പെണ്ണും പൊന്നും
Story written by Devaamshi deva
“അറിഞ്ഞില്ലേ.. കൃഷ്ണൻ കുട്ടി ചേട്ടന്റെ വീട്ടിൽ കള്ളൻ കയറി… മകളുടെ കല്യാണത്തിന് വാങ്ങി വെച്ചിരുന്ന സ്വർണമെല്ലാം കൊണ്ടുപോയി..”
കേട്ടവർ കേട്ടവർ കൃഷ്ണൻ കുട്ടി ചേട്ടന്റെ വീട്ടിലേക്ക് ഓടി… ചുരുങ്ങിയ സമയം കൊണ്ട് ആ കുഞ്ഞുഗ്രാമം മുഴുവൻ കൃഷ്ണൻ കുട്ടി ചേട്ടന്റെ വീട്ടുമുറ്റത്ത് തടിച്ചു കൂടി..
“പോലീസിനെ അറിയിച്ചോ…”.ആരോ ചോദിച്ചു…
“സ്വർണം മോഷണം പോയെന്ന് അറിഞ്ഞപ്പോൾ തന്നെ കൃഷ്ണൻ കുട്ടി ചേട്ടന്റെ മോള് സ്റ്റേഷനിലേക്ക് വിളിച്ചു..” വേറെ ആരോ മറുപടി പറഞ്ഞു…
“ചെക്കന്റെ വീട്ടുകാരെയോ..”
“അറിയിച്ചു… അവർ പുറപ്പെട്ടിട്ടുണ്ട്..”
കൃഷ്ണൻ കുട്ടി ചേട്ടൻ.. നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ പ്രിയങ്കരനായൊരു മനുഷ്യൻ.. കൂലി പണിയാണ് ജോലി…ഭാര്യ നിർമല… വീട്ടമ്മ….ഏകമകൾ ലക്ഷ്മി.
ലക്ഷ്മിക്ക് വിവാഹപ്രായമായപ്പോൾ കൃഷ്ണൻ കുട്ടി ചേട്ടൻ വിവാഹം ആലോചിച്ചു തുടങ്ങി…ഗവൺമെന്റ് ഉദ്യഗസ്ഥനെയായിരുന്നു നോട്ടം..
ഒടുവിൽ കൃഷ്ണൻ കുട്ടി ചേട്ടന്റെ ആഗ്രഹം പോലെ തന്നെ ഒരു ബാങ്ക് ഉദ്യോഗസ്ഥനെ കിട്ടി…സ്ത്രീധനമായി 75 പവന്റെ സ്വർണ്ണവും പറഞ്ഞുറപ്പിച്ചു….സ്വർണം നേരത്തെ വാങ്ങി ലോക്കറിൽ വെച്ചു…ഇന്നലെയാണ് എടുത്തുകൊണ്ടു വന്നത്….വിവാഹത്തിന് ഇനി രണ്ട് മണിക്കൂർ മാത്രം ബാക്കി…
എന്ത് ചെയ്യണമെന്ന് അറിയാതെ തലക്ക് കൈയ്യും കൊടുത്തിരിക്കുന്ന കൃഷ്ണൻ കുട്ടി ചേട്ടനും നെഞ്ചത്തടിച്ച് കരയുന്ന നിർമലയും ഒന്നും മിണ്ടാതെ ഇരിക്കുന്ന ലക്ഷ്മിയും നാട്ടുകാർക്ക് നോവായി..
“ദേ… ചെക്കന്റെ വീട്ടുകാർ വന്നു..”.ആരോ വിളിച്ചു പറഞ്ഞു..
“എന്താ കൃഷ്ണൻ കുട്ടി ഇത്…ഈ സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കുക എന്നുവെച്ചാൽ….ഇനി എന്താ ചെയ്യുവാ….മുഹൂർത്തത്തിന് അധികം സമയം ഇല്ല..” ചെറുക്കന്റെ അച്ഛൻ പറഞ്ഞു.
