എന്നിട്ടും ഒരു ദിവസം അവൾക്കെന്നോട് ഇഷ്ടമുണ്ടോ എന്നറിയാൻ സ്ഥിരം കംമ്പാർട്ടുമെന്റ് ഒഴിവാക്കി ഞാനതിനു തൊട്ടു പുറകിലുള്ള കംമ്പാർട്ടുമെന്റിൽ കയറി, എന്നെ സ്ഥിരം കാണാറുണ്ടായിരുന്ന സ്ഥലത്ത് കാണാതെ…..

_exposure _upscale

Story written by pratheesh

കഴിഞ്ഞ ഒരു വർഷമായി ഒരേ ട്രെയിനിൽ ഒരേ കംമ്പാർട്ടുമെന്റിൽ ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യാൻ തുടങ്ങിയിട്ട്, ഇപ്പോൾ ഒരു മാസമായി അതേ ട്രെയിനിൽ ഒരേ സീറ്റിൽ തന്നെയിരുന്നു യാത്ര ചെയ്യാൻ തുടങ്ങിയിട്ട്,

കാരണം ഒന്നരമാസം മുന്നേയാണ് എന്റെ സ്ഥിരം യാത്രക്ക് ഇടയിലുള്ള മറ്റൊരു സ്റ്റേഷനിൽ ഇതേ ട്രെയിൻ കത്തു നിൽക്കുന്ന അവളെ കാണുന്നത് !

ഞാനാണെങ്കിൽ സ്ഥിരമായി റിസർവേഷൻ കംമ്പാർട്ടുമെന്റിന്റെ തൊട്ടു പിന്നിലുള്ള ജനറൽ കംമ്പാർട്ടുമെന്റിലാണ് യാത്ര ചെയ്യുന്നത്,
അവളാണേൽ എന്നും ഞാൻ കയറാറുള്ള കംമ്പാർട്ടുമെന്റിനു നാലു കംമ്പാർട്ടുമെന്റ് പുറകിലുള്ള ലേഡീസ് കംമ്പാർട്ടുമെന്റിലും,

അങ്ങിനെ അവളെ കണ്ട ആ ആദ്യ കാഴ്ച്ച തന്നെ ഹൃദയത്തിൽ ഒരു ഷോക്കേറ്റ പോലെയായിരുന്നു, എന്തൊക്കയോ ഉള്ളിൽ വന്നു നിറയുന്നതു പോലെയും എന്തൊക്കയോ ഉള്ളിൽ നിന്നു കൊഴിഞ്ഞു പോകുന്നതു പോലെയും ആയിരുന്നു ആ ഒരു അനുഭവം !

പ്രഥമ കാഴ്ച്ചയിൽ തന്നെ ഒരു പെൺകുട്ടിയോട് ഈയളവിൽ ഒരിഷ്ടം തോന്നുന്നതും അവളെ സ്വന്തമാക്കണമെന്നു മനസ്സാഗ്രഹിക്കുന്നതും ആദ്യമായിട്ടായിരുന്നു അതിന്റെയൊരു സുഖവും, സന്തോഷവും,, സുഗന്ധവും ഉള്ളിൽ നിറഞ്ഞതും ആ സമയം ആരോടെന്നില്ലാതെ ഞാൻ സ്വയം ഒന്നു ചിരിച്ചു,

ആ രാത്രി അവളോടുള്ള സ്നേഹവും ഇഷ്ടവുമെല്ലാം തലയിണക്കാണ് ഞാനാദ്യം പകർന്നു നൽകിയത്, ആ തലയിണക്കു തന്നെ തോന്നി കാണും എന്നെ ഇങ്ങനെ ചേർത്തു പിടിച്ചു നിർത്താതെ ഉമ്മവെക്കാൻ ഇവനെന്താ പ്രാന്തായോന്ന് ? പക്ഷേ തലയിണക്കറിയില്ലാല്ലോ ഒരാളോട് നമുക്കൊരു ഇഷ്ടം തോന്നുകയും ഒപ്പം അവളെ സ്വന്താമാക്കണമെന്ന് മനസ്സാഗ്രഹിക്കുകയും ചെയ്യുന്നത് നമ്മുടെ സർവ്വ ഇന്ദ്രിയങ്ങൾക്കും ഒരേ അനുപാതത്തിൽ അവളോടുള്ള അതേ ഇഷ്ടം അനുഭവപ്പെടുന്നതു കൊണ്ടാണെന്ന് !

