന്നപ്പോൾ അത് മാറ്റി വയ്ക്കാൻ അറിയാത്തത് ആണ്. അടുത്ത വീട്ടിലെ സ്വാതി യെ അതിനു വിളിച്ചു കൊണ്ട് വന്നപ്പോൾ,ദാ ന്ന് പറയണ നേരം കൊണ്ട് അവൾ അത് മാറ്റി വച്ചു കൊടുത്തു.
“ഇത്ര എളുപ്പായിരുന്നോ ഇത്. “അവൾ അത് ചെയ്യുന്നത് നോക്കി നിന്ന സുജു പറഞ്ഞു
അവളുടെ സാന്നിധ്യത്തിൽ തന്നെ അത് ഊരി മാറ്റി ഒന്നുടെ സ്വയം ചെയ്ത് നോക്കി. ആദ്യമായി അത് പഠിച്ചപ്പോൾ നടക്കാൻ പഠിച്ച ഒരു കൊച്ചു കുട്ടിയുടെ സന്തോഷം തോന്നി അവൾക്ക്.
“നീ ചെയ്താൽ ശെരിയാകില്ല സുജു.”എന്ന് പറയുന്നതിന് പകരം “നീ അതൊന്നു ചെയ്ത് നോക്കു” എന്ന് ഒരിക്കലും അയാൾ പറഞ്ഞില്ല. ചെയ്ത് നോക്കണമെന്ന് അവൾ ആഗ്രഹിച്ചുമില്ല.ഇത് മാത്രമല്ല മറ്റു പലതും.
“ഇപ്പൊ എല്ലാം യൂട്യൂബിൽ കിട്ടും സുജു ചേച്ചി. ഒന്ന് സെർച്ച് ചെയ്ത് നോക്കിയാൽ മതി. എല്ലാത്തിനും വീഡിയോസ് ഉണ്ട്. നമുക്ക് അറിയാത്ത പലതും പഠിപ്പിച്ചു തരുന്ന വീഡിയോസ്. പിന്നേ പുറത്ത് പോയി പഠിക്കേണ്ടതൊക്കെ സ്വയം പഠിക്കണം. ഡ്രൈവിംഗും പഠിക്കാലോ. ചേച്ചിയെക്കാൾ പ്രായമായവർ പോകുന്നുണ്ടെന്നേ.”സ്വാതി ധൈര്യം പകർന്നു.
“ഞാൻ മക്കളോടൊന്ന് ചോദിക്കട്ടെ.”സുജു പറഞ്ഞു.
“ഇനിയെങ്കിലും സ്വന്തമായി തീരുമാനിക്ക് സുജു ചേച്ചി. അവർ വരുമ്പോ സർപ്രൈസ് ആയിരിക്കണം അവർക്ക്. അതല്ലേ അതിന്റെ ഒരു ത്രിൽ.”സ്വാതി അത് പറഞ്ഞപ്പോൾ അന്ന് ആദ്യമായി സ്വന്തമായി തീരുമാനങ്ങൾ എടുക്കാത്ത സ്വന്തമായി അഭിപ്രായങ്ങൾ ഇല്ലാത്ത തന്നിലേക്ക് ഒന്ന് നോക്കി.
ശെരിയാണ്. ബാല്യവും കൗമാരവും അച്ഛനമ്മമാരുടെ കീഴിൽ. ഒന്നിനും സ്വന്തമായി അഭിപ്രായങ്ങൾ ഇല്ലായിരുന്നു. പഠിക്കുന്നതോ ജോലി നേടിയതോ ഒന്നും സ്വന്തം അഭിപ്രായങ്ങൾക്ക് അനുസരിച്ചു അല്ലായിരുന്നു. അനുസരിക്കാൻ ആയിരുന്നു അന്നും ഇഷ്ടം. കല്യാണത്തിന് ശേഷവും അത് തുടർന്നു. മറിച്ചു ചിന്തിക്കേണ്ട ഒരു അവസരവും വന്നിട്ടില്ല ജീവിതത്തിൽ.
“ഇനി മാറണം. മാറിയേ പറ്റു ” കണ്ണാടി നോക്കി സ്വയം പറഞ്ഞു.
ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും തനിയെ കാര്യങ്ങൾ ചെയ്യാൻ അവൾ പരിശീലിച്ചു.
“ചെയ്ത് തരാൻ ആരൊക്കെ ഉണ്ടെങ്കിലും സ്വയം ചെയ്യാൻ കൂടി പഠിക്കണം. നാളെ ഏത് അവസ്ഥയിൽ ആയാലും തനിയെ ജീവിക്കാൻ കൂടി അറിഞ്ഞിരിക്കണം.”പണ്ടത്തെ സുജാതയെ പോലെ ഉള്ളവരോട് അങ്ങനെ പറയാനും അവൾ മറന്നില്ല.
അടുത്ത അവധിക്ക് മക്കൾ വരുമ്പോൾ അവരെ കൂട്ടാനായി എയർപോർട്ടിലേക്ക് സ്വയം വണ്ടി ഓടിച്ചു ചെന്ന അമ്മയെ കണ്ട് മക്കൾ അത്ഭുതപ്പെട്ടു.
“എന്റമ്മോ…. എന്താ ഈ കാണുന്നെ.”അമ്മയെ കെട്ടിപ്പിടിച്ചു മക്കൾ അത് പറയുബോൾ എന്തൊക്കെയോ നേടിയെടുത്ത സന്തോഷം ആയിരുന്നു സുജാതക്ക്.