എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
കുളിക്കാനും, അലക്കാനുമൊക്കെ നാട്ടിലെ പെണ്ണുങ്ങൾ സമീപിക്കുന്ന പുഴയിലേക്ക് വീട്ടിൽ നിന്ന് ആഞ്ഞ് നടക്കേണ്ട ദൂരമേയുള്ളൂ. പണിയില്ലാത്ത നാളുകളിലൊക്കെ ആ കടവിലേക്ക് ഒളിക്കണ്ണെറിയാൻ ഞാൻ പോകാറുണ്ട്. അന്നും, നയന സുന്ദരമായ ആ കാഴ്ച്ചയിലേക്ക് മിഴിയെറിയാൻ എനിക്ക് അവസരം ലഭിച്ചു.
കടവിൽ നിന്ന് അൽപ്പം മാറിയുള്ള തെങ്ങിൻ കൂട്ടത്തിലെയൊരു തടിയിൽ ചാരി, നാടിന്റെ പെണ്ണഴകുകളെ ഞാൻ ആസ്വദിക്കുകയാണ്. അപ്പോഴാണ്, കുറേ പിള്ളേര് ആ കടവിലേക്ക് ഓടി വന്നത്. സകലതും ഉടുത്തിരിക്കുന്ന തുണിയോടെ ഒറ്റ ചാട്ടമായിരുന്നു. കണ്ണുകളെ കൂർപ്പിച്ചപ്പോഴാണ് അതിൽ എന്റെ മോൻ ദീപനും ഉണ്ടെന്നത് എനിക്ക് മനസ്സിലാകുന്നത്…
‘ഡാ.. കരയ്ക്ക് കേറടാ… ക്രിക്കറ്റ് കളിക്കാൻ പോന്നെന്ന് പറഞ്ഞ് ഇതാണല്ലേ പരിപാടി… കേറി വീട്ട് പോടാ…’
എന്നും പറഞ്ഞ് കടവിലേക്കെത്തിയ എന്നെ കണ്ടപ്പോൾ എല്ലാവരും ഭയന്നു. കൂടുതൽ ഭയന്നത് പെണ്ണുങ്ങളായിരുന്നു. ചിലർ നാണവും, മറ്റ് ചിലർ ദേഷ്യവും പ്രകടിപ്പിച്ചു. കരയിലേക്ക് കയറിവന്ന മോന്റെ ചiന്തിക്കൊരു അiടിയും കൊടുത്ത് ഞാൻ അവനെ വീട്ടിലേക്ക് നയിക്കുകയായിരുന്നു. ആട്ടിൻ കുട്ടിയെ ബലമായി വലിച്ച് കൊണ്ടുപോകുന്ന ക്രൂiരനായ ഇടയനെ പോലെ…
‘നാളെയല്ലെ നിന്റെ ടൂറ്…? പോകണ്ടാട്ടാ.. പുഴയിൽ പോയി കളിക്കരുതെന്ന് പറഞ്ഞതല്ലേ…?’
ദീപൻ ആറിലാണ് പഠിക്കുന്നത്. പഠിക്കാൻ മിടുക്കനായത് കൊണ്ടാണ് ഇല്ലാത്ത കാശുണ്ടാക്കി ടൂറിന് പോകാൻ ഞാൻ സമ്മതിച്ചത്. അപ്പോഴാണ് അപകടം വരുത്തി വെക്കാനെന്നോണം പുഴയിലെ ഈ കളി. സ്കൂൾ ഇല്ലാത്ത നാളുകളിലും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കൂടി കൽപ്പിച്ചപ്പോൾ ചെറുക്കൻ ഒറ്റ കരച്ചിലായിരുന്നു. അതുകേട്ടപ്പോൾ, തുടങ്ങിയോ അച്ഛനും മകനുമെന്ന് ചോദിച്ച് വീടിന്റെ എങ്ങാണ്ട് നിന്നോ ഭാര്യ കയറി വന്നു. കാര്യം ഞാൻ പറയുകയും ചെയ്തു.
‘പിള്ളേരെ പിന്നെ വീട്ടിൽ അടച്ചിട്ടാണോ വളർത്തേണ്ടത്…?’
എനിക്ക് ദേഷ്യം വന്നു. കുഞ്ഞുങ്ങളെ പുഴയിൽ വിട്ടാലുള്ള അപകടത്തിന്റെ ഗൗരവ്വം മനസ്സിലാകാത്ത ഭാര്യയോട് പിന്നീടൊന്നും എനിക്ക് സംസാരിക്കാൻ തോന്നിയില്ല. എത്ര തുഴഞ്ഞാലും താഴ്ത്തുന്ന സ്വഭാവം കൂടി വെള്ളത്തിന് ഉണ്ടെന്നത് ഇവളുമാരൊക്കെ എപ്പോൾ മനസിലാക്കാനാണ്!