“ഈ വിവാഹം മുടങ്ങരുത്…. മുടങ്ങിയാൽ എന്റെ മകളുടെ ഭാവി നശിക്കും.. എനിക്ക് കുറച്ച് സമയം കൂടി തന്നാൽ മതി… പറഞ്ഞ സ്വർണം ഞാൻ തന്നിരിക്കും.”
“ഏയ്… അതൊന്നും പറ്റില്ല… പറഞ്ഞ സ്വർണം മുഴുവൻ വിവാഹത്തിന് മുൻപ് തരണം. വിവാഹം കഴിഞ്ഞാൽ പിന്നെ ഒന്നും ചോദിക്കാൻ പറ്റില്ല.. എന്തെങ്കിലും പറഞ്ഞാലുടനെ സ്ത്രീ പീ,.ഡനമായി സ്ത്രീധന പീ,.ഡനമായി….അതുകൊണ്ട് കിട്ടേണ്ടതൊക്കെ കിട്ടിയിട്ട് മതി കല്യാണം..”.ചെറുക്കന്റെ അമ്മ തറപ്പിച്ചു പറഞ്ഞു..
“ഒരു മാസം അവധി ഞങ്ങൾക്ക് തരണം…അതിനുള്ളിൽ എങ്ങിനെയും ഞങ്ങൾ നിങ്ങൾ ചോദിച്ച സ്വർണം തരാം..”mനിർമല അവരുടെ മുന്നിൽ കൈകൾ കൂപ്പി പറഞ്ഞു..
“എന്നാൽ പിന്നെ ഒരു മാസം കഴിഞ്ഞ് മതി കല്യാണം…കല്യാണം കഴിഞ്ഞ ശേഷം പിന്നെ ഞങ്ങൾക്ക് ഒന്നും ചോദിക്കാൻ പറ്റില്ല.. ചോദിച്ചാൽ അപ്പൊ പെണ്ണ് കേറി തൂങ്ങുകയോ… മണ്ണണ്ണ ഒഴിച്ച് ക,.ത്തിക്കുകയോ ചെയ്താലേ നഷ്ടം ഞങ്ങടെ മോനാ… അവന്റെ ജീവിതം പോയില്ലേ… ഇതിപ്പോ കല്യാണം നടന്നില്ലെന്നല്ലേ ഉള്ളു…”
“അതെ.. അത് തന്നെ…”.ചെറുക്കന്റെ അച്ഛൻ ഭാര്യയെ സപ്പോർട് ചെയ്തു..
“അങ്ങനെ ഒന്നും പറയല്ലേ ചേച്ചി… ഞങ്ങളുടെ മോളുടെ ഭാവി പോകും…ഒരു മാസം… ഒരു മാസത്തെ അവധി മതി ഞങ്ങൾക്ക്…. ഈ വീടും പറമ്പും വിറ്റിട്ട് ആണെങ്കിലും..”
“ഇല്ല.. വീടും പറമ്പും വിൽക്കില്ല…”mഅതുവരെ മിണ്ടാതിരുന്ന ലക്ഷ്മി മുന്നോട്ട് വന്നു..
“ഈ വീടും പറമ്പും പണയപ്പെടുത്തിയാണ് എന്റെ അച്ഛൻ നിങ്ങൾ പറഞ്ഞ സ്വർണം മുഴുവൻ വാങ്ങിയത്… മാത്രമല്ല ഈ വിവാഹത്തിനായി ഒരുപാട് കടങ്ങളും അച്ഛൻ വാങ്ങിയിട്ടുണ്ട്… അതുകൊണ്ട് ഇനി ഇവിടുന്ന് സ്വർണ്ണമൊന്നും കിട്ടില്ല..