അന്നു മുതൽ ദിനവും അവൾ ട്രെയിൻ കയറുന്ന സ്റ്റേഷനടുക്കുമ്പോൾ തൊട്ട് ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കാൻ തുടങ്ങും, അവളെ ദൂരേന്ന് കാണുന്ന നിമിഷം മുതൽ അതുവരെ ഉണ്ടായിരുന്നതിലും വേഗത്തിലും ഉച്ചത്തിലുമായിരിക്കും അപ്പോൾ ഹൃദയമിടിക്കുക,

ട്രെയിൻ പതിയെ അവളെ മറികടന്നു പോകുമ്പോഴും ഒപ്പം അവളെന്റെ കണ്ണിൽ നിന്നു വിട്ടകന്നു പോകുന്നത് കാണുമ്പോഴും മനസ്സിനൊരു വിങ്ങലാണ്, ചിലപ്പോൾ ഒരു നോട്ടം മാത്രമായിരിക്കും അന്നേരം അവളിൽ നിന്നുണ്ടാവുക എന്നാലും ഹൃദയത്തിനതൊരു അനിർവചനീയമായ സൗരഭ്യമാണ്,

അവളെ ശ്രദ്ധിക്കാൻ തുടങ്ങിയതു മുതൽ ഞാനവളുടെ ശ്രദ്ധ പിടിച്ചു പറ്റാനും അവൾക്കു എളുപ്പത്തിൽ എന്നെ തിരിച്ചറിയാനുമായി ഡോറിനോടു ചേർന്നുള്ള ഒരേ സൈഡ് സീറ്റിൽ തന്നെ ദിവസവും ഇരിക്കാൻ തുടങ്ങി,

ഞാൻ കയറുന്ന സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിനായതു കൊണ്ടു തന്നെ ഒട്ടുമിക്കപ്പോഴും ആ സീറ്റു തന്നെ കിട്ടാറുമുണ്ട് അതല്ലാത്തപ്പോൾ അവളെ കാണാനായി മാത്രം ഞാൻ ട്രെയിനിന്റെ വാതിലിനടുത്തു പോയി നിൽക്കും !!

വൈകുന്നേരം അവൾ തിരിച്ചു പോകുമ്പോഴാണെങ്കിൽ അവൾക്കു ചുറ്റും മുന്തിരിക്കുല പോലെ നാലഞ്ചു കൂട്ടുകാരികളും കാണും, തമ്മിലുള്ള കാഴ്ച്ചകൾ മാത്രമാണ് ആകെ നടന്നു കൊണ്ടിരുന്നത് !

എനിക്കവളോടുള്ള പ്രണയം കലശമായി എന്നിൽ തുടരുന്നുണ്ടായി രുന്നെങ്കിലും ഒന്നും എവിടെയും കൃത്യമായി കൂട്ടിയിണക്കാൻ എനിക്കും സാധിച്ചില്ല, എന്തു ചെയ്യും എന്നൊരുപിടിയും ഇല്ലാതെയിരിക്കുന്ന സമയം,