‘അല്ല, നിങ്ങളെന്തിനാണ് മനുഷ്യാ പെണ്ണുങ്ങള് പോകുന്ന കടവിലേക്ക് പോയത്…?’
മോനുമായി സംസാരിച്ചതിന് ശേഷം സംശയത്തോടെ ഭാര്യ എന്നോട് ചോദിച്ചു. ഞാൻ മറുപടിയില്ലാതെ പരുങ്ങി. അവൾ വീണ്ടും എന്തെങ്കിലുമൊക്കെ ആരായും മുമ്പേ, എനിക്ക് പ്രതിരോധിക്കണമായിരുന്നു.
‘നീയിവനെ നീന്തല് പഠിപ്പിച്ച്, മീൻ പിടിക്കാനോ, മണല് വരാനോ പറഞ്ഞയക്ക്…’
എന്നും പറഞ്ഞ് വന്ന ദേഷ്യത്തെ ഒന്നുകൂടി ഉയർത്തി ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ആകെയുള്ള മോനാണ്. അവന്റെ സുരക്ഷയിൽ ചങ്കിടിക്കുന്ന അച്ഛന്റെ വേദന ആർക്കും മനസിലാകില്ല. പുഴയിലേക്ക് പോകരുതെന്ന് പറഞ്ഞിട്ടും അവൻ അനുസരണക്കേട് കാട്ടിയിരിക്കുന്നു. ഇങ്ങനെ അവൻ കൂട്ടുകാരോടൊപ്പം എത്രവട്ടം പോയിട്ടുണ്ടാകും. അരുതാത്തത് വല്ലതും സംഭവിച്ചതിന് ശേഷം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ…
സന്ധ്യ കഴിഞ്ഞപ്പോഴാണ് ഞാൻ വീട്ടിലേക്ക് തിരിച്ചെത്തുന്നത്. ടൂറിന് പോകാനുള്ള അടവാണോയെന്ന് അറിയില്ല ദീപൻ പുസ്തകം തുറന്ന് ഇരിക്കുന്നുണ്ട്. ഭാര്യയുടെ മുഖത്തെ കനവും കുറഞ്ഞിട്ടുണ്ട്. ഞാൻ കുളിച്ചു. ഭക്ഷണം കഴിക്കുമ്പോൾ ആരുമൊന്നും പരസ്പരം സംസാരിച്ചിരുന്നില്ല. മോൻ എന്റെ മുഖത്തേക്ക് നോക്കുന്നതേയില്ല.
‘അവൻ ഏറെ ആശിച്ചതാണ്… പൊയ്ക്കോട്ടേ സുകുവേട്ടാ…’
കിടക്കാൻ നേരം ഉറങ്ങുന്ന മോനെ നോക്കികൊണ്ട് ഭാര്യ പറഞ്ഞു. പോയിക്കോട്ടെ യെന്ന് ഞാനും മൊഴിഞ്ഞു. അവളപ്പോൾ ചിരിക്കുകയും, എന്റെ മൂക്കിൽ പിടിച്ച് ചെറുതായി ആട്ടുകയും ചെയ്തു.
‘സത്യം പറ… നിങ്ങളെന്തിനാണ് കടവിൽ പോയത്…?’
നിനക്ക് വേറെയൊന്നും ചോദിക്കാനില്ലേയെന്ന് ശബ്ദിച്ച് ഞാൻ ആ നേരം തിരിഞ്ഞ് കിടക്കുകയായിരുന്നു. അല്ലെങ്കിലും, ഭാര്യയ്ക്ക് മോന്റെ കാര്യത്തിൽ യാതൊരു ചിന്തയുമില്ല. അപകടം സംഭവിക്കാൻ സാഹചര്യമുള്ള പുഴയാണത്. ഇറങ്ങിയാൽ, നിന്താൻ അറിയുന്നവരെ പോലും മുക്കാനുള്ള ആഴവും ചുഴിയൊഴുക്കും ആ പ്രവാഹത്തിനുണ്ട്. മോനെ പറഞ്ഞ് തിരുത്തുന്നതിന് പകരം എന്നെ സംശയിക്കുന്നു. അതിൽ കാര്യകാരണം ഉള്ളത് കൊണ്ട് മാത്രം ഞാൻ മിണ്ടാതെ കിടന്നു. ഉറങ്ങും മുമ്പേ മയങ്ങിയതായി അഭിനയിച്ചു…
പിറ്റേന്ന് എന്നെ വിളിച്ചുണർത്തിയത് മോനായിരുന്നു. അവൻ ടൂറിന് പോകാൻ തയ്യാറായി നിന്നിരിക്കുന്നു. ഞാൻ നിരുത്സാഹപ്പെടുത്തിയില്ല. സ്കൂളിൽ കൊടുക്കേണ്ടതിന് പുറമേ അമ്പത് രൂപയും മോന് കൊടുത്തു. ഏറെ സന്തോഷത്തോടെ അവനത് പോക്കറ്റിലേക്ക് ഇടുകയും, എന്റെ കവിളിൽ ഉമ്മ നൽകുകയും ചെയ്തു. പണിയുള്ളത് കൊണ്ട് ഞാൻ എഴുന്നേറ്റ് തയ്യാറായി.