വിനുവേട്ടന് എന്നെ വേണമെങ്കിൽ സ്ത്രീധനം ഒന്നും ഇല്ലാതെ എന്നെ വിവാഹം കഴിക്കണം.” ലക്ഷ്മി, അച്ഛന്റെയും അമ്മയുടെയും പുറകിൽ നിന്നിരുന്ന വിനുവിന്റെ മുന്നിൽ പോയി നിന്ന് പറഞ്ഞു..
“അമ്പടി… കൊള്ളാലോ നിന്റെ മനസ്സിലിരിപ്പ്.. അങ്ങനെ എന്റെ മോന് നിന്നെ വേണ്ടെങ്കിലോ..”
“അത് വിനു വേട്ടാൻ പറയട്ടെ..”
“അമ്മ പറയുന്നതാ ശരി..” വിനു പറഞ്ഞതും ഒരു പുഞ്ചിരിയോടെ ലക്ഷ്മി അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി..
“അങ്ങനെ പറയല്ലേ മോനേ…” അവളുടെ അച്ഛൻ കരയാൻ തുടങ്ങി..
“ഒന്ന് നിർത്തുന്നുണ്ടോ അച്ഛാ…. ഇങ്ങനെ കരഞ്ഞു വിളിച്ച് ഈ പണകൊതിയ ൻമാരുടെ കൂടെ എന്നെ പറഞ്ഞു വിട്ടിട്ട് അച്ഛനും അമ്മക്കും എന്ത് നേടാനാ….
മകളെ ഗവൺമെന്റ് ഉദ്യോഗസ്ഥൻ വിവാഹം കഴിച്ചെന്നു നാട്ടുകാരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാനോ…
അവിടെ എനിക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റുമെന്ന് അച്ഛന് തോന്നുന്നുണ്ടോ…”
“മോളെ നിന്റെ ഭാവി…”
“ഭാവി… കല്യാണത്തിൽ ആണോ അച്ഛാ ഒരു പെണ്ണിന്റെ ഭാവി… നാളെ ഇവരുടെ പീ,ഡനം സഹിക്കാൻ വയ്യാതെ ഇവര് പറഞ്ഞത് പോലെ ഞാൻ കെട്ടി തൂ.,ങ്ങിയോ സ്വയം ക,.ത്തിച്ചോ തീർന്നാൽ പിന്നെ എന്ത് ഭാവിയാ എനിക്ക് ഉള്ളത്..
ഇവര് കണക്ക് പറഞ്ഞ് സ്ത്രീധനം ചോദിച്ചു തുടങ്ങിയപ്പോൾ ഞാൻ നിങ്ങളോ ടൊക്കെ പറഞ്ഞതാ.. എനിക്ക് ഈ വിവാഹം വേണ്ടെന്ന്.. ആരും കേട്ടില്ല… അതൊക്കെ നാട്ടിൽ നടപ്പാണെന്ന് പറഞ്ഞു… ഇപ്പൊ മനസ്സിലായില്ലേ ഇവർക്ക് പെണ്ണല്ല വേണ്ടത് പൊന്നാണ് വേണ്ടതെന്ന്..
ഇനിയും അച്ഛനും അമ്മയും എന്റെ ഭാവിയുടെ പേരും പറഞ്ഞ് ഈ വിവാഹം നടത്താനാണ് ഉദ്യേശിക്കുന്നതെങ്കിൽ അതെന്നെ കൊ,ലക്ക് കൊടുക്കുന്നതിന് തുല്യമാണ്.. എന്റെ ക,ഴുത്തിൽ വീഴുന്നത് താലി ആവില്ല. കൊ,ലക്കയർ ആയിരിക്കും.. അതിനു വേണ്ടി അച്ഛൻ വീട് വിൽക്കുകയും കടം വാങ്ങുകയും ഒന്നും വേണ്ട…” അവൾ അകത്തേക്ക് പോയി കൈയ്യിലൊരു ബാഗുമായി തിരികെ വന്നു..