എന്നിട്ടും ഒരു ദിവസം അവൾക്കെന്നോട് ഇഷ്ടമുണ്ടോ എന്നറിയാൻ സ്ഥിരം കംമ്പാർട്ടുമെന്റ് ഒഴിവാക്കി ഞാനതിനു തൊട്ടു പുറകിലുള്ള കംമ്പാർട്ടുമെന്റിൽ കയറി, എന്നെ സ്ഥിരം കാണാറുണ്ടായിരുന്ന സ്ഥലത്ത് കാണാതെ വന്നതും അവളുടെ കണ്ണുകൾ വേവലാതിയോടെ എന്നെ തിരയാൻ തുടങ്ങി, തിരഞ്ഞു തിരഞ്ഞു കൊണ്ടിരിക്കവേ അവളുടെ നോട്ടം ഞാൻ മാറി നിന്നിരുന്ന ആ കംമ്പാർട്ടുമെന്റിലുമെത്തി അവിടെ എന്നെ കണ്ടതും ആ സമയം അവളുടെ കണ്ണുകളിൽ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു, ആ ഒരു തിളക്കം അതു മാത്രം മതിയായിരുന്നു അവൾക്കെന്നേ ഇഷ്ടമാണെന്നു മനസിലാക്കാൻ,

എന്നാൽ അവൾ എന്നെയായിരുന്നു തിരയുന്നുണ്ടായിരുന്നതെന്നു എനിക്കും കൂടി മനസിലായെന്നു അവൾക്കു മനസിലായതും അവിടെ അവളുടെ കണ്ണുകൾ നോക്കിയതും തിരഞ്ഞതും ഒന്നും എന്നെയല്ലാ എന്നു കാണിക്കാൻ സ്വന്തം മുഖത്തു ഭാവങ്ങൾ വരുത്തി തീർക്കാൻ അവൾ പെടുന്ന പാട് അവളുടെ മുഖത്തു ഞാനും തെളിഞ്ഞു കണ്ടു,

അവളങ്ങിനെയൊന്നു പ്രതീക്ഷിച്ചിട്ടില്ലാത്തതു കൊണ്ട് അതിന്റെ എല്ലാ ചമ്മലുകളും അവളുടെ മുഖത്തു തെളിയുകയും ചെയ്തു. അവളുടെ അന്നേരത്തെ ആ പരുങ്ങലും ഒളിച്ചു കളിയും ഞാൻ നന്നായി ആസ്വദിച്ചു, ഒപ്പം എല്ലാം മനസിലാക്കിയതു പോലെ ഞാനവളെ നോക്കി ഒന്നു ചിരിക്കുക കൂടി ചെയ്തതോടെ അവൾ വേഗം തന്നെ മുഖം വെട്ടിച്ചു കളഞ്ഞു,

അവളിൽ എവിടെയോ ഒരിഷ്ടം എനിക്കായ് ഒളിഞ്ഞു കിടപ്പുണ്ടെന്നു അന്നെനിക്കും മനസിലായി,

നാലു ദിവസങ്ങൾക്കു ശേഷം പതിവു പോലെ ട്രെയിൽ അവളുടെ സ്റ്റേഷൻ തൊടവേ എന്നും അവൾ നിൽക്കാറുണ്ടായിരുന്നിടത്ത് നോക്കവേ അവളെ മാത്രം അവിടെ കാണുന്നുണ്ടായിരുന്നില്ല, അവളെ അവിടെ കാണാത്തതും ഒപ്പം ട്രെയിൻ അവൾ നിൽക്കാറുണ്ടായിരുന്ന ഇടം വിട്ട് മുന്നോട്ടു പോയതും വളരെ വേഗത്തിൽ ആ ചെറിയ നേരത്തിനുള്ളിൽ തന്നെ ഞാൻ പിറകോട്ടു തിരിഞ്ഞ് അവിടെയുള്ള മുഴുവൻ ആളുകളെയും ഒന്നു വിടാതെ സ്കാൻ ചെയ്ത് അവൾ ആ കൂട്ടത്തിൽ ഇല്ലെന്നു ഉറപ്പു വരുത്തി,

