എന്റെ കൂട്ടുകാരുടെ അപ്പച്ചൻമാരൊക്കെ നല്ല ഡ്രെസ്സൊക്കെയിട്ട് കാറിലൊക്കെ കയറിയാ ജോലിക്കു പോണത്. അപ്പൻ മാത്രേ കള്ളിമുണ്ടും നീല ഷർട്ടുമിട്ട് പണിക്കു പൊണുള്ളൂ……..

ജോലി

എഴുത്ത്:-രാജീവ് രാധാകൃഷ്ണ പണിക്കർ

“അപ്പന് പാന്റും ഷർട്ടുമൊക്കെയിട്ട് ജോലിക്കു പൊയ്ക്കൂടെ.അപ്പുറത്തെ മനുവിന്റെ അച്ഛനെപ്പോലെ”

രാവിലെ ജോലിക്കുപോകാനായി അയയിൽ നിന്നും ഷർട്ടെടുത്തിടുമ്പോഴാണ്
പത്തുവയസ്സുകാരൻ മകന്റെ ചോദ്യം.

ആൽബർട്ട് മകന്റെ നേരെ നോക്കി.

“അപ്പനെന്താടാ ഈ വേഷത്തിൽ പോയാൽ”

ഉടനെ ഭാര്യയുടെ മറുചോദ്യവുമുയർന്നു.

“എന്റെ കൂട്ടുകാരുടെ അപ്പച്ചൻമാരൊക്കെ നല്ല ഡ്രെസ്സൊക്കെയിട്ട് കാറിലൊക്കെ കയറിയാ ജോലിക്കു പോണത്. അപ്പൻ മാത്രേ കള്ളിമുണ്ടും നീല ഷർട്ടുമിട്ട് പണിക്കു പൊണുള്ളൂ”

മകൻ വിടാനുള്ള ഭാവമില്ല.

അയാൾ പുഞ്ചിരിയോടെ തിരിഞ്ഞു നിന്നു.

“മോനെ നിന്റമ്മച്ചിയെ കല്യാണം കഴിക്കുന്ന കാലത്ത് അപ്പച്ചനും കോട്ടും സൂട്ടുമൊക്കെയിട്ടിട്ടുള്ള ജോലിക്കാ പോയിരുന്നത്.

പക്ഷെ കോട്ടും സൂട്ടും വാങ്ങി പെട്രോളും അടിച്ചു കഴിയുമ്പോൾ ആ ജോലി കൊണ്ട് ഭക്ഷണം കഴിക്കാനുള്ള കാശു തികയില്ലായിരുന്നു.

അങ്ങിനെയാണ് അപ്പനും അമ്മച്ചിയും കൂടി തീരുമാനിച്ചത് ഈ ലോഡിങ് പണിക്ക് പോകാൻ.

പഴയ ജോലിക്ക് പോയിരുന്നെങ്കിൽ കിട്ടുമായിരുന്ന കാശിന്റെ മൂന്നിരട്ടി ഇപ്പോൾ അപ്പന് കിട്ടുന്നുണ്ട്. അതുകൊണ്ടാണ് നമ്മൾ പുതിയ വീടുവച്ചതും,ടിവിയും എസിയുമൊക്കെ വാങ്ങീതുമെല്ലാം.

ഇടുന്ന വസ്ത്രത്തിന്റെ ഭംഗിയോ ചെയ്യുന്ന ജോലിയുടെ വലുപ്പചെറുപ്പമോ അല്ല മോനെ ഇന്നത്തെ ലോകത്തിൽ പ്രധാനം, കിട്ടുന്ന കൂലിയും മനഃസംതൃപ്തിയുമാണ്. ചെയ്യുന്ന ജോലി എന്തായാലും അത് നേർവഴിക്കുള്ളതാകണമെന്നെ അപ്പനു നിർബന്ധമുള്ളൂ.

അതുകൊണ്ട് മോൻ വിഷമിക്കേണ്ട നമുക്ക് അധികം താമസിയാതെ ഒരു കാർ വാങ്ങാമെട്ടൊ”

കുഞ്ഞിന് മനസ്സിലായോ എന്തോ.

ഭാര്യയുടെ പുഞ്ചിരിതൂകുന്ന മുഖത്തേക്ക് നോക്കി സംതൃപ്തിയോടെ ആൽബർട്ട് ജോലിക്കു പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *