എല്ലാവരുടെ നിർബന്ധം കൊണ്ട് സമ്മതിച്ചെങ്കിലും എന്റെ കാതുകൾ മുരളുന്നുണ്ടായിരുന്നു. എങ്ങ് നിന്നോ ഒരു ബൈക്ക് വന്ന് നെഞ്ചിൽ തുളക്കുന്നത് പോലെ…! സാഗരികയുടെ നിലവിളി ഉയരുന്നത്………

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

മിന്നായം പോലെയാണ് നെസ്ലയെ കണ്ടത്. കണ്ണുകളിൽ നിന്ന് തലയിലേക്ക് എത്തിയപ്പോഴേക്കും അവൾ മറഞ്ഞ് പോയി. മരണത്തോളം മരവിച്ച ഉള്ളിന്റെ മൂലയിൽ നിന്നും സകല ഓർമ്മകളും എരിച്ചലോടെ നെഞ്ചിൽ അനുഭവപ്പെടുന്നു. കാതുകളിൽ ഒരു ബൈക്കിന്റെ ആക്‌സലറേഷൻ വല്ലാതെ മുഴങ്ങുകയാണ്. മനസ്സിന്റെ മൂക്കിൽ ടയറ് കത്തുന്നുണ്ടോയെന്ന സംശയം തോന്നിയപ്പോൾ കരാമയിലെ എബിസിഡി മെട്രോ സ്റ്റേഷന്റെ മുമ്പിലുള്ള നടപ്പാതയിൽ വല്ലാത്തയൊരു ഉൾക്കനത്തോടെ ഞാൻ ഇരുന്നു.

അളിയൻ ഏർപ്പാട് ചെയ്ത വിസയിലാണ് കഴിഞ്ഞ മാസം ദുബായിലേക്ക് എത്തിയത്. ഇനി ഒരിക്കലും പുറത്തേക്ക് ഇറങ്ങില്ലായെന്ന തീരുമാനത്തി ലായിരുന്നു. നാല് ചുമരുകളുടെ ലോകത്തിലേക്ക് ചുരുങ്ങിയ ആ നേരത്തിലാണ് അളിയൻ വിളിച്ചതും ഇങ്ങോട്ട് പോരെന്നും പറഞ്ഞതും. ഒരു ജോലിയിലേക്ക് പ്രവേശിച്ചാൽ സംഭവിച്ചതെല്ലാം പതിയേ മറന്നോളുമെന്നും അളിയൻ അഭിപ്രായപ്പെട്ടു.

എല്ലാവരുടെ നിർബന്ധം കൊണ്ട് സമ്മതിച്ചെങ്കിലും എന്റെ കാതുകൾ മുരളുന്നുണ്ടായിരുന്നു. എങ്ങ് നിന്നോ ഒരു ബൈക്ക് വന്ന് നെഞ്ചിൽ തുളക്കുന്നത് പോലെ…! സാഗരികയുടെ നിലവിളി ഉയരുന്നത് പോലെ..! അവളുടെ പൊട്ടിയ നെറ്റി മുഖത്തോട് ചേർത്ത് ഉരസുമ്പോൾ അനുഭവ പ്പെട്ട രiക്തത്തിന്റെ ചൂര് ആ വേളയിൽ ചുറ്റും അറിയാനുണ്ടായിരുന്നു!

ക്ഷമിക്കണം. പറയാൻ മറന്നു. ഒരു ബൈക്ക് റൈഡറായ എന്റെ പേര് എബിൻ എന്നാണ്. സൂപ്പർ ബൈക്കുകളിലെ രാജാവായ കവസാക്കിയുടെ നിഞ്ച സീരിയസാണ് എന്റെ പക്കൽ ഉള്ളത്. അതിന്റെ വില പതിനഞ്ച് ലക്ഷത്തോളം വരും. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്നതിനും അപ്പുറം ബൈക്ക് റൈഡർ ആകണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ പഠിത്തം കഴിഞ്ഞ ഉടനെ ബൈക്കും വാങ്ങി രാജ്യത്തിന്റെ തലങ്ങും വിലങ്ങും സഞ്ചരിച്ചു. അപ്പോഴൊക്കെ എന്നെ കോർത്ത് പിടിക്കാൻ പിന്നിലൊരു മാറാത്തി പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ പേരാണ് സാഗരിക.

ഞങ്ങൾ പൂനയിലെ കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ്. പഠനം കഴിഞ്ഞിട്ടും ഞങ്ങൾക്ക് പിരിയാൻ പറ്റിയില്ല. അതിനെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ രണ്ട് പേർക്കും തല തിരിയുന്നു. അങ്ങനെ ഞാനും സാഗരികയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. ആരും അറിഞ്ഞില്ല. ജോലിയുമായി മുംബൈയിൽ ആണെന്ന് മാത്രം രണ്ടുപേരും തങ്ങളുടെ വീട്ടിൽ ധരിപ്പിച്ചു. അവിടുത്തെ രാത്രികളിലെല്ലാം എന്റെ കവസാക്കിയിൽ പരസ്പരം കെട്ടിപ്പിടിച്ച് ആ നഗരത്തെ ഞങ്ങൾ വലം വെക്കുമായിരുന്നു.

ഒരിക്കൽ, നാട്ടിലേക്ക് പോകാനുള്ളയൊരു സന്ദർഭം എനിക്ക് വന്നു. ലീവിന് അളിയൻ വന്നിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരും വേണമെന്ന് പപ്പയ്ക്ക് ഒരേ നിർബന്ധം. ഫ്ലൈറ്റ് ടിക്കറ്റൊക്കെ അളിയൻ ബുക്ക്‌ ചെയ്തിരുന്നു. എല്ലാം പറഞ്ഞ് നേരത്തിന് ഇറങ്ങാൻ തുടങ്ങുമ്പോൾ കുടുംബത്തിലെ എല്ലാവരും ഉണ്ടാകുമല്ലേയെന്ന് സാഗരിക ചോദിച്ചു. ഉണ്ടാകുമെന്ന് ഞാനും മൊഴിഞ്ഞു.

‘സൊ.. ഐ ആം നോട്ട് ഇൻ യുവർ ഫാമിലി റൈറ്റ്…!’

എന്നും പറഞ്ഞ് പെണ്ണ് ചിരിക്കുകയാണ്. അവൾ അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. പറഞ്ഞത് തമാശ രൂപത്തിൽ ആണെങ്കിലും അതെനിക്ക് വല്ലാത്തയൊരു മാനസിക സമ്മർദ്ദം സമ്മാനിച്ചു. നീയെന്താണ് അങ്ങനെ ചിന്തിച്ചതെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന വാക്കിലാണ് അവൾ ഒഴിഞ്ഞത്. നേരത്തിന് എയർപോർട്ടിൽ എത്താൻ നോക്കൂവെന്നും ചേർത്തു. ശേഷമാണ് ഞാൻ അളിയനെ വിളിച്ചത്.

‘ അളിയാ.. ബൈ റോഡാണ് വരുന്നത്. എന്റെ കൂടെയൊരു പെൺ കുട്ടിയു മുണ്ടാകും. പേര് സാഗരിക. മറാത്തിക്കാരിയാണ്.’

ബൈക്കിൽ ചുറ്റി നടക്കുന്ന എന്നെ കുറിച്ച് അളിയന് നന്നായി അറിയാം. അതുകൊണ്ട് തന്നെ എതിരൊന്നും ഉണ്ടായില്ല. ഇനി പപ്പയ്ക്കും മമ്മിക്കും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും അളിയൻ നോക്കിക്കൊള്ളും. ചേച്ചിക്കും പിള്ളേർക്കും എന്തായാലും അവളെ ഇഷ്ട്ടപ്പെടും. ഞാൻ അളിയനോട് പറഞ്ഞതെല്ലാം കേട്ട് കൊണ്ടിരുന്ന സാഗരിക അപ്പോഴേക്കും എന്റെ നെഞ്ചിലേക്ക് വീണിരുന്നു.

