എഴുത്ത്:- ഞാൻ ഗന്ധർവൻ
“ഞാന്‍ നിന്നെ കല്യാണം കഴിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നതേ, എന്റെ ഉപ്പയേയും ഉമ്മയേയും നോക്കാനാണ്. അല്ലാതെ എല്ലാ മാസവും നിന്റെ വീട്ടില്‍ പോയി പെറ്റു കിടക്കാനല്ല”
ഫഹദ് പൊട്ടിത്തെറിക്കുന്നത് കണ്ട ഹസി ദയനീയമായി അവനെയൊന്ന് നോക്കി
“ഇങ്ങളെന്തിനാണ് ഇക്കാ ഇങ്ങനെ ഒച്ചയെടുക്കുന്നേ…? മാസത്തില്‍ മൂന്നോ നാലോ ദിവസം എന്റെ വീട്ടില്‍ പോയി നില്‍ക്കുന്നതാണോ ഇത്ര വലിയ തെറ്റ്”
“അങ്ങനെ മാസാമാസമൊന്നും നിന്റെ വീട്ടില്‍ പോയി നില്‍ക്കാന്‍ പറ്റില്ല. എന്റെ വീടും വീട്ടുകാരും കഴിഞ്ഞിട്ടു മതി നിന്റെ വീട്ടിലെ കാര്യം”
“അതെന്താ ഇക്കാ അങ്ങനെ…? കല്യാണം കഴിഞ്ഞെന്ന് കരുതി പെൺകുട്ടികൾ സ്വന്തം വീടും വീട്ടുകാരേയും ഉപേക്ഷിക്കണം എന്നാണോ…? ഇക്കയെപ്പോലെ എനിക്കും ഇല്ലേ ഉപ്പയും ഉമ്മയും സഹോദരങ്ങളും കുടുംബക്കാരുമൊക്കെ, എനിക്കും ആഗ്രഹം ഉണ്ടാവില്ലേ വല്ലപ്പോഴും അവരോടൊപ്പം ചിലവഴിക്കാൻ”
ഇത് കേട്ടതും തന്റെ കൺമുന്നിൽ കണ്ടതൊക്കെ എറിഞ്ഞുടച്ച് ഫഹദ് അലറി
“നീ കൂടുതല്‍ ചിലക്കൊന്നും വേണ്ട. ഒന്നുകില്‍ ഇവിടെ അല്ലെങ്കില്‍ അവിടെ, രണ്ടുംകൂടി നടക്കില്ല. ഏതാ വേണ്ടത് എന്ന് നീ തീരുമാനിച്ചോ”
ഇത്രയും പറഞ്ഞ് ഫഹദ് ദേഷ്യത്തോടെ വീടിന് പുറത്തേക്ക് പോയി. ഹസി പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയില്‍ കയറി വാതിലടച്ചു.
അന്ന് രാത്രി…
ഫഹദ് ഭക്ഷണമൊക്കെ കഴിച്ച് ഫോണിലും തോണ്ടി കിടക്കുമ്പോഴാണ് കുളിച്ച് നല്ല പെർഫ്യൂം ഒക്കെ അടിച്ച് മുഖവും വീർപ്പിച്ച് ഹസി റൂമിലേക്ക് വന്നത്. അവനോട് ഒന്നും മിണ്ടാതെ ദേഷ്യത്തോടെ അവൾ ഉറങ്ങാൻ കിടന്നു. ഹോ!!! അവളിങ്ങനെ അടുത്ത് വന്ന് കിടന്നപ്പോൾ ന്റെ സാറേ… ഹസിയുടെ മണം മത്ത് പിടിപ്പിച്ചു ഫഹദിനെ. അവൻ ഫോൺ താഴെ വെച്ച് ചെരിഞ്ഞ് കിടക്കുന്ന ഹസിയുടെ പിറകിലൂടെ കെട്ടിപിടിച്ച് അവളുടെ ചെവിയിൽ മെല്ലെ ഉമ്മവെച്ച് പിൻകഴുത്തിൽ പതുക്കെ കടിച്ചു
“ഇക്കൂന്റെ പൊന്ന് ഇങ്ങ് വാ”
ഇത് കേട്ടപ്പോൾ ഹസിയുടെ കാലിന്റെ പെരുവിരലിൽ നിന്നും നെറ്റിയിലേക്ക് റോക്കറ്റിന്റെ വേഗത്തിൽ ദേഷ്യം ഇരച്ച് കയറി. അവൾ അവന്റെ കൈ തട്ടിമാറ്റി
