എന്റെ ഭർത്താവിന്റെ ശബ്ദം എപ്പോൾ ഉയർന്നാലും എന്റെ കുടുംബം ഒന്നടങ്കം പേടിക്കും. അപ്പോഴും ഞാൻ പേടിച്ചു. അമ്മായിയമ്മയെ കൂടെ ഇരുത്തി ഞാൻ ആശ്വസിപ്പിച്ചു…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ടൂറെന്ന് കേട്ടപ്പോൾ തന്നെ കുടുംബത്തിലെ സകലയെണ്ണവും സന്തോഷം കൊണ്ട് തുള്ളിച്ചാടി.

തെiണ്ടിത്തിരിഞ്ഞ് നടക്കുന്ന കുടിയനായ അമ്മാവൻ തന്റെ ഭാര്യയേയും പിള്ളേരേയും കൊണ്ട് കാലത്ത് തന്നെ എത്തിയിരുന്നു. അവരെ കണ്ടപ്പോൾ എന്റെ അമ്മായിയമ്മ മൂക്കത്ത് വിരൽ വെച്ചിട്ട് ഈശ്വരാ.. ഇതുങ്ങളും ഉണ്ടോയെന്ന് വാപൊളിച്ച് പതുക്കെ പറഞ്ഞു. വൈകാതെ നാത്തൂൻമ്മാരും മറ്റ് അടുത്ത ബന്ധുക്കളും വന്നുചേർന്നപ്പോൾ, കൃത്യം പത്തേകാലിന് ഞാൻ ഉൾപ്പെടെ ഇരുപത്തിയൊന്ന് ആൾക്കാരുമായി ഞങ്ങളുടെ ബസ്സ്‌ പുറപ്പെട്ടു.

ആദ്യം ഊട്ടിയിലേക്കായിരുന്നു . ഞങ്ങൾ എല്ലാവരും തണുത്തുപോയി. ഗൂഡല്ലൂർ, മേട്ടുപാളയം വഴി കോയമ്പത്തൂരിലേക്ക് എത്തുമ്പോഴേക്കും അമ്മായിയമ്മയ്ക്ക് ഒടുക്കത്തെ ശ്വാസം മുട്ടൽ…! അടങ്ങി വീട്ടിലിരുന്നാൽ പോരായിരുന്നോയെന്നും പറഞ്ഞ് അവരുടെ മകൻ ഒച്ചവെച്ചു. അതായത് എന്റെ ഭർത്താവ്…

എന്റെ ഭർത്താവിന്റെ ശബ്ദം എപ്പോൾ ഉയർന്നാലും എന്റെ കുടുംബം ഒന്നടങ്കം പേടിക്കും. അപ്പോഴും ഞാൻ പേടിച്ചു. അമ്മായിയമ്മയെ കൂടെ ഇരുത്തി ഞാൻ ആശ്വസിപ്പിച്ചു.

അല്ലെങ്കിലും അങ്ങേരൊരു മുൻകോപിയാണ്. മക്കളുടെ മുന്നിൽ വെച്ചെത്ര വട്ടം എന്നോട് കയർത്തിരിക്കുന്നു. ഒരുനാൾ വീടിന്റെ തെക്കുവശം മുട്ടിയൊഴുകുന്ന കായലിലേക്ക് തനിച്ച് നടക്കണമെന്ന് പറഞ്ഞപ്പോൾ എനിക്ക് വട്ടാണ് എന്നായിരുന്നു അങ്ങേരുടെ കണ്ടെത്തൽ. ഒന്നിനും ഞാൻ പുറത്ത് പോകാൻ പാടില്ല. ആവശ്യ മുള്ളതെല്ലാം അങ്ങേര് കൊണ്ടുവരും. അതിന് അങ്ങേരെ സമ്മതിക്കണം. ഭക്ഷണത്തിന്റേയും വസ്ത്രത്തിന്റേയും കാര്യത്തിൽ ഒരു മുട്ടും എനിക്കോ എന്റെ പിള്ളേർക്കോ അങ്ങേര് വരുത്തിയിട്ടില്ല.

ടൗണിൽ പാത്രങ്ങളുടെ കച്ചവടമാണെങ്കിലും അങ്ങേര് വീട്ടിലെത്തിയാൽ തോiക്കും യൂണിഫോമും ഇല്ലാത്തയൊരു പട്ടാളക്കാരനാണ്. രാജ്യമെന്ന ആ വീടിന്റെ അതിർത്തി വിട്ട് പോകാൻ ഞങ്ങൾക്ക് അവകാശമില്ല. ഞാനും പിള്ളേരും അങ്ങേരെ സല്യൂട്ട് ചെയ്യുന്നില്ലായെന്നേയുള്ളൂ… എന്റെ വീടെന്ന ഇടം ശരിക്കുമൊരു പട്ടാള ക്യാമ്പ് തന്നെയാണ്..!