അങ്ങനെ മുംബൈയിൽ നിന്ന് എറണാകുളത്തേക്ക് എല്ലാ സേഫ്റ്റി മെഷർമെന്റും ഉറപ്പാക്കി റോഡ് മാർഗ്ഗം ഞങ്ങൾ യാത്ര തിരിച്ചു. നാളുകൾ രണ്ടെണ്ണം കഴിഞ്ഞപ്പോഴാണ് മംഗലാപുരം താണ്ടിയത്. കേരളത്തിന്റെ കാറ്റ് കൊണ്ടപ്പോൾ തന്നെ സാഗരികയുടെ നെഞ്ചിടിപ്പ് കൂടി. ഓരോ വിശ്രമത്തിലും നിന്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കുമോ എന്നായിരുന്നു അവൾക്ക് ചോദിക്കാനായി ഉണ്ടായിരുന്നത്. ആകു മെന്ന് ഞാൻ പറഞ്ഞു. ആയാൽ, താനും വീട്ടിൽ പറഞ്ഞോളാമെന്ന് ചെറു ചിരിയോടെ അവളും മൊഴിഞ്ഞു.

മഞ്ചേശ്വരം കഴിഞ്ഞപ്പോഴാണെന്ന് തോന്നുന്നു. മറ്റൊരു കൂട്ടം റൈഡേർസിനെ നിരത്തിൽ കാണുന്നത്. ഏതോ ദൂരയാത്ര കഴിഞ്ഞ് വരുന്ന അവർ കൂകി വിളിച്ച് ചീറി പായുകയാണ്. ഞാൻ ഓടിക്കുന്ന നിഞ്ചാ സീരിയസിലെ അതേ ബൈക്കുമായി ഏതോ ഒരുത്തൻ എന്റെ വേഗത്തോടപ്പവും എത്തി. അവന്റെ പിറകിലൊരു പെൺകുട്ടി ഉണ്ടായിരുന്നു.

തീരേ പ്രതീക്ഷിക്കാതെയാണ് മുന്നിൽ ഒരു ബസ് തെളിഞ്ഞതും ഒപ്പത്തിനോടൊപ്പം വന്ന ആ ബൈക്ക് എന്നിലേക്ക് ഇടിച്ച് വീണതും. വേഗത കുറവല്ലാത്തതിനാൽ മീറ്ററുകളോളം കെട്ടിപ്പിടഞ്ഞ് രണ്ട് ബൈക്കുകളും റോഡിൽ ഉരഞ്ഞു. സാഗരികയുടെ നിലവിളി ഇപ്പോഴും കാതിൽ മുഴുങ്ങുന്നുണ്ട്. റോഡിൽ ബോധമില്ലാതെ കിടക്കുന്ന അവളുടെ അടുത്തേക്ക് നിരങ്ങിയാണ് ഞാൻ പോയത്. ഹെൽമെറ്റ് മാറ്റി നോക്കുമ്പോൾ നെറ്റിയിലും കാതുകളിലും രiക്തം. പെണ്ണിന് അനക്കമില്ല. ആ മുഖം മുഖത്തോട് ചേർത്ത് മാനം നോക്കി ഞാൻ വാവിട്ട് കരഞ്ഞു. അല്ലാതെ എന്ത് ചെയ്യും!

എല്ലാ തുടിപ്പുമായി നെഞ്ചോട് മുട്ടി നിന്നവർ നിമിഷ നേരത്തിൽ അനങ്ങാതെ വന്നാൽ നെഞ്ച് തല്ലി കരയാനല്ലാതെ മനുഷ്യർക്ക്‌ മറ്റെന്ത് ചെയ്യാൻ സാധിക്കും…!