ആ സമയം തന്നെ അവളെവിടെ പോയി ? അവൾക്കെന്തുപ്പറ്റി കാണും ? തുടങ്ങി ഒരായിരം ചോദ്യത്തോടൊപ്പം അതിനുള്ള ഒരു നൂറായിരം ഉത്തരങ്ങളും എന്റെയുള്ളിൽ തിങ്ങി നിറഞ്ഞു, അവസാനം എന്തെങ്കിലും അസുഖം കൊണ്ടായിരിക്കാം അവൾ വരാത്തതെന്നു സമാധാനിച്ചു കൊണ്ട് പുറകിലേക്കുള്ള എന്റെ നോട്ടവും പതിയെ ഞാൻ പിൻവലിച്ചു,

നോട്ടം പിൻവലിച്ചു സീറ്റിൽ നേരേയിരിക്കാൻ ശ്രമിക്കവേ പെട്ടന്നാണ് ഞാനവളെ കണ്ടത് !!

അതും ഞാനിരിക്കുന്ന കംമ്പാർട്ടുമെന്റിനു നേരെ എതിർവശത്ത് എന്നെയും നോക്കി നിൽക്കുന്ന അവളെ കണ്ടതും എന്റെ ഉള്ളൊന്നു വെട്ടി,അവളുടെ ശ്രദ്ധ എന്റെ നേരെയാണെന്നു മനസിലായതോടെ പെട്ടന്നെന്റെ കൈയ്യും കാലും വിറക്കാൻ തുടങ്ങി,

ട്രെയിനിൽ നിന്ന് ആളിറങ്ങി കഴിഞ്ഞതും അവളും നേരേ എന്റെ അതേ കംമ്പാർട്ടുമെന്റിലേക്കു തന്നെ കയറി വന്നു അതോടെ എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം പുറത്തേക്കു കേൾക്കും വിധം പരമാവധി ഉച്ചത്തിലായി,അവൾ എനിക്കു മുന്നിലേക്ക് ഒരോ അടി വെച്ചു നടന്നു വരാൻ തുടങ്ങിയതും എന്റെ കണ്ണിൽ ഇരുട്ടു കയറാൻ തുടങ്ങി,
എന്താണു ചെയ്യേണ്ടത് എന്നറിയാൻ കഴിയാത്ത അവസ്ഥ അവളാണെങ്കിൽ നേരെ നടന്ന് ഒരു കൈ അകലം മാത്രം ദൂരത്തിലായി എന്റെ മുന്നിൽ തന്നെ വന്നങ്ങു നിൽക്കുകയും കൂടി ചെയ്തതോടെ എന്റെ സകല കിളികളും ഒന്നിച്ചു പറന്നു പോയി,

നാഡീ ഞെരമ്പുകൾ എല്ലാം തളർന്ന അവസ്ഥ, ഒച്ചയും ശബ്ദവും അടഞ്ഞ് തൊണ്ട വരളുന്ന പോലെ ഒരു തോന്നൽ, അവളാണെങ്കിൽ അവിടുന്ന് മാറുന്ന ഒരു ലക്ഷണവുമില്ല,എനിക്കാണെങ്കിൽ അവളെ നോക്കാനും വയ്യാ നോക്കാതിരിക്കാനും വയ്യാന്നു പറഞ്ഞ പോലെ ഒരുമാതിരി കയ്ച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ,ഞാനിരുന്ന് വിയർക്കാൻ തുടങ്ങി,ഇതിനിടയിൽ രണ്ടു ട്രിപ്പ് വെള്ളം കുടിയും കഴിഞ്ഞു,എന്നിട്ടും വല്ലാത്തൊരു പരവേശം എന്നിൽ കടന്നു കയറി, അവൾക്കാണേൽ ഒരു കുഴപ്പവുമില്ല,

ഇരുന്നു നക്ഷത്രമെണ്ണുക എന്നൊക്കെ പറഞ്ഞാൽ അതിതാണെന്ന് അന്നെനിക്കു മനസിലായി ! ഇരുപതു മിനുട്ടു നേരത്തെ ആ യാത്ര ഇരുപതു നൂറ്റാണ്ടുകൾ പോലെയും ഒപ്പം ഇരുപതു നിമിഷങ്ങൾ പോലെയും രണ്ടു വ്യത്യസ്ത അനുപാതത്തിലാണ് അന്നു കടന്നു പോയത് !
“പെട്ടു പോവുക “എന്നൊക്കെ ഇതിനെ പറ്റി പറഞ്ഞാൽ കുറഞ്ഞു പോകും !

നാലു ദിവസം മുന്നേ അവളുടെ ചമ്മലിന്റെ മുഖഭാവങ്ങൾ കണ്ട് ഒന്നു പുഞ്ചിരിച്ചതിനു അവൾ ഇതുപോലെ ഒരു എട്ടെട്ടിന്റെ പണി തരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല,

ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയതും ഞാനാണ് വേഗം ഇറങ്ങിയത്,
ഇറങ്ങി കുറച്ചു ദൂരം മുന്നോട്ടു പോയെങ്കിലും പിന്നെയും അവളെ ഒന്നു കൂടി അടുത്തു കാണാനുള്ള ആഗ്രഹം കൊണ്ട് നടത്തം നിർത്തി തൊട്ടടുത്തു കണ്ട ഒഴിഞ്ഞൊരു സീറ്റിൽ അവൾ വരുന്നതും നോക്കി ഞാനിരുന്നു,

അവൾ ട്രെയിനിറങ്ങി നടന്നു വരുന്നതു കണ്ടതും ഞാൻ വീണ്ടും വെപ്രാളത്തിലായി അവൾ അടുത്തെത്തുന്തോറും അതു കൂടി കൂടി വന്നു എന്റെ അടുത്തെത്തിയതും അവളും എന്റെ തൊട്ടടുത്തു ഒഴിഞ്ഞു കിടന്ന മറ്റൊരു സീറ്റിൽ വന്നിരുന്നു,

അതോടെ എനിക്കൊരു കാര്യം മനസിലായി അവളോട് എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതു പറഞ്ഞോട്ടെ എന്നു കരുതിയാണ് അവൾ ആ അവസരമുണ്ടാക്കിയതെന്ന് അതു മനസിലായതും എനിക്കും മറ്റു മാർഗ്ഗമില്ലാതെയായി,

അങ്ങനെ ഒരവസരത്തിനായി കാത്തുകാത്തിരുന്നതാണെങ്കിലും അതിങ്ങനെ ഒരു രൂപത്തിൽ മുന്നിൽ അവതരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല,

എനിക്കു പറയാനുള്ളതു കേൾക്കാനാണു അവളും കാത്തിരിക്കുന്നതെന്നു മനസിലായതും ഒരു ദീർഘശ്വാസമൊക്കെയെടുത്ത് കുറച്ചു ധൈര്യമൊക്കെ സംഭരിച്ച് അവളറിയാതെ ഇടം കണ്ണ് ഇടക്കിടെ അവളിലേക്ക് പായിച്ചും വേവലാതിപ്പെട്ടും തപ്പി തടഞ്ഞും ഞാനവളോട് പറഞ്ഞു,

” കഴിഞ്ഞ ഒന്നൊന്നര മാസമായി ഞാനെന്നും നിന്നെ കാണാറുണ്ട് !”

പറയാൻ തുടങ്ങിയതു മുഴുവനാക്കാനാവാതെ ഞാനൊന്നു നിർത്തിയതും,

ആ സമയം അവളെന്നോടു പറഞ്ഞു,

” കഴിഞ്ഞ ഒരു വർഷമായി ഞാൻ നിങ്ങളെയും കാണാറുണ്ട് !”

അതു കേട്ടതും വല്ലാത്ത ഒരതിശയത്തോടെ ഞാനവളെ നോക്കിയതും അവളെന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു,

ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു നാളിതുവരെ അവൾക്കുള്ളിൽ അവൾ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന എല്ലാം !!!!

Leave a Reply

Your email address will not be published. Required fields are marked *