കോയമ്പത്തൂരിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ചതുകൊണ്ട് അമ്മായി യമ്മയ്ക്ക് ഇത്തിരി കുറവുണ്ട്. ബസ്സിനുള്ളിൽ ആകെ പാട്ടും ബഹളവുമാണ്. സന്തോഷമെന്നാൽ ബഹളമാണെന്ന് എല്ലാ തലമുറകളേയേയും ആരോ കാര്യമായി തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് അന്ന് എനിക്ക് തോന്നി.

ബന്ധുക്കളിൽ എന്റെ ഭർത്താവ് അടക്കമുള്ള നാല് പുരുഷന്മാരും ചേർന്ന് രണ്ട് വർഷത്തിൽ ഒരിക്കൽ ഇതുപോലെ എല്ലാവരേയും കൂട്ടി എങ്ങോട്ടെങ്കിലും പോകും. അപ്പോഴാണ് നമ്മൾ പെണ്ണുങ്ങൾക്കും കുട്ടികൾക്കും വീടും പറമ്പ് വിട്ട് പുറത്ത് പോകാൻ പറ്റുന്നത്.

ബാംഗ്ലൂരിൽ എത്തിയപ്പോൾ എല്ലാവരും ഒരു ലോഡ്ജിൽ താമസിച്ചു. പെണ്ണുങ്ങൾക്കും കുട്ടികൾക്കും കൂടി രണ്ടുമുറി. ആണുങ്ങളെല്ലാം മiദ്യകുപ്പികളുമായി സല്ലപിച്ചൊരു മുറിയിൽ.

നാളെ ബിജാപ്പൂരിലേക്കാണ്. നേരത്തേ ഇറങ്ങണമെന്നും പറഞ്ഞ് എന്റെ ഭർത്താവ് വന്ന് വെളിച്ചമൊക്കെ അണച്ച് കിടക്കാൻ പറഞ്ഞു. പറഞ്ഞത് കുഴഞ്ഞ് കുഴഞ്ഞാണെങ്കിലും ചില കുഞ്ഞുങ്ങൾ ഒഴികെയുള്ള ഞങ്ങളെല്ലാം അക്ഷരം പ്രതിയനുസരിച്ചു.

ഉത്തര കർണ്ണാടകയിലാണ് ബിജാപ്പൂർ. സുൽത്താൻമാരുടെ ചരിത്രം ഉറങ്ങുന്ന ആ മണ്ണിലാണ് ദക്ഷിണേന്ത്യയിലെ താജ് മഹൽ എന്നറിയപ്പെടുന്ന ഗോൽഗുംബസ് സ്ഥിതി ചെയ്യുന്നത്. വെണ്ണക്കല്ലുകൾ കൊണ്ട് അല്ലെങ്കിലും, ഗോൽഗുംബസ്സിനൊരു താജ്മഹലിന്റെ തല എടുപ്പുണ്ട്. ഉച്ചിയിലെ ഗുംബസ്സും…. സ്തൂപങ്ങളും… കുഞ്ഞുകുഞ്ഞ് അറകളും, മറ്റ് കെട്ടിട സമൂച്ചയങ്ങളും…. എല്ലാം കൊണ്ടും അതിശയമാണ് ആ ചരിത്ര കെട്ടിടം…

എനിക്ക് എന്തുകൊണ്ടാണ് തജ്മഹലിനോട് ഇത്രയും പ്രിയമെന്ന് ചോദിച്ചാൽ കുട്ടിക്കാലത്തേയുള്ള മോഹമാണത്. ഇഷ്ട്ട ഗാനരം ഗങ്ങളിൽ നിന്നും പ്രണയസ്മാരകമായ ആ വെണ്ണക്കൊട്ടാരം എന്നോ എന്റെ ഉള്ളിൽ പതിഞ്ഞതാണ്. പെണ്ണുകാണാൻ വന്നപ്പോൾ അങ്ങേരോട് ഞാനത് പറഞ്ഞിരുന്നു. കൊണ്ട് പോകാമെന്നും, വെണ്ണക്കല്ലിൽ കൊiത്തിവെച്ചയൊരു മനോഹര ശില്പമാണ് നീയെന്നും, അന്ന് അങ്ങേര് എന്നോട് പറഞ്ഞു.

ഇപ്പോൾ കെട്ടും കഴിഞ്ഞ് കുട്ടികൾക്ക് പത്തും പതിമൂന്നും വയസ്സായി. സ്വപ്നം ഇപ്പോഴും ജീവിതത്തിന്റെ കണ്ണെത്താ ദൂരത്ത് തന്നെ. അല്ലെങ്കിലും പരിമിതികളിൽ കിട്ടുന്ന എന്തിനേയും താരതമ്മ്യപ്പെടുത്തി ആസ്വദിക്കാൻ എന്നെ പോലെ ഉള്ളവർക്ക് കഴിയാറുണ്ട്. തീർച്ചയായും അതൊരു ദൈവാനുഗ്രഹം തന്നെയെന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ എന്നേ ഞാൻ വീണ് പോകുമായിരുന്നു…