തുടർന്ന് ആരൊക്കെയോ ഞങ്ങളെ വാരിയെടുത്ത് ഏതോ വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. അപ്പോഴാണ് എന്റെ വേഗത്തോടൊപ്പം വന്ന ബൈക്കിൽ ഉണ്ടായിരുന്ന ആ പെൺകുട്ടിയുടെ മുഖം ഞാൻ കാണുന്നത്. അവളും എന്നെ കണ്ടു. പുരികങ്ങളിൽ നിന്ന് രiക്തം ഇറ്റു വീഴുന്ന അവളായിരുന്നു നെസ്ല…!

‘എനി ഹെൽപ്…?’

എബിസിഡി മെട്രോ സ്റ്റേഷന്റെ മുന്നിലെ നടപ്പാതയിൽ ഓർമ്മകളുടെ മാറ് തടവിയിരിക്കുന്ന എന്നോട് ഒരു മധ്യവയ്സ്കൻ ചോദിച്ചതാണ്. അയാളുടെ പക്കൽ ഉണ്ടായിരുന്ന കുപ്പി വെള്ളത്തിലേക്ക് കൈ നീട്ടിയപ്പോൾ ആ മനുഷ്യൻ തരുകയും ചെയ്തു. അയാൾ അപരിചിത നാണെന്ന് എനിക്ക് തോന്നിയതേയില്ല. പരസ്പരം പിരിയുമ്പോൾ ഏറെ പരിചയമുള്ളവരെ പോലെ ഞങ്ങൾ തല കുലുക്കി ചിരിച്ചിരുന്നു.

ഉള്ള് ഉടഞ്ഞ് പോയ ആ അപകടത്തിന് ശേഷം ഞാൻ ആകെ മാറിയെന്ന് പറഞ്ഞാൽ മതിയല്ലോ! എല്ലാവരുമത് പല തരത്തിൽ അഭിപ്രായപ്പെടുകയും ചെയ്തു. എന്റെ മനോവിഷമത്തിൽ ഒരു വർഷത്തോളം കുടുംബം പങ്ക് ചേർന്നിരുന്നു. എന്നും തമാശകൾ പറഞ്ഞ് ചുറ്റി നടക്കുന്ന എന്നെ അത്തരത്തിൽ അവർക്ക് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല. സാഗരികയെ മറക്കാൻ സാധിക്കുന്നുമില്ല. അവൾ ഒരു സാഗരം പോലെ ജീവനിൽ ഇളകുകയാണ്. എപ്പോൾ വേണ മെങ്കിലും അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള ഇടം കൂടിയാണ് റോഡുകളെന്ന് ഓർത്തപ്പോൾ പുറത്തേക്ക് ഇറങ്ങാനേ തോന്നിയില്ല…

ആയിടക്കാണ് യാദൃശ്ചികമായി ഒരു പഴയ ട്രാവൽ വീഡിയോ കണ്ണിൽ പെടുന്നത്. അന്ന്, എന്നിലേക്ക് ഇടിച്ച് വീണ അതേ ബൈക്ക്..! അതേ പെണ്ണ്. കൂടെയുള്ള യുവാവ് തന്നെയായിരിക്കണം അപകട നേരത്തും ഉണ്ടായിരുന്നത്. ആ വിഡിയോവിന്റെ ഉറവിടം തേടി പോയപ്പോഴാണ് അവരുടെ പേര് റോഷനെന്നും നെസ്ലയെന്നും മനസ്സിലാകുന്നത്.