“പൊന്ന്… ഒന്ന് പോയേ ഇക്കാ. എന്തൊക്കെയാ രാവിലെ പറഞ്ഞേ. ഇങ്ങക്ക് എന്നോട് ഒരു സ്നേഹോം ഇല്ല. അതെനിക്ക് മനസിലായി”
“ന്റെ മുത്തുമണിയോടല്ലാതെ പിന്നെ എനിക്ക് ആരോടാ സ്നേഹം ഉള്ളത്. നീയെന്റെ ജീവനല്ലേ പൊന്നേ”
“എന്നിട്ടാണോ ഞാൻ വീട്ടിൽ പോവാൻ ചോദിച്ചപ്പോൾ എന്റേനേരെ കിടന്ന് ചാടിയത്”
“അത് ഞാൻ ബിസിനസ് ടെൻഷനിൽ നിൽക്കുമ്പോഴാണ് ന്റെ പൊന്ന് അത് ചോദിച്ചത്. നിന്നോടല്ലേ എനിക്ക് അങ്ങനൊക്കെ പറയാൻ പറ്റൂ. നീ ന്റെ മാത്രം അല്ലേ, ന്റെ ജീവൻ”
ഹസിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു
“അപ്പൊ ഞാൻ നാളെ വീട്ടിൽ പോട്ടേ”
“അതുശരി, പിന്നെ പോവേണ്ടേ, നിന്റെ ഉപ്പാക്കും ഉമ്മാക്കും നിന്നെ കാണാൻ ആഗ്രഹം ഉണ്ടാവില്ലേ. നിനക്ക് കസിൻസിന്റെ കൂടെയൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാൻ താല്പര്യം ഉണ്ടാവില്ലേ. നിന്റെ ഇഷ്ടാണ് എന്റേം. ഞാൻ തന്നെ രാവിലെ ന്റെ പൊന്നിനെ വീട്ടിൽ കൊണ്ടാക്കാം. ഒരാഴ്ച്ച അവിടെ നിന്നോ ന്റെ പൊന്ന്”
ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ഹസിക്ക് തുള്ളി ചാടാൻ തോന്നി. അവൾ ഫഹദിന്റെ കെട്ടിപിടിച്ച് തുരുതുരാ ഉമ്മവെച്ചു. ഫഹദ് അവളെ തന്നിലേക്ക് അടുപ്പിച്ചു… ലൈറ്റ് അണഞ്ഞു.
അടുത്ത ദിവസം രാവിലെ…
“ഇക്കാ എന്ത് ഉറക്കാ ഇത്. എഴുന്നേക്ക്. ഞാനിതേ റെഡിയായി”
ഉറക്കത്തിൽ നിന്നും ഉണർന്ന് കണ്ണ് തിരുമ്മി ഫഹദ് ഹസിയെ നോക്കി
“നീ എങ്ങോട്ടാ അണിഞ്ഞൊരുങ്ങി രാവിലെതന്നെ”
“എന്റെ വീട്ടിലേക്ക്… ഇങ്ങളല്ലേ എന്നെ കൊണ്ടാക്കിതരാം പറഞ്ഞേ”
ഇത് കേട്ടതും ദേഷ്യത്തോടെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് ഫഹദ് അലറി
“ചിലക്കാതെ പൊക്കോ നീ… അവളുടെ ഒരു വീട്…”
കാര്യം കാണാൻ പാവം ഭാര്യമാരെ പറഞ്ഞ് പറ്റിക്കുന്ന ഭർത്താക്കന്മാർക്ക് ഈ കഥ സമർപ്പിക്കുന്നു…
തത്തയെ വാങ്ങിച്ച് കൂട്ടിലിട്ട് നാല് നേരം തിന്നാൻ കൊടുത്താൽ അതിനർത്ഥം നിങ്ങൾക്ക് ആ തത്തയോട് ഭയങ്കര സ്നേഹാണ് എന്നല്ല. ആ തത്ത നിങ്ങൾ പറയുമ്പോഴൊക്കെ “തത്തമ്മേ പൂച്ച പൂച്ച” എന്ന് ഉച്ചത്തിൽ പറഞ്ഞാലും അത് മനസ്സിൽ നിങ്ങളെ പ്രാകുന്നുണ്ടാകും, ഉറപ്പാണ്…
ആരും ആർക്കും അടിമയല്ല, വിവാഹം ഒരു തടവറയും അല്ല…