“ഇതാ.. അച്ഛൻ എനിക്ക് വേണ്ടി വാങ്ങിയ സ്വർണം… ഇത് കള്ളൻ കൊണ്ട് പോയതൊന്നും അല്ല.ഞാൻ തന്നെ എടുത്ത് മാറ്റിവെച്ചതാ… ഇവരുടെ സ്വഭാവം മനസ്സിലാക്കി തരാൻ. ഇനി അച്ഛന്റെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അതുപോലെ നടക്കട്ടെ..” എല്ലാവരും അമ്പരന്ന് നിൽക്കവേ കേശവൻ കുട്ടി എഴുന്നേറ്റ് സ്വർണം നിറഞ്ഞ ബാഗ് കൈയ്യിലെടുത്തു കല്യാണ ചെക്കന്റെ അടുത്തേക്ക് നടന്നു..
ചെറുക്കനും വീട്ടുകാരും പുഞ്ചിരിയോടെ കേശവൻ കുട്ടിയേയും കൈയ്യിലെ ബാഗിനെയും മാറി മാറി നോക്കി..
“മോൻ അച്ഛനെയും അമ്മയെയും കൂട്ടി പൊയ്ക്കോളൂ… ഈ വിവാഹം നടക്കില്ലാ.. തെറ്റ് മുഴുവൻ എന്റെ ആണ്… മകൾക്ക് നല്ലൊരു ബന്ധം വേണമെന്നും നല്ല രീതിയിൽ അവളെ വിവാഹം കഴിപ്പിച്ചയക്കണം എന്നും ഏതൊരു അച്ഛനെയും പോലെ ഞാനും ആഗ്രഹിച്ചു…
അതിനപ്പുറം മുന്നോട്ടുള്ള അവളുടെ ജീവിതത്തെ കുറിച്ച് ചിന്തിച്ചില്ല..”
“അച്ഛൻ ഞങ്ങളോട് ക്ഷമിക്കണം..ഈ വിവാഹം നടക്കും.”
“ക്ഷമ ചോദിക്കേണ്ട ആവശ്യമൊന്നും ഇല്ല മോനെ… ഞാൻ പറഞ്ഞല്ലോ തെറ്റ് പൂർണമായും ഞങ്ങളുടെ ഭാഗത്താണ്… ഭർത്താവിന്റെ വീട്ടിൽ പെൺകുട്ടികൾ ആത്മഹ,.ത്യാ ചെയ്യുന്നുണ്ടെങ്കിൽ അതിനു കുറ്റക്കാർ ഭർത്താവും വീട്ടുകാരും മാത്രമല്ല..ഭൂരി ഭാഗം കേസുകളിലും പെൺവീട്ടുകാർ കൂടി കുറ്റക്കാരാണ്…
എന്തായാലും എന്റെ മോളുടെ വിവാഹം ഞാൻ ഉടനെ നടത്തുന്നില്ല…
അതിന്റെ പേരിൽ ഉണ്ടാകുന്ന നാണക്കേട് ഞാനും എന്റെ ഭാര്യയും മോളും സഹിച്ചോളാം.. നിങ്ങള് പൊയ്ക്കോ..”
കേശവൻ കുട്ടി കയ്യിലിരുന്ന ബാഗ് ലക്ഷ്മിക്ക് നേരെ നീട്ടി…
“ഇത് നീ വെച്ചോ മോളെ… നിന്റെ വിവാഹത്തിന് അല്ല… മുന്നോട്ട് പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനും… നിനക്ക് എന്ന് വിവാഹം കഴിക്കാൻ തോന്നുന്നോ അപ്പോൾ പറഞ്ഞാൽ മതി.. അച്ഛൻ നടത്തി തരാം… നിനക്ക് ഇഷ്ടപ്പെട്ട ആളെ… ഇഷ്ടമുള്ള രീതിക്ക്.”
അച്ഛന്റെ മനസ്സ് നിറഞ്ഞുള്ള വാക്കുകൾ കേട്ട് ലക്ഷ്മി സന്തോഷത്തോടെ അയാളെ കെട്ടിപിടിച്ചു..