ഞാൻ ഫ്ലാറ്റിലെത്തി. അബുദാബിയിലാണ് അളിയനും ചേച്ചിയും പിള്ളേരുമൊക്കെ. ജോലിക്ക് പോയി തുടങ്ങിയതിൽ പിന്നെ ഒറ്റക്ക് നിന്നോളാമെന്ന് ഞാൻ പറയുകയായിരുന്നു. അവരുമായും, അവരുടെ കൂട്ടുകാരുമായും, ഇടപെടുമ്പോൾ എല്ലാം മറന്നവനെ പോലെ പുഞ്ചിരിക്കും. അതുകൊണ്ട് തന്നെ പുതുതായി ഇടപെടുന്നവർക്കെല്ലാം യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത താന്തോന്നി ചെറുപ്പക്കാരനാണ് ഞാൻ. സാഗരിക എത്രത്തോളം എന്റെ മനസ്സിനെ ഇളക്കി മറിക്കുന്നുണ്ടെന്ന് ആരും അറിഞ്ഞില്ല.

ഇങ്ങനെയൊരു സാഹചര്യത്തിൽ നെസ്ലയെ കാണുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. കുറ്റബോധത്തിൽ എന്റെ തല പിളരുന്നത് പോലെ.. ഓർത്ത് കൊണ്ടേയിരിക്കാൻ ശ്രമിക്കാത്തതെല്ലാം ആ പിളർന്ന തലയിലേക്ക് ഇടിഞ്ഞ് വീഴുന്നത് പോലെ… ആശുപത്രിയിൽ ആയിരുന്നിട്ടും എന്റെ പപ്പയിൽ ചാരി സാഗരികയുടെ അച്ഛൻ തേങ്ങിയതൊക്കെ ഞാൻ അറിഞ്ഞിരുന്നു. അവളെ നഷ്ടപ്പെടുത്തിയ വേഗതയുടെ നിമിഷങ്ങളെല്ലാം എന്തിനോ വേണ്ടിപിന്നേയും എന്നിൽ ധൃതി വെക്കുകയാണ്.

ആ കെട്ടിടത്തിന്റെ ഇരുപതാമത്തെ നിലയിലായിരുന്നു ഫ്ലാറ്റ്. ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയാൽ മാനത്തേക്ക് പോയ സാഗരികയുടെ അടുത്തേക്ക് എത്തിച്ചേരാമെന്ന് എനിക്ക് തോന്നി. ചാടാനുള്ള മനസ്സൊരുക്കം നടത്തി മുന്നോട്ടേക്ക് ചായുമ്പോഴേക്കും കാളിംഗ് ബെല്ല് രണ്ടുവട്ടം ശബ്ദിച്ചിരുന്നു.

ആരായിരിക്കുമെന്ന സംശയത്തോടെയാണ് ഞാൻ കതക് തുറന്നത്. ചിരിക്കാൻ ശ്രമിക്കുന്തോറും പരാജയപ്പെടുന്ന മുഖവുമായി നെസ്ല എന്റെ മുന്നിൽ നിൽക്കുന്നു. മെട്രോയുടെ മുന്നിലെ നടപ്പാതയിൽ ഇരിക്കുന്ന എന്നെ അവൾ കണ്ടിരുന്നുവെത്രെ. കേട്ടപ്പോൾ ഈ ലോകം എത്ര ചെറുതാണെന്ന് എനിക്ക് തോന്നി. നീ എന്തിനാണ് ഇങ്ങോട്ട് വന്ന തെന്ന് ഞാൻ ചോദിക്കും മുമ്പേ തന്റെ കൂടെ താഴേക്ക് വരുമോയെന്ന് നെസ്ല അപേക്ഷിച്ചു. കാരണം ചിന്തിക്കും മുമ്പേ റോഷന് നിന്നെ കാണണമെന്നും ചേർത്തു.

റോഷൻ…!

ആ പേര് കേട്ടപ്പോൾ തന്നെ കാതുകളിൽ വാഹനങ്ങളുടെ ഇരമ്പൽ മുഴങ്ങുന്നത് പോലെ…! നെഞ്ച് തുളച്ചൊരു ബൈക്ക് പായുന്നത് പോലെ..! ആരേയും കാണാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഞാൻ കതകടച്ചു. ശേഷം, ചാടി ചാകാൻ എനിക്ക് തോന്നിയില്ല.