‘എന്തിനാ പെണ്ണുങ്ങളുടെ കടവിൽ പോയതെന്ന് നിങ്ങളിപ്പോഴും പറഞ്ഞില്ലാട്ടോ…!’
ഇറങ്ങാൻ നേരമാണ് ഭാര്യയത് ചോദിച്ചത്. അവളുടെ ശബ്ദത്തിന്റെ സംശയത്തിൽ വീണ് പോകാതിരിക്കാൻ ഞാൻ ചിരിച്ചു. ഇളനീരിടാൻ പോയതാണെന്നും പറഞ്ഞു. അവൾ വിശ്വസിച്ചില്ല. പ്രകോപിതനായത് കൊണ്ട് മാത്രം എനിക്ക് സത്യം പറയേണ്ടി വന്നു.
‘ഞാൻ പെണ്ണുങ്ങള് കുളിക്കുന്നത് കാണാൻ പോയതാണ്.. നീ പോയി കേസ് കൊട്……’
എന്നും പറഞ്ഞ് ഞാൻ നടന്നു. അതും അവള് വിശ്വസിച്ചില്ല. ഭാര്യ കരുതിയിരി ക്കുന്നത്, എന്റെ പഴയ സ്വഭാവം വീണ്ടും തുടങ്ങിയെന്നാണ്. അല്ലെങ്കിൽ പിന്നെ, കിട്ടുന്ന കാശ് മുഴുവൻ ചീട്ട് കളിച്ച് കളഞ്ഞാൽ ഇങ്ങോട്ട് താൻ കയറ്റില്ലെന്ന് അവൾ അങ്ങനെ വിളിച്ച് പറയില്ലായിരുന്നുവല്ലോ…
പണി സ്ഥലത്തെത്തി. ഗൾഫുകാരൻ മുനീറിന്റെ വീടിന്റെ തേപ്പ് നടക്കുകയാണ്. സിമന്റ് പൊടി പാറുന്ന അന്തരീക്ഷത്തിൽ ഞാൻ കർമ്മനിരതനായി. വൈകുന്നേ രമൊക്കെ ആയപ്പോഴാണ് ഫോൺ ശബ്ദിക്കുന്നത്. കയ്യിലെ ഗ്ലൗസ് മാറ്റി ഞാനത് അറ്റന്റ് ചെയ്തു.
‘സുകുവേ… പിള്ളേരുമായി കായലിൽ പോയ ബോട്ട് മറിഞ്ഞു. ജില്ലാ ആശുപ ത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്നാണ് അറിഞ്ഞത്. എന്റെ മോള് പോയിട്ടില്ല. നിന്റെ മോൻ പോയായിരുന്നോടാ…?’
കൂട്ടുകാരന്റെ ശബ്ദമായിരുന്നു. പോയിരുന്നുവെന്നും പറഞ്ഞ് ഞാൻ ധൃതി വെച്ചു. എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല. സിമന്റ് ചാക്കിൽ തട്ടി വീണപ്പോഴാണ് ആ വെപ്രാളം നിൽക്കുന്നത്. എന്ത് പറ്റിയെടായെന്ന് കൂടെയുള്ളവർ ചോദിച്ചിട്ടും എനിക്കൊന്നും പറയാൻ സാധിച്ചില്ല.