ഗുംബസ്സെന്നാൽ കുടപോലെ വിരിച്ച് പണിയുന്ന നിർമ്മിതിയെന്നാണ്. പേർഷ്യൻ ഭാഷയിൽ പനിനീർപുഷ്പ്പ മകുടം എന്നാണ് ഈ വാക്കിന്റെ അർത്ഥം. ബിജാപൂർ സുൽത്താനായിരുന്ന മുഹമ്മദ് ആദിൽ ഷായുടെ ശവകുടീര മന്ദിരമാണ് ഗോൽഗുംബസ്സെന്നും ആ ഗൈഡ് വിശദീകരിച്ചു. നേരം സന്ധ്യയോട് അടുത്തപ്പോൾ അവിടം വിടാൻ ഞങ്ങൾ ഒരുങ്ങി.

അമ്മാവനേം കാത്ത് എല്ലാവരും കവാടത്തിന് മുന്നിൽ നിൽക്കുകയാണ്. ഒരു കൊക്കക്കോള കുപ്പിയിൽ മiദ്യവും കലർത്തി ചുറ്റിക്കറങ്ങാൻ പോയ അമ്മാവൻ ഇതെങ്ങോട്ടാണ് പോയത്…! എല്ലാവരും ചിന്തിച്ചു. എന്നാൽ എന്റെ കണ്ണുകൾ സഞ്ചാരികളെ അകത്തേക്ക് കടത്തിവിടുന്ന ആ കവാടത്തിലെ കാവൽക്കാരനിൽ ആയിരുന്നു.

നീല യൂണിഫോമിലാണ് അയാൾ. ബെൽറ്റിലൊരു ലാത്തിവടിയും ചുണ്ടിലൊരു വിസിലും ഘടിപ്പിച്ചിട്ടുണ്ട്. തൊപ്പി വെച്ചിട്ടും അയാളുടെ തലയുടെ ചൂട്, നെറ്റിയിലൂടെ ഒഴുകുകയാണ്. ഒരേ ഭാവം..! ഒരേ നോട്ടം..! കടന്ന് വരുന്നവരുടെ ടിക്കറ്റ് മുറിച്ച് അകത്തേക്ക് കടത്തിവിടുമ്പോൾ അയാൾ അവരുടെ ബാഗൊക്കെ സംശയത്തോടെ പരിശോധിക്കും. ഈ കണ്ട സഞ്ചാരികളെല്ലാം കൗതകത്തോടെ അന്തം വിട്ട് നോക്കുന്നയൊരു ചരിത്ര മനോഹര നിർമ്മിതി തന്റെ പുറകിലുണ്ടെന്ന ബോധമൊന്നും അയാൾക്ക് ഇല്ല. അയാൾ അങ്ങോട്ട് നോക്കുന്നതേയില്ല…

അല്ലെങ്കിലും, എത്ര മനോഹരമാണെങ്കിലും പതിവായി കാണുന്നവർക്ക്, അത് അവരുടെ കണ്ണുകൾ കണ്ട് തഴമ്പിച്ച എത്രയോ കാഴ്ച്ചകളിൽ ഒന്ന് മാത്രമായിരിക്കും. അവർക്ക് അതിനെ താലോലിക്കാനോ സ്നേഹിക്കാനോ… എന്തിനൊന്ന്, തിരിഞ്ഞ് നോക്കാൻ പോലും നേരമുണ്ടാകില്ല. കേടുപാടുകൾ തട്ടാതെ സംരക്ഷിക്കുകയെന്ന ഒറ്റ ചിന്ത മാത്രം.

അപ്പോഴേക്കും ആടിയാടി അമ്മാവൻ വന്നു. ആരുടേയും മുഖത്ത് നോക്കാതെ തെറ്റ് ചെയ്തയൊരു കുഞ്ഞിനെ പോലെ ബസ്സിലേക്ക് കയറി. കൂടെ അമ്മായിയും. എണ്ണം തിട്ടപ്പെടുത്തിയിട്ട് ഇനി ഹംപിയിലേക്കാ ണെന്ന് പറയുന്ന എന്റെ ഭർത്താവിന്റെ പരുക്കൻ ശബ്ദം ആ ബഹളത്തിലും ഞാൻ കൃത്യമായി കേൾക്കുന്നുണ്ടായിരുന്നു.

കവാടം വിട്ട് പോകുന്ന നേരം ഗോൽഗുംബസ്സെന്ന മനോഹരമായ ശവകുടീരം ഞാൻ ആണെന്നും കവാടത്തിലെ കാവൽക്കാരൻ ഭർത്താവാണെന്നും എനിക്ക് തോന്നിപ്പോയി. ആ തോന്നലുകൾ ഓർത്ത് നിറയാതിരിക്കാൻ എന്റെ പാവം കണ്ണുകൾക്ക് അപ്പോൾ സാധിച്ചില്ല…!!!

Leave a Reply

Your email address will not be published. Required fields are marked *