ആത്മഹiത്യകൾ സംഭവിക്കുന്നത് സമനില തെറ്റുന്ന നിമിഷങ്ങളിലാണ്. എത്രവട്ടം അത്തരം സംഘർഷ മുഹൂർത്തങ്ങളെ തരണം ചെയ്തിരിക്കുന്നു. ഞാൻ ഈ ഭൂമിയിൽ ഇല്ലാതാകുമ്പോൾ ഉയരുന്ന മനുഷ്യരുടെ വിങ്ങലുകളെ കുറിച്ച് ഓർക്കാനേ പറ്റുന്നില്ല. അത്തരം ചിന്തകളിൽ അകം മുറുകുന്ന ആ നേരത്താണ് കാളിംഗ് ബെൽ വീണ്ടും രണ്ടുവട്ടം ശബ്ദിച്ചത്.

ദേഷ്യത്തോടെയാണ് കതക് തുറന്നത്. സെക്യൂരിറ്റിക്കാരന്റെ തോളിൽ താങ്ങി ഒരാൾ എന്റെ മുന്നിൽ തൊഴുത് നിൽക്കുന്നു. നെസ്ലയെ കൂടി കണ്ടപ്പോൾ അത് റോഷൻ ആണെന്ന് മനസ്സിലായി. അന്ന് സംഭവിച്ച അപകടത്തിന്റെ ബാക്കി പത്രം പോലെ അവന് കാലുകളിൽ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ട്ടപെടാത്ത കാലിന് പാതി ബലം മാത്രമേയുള്ളൂ…

‘വീൽ ചെയർ എടുത്തില്ല. അതാണ് താഴേക്ക് വരാൻ..! ഒന്നും പറയാനില്ല.. ക്ഷമിക്കണം.’

എന്നും പറഞ്ഞ് കാലിൽ തൊടാൻ എന്നോണം റോഷൻ എന്റെ അടുത്തേക്ക് ശരീരം കൊണ്ട് ആഞ്ഞു. വീണ് പോകുമെന്ന് കണ്ടപ്പോൾ അവനെ പിടിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നോട് ചേർത്ത് ഞാൻ അവനെ താങ്ങി നിർത്തി. ആ രംഗം കണ്ടപ്പോൾ എന്തിനോയെന്ന പോലെ നെസ്ലയുടെ കണ്ണുകൾ കണ്ണീരോടെ എന്നോട് ചിരിച്ചു. ശ്രദ്ധിച്ചപ്പോൾ അവളുടെ പിറകിൽ സാഗരിക തെളിയുകയാണ്. അവരോട് ക്ഷമിക്കെടായെന്ന് അവൾ പറയുന്നത് പോലെ. വളരേ കൃത്രിമായി തല സൃഷ്ട്ടിച്ച ആ ചിത്രം എന്റെ ഉള്ളിനൊരു ആശ്വാസമായിരുന്നു.

ക്ഷമിച്ചെന്ന മുഖവുമായി അവരെ ഞാൻ അകത്തേക്ക് ക്ഷണിച്ചു. ഹാളിലെ സോഫയിലേക്ക് വളരേ പതിയേ റോഷനെ ഞാൻ ചലിപ്പിച്ചു. അതിലും പതിയേയാണ് നെസ്ല ഞങ്ങളെ അനുഗമിച്ചത്. രക്ത തിളപ്പിന്റെ വേഗതയിൽ മൂന്ന് പേരുടെ ജീവിതം എത്ര പതിയേ ആയിരിക്കുന്നുവെന്ന് മാത്രമേ ആ നേരം എനിക്ക് ചിന്തിക്കാൻ സാധിച്ചുള്ളൂ…!!!

Leave a Reply

Your email address will not be published. Required fields are marked *