പണി വേഷം മാറ്റി ഞാൻ നേരെ ജില്ലാ ആശുപത്രിയിലേക്ക് ചലിച്ചു. പ്രതീക്ഷിച്ചതിലും കൂടുതൽ ആൾക്കാർ തമ്പടിച്ച ആ മുറ്റത്തേക്ക് എത്തിയപ്പോഴേക്കും പ്രാണൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
ആർക്കും മരണം സംഭവിച്ചില്ലെന്ന് അറിഞ്ഞപ്പോഴാണ് മനസ്സിനൊരു സമാധാനമുണ്ടായത്. മൂന്ന് കുട്ടികളുടെയും, ഒരു അധ്യാപികയുടെയും നില ഗുരുതരമാണ് പോലും. എന്റെ മോൻ ദീപൻ എവിടെയാണെന്ന് കണ്ടെത്താൻ എനിക്ക് സാധിച്ചതേയില്ല. വലിയ പരിക്കൊന്നും ഇല്ലാത്തവർ വാർഡിൽ കാണുമെന്ന് ആരോ പറഞ്ഞു. ഞാൻ അങ്ങോട്ടേക്ക് നടന്നു.
‘പെട്ടെന്നൊരു കുലുക്കമായിരുന്നു. ഞങ്ങളെല്ലാം പേടിച്ച് പോയി. മറിഞ്ഞപ്പോൾ ഞാൻ പുറത്തേക്ക് ചാടി…’
ഏതോയൊരു മാധ്യമക്കാരന്റെ മൈക്കിനോട് സംസാരിക്കുന്ന ദീപനെ ഒടുവിൽ ഞാൻ കണ്ടുപിടിച്ചു. മോന്റെ കണ്ണുകളിൽ വല്ലാത്തയൊരു തിളക്കം. മറിഞ്ഞ ബോട്ടിലേക്ക് പിടുത്തതിനായി തുഴഞ്ഞ് കയറുമ്പോൾ മൂന്നാം ക്ലാസിലെയൊരു പെൺകുട്ടിയേയും കൈയ്യിൽ ചേർത്ത അവനെ എല്ലാവരും അഭിനന്ദിക്കുകയാണ്. എന്നെ കണ്ടതും അച്ഛായെന്ന് ദീപൻ വിളിച്ചു. കൂടെ ക്യാമറ കണ്ണുകളും എനിക്ക് നേരെ തിരിഞ്ഞു.
‘ഇതാ, നമ്മുടെ ഹീറോയുടെ അച്ഛൻ വന്നിട്ടുണ്ട്. മകന് നീന്തൽ പരിശീലനമൊക്കെ കൊടുത്തത് അച്ഛൻ തന്നെയായിരിക്കുമല്ലേ…?’
ആണെന്നും അല്ലായെന്നും ഞാൻ പറഞ്ഞില്ല. ഈ പ്രകൃതിയിൽ ജീവിക്കുന്ന ഓരോ മനുഷ്യരും വശമാക്കേണ്ട പ്രാഥമികമായ ചില അഭ്യാസങ്ങളുണ്ടെന്നത് ആ നിമിഷങ്ങളിൽ എനിക്ക് മനസ്സിലായി. അതിൽ പ്രധാനമാണ് നീന്തലെന്ന കഴിവ്. എപ്പോഴാണ് അത് നമ്മുടെ ജീവിതത്തിൽ ആവിശ്യമായി വരുകയെന്നത് ആർക്കും പ്രവചിക്കാൻ കഴിയില്ല. ചെറുപ്പത്തിൽ തന്നെ മകനെ നീന്താൻ പരിശീലിപ്പിച്ചുവെന്നും പറഞ്ഞ് ആ മൈക്ക് പിടിച്ച് നിൽക്കുന്നവൻ എന്നെ അഭിനന്ദിക്കുകയാണ്. ആ നേരം താഴ്ന്ന് പോയ തലയിൽ നിന്നും നീർത്തുള്ളികൾ തറയിലേക്ക് ചോർന്നു.
പരിക്കുകളൊന്നും ഇല്ലാതെ ദീപനെ തിരിച്ച് കിട്ടിയത് കൊണ്ടായിരിക്കണം സന്തോഷത്തോടെ എന്റെ കണ്ണുകൾ കവിഞ്ഞത്. കൂട്ടുകാരോടൊപ്പം കൂടി മോൻ ആർജ്ജിച്ച കഴിവിന്റെ പങ്കുചേരാൻ അർഹതയില്ലായെന്ന ബോധം കൊണ്ടായിരിക്കണം തല താഴ്ന്നും പോയത്. നിയന്ത്രണം വിട്ടപ്പോൾ കൈകളകത്തി മോനേയെന്ന് വിളിച്ച് ദീപന്റെ മുന്നിലേക്ക് ഞാൻ മുട്ട് കുത്തി വീഴുകയായിരുന്നു…!!!